India

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍. നടി മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് ദിലീപിനെ ചതിക്കുകയായിരുന്നുവെന്ന് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ ഗൂഢാലോചനയില്‍ നടി രമ്യാ നമ്പീശനും ലാലിനും പങ്കുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോടാണ് മാര്‍ട്ടിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ദിലീപിനെ ചതിച്ചതിന് പ്രതിഫലമായി മഞ്ജുവിന് മുംബൈയില്‍ ഫ്ളാറ്റും ഒടിയന്‍ സിനിമയില്‍ ചാന്‍സും കിട്ടിയെന്നും മാര്‍ട്ടിന്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയായ മാര്‍ട്ടിനാണ് ആക്രമണം നടന്ന ദിവസം നടിയുടെ വാഹനം ഓടിച്ചിരുന്നത്. നേരത്തെ കോടതി ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയാണ് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്.

അതേസമയം നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തെളിവുകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. നേരത്തെ നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി തെളിവുകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെ ദൃശ്യങ്ങള്‍ എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചിരുന്നു.

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം ഗോഡ്‌സെ തന്നെയെന്ന് സുപ്രീം കോടതി. ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. ഗാന്ധിവധത്തില്‍ ദുരൂഹതയില്ല. അതുകൊണ്ടുതന്നെ ഹര്‍ജി തള്ളുകയാണെന്ന് ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എല്‍. നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഗാന്ധിയെ വെടിവെച്ചു കൊന്നത് ഗോഡ്‌സെ തന്നെയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. ഗോഡ്‌സെയെക്കൂടാതെ മറ്റൊരാളും വെടിയുതിര്‍ത്തെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ വാദത്തിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. കൊലപാതകം ചെയ്തയാളെ തിരിച്ചറിയുകയും അയാള്‍ക്കുള്ള ശിക്ഷ നല്‍കുകയും ചെയ്തു. ഇനി കേസ് പുനരന്വേഷിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതേക്കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ അറിയാമെന്നും ജനങ്ങളുടെ മനസില്‍ സംശയമുണ്ടാക്കുകയാണ് ഹര്‍ജിക്കാരന്‍ ചെയ്യുന്നതെന്നും കോടതി പറഞ്ഞു. അഭിനവ് ഭാരത് എന്ന ട്രസ്റ്റിന്റെ ഉടമ പങ്കജ് ഫഡ്നിസ് എന്നയാളാണ് ഹര്‍ജി നല്‍കിയത്. കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് അമിക്കസ്‌ക്യൂറിയായ അമനേന്ദ്ര സിംഗ് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ അറിയിച്ചിരുന്നു.

നാഥുറാം ഗോഡ്സെ തന്നെയാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ വിദേശ ഏജന്‍സികള്‍ക്ക് പങ്കുള്ളതായി തെളിവില്ലെന്നും അമിക്കസ്‌ക്യൂരി കോടതിയയെ അറിയിച്ചു. ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെന്നും നാലാമത്തേത് ഗോഡ്സെയുടെ തോക്കില്‍ നിന്നല്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേ കാല്‍ ലക്ഷത്തോളം കുട്ടികളെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍. ഡി.കെ മുരളിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രി ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ജാതി-മതങ്ങള്‍ സമൂഹത്തില്‍ നിന്ന് ഇല്ലാതാകുന്നത് പ്രതീക്ഷയുണ്ടാക്കുന്നതായി സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ പ്രതികരിച്ചു

9,209 സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 1,24,147 കുട്ടികളാണ് ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജാതി-മത കോളങ്ങള്‍ പൂരിപ്പിക്കാത്തവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

2017-18 അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്തുവരെ പഠിക്കുന്ന കുട്ടികളില്‍ ജാതി, മതം എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ 1,23,630 കുട്ടികളും ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാം വര്‍ഷം 239 കുട്ടികളും പ്രവേശനം നേടി. അതേസമയം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജാതി മതം എന്നിവക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ ആര്‍ക്കും പ്രവേശനം നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധി നല്‍കുന്ന അവാര്‍ഡ് വാങ്ങാന്‍ വിസമ്മതിച്ച് കര്‍ണാടകയിലെ വനിത ഐപിഎസ് ഓഫീസര്‍ ഡി. രൂപ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സര്‍വീസില്‍ ഉടനീളം രാഷ്ട്രീയക്കാരുടെ നെറികേടുകള്‍ക്ക് എതിരെ പോരാടിയ ഉദ്യോഗസ്ഥയാണ് രൂപ. 18 വര്‍ഷത്തെ സര്‍വീസിനുള്ളില്‍ 41 തവണയാണ് രൂപയ്ക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടുള്ളത്. രാഷ്ട്രീയക്കാര്‍ അവരുടെ സത്യസന്ധതയ്ക്ക് നല്‍കിയ ‘പാരിതോഷികം’ കൂടിയായിരുന്നു ഈ സ്ഥലംമാറ്റങ്ങള്‍. ഇതുവരെയുള്ള സ്വന്തം അനുഭവങ്ങളെപ്പറ്റി രൂപ പറയുന്നതിങ്ങനെ; ‘വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അന്ന് എട്ടു വയസ്സായിരുന്നു പ്രായം. അന്നു മുതലേ സിവില്‍ സര്‍വീസ് ആയിരുന്നു എന്റെ മനസ്സ് മുഴുവന്‍. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും എന്റെ ആഗ്രഹത്തിന് മാറ്റമൊന്നും ഉണ്ടായില്ല.

രണ്ടായിരത്തിലെ യുപിഎസ്സി പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ എനിക്ക് 43 ാം റാങ്ക് ആയിരുന്നു. അങ്ങനെ ഞാനൊരു ഐപിഎസ് ഓഫിസറായി. കഴിഞ്ഞ 18 വര്‍ഷത്തെ സര്‍വീസിനുള്ളില്‍ 41 തവണ എനിക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഞാനീ ‘വൃത്തികെട്ട’ ജോലി ഇന്നും ചെയ്യുന്നു. എല്ലാവരും ചോദിക്കാറുണ്ട് ഇത്രത്തോളം പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്യാനുള്ള ധൈര്യം എങ്ങനെ കിട്ടിയെന്ന്. കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് സത്യത്തിനു വേണ്ടി പോരാടാനുള്ള ചങ്കൂറ്റം കാണിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. മരണം വരെയും അതങ്ങനെ തന്നെയായിരിക്കും. 2004 ല്‍ ധാര്‍വാഡില്‍ ജോലി ചെയ്യുന്ന കാലം, അന്ന് ഒരു പ്രബലനായ രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്യാനുള്ള ചുമതല എനിക്ക് ലഭിച്ചു. അദ്ദേഹം മുന്‍ എംപിയും മുഖ്യമന്ത്രിയുമെല്ലാം ആയിരുന്നു. പ്രകോപനപരമായി പ്രസംഗം നടത്തിയതിനും ഇതുമൂലം അണികള്‍ പൊതുമുതല്‍ നശിപ്പിച്ചതുമാണ് ഇയാള്‍ക്കെതിരായ കേസ്.

2013 ല്‍ ബെംഗളൂരു സിറ്റിയില്‍ ഡിസിപിയായി ചാര്‍ജെടുത്തു. അന്ന് നിയമപരമായല്ലാതെ രാഷ്ട്രീയക്കാര്‍ക്ക് സുരക്ഷയൊരുക്കിയിരുന്ന 216 ഗണ്‍മാന്‍മാരെ പിന്‍വലിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുടെ എട്ട് എസ്യുവികളും പിന്‍വലിച്ചു. ഇതോടെ വീണ്ടും എനിക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചു. ജയില്‍ ഡിഐജി ആയിട്ടായിരുന്നു സ്ഥലം മാറ്റം. അവിടെയും ജയില്‍പുള്ളിയുടെ വസ്ത്രങ്ങള്‍ ധരിക്കാതെ ആഡംബര സൗകര്യങ്ങളോടെ ജയിലില്‍ സുഖജീവിതം നയിക്കുന്ന രാഷ്ട്രീയക്കാരെ കണ്ടു. അവരെയും വെറുതെ വിടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. 50 കോടിയുടെ മാനനഷ്ട കേസാണ് ഫയല്‍ ചെയ്തത്.

2003 ലാണ് ഞാന്‍ വിവാഹിതയായത്. രണ്ടുപേരുടെയും തിരക്കേറിയ ജോലി ജീവിതം. എനിക്ക് കുട്ടികളെ ശ്രദ്ധിക്കണം, പാചകം ചെയ്യണം, അതിനിടയ്ക്ക് ജോലി.. എന്റെ മകളെ ആദ്യത്തെ മൂന്നു വര്‍ഷം ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് ചേര്‍ത്തത്. പരിമിതമായ സുഖ സൗകര്യങ്ങള്‍ അറിഞ്ഞുവേണം മക്കള്‍ വളരാന്‍ എന്നാണു എന്റെ കാഴ്ചപ്പാട്. ധാരാളം അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴേ നമ്മള്‍ കൂടുതല്‍ കരുത്തരാകൂ.. ഞാനൊരു നല്ല അമ്മയും, ഭാര്യയും, സഹോദരിയും, സുഹൃത്തുമാവാന്‍ എന്നാല്‍ കഴിയുന്ന പോലെ ശ്രമിച്ചിട്ടുണ്ട്. എല്ലാത്തിനും ഉപരിയായി ജനങ്ങളെ സേവിക്കുകയാണ് എന്റെ ധര്‍മ്മം. അങ്ങേയറ്റം സുതാര്യമായും സത്യസന്ധമായും..’

ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ അതിവേഗ ബസുകളില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി. എക്സ്പ്രസ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഉയര്‍ന്ന നിരക്ക് നല്‍കുമ്പോള്‍ യാത്രക്കാരന് ഇരുന്ന് യാത്രചെയ്യാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ബസ്ചാര്‍ജ് വര്‍ധന മരവിപ്പിക്കുക, മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

എന്നാല്‍ ബസ് ചാര്‍ജ് വര്‍ധനവ് മരവിപ്പിക്കാനുള്ള ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കണം എന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ചെറിയ ദൂരത്തില്‍ യാത്ര ചെയ്യുന്നവരാണ് നിന്ന് യാത്ര ചെയ്യുന്നതെന്ന് കെഎസ്ആര്‍ടിസി വാദിച്ചെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

പത്തനംത്തിട്ടയില്‍ ബിരുദവിദ്യാര്‍ഥിനിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തില്‍ തുമ്പില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പിതാവും സഹോദരനും ആരോപിച്ചു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറസന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫാണ് മകള്‍ ജെസ്‌ന മരിയം ജയിംസിനെ (20) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 22നു രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നുതന്നെ എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.

വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന. മാതാവ് സാന്‍സി എട്ടുമാസം മുമ്പ് ന്യൂമോണിയ പിടിപെട്ട് മരണപ്പെട്ടിരുന്നു. പരീക്ഷയ്ക്കു മുന്നോടിയായി പഠനാവധിയിലായിരുന്ന ജസ്‌ന പകല്‍ വീട്ടില്‍ തനിയെ ആയിരുന്നു. ജയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്നാണ് അയല്‍വാസികളെ അറിയിച്ചത്.

രാവിലെ 9.30ന് മുക്കൂട്ടു തറയിലേക്കെന്നു പറഞ്ഞു പോയത് പരിചയക്കാരനായ ആളിന്റെ ഓട്ടോറിക്ഷയിലാണ്. മുക്കൂട്ടുതറ വരെയെത്തിയെന്നും പിതൃസഹോദരിയുടെ വീട്ടില്‍ പോകുന്നതായാണ് ഡ്രൈവറോടു പറഞ്ഞതുമായാണ് വിവരം. പഠിക്കാനുള്ള പുസ്തകം മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. മൊബൈല്‍ഫോണോ ആഭരണങ്ങളോ ഒന്നുംതന്നെ എടുത്തിട്ടില്ല. മറ്റെവിടെയെങ്കിലും ജെസ്‌ന പോകാനുള്ള സാധ്യത ഇല്ലെന്നാണ് പിതാവും സഹോദരനും പറയുന്നത്.

പൊതുവെ ശാന്തശീലയായ പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ അസ്വാഭാവികമായി യാതൊന്നും കണ്ടില്ല. സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. കോണ്‍ട്രാക്ടറായ പിതാവ് ജയിംസും എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ സഹോദരന്‍ ജെയ്‌സും രാത്രിയില്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് ജെസ്‌ന വീട്ടില്‍ ഇല്ലെന്നറിഞ്ഞത്. ബന്ധുവീട്ടില്‍ പോയിരിക്കാമെന്നു സംശയിച്ചു. എന്നാല്‍ അന്വേഷണത്തില്‍ അവിടെയെങ്ങും എത്തിയിട്ടില്ലെന്നു മനസിലായി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

ജെസ്‌നയെ കാണാതായ കേസ് വനിതാ പോലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുന്നുണ്ടെന്ന് വെച്ചൂച്ചിറ എസ്‌ഐ ദിനേശ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടി സഞ്ചരിച്ച ഒട്ടോറിക്ഷയുടെ ഡ്രൈവര്‍, പെണ്‍കുട്ടിയുടെ സഹപാഠികള്‍, ബന്ധുക്കള്‍ എന്നവരെ ചോദ്യം ചെയ്തതില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റര്‍നെറ്റില്ലാത്ത മൊബൈല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കു വന്നതും വിളിച്ചിട്ടുളളതുമായി കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. കൂടുതലും സംസാരിച്ചിട്ടുളളത് സഹപാഠികളായ പെണ്‍കുട്ടികളോടും ബന്ധുക്കളോടുമാണ്. പഠനത്തില്‍ മിടുക്കിയായ ജെസ്‌നയ്ക്ക് കോളജിലോ പുറത്തോ മറ്റ് ബന്ധങ്ങളില്ലെന്നാണ് പോലീസ് നിഗമനം.

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപിയുടെ ഐടി സെല്‍ മേധാവി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും നിയമവിരുദ്ധമായി എന്ത് പ്രവര്‍ത്തനം നടക്കുകയാണെങ്കിലും അതിനെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് പറഞ്ഞത്. ഇതേ ചൊല്ലി തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപന വേളയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്. മെയ് 12ന് വോട്ടെടുപ്പും 18ന് വോട്ടെണ്ണലും നടക്കുമെന്നാണ് ഇയാള്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിച്ചത്. തിയതി ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് കമ്മീഷന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യതകള്‍ കണക്കിലെടുത്ത് കര്‍ണാടക സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. വോട്ടെണ്ണല്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വിവിപാറ്റ് സംവിധാനം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 12നാണ് തെരഞ്ഞെടുപ്പ്. 15ന് വോട്ടെണ്ണല്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വിവിപാറ്റ് യന്ത്രങ്ങളാവും ഉപയോഗിക്കുക. ഇതുവഴി താന്‍ വോട്ട് രേഖപ്പെടുത്തിയ ആള്‍ക്ക് തന്നെയാണ് വോട്ട് വീണിരിക്കുന്നതെന്ന് ഉറപ്പു വരുത്താന്‍ വോട്ടര്‍മാര്‍ക്ക് കഴിയും. വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാണിക്കുന്നതിന് തടയിടാന്‍ ഇതു വഴി സാധിക്കുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് തോരണങ്ങളും ഫ്‌ളക്‌സുകളും ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്ന ഹരിതചട്ടം പ്രചാരണ കാലയളവില്‍ നിലനില്‍ക്കും. ഒരു സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിനായി ഉപയോഗിക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപയാണ്.

224 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി സഖ്യങ്ങള്‍ തമ്മിലാണ് പ്രധാന മത്സരം നടക്കുക. 2019ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കും ഇരു കക്ഷികളും പ്രചാരണത്തിനിറങ്ങുക. അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ ജയില്‍ രേഖകളില്‍ ഗുരുതര രോഗിയാക്കാന്‍ ശ്രമം. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായ ബിജുവിന്റെ പേര് ജയില്‍ രേഖകളില്‍ ഗുരുതര രോഗികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ പട്ടിക തയ്യാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് നല്‍കിയ പട്ടികയില്‍ ബിജു രാധാകൃഷ്ണന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുളള തടവുകാരുടെ പട്ടിക മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കി സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ശിക്ഷായിളവോ, പരോള്‍ ഉള്‍പ്പെടെയുള്ള ജയില്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലില്‍ കഴിയുന്ന ബിജുവിനെ ഗുരുതര രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നത്.

ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികില്‍സ വേണ്ടവര്‍ എന്നീ തടവുകാരെ പരിശോധിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെടുന്നത്. സെന്‍ട്രല്‍ ജയിലുകളില്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണു മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുക.

ചെന്നൈ: അമേരിക്കന്‍ പൗരത്വം നേടാന്‍ അപേക്ഷ നല്‍കിയിരിക്കുന്ന ഇന്ത്യക്കാര്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും. പൗരത്വം നല്‍കുന്ന നിയമങ്ങളില്‍ യുഎസ് സര്‍ക്കാര്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നതോടെയാണ് ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്‌നത്തിന് കൂച്ചുവിലങ്ങ് വീണിരിക്കുന്നത്. നിയമങ്ങളില്‍ വലിയ മാറ്റങ്ങളാണ് അമേരിക്ക വരുത്തിയിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ പൗരത്വം അനുവദിക്കുന്നതില്‍ അമേരിക്ക ഏറ്റവും ലിബറല്‍ മനോഭാവം കാണിച്ചത് 2008ലാണ്. അന്ന് ഏതാണ്ട് 65,971 അപേക്ഷകര്‍ക്കാണ് പൗരത്വം അനുവദിച്ചിരുന്നത്. അമേരിക്കയില്‍ ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലാണ്. 1995-2000 കാലഘട്ടത്തിലെ ഒരോ വര്‍ഷവും 120,000 ഇന്ത്യന്‍ തൊഴിലാളികളാണ് അമേരിക്കയിലേക്ക് കുടിയേറിയിരിക്കുന്നത്.

2014ലാണ് ഏറ്റവും കുറവ് അപേക്ഷകരെ അമേരിക്കന്‍ സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. അന്ന് വെറും 37,854 പേര്‍ക്ക് മാത്രമെ പൗരത്വം ലഭിച്ചുള്ളു. എന്നാല്‍ ഈ കണക്കുകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം അപേക്ഷകരെ പരിഗണിക്കുന്ന നിരക്കില്‍ കാര്യമായ വര്‍ദ്ധനവുണ്ട്. 49,601 പേരെയാണ് 2017ല്‍ പരിഗണിച്ചത്. കുടിയേറ്റത്തിലും ഗണ്യമായ കുറവ് വന്നതായി കാണാന്‍ പറ്റും. 1.72 മില്യണില്‍ നിന്ന് 1.51 മില്യണിലേക്ക് കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന നയങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ കരുതലോടു കൂടിയ നടപടികളാണ് യുഎസ് കമ്പനികള്‍ സ്വീകരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെപ്പോലെ ഇപ്പോള്‍ യുഎസ് കമ്പനികള്‍ക്ക് ഇന്ത്യക്കാരായ ടെക്‌നീഷ്യന്‍മാരെ ആവശ്യമായി വരുന്നില്ലെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ റാന്‍സ്റ്റാഡ് ഇന്ത്യയുടെ സിഇഒ സാക്ഷ്യപ്പെടുത്തുന്നു.

1990 മുതലുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കുന്ന ജനവിഭാഗങ്ങളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വരുന്നത് ചൈന, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍ ഇന്ത്യയാണ്. ഇന്ത്യന്‍ എഞ്ചിനീയര്‍, ഡോക്ടര്‍, എംബിഎ പ്രോഫഷണല്‍സ് എന്നിവരുടെ സ്ഥാനത്തേക്ക് അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ കൂടുതല്‍ പ്രാദേശികരെ നിയമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രീന്‍ കാര്‍ഡ് അനുവദിക്കാന്‍ സാധാരണഗതിയില്‍ എടുക്കുന്ന സമയം രണ്ട് വര്‍ഷമാണ്. എന്നാല്‍ ഇപ്പോള്‍ ഇത് 7 മുതല്‍ 8 വര്‍ഷം വരെ നീളുകയാണ്. മറ്റേതു രാജ്യങ്ങളെക്കാളും കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ അപേക്ഷ പരിഗണിക്കുന്നതിനായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുമെന്ന് ഇമിഗ്രഷന്‍ അഭിഭാഷകനായ മാര്‍ക്ക് ഡേവീസ് വ്യക്തമാക്കുന്നു.

RECENT POSTS
Copyright © . All rights reserved