കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളുരുവിൽ എൽ.എൽ.ബി കോഴ്സിന് ചേരാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം.
കർശന ഉപാധികളോടെയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, മറ്റാവശ്യങ്ങൾക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയവയാണ് വ്യവസ്ഥകൾ.
കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെതുടർന്നാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇവർ.
2023 നവംബർ 27-നാണ് ഓയൂരിൽ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, അമ്മ അനിത എന്നിവരാണ് ഒന്നുംരണ്ടും പ്രതികൾ. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.
ഡിസംബർ ഒന്നിന് തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പദ്മകുമാറും അനിതയും ജയിലിൽ തുടരുകയാണ്.
ഹാസൻ സകലേശ്പുര ചുരത്തിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കെ.എസ്.ആർ. ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) ഉൾപ്പെടെ ബംഗളുരു – മംഗളുരു റൂട്ടിലോടുന്ന 14 ട്രെയിനുകൾആഗസ്റ്റ് നാല് വരെ റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകൾ:-
16595/596 കെ.എസ്.ആർ ബംഗളൂരു-കർവർ-കെ.എസ്.ആർ ബംഗളൂരു പഞ്ചഗംഗ എക്സ്പ്രസ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
16585/586 എസ്.എം.വി.ടി ബംഗളൂരു-മുരഡേശ്വർ-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്,
07377/378 വിജയപുര-മംഗളൂരു സെൻട്രൽ-വിജയപുര എക്സ്പ്രസ് എന്നി ട്രെയിനുകൾ റദ്ദാക്കി.
യശ്വന്ത്പൂരിനും മംഗളൂരുവിനും, കർവാറിനും യശ്വന്ത്പൂരിനുമിടക്ക് സർവീസ് നടത്തുന്ന
16575/576, 16515/516, 16539/ 540 നമ്പറുകളിലുള്ള സ്പെഷ്യൽ ട്രെയിനുകളും സർവീസ് റദ്ദാക്കിയവയിൽ ഉൾപ്പെടും.
യെഡക്കുമറിക്കു സമീപം വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞത്. മണ്ണ് പൂർണമായും നീക്കി പാളത്തിന്റെ സുരക്ഷ പരിശോധനയും നടത്തിയ ശേഷമേ സർവീസുകൾ പുനസ്ഥാപിക്കുകയുള്ളൂ എന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷൻ മാനേജർ ശിൽപി അഗർവാൾ പറഞ്ഞു.
രജിസ്റ്റര്‍ വിവാഹം ചെയ്ത യുവതി ഭര്‍ത്താവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രേരണയ്ക്കും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത്വീട്ടില്‍ അശോകന്റെ മകള്‍ അനഘ (25) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഒന്നരമാസംമുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അനഘയെ രഹസ്യമായി രജിസ്റ്റര്‍ വിവാഹം ചെയ്ത സമീപവാസിയായ പുളിക്കല്‍ ആനന്ദ് കൃഷ്ണ, അമ്മ ബിന്ദു എന്നിവരുടെ പേരില്‍ പുതുക്കാട് പോലീസ് കേസെടുത്തിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം വീട്ടുകാര്‍ വിവാഹനിശ്ചയവും നടത്തിയിരുന്നു. ഇതിനുശേഷം യുവാവ് ബന്ധമൊഴിയാന്‍ നിരന്തരം നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് യുവതിയുടെ വീട്ടുകാര്‍ പുതുക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അനഘയും ആനന്ദും ആറുമാസംമുമ്പാണ് നെല്ലായി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് വിവാഹം ചെയ്തത്. ഇതറിയാതെ വീട്ടുകാര്‍ ഇവര്‍ തമ്മിലുള്ള വിവാഹനിശ്ചയം നടത്തി. എന്നാല്‍, വിവാഹനിശ്ചയത്തെത്തുടര്‍ന്ന് അനഘയോടുള്ള ആനന്ദിന്റെ പെരുമാറ്റം മോശമായിത്തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആനന്ദും അമ്മയും സ്ത്രീധനം ആവശ്യപ്പെട്ട് അനഘയെ നിരന്തരം ഭീഷണിപ്പെടുത്തിയതായാണ് കുടുംബത്തിന്റെ ആരോപണം. അനഘയുടെ ആത്മഹത്യശ്രമത്തിനു പിന്നാലെ കുടുംബം ആനന്ദിന്റെ പേരില്‍ പരാതി നല്‍കി. ഇതിനുശേഷമാണ് രജിസ്റ്റര്‍ വിവാഹം നടന്ന വിവരം അനഘയുടെ വീട്ടുകാര്‍ അറിയുന്നത്.
ഉത്തരവാദികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. വി. സജീഷ്‌കുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പട്ടാപ്പകലിൽ വീട്ടിൽ കയറി ഗൃഹനാഥയെ വെടിവെയ്ച്ചു. കൈയ്ക്കു പരുക്കേറ്റ പടിഞ്ഞാറേക്കോട്ട പോസ്റ്റ് ഓഫിസ് ലെയിനിലെ താമസക്കാരിയും എൻ.എച്ച്.എം ഉദ്യോഗസ്ഥയുമായ ഷിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സത്രീയാണെന്നും മൂന്നു തവണ ഇവര്‍ വെടിവെച്ചെന്നും ഷിനിയുടെ ഭർതൃ പിതാവ് പറഞ്ഞു.
പിസ്റ്റളാണോ എയർ ഗണ്ണാണോയെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു സിറ്റി പോലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ വ്യക്തമാക്കി. രാവിലെ എട്ടരയോടെയാണ് തലസ്ഥാന നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരുവുകളിലൊന്നായ പോസ്റ്റ്ഓഫിസ് ലെയിനിൽ അക്രമി എത്തിയത്. കൊറിയർ നൽകാനുണ്ടെന്ന വ്യാജേന പങ്കജ് എന്നു പേരുള്ള വീട്ടിലെത്തി ബൽ അമർത്തി. ഷിനിയുടെ ഭർതൃപിതാവ് പുറത്തേക്ക് വന്നെങ്കിലും ഷിനിയെ തന്നെ വേണമെന്നു പറഞ്ഞു. ഷിനി വന്നതിനു പിന്നാലെ വെടിയുതിർക്കുകയായിരുന്നു.
അക്രമണ സമയത്ത് ഷിനിയും, മകനും, ഭർതൃപിതാവും, മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. ഷിനിയുടെ ഭർത്താവ് മാലിയിൽ ഉദ്യോഗസ്ഥനാണ്. സി.സി.ടി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമി വന്ന വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യുനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപ കാലങ്ങളില്‍ ആസൂത്രിതമായ മത-വര്‍ഗീയ അധിനിവേശ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മുവാറ്റുപുഴ നിര്‍മല കോളജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന സ്വയംഭരണ സ്ഥാപനമായ മുവാറ്റുപുഴ നിര്‍മലാ കോളജില്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ അക്കാദമിക അന്തരീക്ഷം തകിടം മറിക്കുന്ന തരത്തിലുള്ളതാണ്.
ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കോളജ് ക്യാമ്പസില്‍ നിസ്‌കാരം നടത്തുന്നതിന് മുറി വിട്ടു നല്‍കണം എന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കി സമരം ചെയ്യുകയുമാണ് ഉണ്ടായത്.
നിയമപരമായോ ധാര്‍മികമയോ യാതൊരു സാധുതയുമില്ലാത്ത ഇത്തരം ഒരാവശ്യം ഉയര്‍ത്തി കോളജ് അന്തരീക്ഷം കലുഷിതമാക്കുന്നതിന് കേരളത്തിലെ പ്രബലമായ രണ്ട് വിദ്യാര്‍ഥി സംഘടനകളുടെ യൂണിറ്റുകള്‍ നേതൃത്വം നല്‍കി എന്ന സാഹചര്യം ആശങ്കയുളവാക്കുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറകിലുള്ള ഗൂഢാലോചനയും ലക്ഷ്യങ്ങളും അന്വേഷണ വിധേയമാക്കണം. കൂടുതല്‍ അനിഷ്ട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി നിര്‍മലാ കോളജിനും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും ആവശ്യമായ സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദഗ്ധരുടെ സംഘം നദിയിലിറങ്ങി കൃത്യമായ പരിശോധന നടത്തിയതായി കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ. ഞായറാഴ്ച വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. കഴിഞ്ഞ 12 ദിവസമായി ശ്രമകരമായ ദൗത്യവുമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നദിയുടെ ആഴത്തിൽ സംഘം പരിശോധിച്ചിരുന്നു. ആഴത്തിൽ ചെളിയും പാറയും കലർന്ന അവസ്ഥയിലാണ്. നദിയിൽ നല്ല ഒഴുക്കുമുണ്ട്. വലിയ ബുദ്ധിമുട്ടാണ് തിരച്ചിൽ ദൗത്യത്തിനെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇന്ന് എന്തെങ്കിലും ഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ട്രക്കിനു മുകളിലോ മനുഷ്യന് മുകളിലോ മണ്ണുംചെളിയും നിറഞ്ഞിരിക്കുകയാണെങ്കിൽ ദൗത്യം ഏറെ ദുഷ്കരമാകും.
നദിയുടെ ആഴങ്ങളിൽ മുഴുവനും മണ്ണും ചെളിയുമാണ്. തകർന്ന മരങ്ങൾ പോലും നദിയുടെ അടിയിലുണ്ട്. അതിനകത്തേക്ക് പോയി തിരച്ചിൽ നടത്തുന്നവർ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ഈശ്വർ മാൽപെ ഞായറാഴ്ചയും ദൗത്യത്തിന്റെ ഭാഗമാകുമോ എന്ന് ചർച്ചചെയ്ത് തീരുമാനിക്കും. നദിയുടെ ആഴവും ഒഴുക്കുമൊന്നും കാര്യമാക്കാതെ ദൗത്യത്തിനൊപ്പം നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം.
ഈശ്വർ മാൽപെ, എസ്.പി., ജില്ലാ കളക്ടർ എന്നിവർ ശനിയാഴ്ച വൈകീട്ട് യോഗം ചേരുമെന്ന് കൃഷ്ണ സെയിൽ അറിയിച്ചു. തുടർന്നുള്ള തീരുമാനങ്ങൾ മാധ്യമങ്ങളേയും അധികൃതരെയും അറിയിക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാവിനെ കാറിൽ കൈയും കഴുത്തും ബന്ധിച്ച് കഴുത്തറത്ത് കൊല്ലാൻ ശ്രമം. പെൺസുഹൃത്ത് ഏർപ്പെടുത്തിയ ക്വട്ടേഷൻസംഘമാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് യുവാവിന്റെ പരാതി. കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി സുമേഷ് സോമനാണ് (38) പരിക്കേറ്റ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി വ്യാഴാഴ്ച രാത്രി 11-ഓടെ കല്ലാർകുട്ടിക്കുസമീപം പനംകൂട്ടിയിലായിരുന്നു ആക്രമണം. അഞ്ചുപേർ കാർ തടഞ്ഞുനിർത്തിയശേഷം കൈകൾ സ്റ്റിയറിങ്ങിനോടും കഴുത്ത് സീറ്റിനോടും ചേർത്ത് ബന്ധിച്ചെന്നും കൈയിലും കഴുത്തിലും മുറിവേൽപ്പിച്ചെന്നും മൊബൈൽ തട്ടിയെടുത്തെന്നുമാണ് സുമേഷ് പോലീസിന് നൽകിയ മൊഴി.
വെള്ളിയാഴ്ച രാവിലെ ഇതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറാണ് കാറിൽ ബന്ധിച്ചനിലയിൽ സുമേഷിനെ കണ്ടെത്തിയത്. ഇയാൾ അടിമാലി പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി സുമേഷിനെ ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളത്ത് ഡ്രൈവറായി ജോലിനോക്കിവരുന്ന സുമേഷ് വിവാഹമോചിതനാണ്. ഇൻഫോപാർക്കിലെ ജീവനക്കാരിയുമായി ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇരുവരും കുഞ്ചിത്തണ്ണി സ്വദേശികളാണ്. മൂന്നുവർഷം ഇവർ ഒന്നിച്ച് താമസിച്ചു. പിന്നീട് അകന്നു. ഇതോടെ ഒരുമിച്ചുള്ള താമസവും മതിയാക്കി. ഇതിനിടെ അനുമതിയില്ലാതെ സുമേഷ് യുവതിയുടെ ഏതാനും ചിത്രങ്ങളും സ്വകാര്യസംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി ആരോപണമുണ്ട്. യുവതി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി.
താൻ താമസിക്കുന്നത് രാജാക്കാട് പോലീസ്‌സ്റ്റേഷൻ പരിധിയിൽ ആണെന്നും അതിനാൽ കേസ് അങ്ങോട്ട് മാറ്റണമെന്നും ആവശ്യപ്പെട്ട് സുമേഷ് പോലീസിൽ അപേക്ഷ നൽകി.
അക്രമികൾ തന്റെ മൊബൈൽ ഫോൺ കവർന്നതായും സുമേഷിന്റെ പരാതിയിൽ പറയുന്നു. യുവതി തന്നെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായും ഈ സംഘമാണ് തന്നെ ആക്രമിച്ചതെന്നും സുമേഷ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സുമേഷിന്റെ കഴുത്തിലും കൈകളിലും ദേഹത്തും മുറിവേറ്റ പാടുകളുണ്ട്. മുറിവുകൾ സാരമുള്ളതല്ല. മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യം എന്ന് കരുതുന്നു. സുമേഷ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിതല കമ്മറ്റികള്‍ രൂപീകരിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ സര്‍ക്കുലര്‍ കെപിസിസി പ്രസിഡന്റ് റദ്ദാക്കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള ഭിന്നത വീണ്ടും പുറത്തായി.
പാര്‍ട്ടിയുടെ സര്‍ക്കുലര്‍ ഇറക്കേണ്ട കെപിസിസി പ്രസിഡന്റിന്റെ അധികാരത്തില്‍ കൈകടത്തിയ വി.ഡി സതീശനെതിരെ സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കെപിസിസിയുടെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിച്ചാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്ന് കെ. സുധാകരന്‍ ഡല്‍ഹയില്‍ പറഞ്ഞു.
കെപിസിസി ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമര്‍ശനം ഉണ്ടായെന്ന കാര്യം സുധാകരന്‍ തള്ളിയില്ല. ജനാധിപത്യ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവും. യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കും. താനും സതീശനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.
‘ഒരു ജനാധിപത്യ പാര്‍ട്ടിക്കകത്ത് അഭിപ്രായ ഐക്യവും, അഭിപ്രായ വ്യത്യാസവും വിമര്‍ശനവും ഒക്കെ ഉണ്ടാകും. അതിനൊന്നും തന്റെ അടുത്ത് നിന്ന് ഉത്തരം കിട്ടില്ല. അതൊക്കെ പ്രതിപക്ഷ നേതാവിനോട് ചോദിക്കുക. താന്‍ എല്ലാ ആളുകളോടും സമ ദൂരത്തിലും സമ സ്നേഹത്തിലുമാണ് പോകുന്നത്. സതീശനും താനും തമ്മില്‍ ഒരു പ്രശ്നവുമില്ല. ഇപ്പോ കണ്ടാല്‍ സതീശനെ കുട്ടിക്കൊണ്ടുപോയി ചായ വാങ്ങിക്കൊടുക്കും’- സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സൂപ്പര്‍ പ്രസിഡന്റ് ചമയുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. കെപിസിസിയുടെ അധികാരത്തില്‍ പ്രതിപക്ഷ നേതാവ് കൈ കടത്തുകയാണെന്ന ആരോപണവും കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നിരുന്നു.
വയനാട് നടന്ന യോഗത്തിലെ വാര്‍ത്ത പുറത്തു വിട്ടത് സതീശനാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. ഇന്നലെ ചേര്‍ന്ന അടിയന്തര കെപിസിസി യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിനെതിരെ ഭാരവാഹികള്‍ ആഞ്ഞടിച്ചത്. യോഗത്തില്‍ പങ്കെടുത്ത 22 ഭാരവാഹികളും പ്രതിപക്ഷ നേതാവിന്റെ നടപടികളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി എന്നാണ് വിവരം.
അതിനിടെ കെപിസിസി യോഗത്തിലെ വിമര്‍ശനത്തില്‍ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച ജില്ലാ ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ നിന്ന് വിട്ടു നിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും അദേഹം പരിപാടിയില്‍ പങ്കെടുത്തില്ല.
വയനാട്ടില്‍ നടന്ന ചിന്തന്‍ ശിബിരിലെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ആയി അവതരിപ്പിക്കേണ്ടിയിരുന്നത് പ്രതിപക്ഷ നേതാവായിരുന്നു. വി.ഡി സതീശന്റെ അസാന്നിധ്യത്തില്‍ കൊടിക്കുന്നില്‍ സുരേഷ്, എം.എം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
കെപിസിസി ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന യോഗം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നില്ല. കെപിസിസി ഭാരവാഹികള്‍ മാത്രം പങ്കെടുത്ത യോഗത്തില്‍ പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തിയാണുള്ളത്. യോഗത്തിലെ വിമര്‍ശനം പുറത്തായതും വി.ഡി സതീശനെ ചൊടിപ്പിച്ചു.
തൃശൂര്‍ വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്ന് ഇരുപത് കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ധന്യ മോഹന്‍ പൊലീസില്‍ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ മോഹന്‍ കീഴടങ്ങിയത്. പ്രതിയെ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി.
മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ് കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യ മോഹന്‍. കഴിഞ്ഞ 18 വര്‍ഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവര്‍. 2020 മെയ് മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. പിടിയിലാകുമെന്ന് മനസിലായതോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അഭിനയിച്ച് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.
ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉള്‍പ്പെടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. 18 വര്‍ഷമായി തിരുപഴഞ്ചേരി ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഒളിവില്‍ പോകുന്നതിന് മുമ്പും ഇവിടെ തന്നെയായിരുന്നു യുവതിയുടെ താമസം.
നിപ വൈറസ് പരിശോധന നടത്തിയ എട്ടു പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി രണ്ടു പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ എട്ടു പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.
472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.
സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണ. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.