കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ ആരോപണമുന്നയിച്ച് പെൺകുട്ടിയുടെ കുടുംബം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി ശ്രദ്ധ സതീഷ് (20) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് കോളേജ് അധികൃതർ അപമാനിച്ചതായി കുടുംബം ആരോപണം ഉന്നയിച്ചത്. കോളേജ് ലാബിൽ മൊബൈൽ ഉപയോഗിച്ചതിനെ തുടർന്ന് ശ്രദ്ധയുടെ മൊബൈൽ കോളേജ് അധികൃതർ പിടിച്ചെടുക്കുകയും പെൺകുട്ടിയെ വഴക്ക് പറയുകയും ചെയ്തിരുന്നു.
മൊബൈൽ ഫോൺ പിടിച്ച് വച്ചതിന് ശേഷം ഫോൺ തിരികെ വേണമെങ്കിൽ മാതാപിതാക്കളെ വിളിച്ച് കൊണ്ട് വരണം എന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മാതാപിതാക്കളെ കോളേജ് അധികൃതർ തന്നെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. കൂടാതെ സെമസ്റ്റർ പരീക്ഷയ്ക്ക് ശ്രദ്ധയ്ക്ക് മാർക്ക് കുറവാണെന്ന് കോളേജ് അധികൃതർ പറഞ്ഞതായും വീട്ടുകാർ പറയുന്നു.
ഈ സംഭവം കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സംസാരമായത് ശ്രദ്ധയെ മാനസികമായി തളർത്തിയതായി കൂട്ടുകാരികൾ പറഞ്ഞു. ഹോസ്റ്റലിലെ മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ശ്രദ്ധ ഹോസ്റ്റൽ മുറിയിൽ തൂങ്ങുകയായിരുന്നു. മറ്റ് കുട്ടികൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കോളേജ് അധികൃതരെ വിവരമറിയിച്ച് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
ദില്ലി: ഒഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്, .റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അപകടത്തിൽ 275 പേര്‍ മരിച്ചെന്നാണ് ഒഡീഷ സർക്കാർ സ്ഥിരീകരിച്ചത്. മരിച്ചവരിൽ 88 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങൾ ഒഡിഷ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും നടത്താനാണ് തീരുമാനം. ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ ആയിരത്തിലേറെപ്പേരിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങളറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറായ 139 ല്‍ വിളിക്കാമെന്ന് റെയില്‍വേ അറിയിച്ചു. പരിക്കേറ്റവരുടെയോ, മരിച്ചവരുടെയോ ബന്ധുക്കള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ തേടാം. ഒഡിഷയിലെത്താനുള്ള ചെലവുകള്‍ റെയില്‍വേ വഹിക്കുമെന്നും റെയില്‍വേ ബോര്‍ഡംഗം ജയ വര്‍മ്മ സിന്‍ഹ അറിയിച്ചു. അതേസമയം, ട്രെയിൻ അപകടം നടന്ന ഒഡിഷയിലെ ബഹനഗ റെയിൽവേ സ്റ്റേഷനിലെ ഒരു കിലോ മീറ്റർ പാളം പുനർനിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പാളം തെറ്റിയ ട്രെയിനുകൾ ഇരു വശത്തേക്കും മാറ്റി.നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.വ്യാഴ്ച്ചയോടെ ഗതാഗതം സാധാരണ നിലയിലാക്കുകയാണ് ലക്ഷ്യം.
പറ്റ്ന: ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണത് ദേശീയതലത്തിൽ ചർച്ചയാകുന്നു. 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന നാലുവരിപ്പാലം രണ്ടാം തവണവും തകർന്നുവീണതോടെ വൻവിവാദമായി. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. സുൽത്താൻഗഞ്ച്-ഖഗോരിയ ജില്ലകളെ ബന്ധിപ്പിക്കാനായാണ് 1717 കോടി രൂപ വിനിയോഗിച്ച് പാല നിർമാണം ആരംഭിച്ചത്. എന്നാൽ, നിർമാണം തുടങ്ങ് എട്ട് വർഷമായിട്ടും പൂർത്തിയായില്ലെന്ന് മാത്രമല്ല, ഒരു വർഷത്തിനിടെ രണ്ട് തവണ തകർന്നുവീഴുകയും ചെയ്തു. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. മുമ്പ് 2022ലാണ് പാലത്തിന്‍റ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. കൊടുങ്കാറ്റ് വീശിയതാണ് പാലം തകരാൻ കാരണമെന്നാണ് അന്ന് പറഞ്ഞത്.
പാലം തകർന്നുവീണതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിന്റെ 4-5 തൂണുകൾ തകർന്നതായി വിവരം ലഭിച്ചു. ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഭഗൽപൂർ ജില്ലാ മജിസ്‌ട്രേറ്റ് സുബ്രത് കുമാർ സെൻ പറഞ്ഞതായി വാർത്താഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാരിൽ അഴിമതി വ്യാപകമാണെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. ബിഹാറിൽ കമ്മീഷൻ ഭരണമാണ് നടക്കുന്നതെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. 2015ൽ നിതീഷ് കുമാർ ഉദ്ഘാടനം ചെയ്ത പാലമാണ് തകർന്നത്. രണ്ടാമത്തെ തവണയാണ് പാലം അപകടത്തിൽപ്പെടുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാറും തേജസ്വിയും രാജിവയ്ക്കണമെന്ന് ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പറഞ്ഞു. ബെഗുസാര ജില്ലയിലെ പാലം രണ്ടായി പിളർന്നു പുഴയിൽ വീണിരുന്നു. നിർമാണം പൂർത്തിയായ പാലമാണ് അന്ന തകർന്നത്. അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകാത്തതിനാലാണ് അന്ന് ഉദ്ഘാടനം വൈകിയത്.
ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണം ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ചരക്ക് തീവണ്ടിയിൽ ഇടിച്ച് കയറിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തെറ്റായ സിഗ്നലാകാം കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ഓടാൻ കാരണമായത് എന്നാണ് നിഗമനം. ചരക്കുവണ്ടിയുമായി ഇടിച്ച് പാളം തെറ്റിയ കോറമണ്ഡലിന്റെ നാല് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ പിന്നിലെ കോച്ചുകളിലേക്ക് വീഴുകയായിരുന്നു.
അപകടമുണ്ടായ ഇന്നലെ രാത്രി തന്നെ സംഭവസ്ഥലം സന്ദർശിച്ച നാല് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ റെയിൽ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലുള്ളത് നിർണായക കണ്ടെത്തലുകലാണ്. ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറിയോടിയതാണ് അപകട കാരണം. സിഗ്നൽ നൽകുന്നതിൽ ഉണ്ടായ മാനുഷികമായ പിഴവാകാം ഇതിന് കാരണം. കോറമണ്ഡൽ എക്സ്പ്രസിന് പ്രധാന പാതയിലൂടെ കടന്നുപോകാൻ ഗ്രീൻ സിഗ്നൽ നൽകിയ ശേഷം അത് പൊടുന്നനെ പിൻവലിക്കപ്പെട്ടു എന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ, പ്രധാന റെയിൽവേ ട്രാക്കിലൂടെ കടന്നുപോകേണ്ടിയിരുന്ന കോറമണ്ഡൽ എക്സ്പ്രസ് 130 കിലോ മീറ്റർ വേഗതയിൽ ലൂപ്പ് ട്രാക്കിലേക്ക് കടന്ന് അവിടെ നിർത്തിയിട്ടിരുന്ന ചരക്ക് വണ്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇങ്ങനെ സംഭവിക്കണമെങ്കിൽ സിഗ്നലിംഗ് സംവിധാനത്തിൽ പിഴവ് ഉണ്ടായിരുന്നിരിക്കണം.
ചരക്ക് തീവണ്ടിയുമായുള്ള ഇടിയിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 21 ബോഗികൾ പാളംതെറ്റി മറിഞ്ഞു.
എൻജിൻ ചരക്ക് തീവണ്ടിക്ക് മുകളിലേക്ക് കയറി. കോറമണ്ഡൽ എക്സ്പ്രസിന്റെ ബോഗികളിൽ മൂന്നെണ്ണം ഈ സമയം തൊട്ടടുത്ത ട്രാർക്കിലൂടെ പോവുകയായിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന്റെ അവസാനത്തെ നാല് ബോഗികളിലേക്ക് വീണു. ഈ ആഘാതത്തിലാണ് ഹൗറ സൂപ്പർ ഫാസ്റ്റിന്റെ രണ്ട് ബോഗികൾ പാളംതെറ്റിയത്.
കോറമണ്ഡൽ എക്സ്പ്രസിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരിൽ അധികവും. അപകട സ്ഥലത്ത് ഉണ്ടായിരുന്നത് നാല് ട്രാക്കുകൾ ആണെന്ന് റെയിൽവേയുടെ ഡേറ്റ ലോഗർ ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. വശങ്ങളിലെ ചുവന്ന നിറത്തിലെ ട്രാക്കുകളിൽ ആയിരുന്നു ചരക്ക് തീവണ്ടികൾ നിർത്തി ഇട്ടിരുന്നത്. നടുവിലെ രണ്ട് ട്രാക്കുകളിലൂടെയാണ് അപകടം ഉണ്ടായ ട്രെയിനുകൾ കടന്നുപോകേണ്ടിയിരുന്നത്. ട്രാക്ക് നേരിയ തോതിൽ ദ്രവിച്ചിരുന്നതായി റിപ്പോർട്ടിൽ പരാമർഷമുണ്ടെങ്കിലും ഇത് അപകടത്തിന് കാരണമായതായി കണ്ടെത്തിയിട്ടില്ല. കൂട്ടിയിടി തടയാനുള്ള കവച് സംവിധാനം അപകടമുണ്ടായ പാതയിൽ ഉണ്ടായിരുന്നില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കവച സംവിധാനം എക്സ്പ്രസ് ലൂപ്പ് ട്രാക്കിലേക്ക് കടക്കാൻ കാരണമായ സിഗ്നൽ പിഴവ് എങ്ങനെ ഉണ്ടായി എന്നാണ് ഇനി കണ്ടെത്തേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യം കണ്ടത്താനാകൂ എന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്.
കാര്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പുരോഹിതന്‍ മരിച്ചു. തലശേരി അതിരൂപതയിലെ വികാരിയായ ഫാ.മനോജ് ഒറ്റപ്ലാക്കലാണ് (35) മരിച്ചത്. കാറിലുണ്ടായിരുന്ന ഫാ.ജോര്‍ജ് കരോട്ട്, ഫാ.പോള്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ദേശീയപാതയില്‍ മുക്കാളിയിലാണ് അപകടം നടന്നത്. പാലായില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന അച്ചന്‍മാര്‍ സഞ്ചരിച്ച കെ.എല്‍-59 യു 85 നമ്പര്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫാ.മനോജിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എടൂര്‍ സ്വദേശിയാണ് മരിച്ച ഫാ.മനോജ് ഒറ്റപ്ലാക്കല്‍.
കമ്പം ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാന്‍ തമിഴ്‌നാട്. തമിഴ് നാട്ടിലെ കമ്പത്താണ് അരിക്കൊമ്പനെ കണ്ടെത്തിയത്. മയക്കുവെടിവെച്ച് പിടിച്ച് ആനയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം. കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പിന്റേയും പോലീസിന്റെയും ഭാഗത്ത് നിന്നും തുടരുകയാണ്. കമ്പം ടൗണിലൂടെ ഓടി പരിഭ്രാന്തി പരത്തിയ അരിക്കൊമ്പന്‍ അതിന് ശേഷം ഇപ്പോള്‍ നഗരത്തിന് സമീപത്തെ പുളിമരക്കാട്ടില്‍ ശാന്തനായി ഒളിച്ചു നില്‍ക്കുകയാണ്.
ആനയെ മുകളിലേക്ക് വെടിവെച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ ഡിഎഫ്ഒ മാരും തേനി എസ്.പി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്. ആനയെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടില്‍ വിടാനാണ് ഉദ്ദേശം. ഇതിനായി വെറ്റിനറി ഡോക്ടര്‍മാരുടെ സംഘത്തെയും കുങ്കിയാനകളേയും വാഹനങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നാണ് തമിഴ്‌നാട് വനം വകുപ്പും പറയുന്നത്. ആകാശത്തേക്ക് വെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് ഓടിക്കാനുള്ള സാഹചര്യം പരാജയപ്പെട്ടാല്‍ മാത്രമേ മയക്കുവെടി വെയ്ക്കൂ.
ഇന്ന് രാവിലെയായിരുന്നു അരികൊമ്പന്‍ കമ്പത്തെ നഗരത്തില്‍ ഇറങ്ങിയത്. ആന നില്‍ക്കുന്ന സമീപത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് രണ്ടു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലുള്ള വനപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ലോവര്‍ പെരിയാര്‍ മേഖലയില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അരികൊമ്പന്‍ ഇവിടെയെത്തിയത്. നഗരത്തിലൂടെ പരിഭ്രാന്തി പരത്തി ഓടിയ അരികൊമ്പന്‍ ഓട്ടോറിക്ഷകള്‍ തകര്‍ത്തിരുന്നു. അതിന് ശേഷം ആള്‍ക്കാര്‍ ബഹളം വെയ്ക്കുകയും വാഹനങ്ങള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഹോണുകള്‍ മുഴക്കുകയും ചെയ്തതോടെയാണ് ആന പുളിമരക്കാട്ടിലേക്ക് കയറിയത്.
ആനയിടഞ്ഞ സാഹചര്യത്തില്‍ കമ്പത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കാര്‍ ആരും തന്നെ പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പം നഗരത്തിലേക്ക് ആള്‍ക്കാര്‍ കടന്നുവരാന്‍ സാഹചര്യവുമുള്ള ചെറിയ റോഡുകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
ലണ്ടൻ: ബർമിംഗ്ഹാമിലെ മുസ്ലീം പ്രവർത്തകർ വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടഞ്ഞു. മതസൗഹാർദം തകർക്കുന്നു എന്നതിനെ തുടർന്ന് ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്‌ടിച്ച സിനിമയാണിത് എന്നതിനെ തുടർന്നായിരുന്നു നടപടി. കശ്മീരി ആക്ടിവിസ്റ്റായ ഷക്കീൽ അഫ്‌സറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രതിഷേധക്കാർ വെള്ളിയാഴ്ച ബർമിംഗ്ഹാമിലെ സിനിവേൾഡ് തിയേറ്ററിൽ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടസ്സപ്പെടുത്തിയതായിട്ടാണ് വാർത്തകൾ പുറത്ത് വരുന്നത്.
അഫ്‌സറും സംഘവും സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടത്. മതത്തെ വികൃതമാക്കി കാണിക്കുന്ന അജണ്ടയാണ് സിനിമയെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സിനിവേൾഡിലെ ജീവനക്കാർ സ്‌ക്രീനിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർബന്ധിതരായി. എന്നാൽ സിനിമയെ അനുകൂലിക്കുന്ന ആളുകൾ പ്രദർശനം തുടരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. പോലീസ് സംരക്ഷണത്തിൽ ചിത്രം പ്രദർശിപ്പിക്കണമെന്നും ഇക്കൂട്ടർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം സംരംഭകനും പ്രോപ്പർട്ടി ഡെവലപ്പറുമായ അഫ്‌സർ ലേഡി ഓഫ് ഹെവൻ സിനിമ പിൻവലിക്കാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകി. എൽജിബിടി മൂല്യങ്ങൾ പഠിപ്പിക്കുന്നതിനെതിരെ പ്രകടനം നടത്തിയതിന് ശേഷം 2019 ൽ ബർമിംഗ്ഹാമിലെ ഒരു പ്രൈമറി സ്കൂളിന് പുറത്ത് പ്രതിഷേധിക്കുന്നതിൽ നിന്നും അദ്ദേഹത്തെ സമാന രീതിയിൽ വിലക്കിയിരുന്നു.
ഹണി ട്രാപ്പിൽ പെടുത്തി പണം കവർന്ന കേസിൽ യുവതിയെയും സുഹൃത്തിനെയും എറണാകുളം ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് തെക്കേപുരയ്ക്കൽ ശരണ്യ (20), മലപ്പുറം ചെറുവായൂർ എടവന്നപ്പാറയിൽ എടശേരിപ്പറമ്പിൽ അർജുൻ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്. അടിമാലി സ്വദേശിയായ യുവാവിൽനിന്നാണ് പണം തട്ടിയത്.
അടിമാലി സ്വദേശിയായ യുവാവും ശരണ്യയും രണ്ടാഴ്ച മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഇരുവരും സെക്സ് ചാറ്റുകൾ നടത്തിയിരുന്നു. പിന്നീടിത് പുറത്തുവിടുമെന്നു പറഞ്ഞ് ശരണ്യ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ശരണ്യ ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലുപേർ ആക്രമിച്ച് പണവും എ.ടി.എം. കാർഡും തട്ടിയെടുത്തു. ഹെൽമെറ്റുകൊണ്ട് മർദിച്ച് പിൻനമ്പർ വാങ്ങി സമീപത്തെ എ.ടി.എമ്മിൽനിന്ന് 4500 രൂപയും പിൻവലിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും അർജുൻ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2000 രൂപ യു.പി.ഐ. ട്രാൻസാക്ഷൻ വഴി വാങ്ങി. അന്നുതന്നെ യുവാവിനെ പത്മ ജങ്ഷനിൽ വിളിച്ചുവരുത്തി 15,000 രൂപയുടെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി. തിങ്കളാഴ്ച വീണ്ടും വിളിച്ചുവരുത്തി പണം വാങ്ങി. 22-ന് വീണ്ടും പത്മ ജങ്ഷനിൽ വിളിച്ചുവരുത്തി ചാറ്റുകൾ പരസ്യപ്പെടുത്തും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. 23-ന് 25,000 രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.
കളമശ്ശേരിയില്‍ പതിനേഴുകാരനെ കമ്പി വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയും അമ്മൂമ്മയും സുഹൃത്തും അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ അമ്മ രാജേശ്വരി, മുത്തശ്ശി വളര്‍മതി, രാജേശ്വരിയുടെ സുഹൃത്ത് വയനാട് സ്വദേശി സുനീഷ് എന്നിവരാണ് പിടിയിലായത്. മൂവരും ചേര്‍ന്ന് കുട്ടിയുടെ കൈ കമ്പിവടികൊണ്ട് അടിച്ചൊടിക്കുകയും കത്രിക കൊണ്ട് പരിക്കേല്‍പ്പിക്കുകയും ആയിരുന്നു.
ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശന ശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതിക്ക് അംഗീകാരമായി. അസഭ്യം പറയല്‍, അധിക്ഷേപം എന്നിവയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് ലഭിക്കുന്ന പരമാവധി ശിക്ഷ 7 വര്‍ഷം തടവും കുറഞ്ഞ ശിക്ഷ 6 മാസവുമാണ്.
നിയമത്തിന്റെ സംരക്ഷണം നഴ്‌സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. നിയമത്തില്‍ പ്രതികള്‍ക്കെതിരെ സമയബന്ധിത നിയമനടപടികള്‍ക്കും വ്യവസ്ഥയുണ്ട്. ഡോക്ടര്‍ ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന ഓര്‍സിനന്‍സ്, കൊട്ടാരക്കര ആശുപത്രിയിലെ ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ അടിയന്തിരമായി പുറത്തിറക്കിയത്.
ഓര്‍ഡിനന്‍സിലെ പ്രധാന വിവരങ്ങള്‍
ആരോഗ്യ രക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും. അക്രമപ്രവര്‍ത്തനം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാതെ 5 വര്‍ഷം വരെ തടവ് ശിക്ഷയും 50,000 രൂപയില്‍ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.
നിലവിലുള്ള നിയമത്തില്‍ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത (താല്‍ക്കാലിക രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള) മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നേഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്. പുതുക്കിയ ഓര്‍ഡിനന്‍സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും
ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കില്‍ 1 വര്‍ഷത്തില്‍ കുറയാതെ 7 വര്‍ഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയില്‍ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്ന തീയതി മുതല്‍ 60 ദിവസത്തിനകം പൂര്‍ത്തീകരിക്കും. വിചാരണാനടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷ്യല്‍ കോടതിയായി നിയോഗിക്കും.