India

മാസാന്ത്യാവലോകനം: ജോജി തോമസ്

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ലഫ്.ഗവര്‍ണറുടെ ഓഫീസില്‍ നടത്തിയ ഉപവാസ സമരം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനവും, നിലനില്‍പ്പും സംബന്ധിച്ച ഒരുപിടി ചോദ്യങ്ങൾ  അവശേഷിപ്പിച്ചാണ് അവസാനിച്ചത്. ഐ.എ.എസ് ഓഫീസര്‍മാരുള്‍പ്പെടുന്ന ബ്യൂറോക്രാറ്റ് സംവിധാനത്തിന്റെ സഹായത്തോടെ കേന്ദ്ര ഗവണ്‍മെന്റ് അടിച്ചേല്‍പ്പിച്ച അപ്രഖ്യാപിത പ്രസിഡന്റ് ഭരണത്തിനെതിരായി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ലഫ്. ഗവണറുടെ ഓഫീസില്‍ നടന്ന സമരം രാജ്യത്തിന്റെ മൊത്തം ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായി. സാഹസികമായ രാഷ്ട്രിയ പ്രവര്‍ത്തനം നടത്താന്‍ ഇഷ്ട്‌പ്പെടുന്ന കെജ്‌രിവാളിന്റെ ഈ അപ്രതീക്ഷിത നീക്കം കേന്ദ്ര ഗവണ്‍മെന്റിനെയും കേന്ദ്ര ഗവണ്‍മെന്റിന്റെ ആജ്ഞാനുവര്‍ത്തികളെയും സമ്മര്‍ദ്ദത്തിലാക്കിയതിന്റെ അനന്തരഫലമാണ് സമരം ഒ്ത്തുതിര്‍പ്പിലാക്കാന്‍ ലഫ്. ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങള്‍. ഇതിലുപരിയായി രാജ്യ തലസ്ഥാനത്ത് ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന സമരം രാജ്യത്തെ ഫെഡറല്‍ സംവിധാനം നേരിടുന്ന വെല്ലുവിളിയും ഭീഷണിയും പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്നതും കെജ്‌രിവാനെയും ആംആദ്മി പാര്‍ട്ടിയെയും സംബന്ധിച്ചടത്തോളം എടുത്തു പറയേണ്ട് നേട്ടമാണ്.

കേന്ദ്ര സര്‍ക്കാരിന്റെയും ലഫ്. ഗവര്‍ണറുടെയും പിന്തുണയോടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ നാല് മാസത്തിലേറെയായി തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കുക, വീട്ടു പടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹി മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ ഗവര്‍ണറുടെ ഓഫീസിലെ സന്ദര്‍ശക മുറിയില്‍ സമരം ആരംഭിച്ചത്. കെജ്‌രിവാളിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പകച്ചുപോയ കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ, കോടതി എന്നിവ വഴി പ്രതീരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദേശീയതലത്തില്‍ സമരത്തിന് ലഭിച്ച ജനശ്രദ്ധ കേന്ദ്ര സര്‍ക്കാരിനെയും ലഫ്. ഗവര്‍ണറെയും ഒത്തുതീര്‍പ്പിന് നിര്‍ബന്ധിതരാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി മന്ത്രിമാരുമായുള്ള സ്റ്റാറ്റിയൂട്ടറി യോഗങ്ങളും ദൈനംദിന കൂടിക്കാഴ്ച്ചകളും ഒഴിവാക്കി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നടത്തിയ സമരം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയിന്‍മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രം തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കീഴില്‍ ഉദ്യോഗസ്ഥവൃന്ദം സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കുക എന്നതായിരുന്നു. എന്നാല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്റ്റാറ്റിയൂട്ടറി യോഗങ്ങള്‍ വരെ ബഹിഷ്‌കരിച്ചത് അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ പിന്‍ബലം എവിടെ നിന്നോ ലഭിക്കുന്നു എന്നിതിന്റെ തെളിവായിരുന്നു. രാജ്യതലസ്ഥാത്ത് നടന്ന സമരം പല പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ നിലപാട് സ്വീകരിച്ചത് ഇതിനിടയില്‍ കല്ലുകടിയായി. ഡല്‍ഹിയിലെ പ്രാദേശിക രാഷ്ട്രീയത്തില്‍ ആംദ്മി പാര്‍ട്ടി സമരത്തിലൂടെ നേടാന്‍ സാധ്യതയുള്ള നേട്ടങ്ങളാണ് കോണ്‍ഗ്രസിനെ ഇത്തരമൊരു നിലപാടിന് പ്രേരിപ്പിച്ചതെങ്കിലും 2019ലെ പൊതുതെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഭാവിയില്‍ ഇത് തിരിച്ചടിയാകും. കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും വിശാലമായ കാഴ്ച്ചപ്പാടുകളോടുകൂടി ചിന്തിക്കാന്‍ ആരംഭിച്ചിട്ടില്ലെന്നാണ് അവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ നിന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോലൂം ലഭിക്കാന്‍ അംഗത്വമില്ലാത്ത പാര്‍ട്ടിയായി തളര്‍ന്ന യാഥാര്‍ത്ഥം കോണ്‍ഗ്രസ് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് ഫെഡറല്‍ സംവിധാനം. ഒരു രാഷ്ട്രീയ വ്യവസ്ഥിതിയില്‍ തുടരുന്ന രാജ്യത്തിന് പൊതുവായി ഒരു സര്‍ക്കാരും വ്യക്തമായ അധികാരങ്ങളോടും അവകാശങ്ങളോടും കൂടിയ പ്രാദേശിക ഭരണങ്ങകൂടങ്ങളുമാണ് ഫെഡറല്‍ സംവിധാനത്തിലുള്ളത്. ഇന്ത്യ കൂടാതെ ഫെഡറല്‍ സംവിധാനങ്ങൾ ഉള്ള പ്രമുഖ രാജ്യങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകള്‍, ബ്രസീല്‍, സ്വിറ്റ്‌സര്‍ലാന്റ് എന്നിവയാണ്. ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്ത പരസ്പര ബഹുമാനവും അധികാരങ്ങളിലും അവകാശങ്ങളിനു മേലും ഉള്ള കടന്നു കയറ്റം ഒഴിവാക്കലുമാണ്.

ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റത്തിനാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയുള്ള സമരത്തിലൂടെ മോഡിയും ബിജെപിയും ലക്ഷ്യമിട്ടത്. ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുന്ന പല ജനക്ഷേമ പദ്ധതികളും തടയുക എന്നതായിരുന്നും പ്രാഥമിക ലക്ഷ്യമെങ്കിലും ഫെഡറല്‍ സംവിധാനത്തോടുള്ള മോഡിയുടെയും ബിജെപിയുടെയും താല്‍പ്പര്യമില്ലാഴ്മയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. ഇത് ഡല്‍ഹിയിലെ ഒരു പ്രാദേശിക പ്രശ്‌നമായി കാണാതെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ ഉയരേണ്ടിയിരിക്കുന്നു. കാരണം ഇന്ത്യപോലെ വൈവിധ്യമുള്ള രാജ്യത്ത് മതമെന്ന് ഒറ്റച്ചരടില്‍ ജനങ്ങള്‍ ഒന്നിക്കില്ലെന്നിരിക്കെ ഫെഡറല്‍ സംവിധാനം രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ അത്യന്ത്യാപേക്ഷികമാണ്.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

കൊച്ചി: എറണാകുളം- അങ്കമാലി അതിരുപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സീറോ മലബാര്‍ സഭ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കോടികണക്കിന് രൂപയുടെ കള്ളപ്പണം ഇടപാട്. ഭൂമി വിറ്റവരുടെയും ഇടനിലക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും അടക്കം 13 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ഭൂമി വിറ്റ ഇലഞ്ഞിക്കല്‍ ജോസ്, ഇടനിലക്കാരായ എം.കെ ഷംസു, സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ കൂടുതല്‍ പരിശോധന വരും ദിവസങ്ങളില്‍ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്.

കോതമംഗലത്തും കോട്ടപ്പടിയിലും കാക്കനാടും നടത്തിയ ഇടപാടില്‍ ആണ് കോടികണക്കിന് രൂപയുടെ കള്ളപ്പണം ഇടപാട് കണ്ടെത്തിയത്. രേഖകളില്‍ കാണിച്ചിരിക്കുന്നതിലും കൂടുതല്‍ തുകയ്ക്കാണ് ഇടപാടുകള്‍ നടന്നിരിക്കുന്നത്. ഇതിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ സഭാ കേന്ദ്രങ്ങളിലേക്കും പരിശോധന നീളുമെന്ന സൂചനയും ആദായ നികുതി അധികൃതര്‍ നല്‍കുന്നുണ്ട്.

 

കോട്ടയം: കത്തോലിക്കാ സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണവുമായി കന്യാസ്ത്രീ. കുറുവിലങ്ങാട് പോലീസ് സ്റ്റേഷനിലാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. 2014 ല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് പീഢിപ്പിച്ചിരുന്നുവെന്നും തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം പീഡനം തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. 13 തവണ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം കന്യസ്ത്രീ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ബിഷപ്പും രംഗത്ത് വന്നു. സ്ഥലം മാറ്റിയതിലുള്ള വിരോധത്തിന്റെ പേരില്‍ കന്യാസ്ത്രീ തന്നെ ഭീഷണിപ്പെടുത്തുന്നതായി ബിഷപ്പ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കന്യാസ്ത്രീ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ ബിഷപ്പ് പോലീസിനെ സമീപിച്ചിരുന്നു. ബിഷപ്പ് നല്‍കിയ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പഞ്ചാബിലായിരുന്ന ബിഷപ്പ് 2014ല്‍ കേരളത്തിലേക്ക് മടങ്ങി വന്ന സമയത്ത് ഗസ്റ്റ് ഹൗസില്‍ വെച്ച് പീഢിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. പീഢനം രണ്ടു വര്‍ഷത്തോളം തുടര്‍ന്നതായും പരാതിക്കാരി വ്യക്തമാക്കുന്നു. വൈക്കം പോലീസ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ സഭയുടെ പ്രതിനിധികളാരും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ കോട്ടയം കുറവിലങ്ങാട് മഠത്തില്‍ നിന്ന് കന്യാസ്ത്രീയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതാണ് ഇവര്‍ക്ക് വൈരാഗ്യമുണ്ടാവാന്‍ കാരണമെന്ന് ബിഷപ്പ് ആരോപിക്കുന്നു. തുടര്‍ന്നാണ് തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുമെന്ന ഭീഷണിയുമായി ഇവര്‍ രംഗത്ത് വന്നതെന്നും ബിഷപ്പ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ ഉച്ചയോടയാണ് മുംബൈ നഗരത്തിലെ ഘാട്കോപ്പര്‍ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ വനിതാ പൈലറ്റിന്റെ കൃത്യമായ തീരുമാനമാണ് വന്‍ അപകടത്തില്‍ നിന്നും മുംബൈയെ രക്ഷിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടിട്ടും വിമാനം കെട്ടിടങ്ങളിൽ ഇടിക്കാതെ കാത്ത വനിതാ പൈലറ്റ് രക്ഷിച്ചത് ഒട്ടേറെ പേരുടെ ജീവനാണ്. ഇവരുൾപ്പെടെ രണ്ടു പൈലറ്റുമാരും രണ്ട് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർമാരും തകർന്ന വിമാനത്തിന് അടിയിൽപ്പെട്ട വഴിയാത്രക്കാരനുമാണ് അപകടത്തില്‍ മരിച്ചത്. ഒട്ടേറെ ഫ്ലാറ്റ് സമുച്ചയങ്ങളുള്ള മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.

പന്ത്രണ്ട് സീറ്റുളള ചെറു വിമാനം പരിശോധനപ്പറക്കൽ നടത്തുന്നതിനിടെ ഉച്ചയ്ക്ക് 1.10നാണ് തകര്‍ന്നുവീഴുന്നത്. ഘാട്കോപ്പറിൽ ഒട്ടേറെ ഫ്ലാറ്റ് സമുച്ചയങ്ങളുള്ള മേഖലയ്ക്കു മുകളിൽ വച്ച് നിയന്ത്രണം നഷ്ടമായ ഉടൻ വനിതാ പൈലറ്റ് മറിയ സുബേരി പുതിയ കെട്ടിടത്തിനായി നിലമൊരുക്കൽ ജോലി നടക്കുന്ന സ്ഥലത്തേക്കാണ് വിമാനം ഇടിച്ചിറക്കിയത്. വൻ ശബ്ദത്തോടെ പൊട്ടിത്തകർന്ന വിമാനത്തിന് ഉടന്‍ തീപിടിച്ചു. ഗുഡ്ക കമ്പനി ഉടമ ദീപക് കോത്താരിയുടെ യുവൈ ഗ്രൂപ്പിന്റേതാണു കിങ് എയർ സി 90 വിമാനം. യുപി സർക്കാരിന്റെ ഉടമസ്ഥയിലായിരുന്ന ഇത് 2014ൽ മുംബൈ ആസ്ഥാനമായ യുവൈ വാങ്ങുകയായിരുന്നു. അറ്റകുറ്റപ്പണിക്കു ശേഷം ജുഹു എയ്റോഡ്രോമിൽ നിന്നു പരിശോധനാ പറക്കൽ നടത്തി മുംബൈ വിമാനത്താവളത്തിലെ ബേസിലേക്കു മടങ്ങവെയാണ് ദുരന്തം. വിമാനം തകര്‍ന്നുവീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

തകർന്നു വീണ കെട്ടിടത്തിനു സമീപത്തെ വീട്ടിലെ സിസിടിവിയിലാണ് തീഗോളമായി വിമാനം വന്നുപതിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. വിമാനത്തിലെ വനിതാ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണു സംഭവം വൻ ദുരന്തത്തില്‍ കലാശിക്കാതിരിക്കുന്നതിനു സഹായിച്ചതെന്ന് മുൻ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ പറഞ്ഞു. സ്വന്തം ജീവൻ ത്യജിച്ചാണ് പൈലറ്റ് വിമാനം താരതമ്യേന തിരക്കു കുറഞ്ഞയിടത്ത് ഇടിച്ചിറക്കിയതെന്നും പട്ടേൽ ട്വീറ്റ് ചെയ്തു. വനിതാപൈലറ്റിന് അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു.

ക്യാപ്റ്റൻ പ്രദീപ് രജ്പുത്, ക്യാപ്റ്റൻ മരിയ, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ സുരഭി ഗുപ്ത, ജൂനിയർ ടെക്നിഷ്യൻ മനീഷ് പാണ്ഡെ എന്നിവർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സുരഭി രണ്ടുമാസം ഗർഭിണിയായിരുന്നു. ഒരു വഴിയാത്രക്കാരനും അപകടത്തിൽ മരിച്ചു. വിമാനാപകടത്തിനു പിന്നിൽ ഉടമകളായ കമ്പനിയുടെ കെടുകാര്യസ്ഥതയാണെന്നു മരിയയുടെ ഭർത്താവ് കുറ്റപ്പെടുത്തി. മോശം കാലാവസ്ഥ കാരണം വിമാനം പറത്താനാകില്ലെന്നാണു തന്നോടു മരിയ പറഞ്ഞത്. പിന്നെയും വിമാനം പറന്നുയർന്നെങ്കില്‍ അതിനു പിന്നിൽ കമ്പനിയായിരിക്കുമെന്നും ഭർത്താവ് മാധ്യമങ്ങളോടു പറഞ്ഞു.

20 വർഷത്തെ പഴക്കമുള്ള വിമാനമാണ് അപകടത്തിന് ഇടയാക്കിയത്. എന്നാൽ കാലപ്പഴക്കം കാരണമാണോ വിമാനം തകർന്നതെന്നു വ്യക്തമല്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു.

അബദ്ധത്തിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ബാലന് സമ്മാനങ്ങൾ നൽകി തിരിച്ചയച്ച് ഇന്ത്യൻ സൈന്യം. പാക് അധീന കശ്മീരില്‍ നിന്നെത്തിയ മുഹമ്മദ് അബ്ദുള്ള എന്ന പതിനൊന്ന് വയസ്സുകാരനെയാണ് സൈന്യം മടക്കിയയച്ചത്.

ജൂൺ 24ന് അതിർത്തി കടന്ന ബാലനെ പൂഞ്ച് ജില്ലയിലെ ദെഗ്‌വാർ മേഖലയിൽ സൈന്യം തടഞ്ഞുവെച്ചു. തുടർന്ന് ജമ്മു കശ്മീർ പൊലീസിന് കൈമാറി. പൊലീസ് തന്നെയാണ് ബാലനെ സ്വന്തം നാട്ടിലേക്ക് മടക്കിയയക്കാനുള്ള നടപടികൾ ഊർജിതമാക്കിയത്.

ഇന്ത്യ-പാക് ബന്ധം ഊഷ്മളമാക്കുന്നതിനും മാനുഷിക പരിഗണന കണക്കിലെടുത്തുമാണ് ബാലനെ തിരിച്ചയതെന്ന് പ്രതിരോധവകുപ്പ് വക്താവ് അറിയിച്ചു. നിരപരാധികളായ സാധാരണക്കാരുമായി ഇടപെടുമ്പോൾ സൈന്യം മാനുഷികശക്തിയായി നിലകൊള്ളുമെന്നും വക്താവ് പറഞ്ഞു.പുതിയ വസ്ത്രങ്ങളും മധുരപലഹാരങ്ങളും സൈന്യം ബാലന് സമ്മാനമായി നൽകി.

മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റിലെ പാമ്പന്‍മല ഡിവിഷനിലായിരുന്നു സംഭവം നടന്നത്.കാട്ടാനയുടെ മുന്നില്‍പ്പെട്ട പാമ്പന്‍മല സ്വദേശി മണിയെയാണ് ഭാഗ്യം തുണച്ചത്. എസ്റ്റേറ്റ് ലയത്തിന് സമീപത്തുള്ള തേയിലക്കാട്ടില്‍ വന്ന ഒറ്റയാനാണ് പ്രശ്നം സൃഷ്ടിച്ചത്. ആനയെ കണ്ട് പേടിച്ച മണിയുടെ വളര്‍ത്തുനായ ശബ്ദമുണ്ടാക്കി. ഇതു ശ്രദ്ധയില്‍പ്പെട്ട ആന വളര്‍ത്തുനായ്ക്ക് നേരെ പാഞ്ഞു. നായയും ആനയും നേര്‍ക്കുനേര്‍ വന്നതോടെ മണി ശബ്ദമുണ്ടാക്കി കാട്ടാനയുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചു.

ഇതില്‍ പ്രകോപിതിനായ ആന മണിയെ ആക്രമിക്കാന്‍ വന്നു. മണിയുടെ നേരെ ഓടിവരുന്ന വേളയിലാണ് ആന തെന്നിവീണത്. ഇതോടെ മണിയും വളര്‍ത്തുനായയും ഓടി രക്ഷപ്പെട്ടു.പാമ്പന്‍മല, ചട്ടമൂന്നാര്‍, കോഫി സ്റ്റോര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒരുമാസത്തിലധികമായി ഒറ്റയാന്‍ കറക്കിനടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

ന്യൂഡല്‍ഹി: വിവാഹ മോചനം ഇക്കാലത്ത് അപൂര്‍വ്വം സംഗതിയൊന്നുമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയാ അഡിക്ഷന്‍ കാരണം വിവാഹമോചനം തേടാന്‍ ശ്രമിക്കുന്നത് ഇതാദ്യമായിരിക്കും. ഭാര്യയുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കാരണം ഡല്‍ഹി സ്വദേശിയായ നരേന്ദ്ര സിങാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഭാര്യ മുഴുവന്‍ സമയവും സോഷ്യല്‍ മീഡിയയിലാണെന്നും കുടുംബ ജീവിതത്തില്‍ താന്‍ അസംതൃപ്തനാണെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

ഭാര്യയെന്ന നിലയിലുള്ള കര്‍ത്തവ്യങ്ങളെക്കുറിച്ച് തന്റെ പങ്കാളി പൂര്‍ണമായും മറന്നു കഴിഞ്ഞു. കടുത്ത അസംതൃപ്തിയും മാനസിക സമ്മര്‍ദ്ദത്തിനും ഇത് കാരണമാകുന്നു. അതിനാല്‍ തനിക്ക് വിവാഹമോചനം നല്‍കണമെന്നാണ് നരേന്ദ്ര സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐ.ടി വിദഗ്ധനായ നരേന്ദ്ര സിംഗ് ഒരു വര്‍ഷം മുന്‍പാണ് വിവാഹിതനാവുന്നത്. വിവാഹത്തിന് ശേഷമുള്ള നാളുകള്‍ മുതല്‍ക്കെ ഭാര്യയുടെ അമിത സോഷ്യല്‍ മീഡിയ ഉപയോഗം അലോസരങ്ങള്‍ സൃഷ്ടിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു.

നരേന്ദ്ര സിംഗിന്റെ കുടുംബവും വിവാഹമോചനത്തെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഭാര്യയുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ സിംഗിന് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതായി ബന്ധുക്കളും ചൂണ്ടിക്കാണിച്ചു. അതേസമയം ബന്ധുക്കളുടെയും ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു. ഇരുവര്‍ക്കും കൗണ്‍സിലിംഗിനായുള്ള സമയം അനുവദിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ കുടുംബ കോടതി. കൗണ്‍സിലിംഗിലൂടെയും കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വിവാഹമോചനം അനുവദിക്കാനാണ് സാധ്യത.

സമൂഹമാധ്യമങ്ങളുടെ അതിപ്രസരം വിവാഹ ജീവിതത്തിന് വലിയ ഭീഷണിയാണുയര്‍ത്തുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഹിമ കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം പലവിധ മാനസിക പ്രതിസന്ധികള്‍ക്കും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന് ചികിത്സ ലഭ്യമാണ്.

അമ്മയിലെ രാജിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ച് ദിലീപ്. തല്ക്കാലം അമ്മയില്‍ സജീവമാകാന്‍ ഉദേശിക്കുന്നില്ലെന്നതാണ് ദിലീപ് പ്രസിദ്ധീകരിച്ച  കത്തിന്റെ ചുരുക്കം. കത്ത് വായിക്കാം,

സര്‍,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും,എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി. അതില്‍ അമ്മ ഭാരവാഹികള്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കുന്നതു വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പു ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു

അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ വീട്ടില്‍ റെയ്ഡ്. ഇടനിലക്കാരനായ ജോസ് കുര്യന്റെ വീട്ടിലാണ് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. കോട്ടപ്പടിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി റെയ്ഡ് നടക്കുന്നത്.

13 സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഇടപാടില്‍ സഭക്ക് പകരം ഭൂമി നല്‍കിയ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിലെ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് റെയ്ഡ് നടക്കുന്നത്. ഭൂമിയിപാടിന്റെ് കൃത്യമായ കണക്കുകളും ഇടപാട് വഴി ലഭിച്ച പണം എവിടെ പോയെന്ന വിവരവും തേടിയാണ് ആദായ നികുതിയുടെ റെയ്ഡ്.

അങ്കമാലി-എറണാകുളം അതിരൂപതയുടെ ഭൂമി 13 കോടി രൂപക്ക് വില്‍ക്കാനാണ് സാജു വര്‍ഗീസിനെ ഏല്‍പിക്കുന്നത്. എന്നാല്‍, 27 കോടി രൂപക്ക് ഭൂമി വില്‍പന നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, 67 കോടി രൂപക്ക് ഭൂമിയിടപാട് നടന്നുവെന്നാണ് ആരോപണം.

 

കൊച്ചി: കോടതിവിധി വരുന്നതിന് മുമ്പായി ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ പിളര്‍പ്പ് ശക്തിപ്രാപിക്കുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും ജനറല്‍ ബോഡി വിളിക്കണം എന്നാവശ്യപ്പെട്ട് സംഘടനയിലെ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ സംഘടനയുടെ സെക്രട്ടറി ഇടവേളബാബുവിന് കത്തു നല്‍കി.

പ്രധാനമായും നാലു കാര്യങ്ങളാണ് കത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ദിലീപിനെ തിരിച്ചെടുത്തത് വീണ്ടും ചര്‍ച്ച ചെയ്യണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഇതുവരെ അമ്മ എന്തു നടപടി സ്വീകരിച്ചു. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി അമ്മ ഇതുവരെ എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിന് പുറമേ ജൂലൈ 13 നോ 16 നോ ജനറല്‍ബോഡി വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ഇവര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

ഡബ്‌ള്യൂസിസിയില്‍ പിളര്‍പ്പില്ലെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് കത്ത്. അംഗത്വം രാജിവെച്ച് നാലു നടിമാര്‍ പുറത്ത് പോയപ്പോള്‍ അമ്മയില്‍ തുടര്‍ന്ന് കൊണ്ട് മറ്റ് ഡബ്‌ള്യൂസിസി അംഗങ്ങള്‍ പോരാട്ടം തുടരുമെന്ന സൂചനയും കത്ത് നല്‍കുന്നു. അമ്മ സംഘടനയില്‍ തുടരുന്ന ഡബ്‌ള്യൂസിസി അംഗങ്ങളായ നടിമാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് സൂചിപ്പിക്കുന്നതാണ് കത്ത്. കോടതി വിധി വരും മുമ്പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം പുറത്തു പോയത്.

ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ അമര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും എന്ന സൂചനയാണ് കത്ത് നല്‍കുന്നത്. നിലപാട് തിരുത്തിയില്ലെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ പേര്‍ പുറത്തു പോകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം രാജിവെച്ചവര്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ അമ്മ നേതൃത്വവും അങ്കലാപ്പിലാണ്.

ഡബ്‌ള്യൂസിസിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി നേരത്തേ ഒപ്പമുണ്ടായിരുന്ന യുവനടന്മാരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം ശക്തമായി നേരത്തേ പ്രതികരിച്ചവരാണ്. എന്നാല്‍ പുതിയ വിവാദം പുറത്തു വന്ന ശേഷം ഇവരാരും പരസ്യപ്രതികരണം നടത്തിയിട്ടില്ല. സിനിമയ്ക്ക് പുറത്തുള്ളവര്‍ പോലും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണെങ്കിലും അമ്മ ഭാരവാഹികളും ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

 

Copyright © . All rights reserved
➤