തിമിരിയിൽ ദമ്പതികളെ കശുമാവിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓലകണ്ണ് സ്വദേശി സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരെയാണ് വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരിച്ച ദീപയ്ക്കും സന്തോഷിനും വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
മലയാളിയായ വിദ്യാർത്ഥിയെ അബുദബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശികളായ അനിൽ കുര്യാക്കോസ്-പ്രിൻസി ദമ്പതികളുടെ മകൻ സ്റ്റീവ് ജോൺ കുര്യാക്കോസ് (17) ആണ് മരിച്ചത്.
ഷെയ്ഖ് ശഖ്‌ബൂത്ത് മെഡിക്കൽ സിറ്റിയിൽ നേഴ്‌സായി ജോലി ചെയ്യുന്ന അമ്മ പ്രിൻസിക്കൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം കിടന്നുറങ്ങിയ സ്റ്റീവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ പ്രിൻസി മകനെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ സ്റ്റീവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേപ്പാടിയിൽ കാട്ടു പന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലരവയസുകാരന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശികളായ സുധീർ-സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ നെടുങ്കരണയിൽ വെച്ചാണ് അപകടം നടന്നത്.
സുബൈറയും മകനും കടച്ചിക്കുന്നിലെ സ്വന്തം വീട്ടിൽ നിന്നും ഭർതൃ വീട്ടിലേക്ക് ഓട്ടോയിൽ വരുന്നതിനിടയിലാണ് അപകടം നടന്നത്. ഓട്ടോ നെടുങ്കരണയിൽ എത്തിയപ്പോൾ സമീപത്തെ തേയില തോട്ടത്തിൽ നിന്നും കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് യാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ സുബൈറയ്ക്കും സഹോദരൻ മുഹമ്മദ് ആമീനും പരിക്കേറ്റു . ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പ്രണയത്തിൽ നിന്നും പിന്മാറിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മധുപാക്കം സ്വദേശി ഗണേഷ് (26) ആണ് അറസ്റ്റിലായത്. വില്ലുപുരം സ്വദേശിനിയും നഴ്‌സിംഗ് വിദ്യാർത്ഥിനിയുമായ ധരണി (23) ആണ് കൊല്ലപ്പെട്ടത്. വീടിന്റെ പുറത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഗണേഷ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ അഞ്ച് വർഷത്തോളമായി ധരണിയും,ഗണേഷും പ്രണയത്തിലായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ധരണി ഗണേഷുമായുള്ള പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. തുടർന്ന് പ്രകോപിതനായ ഗണേഷ് ധരണിയെ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ധരണിയുടെ വീട്ടിലെത്തിയ ഗണേഷ് കഴുത്തിൽ കത്തികൊണ്ട് വെട്ടുകയായിരുന്നു.
മാരകമായി മുറിവേറ്റ ധരണിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ധരണിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. വീട്ടുകാരുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗണേഷ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി തോമസ് ചാഴികാടന്‍ എംപിയെ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ അറിയിച്ചു.
പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം തോമസ് ചാഴികാടന്‍ എംപി ഇക്കാര്യം ചൂണ്ടിക്കാട്ടി സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. ഇതിനു ശേഷം അദ്ദേഹം മന്ത്രിയെ നേരില്‍ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയും ഇക്കാര്യം ആവശ്യപ്പെട്ട് എംപി സന്ദര്‍ശിച്ചിരുന്നു.
കോട്ടയത്ത് നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകരോട് താല്‍കാലികമായി മറ്റ് മൂന്ന് കേന്ദ്രങ്ങളെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും മന്ത്രി അറിയിച്ചു.
ഹിമാചൽ സ്വദേശിനിയായ എയർഹോസ്റ്റസ് മരിച്ച സംഭവത്തിൽ കൂടുതൽ വഴിത്തിരിവ്. യുവതിയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കാസർകോട് സ്വദേശി ആദേശ്, യുവതിയെ അപ്പാർട്മെന്റിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന് ബെംഗളൂരു പൊലീസ് കണ്ടെത്തി. കഴിഞ്ഞദിവസമാണ് അർച്ചന ധിമന്റെ (28) മൃതദേഹം കോറമംഗലയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലെ നാലാം നിലയിൽ നിന്നു വീണ നിലയിൽ കണ്ടെത്തിയത്.
സോഫ്റ്റ്‌വെയർ എൻജിനീയറായ ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടതെന്നും 7 മാസമായി അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ മറ്റൊരു പ്രണയ ബന്ധത്തെ അർച്ചന ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. അർച്ചനയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസം തന്നെ ആദേശിനെ അറസ്റ്റ് ചെയ്തിരുന്നു.
ദുബായിൽനിന്ന് അർച്ചന മാർച്ച് 7നാണ് ബെംഗളൂരുവിൽ എത്തിയത്. ബന്ധം പിരിയാൻ തീരുമാനിച്ചതിനെ തുടർന്നാണ് അർച്ചന ദുബായിൽനിന്നു ബെംഗുളൂരുവിൽ എത്തിയതെന്നാണു സൂചന. വെള്ളിയാഴ്ച രാത്രി ഇരുവരും തിയറ്ററിൽ സിനിമ കാണാൻ പോയി. ഇതിനുശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയതു പിന്നാലെയാണ് അർച്ചന നാലാം നിലയിൽനിന്നു വീണു മരിച്ചത്.
28 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ആലക്കോട് സർവീസ് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജരായ ലിജ (38), മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനിയാണ് ലിജ . രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത് . കുഞ്ഞ് മരിച്ചതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു ലിജ . ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ.
ഇന്നു രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്ത് ലിജയും മകനും മാത്രമായിരുന്നു വീട്ടിൽ. പള്ളിയിൽനിന്നു മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജയെയും മകനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ലിജയുടെ മൂത്തകുട്ടി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തെ മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടിയാണ് ബെൻ.
കുവൈറ്റ് MOH ന് കീഴിലുള്ള അൽജാബിർ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയിരുന്ന കോട്ടയം തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റി റോസ് ആന്റണി വാഹനാപകടത്തിൽ മരണമടഞ്ഞ അപകടത്തിന്റെ ചൂടാറുംമുമ്പേ മറ്റൊരു നഴ്‌സുകൂടി വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു.
വെറും 36 വയസ്സ് മാത്രം പ്രായമുള്ള NHM മെയിൽ സ്റ്റാഫ് നഴ്‌സ് ആണ് മൂവാറ്റുപുഴയിൽ ഇന്നുണ്ടായ അപകടത്തിൽ മരണമടഞ്ഞിരിക്കുന്നത്.
മുവാറ്റുപുഴ മാറാടി ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുജിത്ത് പി ഏലിയാസ് (36) എന്ന മെയിൽ നഴ്‌സ് ദാരുണമായി കൊല്ലപ്പെട്ടത്
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ പാമ്പാക്കുട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സ്കൂൾ ഹെൽത്ത് നഴ്‌സ് ആയി ജോലി ചെയ്തിരുന്നു മാറാടി സ്വദേശി സുജിത്ത് പി ഏലിയാസ്. യാക്കോബായ സുറിയാനി സഭ ട്രഷറർ പി വി ഏലിയാസിന്റെ മകനാണ് പരേതൻ.
അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഉടനെ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുജിത് റോഡിൽ തലയടിച്ചുവീണതാണ് മരണകാരണമായത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
കോഴിക്കോട് കോടഞ്ചേരി സ്വദേശിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പുക്കടവിലെ അബ്ദുൽ സലീം-സുഹറ ദമ്പതികളുടെ മകൻ ഫവാസ് (23) ആണ് മരിച്ചത്. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന് പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രാത്രി വൈകിയിട്ടും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പീരുമേട്ടിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവും യുവതിയും പരുന്തുംപാറ കൊക്കയിൽ ഇറങ്ങിയതായി സംശയം. ഇതിനെ തുടർന്ന് 800 അടി താഴ്ചയിൽ ഇറങ്ങി തിരച്ചിൽ നടത്തി. കെപി അഞ്ചാം ബറ്റാലിയൻ ഹൈ ആൾട്ടിറ്റ്യുഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.
2020 മെയ് പതിനെട്ടിനാണ് പീരുമേട് കച്ചേരിക്കുന്ന് സ്വദേശിനി നാല് മാസം ഗർഭിണിയായ അഞ്ജുവിനെയും,കാമുകൻ സെൽവനെയും കാണാതായത്. കാണാതായ ദിവസം ഇരുവരും പരുന്തുംപാറയിൽ എത്തിയിരുന്നു. ടാക്സി ഡ്രൈവറായ സെൽവന്റെ കാർ പരുന്തുംപാറയിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരുടെയും ഫോൺ അവസാനമായി പ്രവർത്തിച്ചതും ഇവിടെവെച്ചായിരുന്നു.
മൂന്ന് തവണ പരുന്തുംപാറയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ പരുന്തുംപാറ കേന്ദ്രീകരിച്ച് പുനരന്വേഷണം നടത്തിവരികയാണ് ഇതിന്റെ ഭാഗമായാണ് 800 അടി താഴ്ചയിൽ ഇറങ്ങി തിരച്ചിൽ നടത്തിയത്.