India

യുവ ഡോക്ടറെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. മാഹി സ്വദേശിനി ഷദ റഹ്മാൻ (26) നെ കഴിഞ്ഞ ദിവസം പുലർച്ചെ അപ്പാർട്മെന്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന ഷദ റഹ്മാൻ ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം.

രണ്ട് ദിവസം മുൻപാണ് ഷദ റഹ്മാൻ സുഹൃത്തുക്കളുടെ അപ്പാർട്മെന്റിൽ എത്തിയത്. സംഭവ ദിവസം അപ്പാർട്മെന്റിൽ പിറന്നാൾ ആഘോഷം നടന്നിരുന്നു. പുലർച്ചെ നാല് മണിയോടെ അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നും ഷദ റഹ്മാൻ ചാടി ജീവനൊടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഷദ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാർ പാഞ്ഞു കയറി മരിച്ച ശ്രേഷ്ഠയുടെ വിയോഗം താങ്ങാനാവാതെ ഉറ്റ സുഹൃത്ത് ആത്മഹത്യ ചെയ്തു. ആലംകോട് പുളിമൂട് പ്രസന്നാഭവനില്‍ പുഷ്പ്പരാജന്‍ പ്രമീള ദമ്പതികളുടെ മകന്‍ അശ്വിന്‍ രാജ് (22) ആണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ തൂങ്ങി മരിച്ചത്. ശ്രേഷ്ഠയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം അശ്വിന്‍ മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായ യുവാവിനെ തേടിയെത്തിയപ്പോൾ കണ്ടത് ജീവനൊടുക്കിയ നിലയിലായിരുന്നു.

സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ശ്രേഷ്ഠയുടെ മരണത്തില്‍ അശ്വിന്‍ രാജ് മാനസികമായി വളരെ വിഷമത്തില്‍ ആയിരുന്നെന്നും സ്‌കൂള്‍ പഠന കാലം മുതലുള്ള സുഹൃത്തിന്റെ പെട്ടെന്നുള്ള വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ദേശീയ പാതയില്‍ ആറ്റിങ്ങല്‍ കല്ലമ്പലം വെയിലൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറിയുള്ള അപകടത്തില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ്. ആല്‍ഫിയയെന്ന വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബസ് സ്‌റ്റോപ്പില്‍ എത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നില്‍ ഇടിക്കുകയും തുടര്‍ന്ന് ഇവിടെ നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.

ജര്‍മ്മന്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന മകളെ തിരികെ കിട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍. രണ്ട് വയസ്സുകാരി അരിഹ ഷാ 2021 സെപ്റ്റംബര്‍ മുതല്‍ ജര്‍മ്മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ ഹോമിലാണ് കഴിയുന്നത്. അവളുടെ ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍ ഭവേഷും ധാരാ ഷായും തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തിനായി നിയമ പോരാട്ടം തുടരുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയോടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

‘അവള്‍ ഒരു ഇന്ത്യന്‍ കുട്ടിയാണ്. ‘പെണ്‍കുട്ടിയെ രക്ഷിക്കുക’ എന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിര്‍ണായക സമയത്ത് ഞങ്ങളെ സഹായിക്കണം. അവള്‍ ഞങ്ങളുടെ കുട്ടിയാണ്. അവള്‍ക്ക് അമ്മയുടെ സംരക്ഷണം ആവശ്യമാണ്. ജര്‍മ്മന്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഞങ്ങളുടെ കുഞ്ഞിനെ വിട്ടുകിട്ടാന്‍ പ്രധാനമന്ത്രി സഹായിക്കണമെന്ന് ഞാന്‍ കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിക്കുന്നു.’ധാരാ ഷാ പറഞ്ഞു.

2021 സെപ്റ്റംബറില്‍ മകളുടെ സ്വകാര്യ ഭാഗത്ത് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ദമ്പതികള്‍ ഈ പ്രശ്‌നത്തില്‍ അകപ്പെട്ടത്. ജര്‍മ്മന്‍ അധികാരികള്‍ കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തുകയും അവളെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ആക്കുകയും ചെയ്തു. കുട്ടിയെ പരിപാലിക്കാന്‍ കഴിവില്ലാത്തവരാണെന്ന് രക്ഷിതാക്കളെന്നും അവര്‍ ആരോപിച്ചു. അന്നുമുതല്‍, തങ്ങളുടെ മകളെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും സമരം ചെയ്യുകയും ചെയ്തുവരികയാണ്. ഇന്ന് മുംബൈയില്‍ എത്തിയ മാതാപിതാക്കള്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും മറ്റ് നേതാക്കളെയും കണ്ട് പിന്തുണ ആവശ്യപ്പെട്ടു.

ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന അരിഹയുടെ പിതാവിന് ജോലി നഷ്ടപ്പെട്ടു. മകളുടെ മോചനത്തിനായുളള നിയമപരമായ ഫീസും മറ്റ് കാര്യങ്ങളും മൂലം വലിയ കടം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ‘ഭാവിയില്‍ എന്തായിത്തീരുമെന്ന് അറിയില്ല, എനിക്ക് ജോലിയില്ല, കടം കൂടിക്കൊണ്ടേയിരിക്കുന്നു. അരിഹ മടങ്ങിയെത്തുമ്പോഴേക്കും കടം വളരെ വലുതാകുമെന്നും’ ഭവേഷ് ഷാ പറഞ്ഞു.

ശിശു സംരക്ഷകേന്ദ്രത്തില്‍ തന്റെ കുട്ടിയുടെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അവള്‍ക്ക് ഇന്ത്യന്‍ ഉത്സവങ്ങളെക്കുറിച്ചോ ഇന്ത്യന്‍ ഭക്ഷണത്തെക്കുറിച്ചോ നമ്മുടെ സംസ്‌കാരത്തെക്കുറിച്ചോ അറിയില്ല. ഹോളിയ്ക്ക് അവളെ പുറത്തിറങ്ങാന്‍ അനുവദിക്കണമെന്ന് ഞാന്‍ ജര്‍മ്മന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സംരക്ഷണ കേന്ദ്രത്തിലായതിനാല്‍ തന്നെ ഒരു ഗുജറാത്തി ജൈന എന്ന അവളുടെ ഐഡന്റിറ്റി സംരക്ഷിക്കപ്പെടുന്നില്ല, ഞങ്ങള്‍ ഇതില്‍ വളരെയധികം ആശങ്കാകുലരാണ്.’അദ്ദേഹം പറഞ്ഞു.

തങ്ങളുടെ കുട്ടിയെ കൊണ്ടുപോകാന്‍ ജര്‍മ്മന്‍ അധികൃതര്‍ കാരണമായി പറഞ്ഞ ലൈംഗികാരോപണം തങ്ങളെ ഞെട്ടിക്കുന്നതാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. ‘മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പോലും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് സൂചിപ്പിച്ചിരിക്കുന്നതെങ്കിലും ബെര്‍ലിന്‍ ചൈല്‍ഡ് കെയര്‍ അധികൃതര്‍ കേസ് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. സാധാരണഗതിയില്‍ നിയമപരമായ കുരുക്കുകളിലും നീണ്ട കാലയളവുകളിലും നിരാശരായി മാതാപിതാക്കള്‍ കേസ് ഉപേക്ഷിക്കുകയാണ് പതിവ്, പക്ഷേ, എന്തു വന്നാലും ഞങ്ങള്‍ അങ്ങനെ ചെയ്യില്ല’ കുട്ടിയുടെ അമ്മ പറഞ്ഞു.

ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ വീട്ടില്‍ കയറി ഒളിച്ചിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാറൂഖിന്റെ മുബൈയിലെ വസതിയായ മന്നത്തിലാണ് ഇവർ കയറിയത്. താരത്തെ നേരിട്ട് കാണാനായിരുന്നു ഈ സാഹസം. മേക്കപ്പ് റൂമിൽ കയറി ഒളിച്ച ഇവർ എട്ടുമണിക്കൂറോളം ഇതിനുള്ളിലിരുന്നു. ബം​ഗ്ലാവിന്റെ മതിൽ ചാടിക്കടന്ന ഇരുവരും മൂന്നാം നിലയിലെ മേക്കപ്പ് റൂമിലെത്തുകയായിരുന്നു.

പത്താൻ സാഹിൽ സലിം ഖാൻ, രാം സരഫ് കുശ്‍വാഹ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇരുവരും മേക്കപ്പ് റൂമിൽ കയറി ഇരിപ്പുറപ്പിച്ചത്. ഹൗസ് കീപ്പിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സതീഷ് ആണ് ഇവരെ ആദ്യം കണ്ടത്. ഇരുവരെയും ലോബിയിലേക്ക് കൊണ്ടുചെന്ന് വിവരം ഷാറൂഖ് ഖാനെ അറിയിച്ചു. ഇവരെ കണ്ട് താരം ഞെട്ടിപ്പോയി എന്നാണ് ബാന്ദ്ര പൊലീസിന്റെ എഫ്ഐആറിലുള്ളത്.

വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ഭവനഭേദനത്തിനടക്കം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാമെന്ന് പൊലീസ് വ്യക്തമാക്കി.

പുനലൂരിൽ അമ്മയേയും മക്കളേയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പിറവന്തൂർ സ്വദേശി രമ്യാരാജ് (30), മക്കളായ ശരണ്യ (5), സൗരവ് (3) എന്നിവരെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് മൂന്ന് പേരുടെയും മൃതദേഹം കല്ലടയാറ്റിൽ നിന്നും കണ്ടെത്തിയത്.

ഷാൾ ഉപയോഗിച്ച് കുട്ടികളെ രമ്യയുടെ ശരീരത്തോട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതി കുട്ടികളേയും കൊണ്ട് വിജനമായ സ്ഥലത്ത് കൂടി പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നതായി പറയുന്നു. തമിഴ്നാട് സ്വദശികളാണ് മരിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിറവന്തൂർ സ്വദേശികളാണ് മരിച്ചതെന്ന് കണ്ടെത്തിയത്.

വീട് നിർമ്മാണം പൂർത്തിയാക്കാൻ പറ്റാത്തതിലുള്ള മാനവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ നിർമ്മാണം വർഷങ്ങൾക്ക് മുൻപാണ് ആരംഭിച്ചത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ല

വീട് നിർമ്മിക്കാൻ തിരഞ്ഞെടുത്ത സ്ഥലം ചെരിവുള്ളതിനാൽ തൂണുകൾ നിർമ്മിക്കാനുൾപ്പടെ ചിലവ് കൂടുതൽ ആയിരുന്നു. അതിനാൽ വീട് പണി പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഇതേ തുടർന്ന് രമ്യ കടുത്ത മാനസിക വിഷമം നേരിട്ടിരുന്നു. ഭർതൃ വീട്ടിലായിരുന്ന രമ്യാരാജ് കല്ലുവാതുക്കലുള്ള സ്വന്തം വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് പോയത്. എന്നാൽ പിറവന്തൂരിൽ ഇറങ്ങേണ്ട രമ്യ മുക്കടവിൽ ബസ് ഇറങ്ങുകയായിരുന്നു. ജീവനൊടുക്കാനുള്ള ഉദ്ദേശത്തോടെയാണ് രമ്യ മുക്കടവിൽ എത്തിയതെന്ന് പോലീസ് കരുതുന്നു.

തിങ്കളാഴ്ച വൈകുന്നേരമാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന തരത്തിൽ വാർത്തകളും റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രതികരിച്ചെത്തിയിരിക്കുകയാണ് താരത്തെ ചികിത്സിച്ച ഡോക്ടർ സുധീന്ദ്രൻ. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ബിലിറൂബിന്റെ അളവ് ബാലയിൽ വളരെ കൂടുതലായിരുന്നുവെന്ന് കരൾ രോഗ വിദഗ്ധനായ ഡോക്ടർ പറയുന്നു.

ഭക്ഷണം കഴിക്കാനാകാതെ ബാല ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ഇനിയും ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ അവസ്ഥ ഗുരുതരമാകുകയും ചെയ്യുമെന്ന് മനസിലായതോടെയാണ് ബാലയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ പുറത്തു വിട്ടിട്ടില്ല. നിലവിൽ ബാലയുടെ ആരോഗ്യനില സ്‌റ്റേബിൾ ആണെന്നും ഡോക്ടർ പറഞ്ഞു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഡോക്ടറുടെ പ്രതികരണം.

‘ബാല അഡ്മിറ്റ് ആയ സമയത്ത് അവസ്ഥ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു. ബിലിറൂബിന്റെ അളവ് കൂടുതലായിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ 20-30% മാത്രമേ പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളൂ. സിറോസിസ് ബാധിച്ച ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്. വർഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക പ്രയാസമാണ്. എഫക്ടീവ് ആയ മരുന്ന് ഇല്ലെന്ന് തന്നെ പറയാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ട്രാൻസ്പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്’ ഡോക്ടർ സുധീന്ദ്രൻ പറഞ്ഞു.

ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്‌റ്റേബിളാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ബാലയെ ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോൾ ബോധമുണ്ടായിരുന്നു. പക്ഷെ നോർമൽ അല്ലായിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ലിവർ മാറ്റിവെയ്‌ക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ബാല ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ, നടൻ ഉണ്ണി മുകുന്ദൻ, എൻ.എം. ബാദുഷ, അമൃതാ സുരേഷ്, സംഗീത സംവിധായകൻ ഗോപി സുന്ദർ തുടങ്ങിയവർ കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയിരുന്നു.

മലയാള സിനിമയിലും മലയാളി പ്രേക്ഷകരുടെ മനസിലും ഇടം കണ്ടെത്തിയ യുവനടിയാണ് അനശ്വര രാജൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അനശ്വര രാജൻ. താൻ കുട്ടിയായിരിക്കെ ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

മെൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ‘ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്ക് ഒക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന പ്രായം. ബസിൽ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് മൂന്ന് പേർ അവിടെ ഇവിടെയൊക്കെ ആയി ഇരിക്കുന്നുണ്ടായിരുന്നു. അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി.

ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്ന് എനിക്ക് അറിയില്ല. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് അയാൾ സ്വയംഭോഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നതെന്ന് പോലും. അതിന് മുൻപ് എന്താണ് ഗുഡ് ടച്ച്, ബാഡ് ടച്ചെന്നുമൊക്കെ അമ്മ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു.

എന്റെ തൊട്ടപ്പുറത്ത് ഒരു ചേച്ചി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഇക്കാര്യം ചേച്ചിയോട് പറഞ്ഞു. ചേച്ചി എത്തിയപ്പോഴേക്കും പുള്ളി പോയി. അന്ന് ഞാൻ വെറും അഞ്ചാം ക്ലാസിലാണ്. അങ്ങനെയൊരു കുട്ടിയോട് ഇങ്ങനെ ചെയ്തയാൾക്ക് ഒരു കുടുംബം ഉണ്ടെങ്കിൽ ആ വീട്ടുകാരുടെ അവസ്ഥ എന്താകും… ഇപ്പോഴും ആ സംഭവം ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെയാണ്’ അനശ്വര രാജൻ പറഞ്ഞു.

പാകിസ്ഥാനിലെ ഹൈദരാബാദില്‍ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി. ത്വക്ക് രോഗ വിദഗ്ധനായ ധരം ദേവ് റാത്തിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വീടിനുള്ളില്‍ വെച്ച് ഡ്രൈവര്‍ കത്തികൊണ്ട് ഡോക്ടറുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പാക് വാര്‍ത്താ ഏജന്‍സിയായ ദി നേഷനോട് പോലീസ് പറഞ്ഞു. ഡ്രൈവറായ ഹനീഫ് ലെഗാരിയെ ബുധനാഴ്ച ഖൈര്‍പൂരിലെ വീട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

സംഭവ ദിവസം ഡോക്ടറുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പാചകക്കാരന്‍ പോലീസിനോട് പറഞ്ഞു. അവിടെയെത്തിയ ഡ്രൈവര്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ഡോക്ടറുടെ കാറില്‍ ഓടി രക്ഷപ്പെട്ടു. ഡോക്ടര്‍ ധരം ദേവ് റാത്തി ഹൈദരാബാദിലെ പ്രശസ്ത ത്വക്ക് രോഗ വിദഗ്ധനായിരുന്നുവെന്ന് ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജു സുനിച്ചന്‍. ലോണെടുത്ത് താന്‍ ഒരു വീട് വച്ചപ്പോള്‍ അത് കോടികളുടെ വീടാണെന്നും ഗൃഹപ്രവേശത്തിന് ഭര്‍ത്താവിനെ കാണാതിരുന്നപ്പോള്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നുമുള്ള സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളോട് മഞ്ജു പ്രതികരിക്കുകയാണ്.

നമസ്‌കാരം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു വലിയ സ്വപ്നത്തിന്റെ പിന്നാലെ ആയിരുന്നു ഞാന്‍.. അതിനുവേണ്ടി രാത്രിയെന്നില്ല പകലെന്നില്ലാതെ ജോലി ചെയ്തു.. ജോലി ചെയ്തു എന്നല്ല പറയേണ്ടത്.. ആരോഗ്യം പോലും നോക്കാതെ ചോര നീരാക്കി ഞാന്‍ ഓടി… ഓടിയോടി ഓട്ടത്തിനൊടുവില്‍ ഞാന്‍ ആ സ്വപ്നത്തില്‍ എത്തി… അതെ ഞങ്ങളുടെ വീട്… കല്ലും മണ്ണും കൊണ്ടല്ല ഞാന്‍ ആ വീട് പണിതത്.. എന്റെ ചോരയും വീയര്‍പ്പും സ്വപ്നങ്ങളും കൊണ്ടാണ്… നിങ്ങളില്‍ പലര്‍ക്കും അത് മനസ്സിലാകും… കാരണം നിങ്ങളില്‍ പലരും ആ വേവ് അറിഞ്ഞവരാണ്..

വളരെ ആലോചനകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു കത്ത് ഞാന്‍ എഴുതുന്നത്… ഇത് എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലെങ്കില്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി എഴുതുന്നതല്ല.. കാരണം അവര്‍ക്കൊക്കെ എന്നെ മനസ്സിലാകും… മറിച്ച് ഇവിടെ അന്യായ കസര്‍ത്തുകള്‍ കാണിച്ചു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമ അധര്‍മ്മികള്‍ക്ക് വേണ്ടിയാണ്.. നിങ്ങള്‍ ആരെന്നാണ് നിങ്ങളുടെ വിചാരം? എന്താണ് നിങ്ങളുടെയൊക്കെ ധാരണ?

മരിക്കാത്തവനെ കൊന്നും ഡൈവോഴ്‌സ് ആകാത്തവരെ തമ്മില്‍ പിരിച്ചും ഗര്‍ഭിണിയാകാത്തവരെ പ്രസവിപ്പിച്ചും നിങ്ങള്‍ മാധ്യമധര്‍മ്മം നിറവേറ്റാന്‍ തുടങ്ങിയിട്ട് കുറെ നാളായല്ലോ… ഒരു മുറിയും ഒരു ഫോണും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം എന്നാണോ?

ആരാണ് നിങ്ങള്‍ക്ക് ഇതിനൊക്കെയുള്ള ലൈസന്‍സ് തന്നത്? നിങ്ങളെക്കാളൊക്കെ അന്തസ്സ് തെരുവ് നായ്ക്കള്‍ക്ക് പോലും ഉണ്ട് … ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം നിങ്ങളെപ്പോലെ തന്നെ സമാധാനമായി ജീവിക്കാനുള്ള അവകാശം ഇവിടെ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ട്…

ഞാനൊരു സെലിബ്രിറ്റി അല്ല… അഭിനയം എന്റെ തൊഴില്‍ മാത്രമാണ്… ജീവിതം കൈവിട്ടു പോകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷത്തില്‍ അത് കെട്ടിപ്പടുക്കാന്‍ അഹോരാത്രം ഓടിയ ഒരുത്തിയാണ് ഞാന്‍.. എന്നെപ്പോലെ ഒരുപാട് സ്ത്രീകള്‍ ഇവിടെയുണ്ട്…

ബാങ്കില്‍ നിന്ന് ലോണെടുത്തും പണിയെടുത്തും ഒരു വീട് വെച്ചപ്പോള്‍ അത് കോടികളുടെ വീടാക്കി നിങ്ങള്‍… നിങ്ങളാണോ എന്റെ വീട്ടില്‍ കോടികള്‍ കൊണ്ട് തന്നത് ?ഹൗസ് വാമിങ്ങിന് സുനിച്ചനെ കാണാതായപ്പോള്‍, നല്ലകാലം വന്നപ്പോള്‍ അവനെ ഒഴിവാക്കി അവള്‍ ആഘോഷിക്കുന്നു എന്ന് പറഞ്ഞു നിങ്ങള്‍.. സുനിച്ചനെ ഡൈവോഴ്‌സ് ചെയ്തു പോലും.. അതൊക്കെ നിങ്ങള്‍ സ്വയമങ്ങ് തീരുമാനിച്ചാല്‍ മതിയോ?

അല്ലെങ്കില്‍ ആ മനുഷ്യന്‍ എവിടെയെങ്കിലും വന്നു നിങ്ങളോട് പറഞ്ഞോ ഞാന്‍ അദ്ദേഹത്തിനെ ഒഴിവാക്കിയെന്ന്? അതൊക്കെ പോട്ടെ ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാധ്യമങ്ങളെ നിങ്ങള്‍ക്ക് എന്താണ്? കേരളം നേരിടുന്ന ആഭ്യന്തരപ്രശ്‌നമാണോ ഞങ്ങളുടെ ദാമ്പത്യം? അടുത്ത നിങ്ങളുടെ പ്രശ്‌നം എന്റെ കൂട്ടുകാരിയാണ്…. എന്റെ എല്ലാ ഘട്ടത്തിലും, സുഖത്തിലും.. ദുഃഖത്തിലും.. കൂടെയുണ്ടായിരുന്ന എന്റെ കൂട്ടുകാരി ഞാന്‍ വെച്ച വീട്ടില്‍ വരുമ്പോള്‍ നിങ്ങള്‍ക്കൊക്കെ എവിടെയാണ് പൊള്ളുന്നത്?

അവള്‍ മാത്രമല്ല എനിക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്.. അവരെല്ലാം എന്റെ വീട്ടില്‍ വരും.. അതിന്റെ അര്‍ത്ഥം അവരെല്ലാം എന്റെ ജീവിതപങ്കാളികളാണെന്നാണോ? എന്റെ പൊന്ന് ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങളെ, എന്നാണ് നിങ്ങളുടെയെല്ലാം തലയില്‍ വെളിച്ചം വീഴുന്നത്? കഷ്ടം…

നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളു.. എന്റെ സുഹൃത്തുക്കള്‍ ഇനിയും എന്റെ വീട്ടില്‍ വരും… അതിന്റെ പേരിലോ എന്റെ കുടുംബത്തിന്റെ പേരിലോ ഇനിയും നിങ്ങള്‍ നുണക്കഥകള്‍ പടച്ചു വിടാനാണ് തീരുമാനിച്ചിരിക്കുന്നത് എങ്കില്‍,നിങ്ങള്‍ ചെയ്‌തോളൂ …പക്ഷേ എന്നാല്‍ കഴിയുന്നത് ഞാനും ചെയ്യും.. അതിനൊക്കെയുള്ള സാഹചര്യം ഇപ്പോള്‍ ഈ നാട്ടിലുണ്ട്..

ഞാനിപ്പോള്‍ ഇത് പറയുന്നത് എനിക്ക് വേണ്ടി മാത്രമല്ല ..നിങ്ങളുടെ കൊള്ളരുതായ്മകള്‍ കൊണ്ട് പൊറുതിമുട്ടിയ നിരവധി പേരുണ്ടിവിടെ… അവര്‍ക്ക് കൂടി വേണ്ടിയാണ്… അതുകൊണ്ട് ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതം വിട്ടുകൊടുക്കുക.. എല്ലാവരും ജീവിക്കട്ടെ… അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ.. നിങ്ങള്‍ എഴുതി വിടുന്ന നുണക്കഥകളെ പേടിക്കാതെ…

ഒരു കാര്യം എടുത്തു പറയട്ടെ..ഞാന്‍ ഓണ്‍ലൈന്‍ വാര്‍ത്തമാധ്യമപ്രവര്‍ത്തകരെ അടച്ച് ആക്ഷേപിച്ചതല്ല… മറ്റുള്ളവരുടെ ജീവിതം കൊണ്ട് അമ്മാനമാടി നുണക്കഥകള്‍ മാത്രം വിറ്റ് ജീവിക്കുന്ന ഒരു കൂട്ടം ചാനലുകള്‍ ഉണ്ട്.. അവരെയാണ്… എപ്പോഴും ആലോചിക്കും വീട്ടിലേക്ക് അരി മേടിക്കാന്‍ ആണല്ലോ ഇവര്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്… വീട്ടിലിരിക്കുന്നവര്‍ക്ക് ഇങ്ങനെ ചിലവിനു കൊടുത്തിട്ട് എന്താണ് കാര്യം?

ഇത്രയും പറഞ്ഞതുകൊണ്ട് നാളെ നിങ്ങള്‍ക്ക് ഞാന്‍ ശത്രു ആയിരിക്കും… പക്ഷേ എനിക്ക് നിങ്ങളെ പേടിയില്ല… കാരണം സത്യം മാത്രമേ എന്നും വിജയിക്കു.. സത്യം മാത്രം…

ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ ദാസാ…?

സ്ത്രീകളോട്.. നമുക്ക് ജീവിക്കണം.. ജയിക്കണം.. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കുടുംബത്തിനുവേണ്ടി… വഴിവക്കില്‍ തെരുവ് നായ്ക്കള്‍ ഇനിയും നമ്മളെ നോക്കി കുരച്ചുകൊണ്ടേയിരിക്കും.. അതില്‍ പതറാതെ നമുക്ക് മുന്നോട്ട് പോകാം… ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകള്‍ക്കും വനിതാദിനാശംസകള്‍…

ഒന്നരമണിക്കൂറിന്റെ ഇടവേളയില്‍ പ്രവാസി മലയാളിയും ഭാര്യയും മരിച്ചു. ഹൃദയാഘാതമാണ് രണ്ടുപേരുടെയും മരണകാരണം. തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു രണ്ട് പേരുടെയും അന്ത്യം.

ഇരിഞ്ഞാലക്കുട താണിശ്ശേരി ചെമ്പകശ്ശേരി ജേക്കബ് വിന്‍സന്റ് (64), ഭാര്യ ഡെയ്‌സി വിന്‍സന്റ് (63) എന്നിവരാണ് മരിച്ചത്. ജേക്കബ് വിന്‍സന്റ് കഴിഞ്ഞ ദിവസം വൈകുന്നേരം 5.25ന് ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

ഒന്നര മണിക്കൂറിന് ശേഷം വൈകുന്നേരം 6.50ന് ഡെയ്‌സിയും ഹൃദയാഘാതം മൂലം മരിച്ചു. ഷാര്‍ജയില്‍ എയര്‍ കണ്ടീഷണര്‍ ഇന്‍സ്റ്റലേഷന്‍ സിസ്റ്റംസ് കമ്പനി നടത്തുകയാണ് ജേക്കബ്ബ് വിന്‍സന്റ്. കുഞ്ഞാവര ജേക്കബിന്റെയും അന്നമ്മയുടെയും മകനാണ്.

ആലൂക്കാരന്‍ ദേവസ്സി റപ്പായിയുടെയും ബ്രജിതയുടെയും മകളാണ് ഡെയ്‌സി വിന്‍സന്റ്. പെരുങ്ങോട്ടുകരയാണ് സ്വദേശം. ഷാര്‍ജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

Copyright © . All rights reserved