India

മാവേലിക്കര: പുന്നമ്മൂട്ടിൽ ആറു വയസുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊന്നതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലുള്ള ശ്രീമഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങിയതായാണ് വിവരം. മാവേലിക്കര സബ് ജയിലിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് ശ്രീമഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

ബുധനാഴ്ച രാത്രി എട്ടോടെയാണ് മകൾ നക്ഷത്രയെ ശ്രീമഹേഷ് മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. തൊട്ടടുത്തു സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന മഹേഷ് അവരെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കു വെട്ടേറ്റു. ഓടിയെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം പൊലീസ് പിടിയിലായ ഇയാൾ മാവേലിക്കര സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രതിയേ പൊലീസ് അഞ്ചു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇയാൾ മൂന്നുപേരെയാണ് കൊല്ലാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാൻ ലക്ഷ്യമിട്ടത്.

പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യം കാരണമാണ് ഇവർ വിവാഹത്തിൽ നിന്നും പിന്മാറിയതെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം നടത്തുന്നതിനായി ഓൺലൈനിൽ മഴു വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചിരുന്നു. ഓർഡർ ചെയ്‌തെങ്കിലും ലഭിച്ചില്ല. തുടർന്ന് മഴു മാവേലിക്കരയിൽ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാൾ മകൾ നക്ഷത്രയുടെ കഴുത്ത് അറുത്തുകൊലപ്പെടുത്തിയത്. വ്യാഴാഴ്ച വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കട്ടിലിന് അടിയിൽ നിന്നും മഴു കണ്ടെടുത്തിരുന്നു. വ്യക്തമായ ഗൂഢാലോചനയ്ക്ക് തെളിവാണ് ഈ മഴു.

അതിനിടെ ശ്രീമഹേഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യയുടെ മാതാപിതാക്കൾ രംഗത്തു വന്നു. ഭാര്യ വിദ്യയേയും ഇയാൾ കൊലപ്പെടുത്തിയതാണെന്ന് സംശയമുള്ളതായി വിദ്യയുടെ അമ്മ രാജശ്രീ ആരോപിച്ചു. പ്രതി പണം ചോദിച്ചിരുന്നുവെന്നും അല്ലെങ്കിൽ മൂന്നുപേരും ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യാ പിതാവ് ലക്ഷ്മണൻ പറഞ്ഞു. മൂന്നുവർഷം മുൻപാണ് ശ്രീമഹേഷിന്റെ ഭാര്യ വിദ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ.

വയനാട്: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്റെ വീട്ടിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് പരിശോധന. സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടർന്ന് കർഷകനായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി.

ബാങ്ക് അടക്കം വിവിധയിടങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തുന്നത്. ബാങ്ക്, ബാങ്കിന്റെ ഭരണ സമിതി പ്രസിഡന്റ് ആയിരുന്ന കെ.കെ. എബ്രഹാം, വായ്പ നൽകാൻ കൂട്ടുനിന്ന ഉമാ ദേവി, വായ്പാ വിഭാഗം മേധാവി സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീട്ടിലാണ് പരിശോധന. ആറു പേരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. 2016 – 17 കാലയളവിൽ ഏകദേശം 8.30 കോടി രൂപയുടെ തട്ടിപ്പ് ഈ ഭരണ സമിതി നടത്തിയിട്ടുണ്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പത്തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യചെയ്തതിന് പിന്നാലെയാണ് ബാങ്കിന്റെ മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.കെ. എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പുൽപ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തിൽ പ്രസിഡന്റായിരുന്നു എബ്രഹാം. സംഭവത്തിൽ രമാദേവിയും കെ.കെ. എബ്രഹാമും ജയിലിലാണ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് വയനാട്ടിൽ കെ.കെ എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. കെ.കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് ഇഡി റെയ്ഡ്. നാല് മാസം മുൻപാണ് ഇഡി ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

കെ.കെ എബ്രഹാം ബാങ്ക് ഭരണസമിതി പ്രസിഡന്റായ സമയത്തായിരുന്നു പുൽപ്പള്ളി സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടന്നത്. 8.30 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് സഹകരണ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വായ്പാ തട്ടിപ്പിന് ഇരയായ കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിന് പിന്നാലെ കെ.കെ എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാന്റിലായ ഇദ്ദേഹം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരിൽ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. അതേസമയം, ബാങ്കിൽ നടന്ന വായ്പത്തട്ടിപ്പിനിരയാണ് രാജേന്ദ്രനെന്ന് ബന്ധുക്കൾ പറഞ്ഞു.

സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് വായ്പയെടുത്തിരുന്നത്. എന്നാൽ, ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ.എബ്രഹാമിന്റെ നേതൃത്വത്തിൽ രാജേന്ദ്രന്റെ പേരിൽ വൻതുക കൈപ്പറ്റുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. തുക തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽനിന്ന് രാജേന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. രാജേന്ദ്രന്റെ ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് എബ്രഹാമിനെ പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

വായ്പാത്തട്ടിപ്പിൽ കുരുങ്ങിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് ഏബ്രഹാമിനെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റ്, ചില ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിലെ ഒന്നാം പ്രതിയായ കെ.കെ.ഏബ്രഹാം നിലവിൽ മാനന്തവാടി ജയിലിൽ റിമാൻഡിലാണ്.

നടനും ഹാസ്യ താരവുമായ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കേരളക്കര മുക്തമായിട്ടില്ല. പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് ഇപ്പോഴും രംഗത്തെത്തുന്നത്. ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി പോയ സുധിയുടെ അടക്കം കഴിഞ്ഞ ദിവസം ആയിരുന്നു നടന്നത്. അടക്കിന്‌ മുന്നേ തന്നെ തനിച്ചാക്കി പോയ സുധിയോട് ഭാ​ര്യ രേണു സംസാരിക്കുന്നതിന്റെ വീഡിയോ ആണ് മലയാളികളുടെ കണ്ണിനെ ഈറനണിയിക്കുന്നത്. അടക്ക ശുശ്രൂഷകൾ നടക്കുന്നതിനിടെ സുധിയെ നോക്കി ഒരുപാട് നേരം സംസാരിക്കുകയാണ് രേണു. സുധിയോട് വിഷമിക്കരുതെന്നൊക്കെ രേണു പറയുന്നുണ്ട്. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കണം എന്നറിയാതെ ചുറ്റുമുള്ളവരുടെ കണ്ണുകൾ ഈറണിയിക്കുകയും ചെയ്യുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് കൊല്ലം സുധിയുടെ വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്ക് പറ്റിയിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുക ആണ്. സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍

അതേസമയം, അപകടത്തില്‍പ്പെട്ട മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ നടക്കുന്നുണ്ട്. മുഖത്തും പല്ലുകള്‍ക്കും പരുക്കേറ്റ് ചികിത്സയിലുള്ള മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്‍ത്രക്രിയ ആണ് നടത്തുന്നതെന്നാണ് സൂചന. നിരവധി ആരാധകരുള്ള ജനകീയനായ മിമിക്രി താരമാണ് മഹേഷ് കുഞ്ഞുമോൻ. മിമിക്രിയിലെ പെര്‍ഫെക്ഷനിലിസ്റ്റ് എന്നാണ് മഹേഷ് കുഞ്ഞുമോൻ അറിയപ്പെടുന്നത്. നരേന്ദ്ര മോദി, പിണറായി വിജയൻ, വിജയ് സേതുപതി തുടങ്ങിയവരുടെ ശബ്‍ദങ്ങള്‍ കൃത്യതയോടെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുമായിരുന്നു. വിനീത് ശ്രീനിവാസനെ അവതരിപ്പിച്ചായിരുന്നു മിമിക്രി രംഗത്തേയ്‍ക്ക് മഹേഷ് എത്തിയത്.

കോട്ടയം: അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി സമരത്തിന് പിന്നിൽ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത രംഗത്ത്. ചില തത്പര കക്ഷികൾ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നത് സങ്കടകരമാണെന്നും വികാരി ജനറൽ വിമർശിച്ചു.

ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സത്യം അന്വേഷണ ഏജൻസികൾ പുറത്തു കൊണ്ടുവരണം. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റിന് വീഴ്ച പറ്റിയിട്ടില്ല. 16 തിയറി പേപ്പറുകളിൽ 13 എണ്ണത്തിലും ശ്രദ്ധ തോറ്റിരുന്നു. ലാബിൽ ഫോൺ ഉപയോഗിച്ചതിനാലാണ് ഫോൺ പിടിച്ചു വച്ചത്. ഇക്കാര്യം കുട്ടിയുടെ വീട്ടിൽ അറിയിച്ചിരുന്നു. സംഭവ ദിവസം സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ ശ്രദ്ധ തയാറായിരുന്നില്ലെന്നും രൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.

അതിനിടെ വിദ്യാർത്ഥി സമരം രൂക്ഷമായ കോളേജിൽ പ്രശ്നം പരിഹരിക്കാന സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വിഎൻ വാസവനും നാളെ കോളേജ് സന്ദർശിക്കും. മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും സംഘം ചർച്ച നടത്തും. സാങ്കേതിക സർവകലാശാല രണ്ടംഗ അന്വേഷണ കമ്മീഷനെ പരാതികൾ പരിശോധിക്കാൻ നിയോഗിച്ചു. ഈ സംഘവും നാളെ നേരിട്ട് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.

കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി. എന്നാല്‍, ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഇന്ന് മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്.

സ്ഥലം എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ എൻ ജയരാജിന്റെ സാന്നിധ്യത്തിലാകും മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടക്കുക. ആരോപണ വിധേയരായ അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ മാനേജ്മെൻ്റ് അധികൃതർ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരായ അധ്യാപകരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വിപുലമായ യോഗം ചേരാൻ തീരുമാനിച്ചത്.

രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ശ്രദ്ധ ആത്മഹത്യ ചെയ്തത് കോളേജിലെ ചില അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണെന്നാണ് സഹപാഠികളുടെ ആരോപണം. ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ പറ്റിയും ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചതിനുശേഷം അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചകളെ പറ്റിയും വിശദമായ ചർച്ച നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതേസമയം ശ്രദ്ധയുടെ ആത്മഹത്യമായി ബന്ധപ്പെട്ട കൂടുതൽ വിദ്യാർത്ഥികളുടെ മൊഴിയെടുക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങുമെന്ന് പൊലീസും അറിയിച്ചു.

കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ  ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.

തൃശൂർ : നടൻ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പുലർച്ചെ നാല് ഇരുപതോടെയാണ് അപകടമുണ്ടായതെന്നും ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇടിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത്. ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി.  അപ്പോഴേക്കും കുറേപ്പേർ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ വിശദീകരിച്ചു.

തൃശൂർ കയ്പമംഗലത്ത് വെച്ചുണ്ടായ അപകടത്തിൽ നടൻ കൊല്ലം സുധി മരിച്ചതിന്റെ ഞെട്ടലിലാണ് സിനിമാ മേഖലയാകെ. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധവുമായി സഹപാഠികൾ. സംഭവത്തിൽ കാരണക്കാരയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം. എസ്എഫ്ഐയും എബിവിപിയും അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലേക്ക് ഇന്ന് മാർച്ച് നടത്തും.

ശ്രദ്ധ സതീഷ് എന്ന വിദ്യാർഥിനിയെയാണ് കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു.മാനേജ്‌മെന്റ് പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ട്.

കോളേജിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈൽ അധ്യാപകർ പിടിച്ചെടുത്തതായി കുടുംബം പറയുന്നുണ്ട്. ഇതിന് പിന്നാലെ കടുത്ത ഒരു അധ്യാപകനില്‍നിന്നും അപമാനം നേരിടേണ്ടി വന്നതായും പിതാവ് ആരോപിക്കുന്നു. വിഷയം ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമടക്കം കുടുംബം പരാതി നൽകും.

രണ്ടാംവർഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ശ്രദ്ധയെ കണ്ടെത്തിയത്.ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദല്‍ഹിയില്‍ നടക്കുന്ന ഗുസ്തിതാരങ്ങളുടെ പ്രതിഷേധ സമരത്തില്‍ നിന്നും സാക്ഷി മാലിക് പിന്‍മാറി. വടക്കന്‍ റെയില്‍വേ ഡിവിഷനിലെ ഉദ്യോഗസ്ഥയായ അവര്‍ അവിടെ ജോലിയില്‍ പ്രവേശിക്കുമെന്നാണ് അറിയുന്നത്. ശനിയാഴ്ച രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച ഫലപ്രദമായില്ലങ്കിലും ചില ഗുസ്തിതാരങ്ങള്‍ പ്രതിഷേധ സമരത്തില്‍ നിന്നും പിന്‍മാറുമെന്ന് അപ്പോള്‍ തന്നെ സൂചനയുണ്ടായിരുന്നു.

അഖിലേന്ത്യാ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണന്‍ സിംഗിനെതിരെ ലൈംഗിക പീഡനുവുമായി ബന്ധപ്പെട്ട് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്്തിതാരങ്ങള്‍ ദല്‍ഹിയില്‍ സമരം തുടങ്ങിയത്. സമരത്തിന്റെ മൂര്‍ധന്യത്തില്‍ തങ്ങള്‍ക്ക് കിട്ടിയ മെഡലുകള്‍ ഗംഗയില്‍ ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം വരെ താരങ്ങള്‍ നടത്തിയിരുന്നു. അതോടൊപ്പം ജന്തര്‍മന്തറില്‍ വലിയ തോതില്‍ പൊലീസ് നടപടിയും താരങ്ങള്‍ക്ക് നേരെയുണ്ടായി.

അമിത്ഷായെ സന്ദര്‍ശിച്ചു കഴിഞ്ഞപ്പോള്‍ തന്നെ സാക്ഷി മാലിക് അടക്കമുള്ള ചില ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്നും പിന്‍മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ അന്തരിച്ചു. തൃശൂര്‍ കയ്പമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം.

വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റ് താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കുണ്ട്.ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു.

ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക് വന്ന സുധി കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ,ബിഗ് ബ്രദര്‍, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.2015ല്‍ പുറത്തിറങ്ങിയ കാന്താരി ആയിരുന്നു ആദ്യ ചിത്രം.

പള്ളി നിര്‍മാണത്തിലെ കണക്ക് സംബന്ധിച്ച് വികാരിയും വിശ്വാസികളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചതായി കണക്കാക്കി കൂട്ടമണിയടിച്ച് കുര്‍ബാന നടത്തി വികാരിയച്ചന്‍. തൃശൂര്‍ പൂമല ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലാണ് സംഭവം. ഇടവകയിലെ വിശ്വാസികളില്‍ ചിലര്‍ വികാരിയുടെ നടപടിയെ തുടര്‍ന്ന് പള്ളിയ്ക്ക് മുന്നില്‍ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകളും നടത്തി.

പുതിയ പള്ളി നിര്‍മിച്ചതിന്റെ കണക്ക് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശ്‌നം ആരംഭിക്കുന്നത്. പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്നത് വികാരി ഫാ. ജോയസണ്‍ കോരോത്തായിരുന്നു. ഇതിനായി അഞ്ചരക്കോടിയോളം രൂപ വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്തു. തുടര്‍ന്ന് പള്ളി നിര്‍മാണം പൂര്‍ത്തിയായിട്ടും വികാരി കണക്ക് അവതരിപ്പിക്കാന്‍ തയാറാകാഞ്ഞതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്. വിശ്വാസികളും ഭാരവാഹികളും നിരന്തരമായി ആവശ്യം ഉന്നയിച്ചതോടെ രൂപതയില്‍ നിന്ന് കണക്ക് അവതരിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. ശേഷം ഏഴ് മാസം കഴിഞ്ഞാണ് കണക്ക് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് കണക്കിനെ ചൊല്ലി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെ വികാരിക്കെതിരേ ഒരു വിഭാഗം വിശ്വാസികള്‍ പൂമല ചെറുപുഷ്പ ദേവാല സംരക്ഷണ സമിതി എന്ന പേരില്‍ സംഘടിക്കുകയും ചെയ്തു.

അതേസമയം പഴയപള്ളി പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന മര ഉരുപ്പടികള്‍ എവിടെയന്നും പള്ളിയിലെ വസ്തുക്കള്‍ പതിവായി മോഷണം പോയിട്ടും എന്തുകൊണ്ട് സിസിടിവി വെക്കുന്നില്ലന്നും തുടങ്ങിയ ആരോപണങ്ങള്‍ വികാരിക്കെതിരേ ഉന്നയിച്ച് സംരക്ഷണ സമിതി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. വികാരി നേരിട്ട് പള്ളി സംബന്ധമായ ഇടപാടുകള്‍ നടത്തരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ തനിക്കെതിരേ ഫ്‌ളക്‌സുകള്‍ വന്നതോടെ ഫാ.ജോയസണ്‍ കോരോത്ത് കഴിഞ്ഞ ഞാറാഴ്ച കൂട്ടമരണ കുര്‍ബാന നടത്തിയിരുന്നു. തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഫ്‌ളക്‌സുകള്‍ പൊങ്ങിയിട്ടും ഇടവകയിലെ ആരും പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ഈ ഇടവകക്കാരെല്ലാം മരിച്ചു എന്നു പറഞ്ഞായിരുന്നു മരണ കുര്‍ബാന നടത്തിയിരുന്നത്.

എന്നാല്‍ ജീവിച്ചിരുന്ന ഇടവകക്കാര്‍ക്ക് കൂട്ടമരണക്കുര്‍ബാന ചൊല്ലിയതോടെ പ്രശനം രൂക്ഷമായി. തുടര്‍ന്ന് വികാരിയെ അനുകൂലിച്ചിരുന്ന വിശ്വാസികള്‍ പോലും എതിര്‍ ദിശയിലേക്ക് ചേര്‍ന്നു. ഇന്ന് പ്രതിഷേധമായി പള്ളി പരിസരത്ത് തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകള്‍ വിശ്വാസികള്‍ നടത്തി. ഇടവകക്കാരുടെ കൂട്ട മരണ കുര്‍ബാന ചൊല്ലിയ വികാരിക്ക് അഭിനന്ദനങ്ങള്‍ എന്ന ഫ്‌ള്ക്‌സ് സ്ഥാപിക്കുകയും ചെയ്തു. താടികള്‍ കെട്ടിയും കറുത്ത കൈയുറകള്‍ ധരിച്ചുമായിരുന്നു ഇടവകക്കാര്‍ പ്രതിഷേധം നടത്തിയത്.

Copyright © . All rights reserved