വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധൂവരന്മാർ പാറക്കുളത്തിൽ വീണു. 50 അടിയിലേറെ വെള്ളമുള്ള കുളത്തിൽ നിന്ന് നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് സാഹസികമായാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തോടെ കല്ലുവാതുക്കലിലെ കാട്ടുപുറം ആയിരവില്ലി പാറക്കുളത്തിലായിരുന്നു അപകടം. പരവൂർ കൂനയിൽ അശ്വതികൃഷ്ണയിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകൻ വിനു.വി.കൃഷ്ണനും കല്ലുവാതുക്കൽ പാമ്പുറം അറപ്പുര വീട്ടിൽ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകൾ സാന്ദ്ര.എസ്.കുമാറുമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പാരിപ്പള്ളി പാമ്പുറം മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
കാൽവഴുതി വീണ സാന്ദ്രയെ രക്ഷിക്കാൻ ചാടിയതായിരുന്നു വിനു. കല്ലുവാതുക്കൽ വിലവൂർകോണം കാട്ടുപുറത്ത് ഇന്നലെ രാവിലെ പത്തേകാലോടെയാണു സംഭവം. പരുക്കേറ്റ ഇവരെ കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പകൽക്കുറി ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ കൂറ്റൻ ക്വാറിയുടെ മുകളിൽ സെൽഫിയെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഇതിനിടെ സാന്ദ്ര കുളത്തിലേക്കു വീണു.
പിന്നാലെ ചാടിയ വിനു വസ്ത്രത്തിൽ പിടിച്ചു സാന്ദ്രയെ വലിച്ചടുപ്പിച്ച ശേഷം പാറയുടെ വശത്തു പിടിച്ചു കിടന്നു. നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണു നാട്ടുകാരെ കൂട്ടി രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇവർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചുകിടന്ന വിനുവിനും സാന്ദ്രയ്ക്കും അരികിലേക്കു പൈപ്പ് കൊണ്ടുള്ള ചങ്ങാടത്തിൽ നാട്ടുകാരെത്തി. പിന്നീട് അഗ്നിശമന സേനയും പൊലീസും ചേർന്നു കരയ്ക്കെത്തിച്ചു. ദുബായിൽ ജോലിയുള്ള വിനു ഒരാഴ്ച മുൻപാണു നാട്ടിലെത്തിയത്. അപകടത്തെത്തുടർന്നു വിവാഹം മാറ്റിവച്ചു.
കല്ലുവാതുക്കൽ∙ ‘ഒന്നിനു പിറകേ ഒന്നായി വെള്ളത്തിൽ എന്തോ പതിക്കുന്ന ശബ്ദം. രക്ഷപ്പെടുത്തണമെന്ന് ഉച്ചത്തിൽ വിളിക്കുന്നതും കേട്ടു’– സമീപവാസി ജയപ്രകാശ് പറഞ്ഞു. കാട്ടുപുറം പാറക്കുളത്തിനു സമീപം റബർത്തോട്ടത്തിൽ പാൽ എടുക്കുമ്പോഴാണു സംഭവം. പാറക്കുളത്തിന്റെ അക്കരെ രണ്ടു പേർ ജീവനു പിടയുന്നു. ആഴമുള്ള ഭാഗത്തു കിടക്കുന്നവർക്കു പാറയുടെ വശത്തെ അടരിൽ പിടികിട്ടിയത് പിടിവള്ളിയായെന്നു തോന്നി. ബഹളം കേട്ടു സമീപത്തെ കാട്ടുപുറം ബാബുവും എത്തി.
‘ജീവൻ ഉണ്ട്. രക്ഷിക്കണേ’– യുവാവ് അലറി വിളിക്കുകയാണ്. അൻപത് അടിയിലേറെ താഴ്ചയിൽ വെള്ളമുള്ള അപകടം പതിയിരിക്കുന്ന പാറക്കുളത്തിൽ ഇവരുടെ അരികിലേക്കെത്തുക അസാധ്യമാണ്. പ്രദേശത്തുള്ളവർക്കു നീന്തൽ വശമില്ല. മുകളിൽ നിന്നു കയർ ഇട്ടു കൊടുക്കുകയാണ് ഏറ്റവും നല്ല മാർഗമെന്നു കണ്ടു സമീപവാസികളോടു വേഗത്തിൽ കയർ എത്തിക്കാൻ ആവശ്യപ്പെട്ടു.സ്ത്രീകൾ, കിണറുകളിലെ കയറുകളുമായി ഓടിയെത്തി. ആളുകൾ നിൽക്കുന്ന കരയിൽ നിന്നു പാറയുടെ മുകളിൽ എത്താൻ വഴിയില്ല.
കാട്ടുപുറം ബാബു, അഭിലാഷ്, ജോളി എന്നിവർ കയറുകളുമായി, പൊന്തക്കാടുകൾ നിറഞ്ഞ വശത്തു കൂടി ഏറെ ബുദ്ധിമുട്ടി മുകളിലെത്തി. കയറുകൾ കൂട്ടിക്കെട്ടി താഴേക്ക് ഇട്ടുകൊടുത്തു. ശരീരങ്ങൾ പരസ്പരം ബന്ധിച്ചു പിടിച്ചു കിടക്കാനും നിർദേശിച്ചു. ഇതിനിടെ പൊലീസ്, അഗ്നിരക്ഷാസേന എന്നിവരെയും വിവരം അറിയിച്ചിരുന്നു.ചാത്തന്നൂർ എസിപി ബി.ഗോപകുമാർ, പാരിപ്പള്ളി ഇൻസ്പെക്ടർ എ.അൽജബ്ബാർ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.പാറയുടെ മുകളിൽ നിന്ന് ഇട്ടുകൊടുത്ത കയറിൽ ബന്ധിച്ചു നിൽക്കുകയാണെങ്കിലും ഓരോ നിമിഷവും അപകടം വർധിക്കുകയാണ്.
ഇതിനിടെ ടയർ കടയിൽ നിന്നു ലോറിയുടെ ട്യൂബ് എത്തിച്ചു. പാറക്കുളത്തിൽ നിന്നു മീൻപിടിക്കാനായി പൈപ്പ് ഉപയോഗിച്ചു നിർമിച്ച ചങ്ങാടവും ഒരു വീട്ടിൽ നിന്നു കൊണ്ടു വന്നു. അഗ്നിരക്ഷാ സേന കല്ലമ്പലം അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ ബി. ശ്രീകുമാർ, ഫയർ ഓഫിസർ വി.എസ്.ഷാജി, അഗ്നിരക്ഷാ സേനയിലെ പിപ്രവീൺസ വിഷ്ണു എസ്.നായർ, ആർ.അരവിന്ദ്, അനന്തു, ബിജു, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. കൊല്ലത്തു നിന്നുള്ള അഗ്നിരക്ഷാ സേനയും എത്തിയിരുന്നു.
യുവതിയും യുവാവും പാറക്കുളത്തിൽ അകപ്പെട്ടത് അറിഞ്ഞു കുന്നുംപുറത്തു വീട്ടിൽ സുധീഷും ചെന്തിപ്പിൽ വീട്ടിൽ ശരത്തും സ്ഥലത്തെത്തി. ചങ്ങാടവും റബർ ട്യൂബുമായി ഇരുവരും പാറക്കുളത്തിലേക്കു ചാടി. ഇരുവർക്കും നീന്തൽ അറിയാം. കയറിലെ കെട്ടഴിച്ചു യുവതിയെ ചങ്ങാടത്തിൽ കയറ്റി മറുകരയിലേക്കു തുഴഞ്ഞു. യുവാവിനെ കയറിൽ ബന്ധിച്ചു സുരക്ഷിതമായി നിർത്തിയശേഷം കരയിലേക്കു നീങ്ങി. കുളത്തിന്റെ പകുതിയോളം താണ്ടിയപ്പോഴേക്കും അഗ്നിരക്ഷാസേനയെത്തി. പിന്നാലെ യുവാവിനെയും കരയിൽ എത്തിച്ചു. ഇരുവരെയും രക്ഷിക്കാനായി നാട് ഒരു മനസ്സോടെ ഉണർന്നു പ്രവർത്തിക്കുകയായിരുന്നു.
കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി വേർതിരിക്കുന്നതാണു കാട്ടുപുറം പാറ. ഒന്നര പതിറ്റാണ്ടു മുൻപു പാറ ഖനനം അവസാനിച്ചതോടെ, ആകാശംമുട്ടെ തലയുയർത്തി നിന്ന പാറയുടെ സ്ഥാനത്ത് അഗാധമായ കുളം രൂപപ്പെട്ടു. കുളത്തിന്റെ ഒരു വശത്തു നൂറ്റിയൻപതോളം അടി ഉയരത്തിൽ അവശേഷിക്കുന്ന പാറക്കെട്ടാണു ജില്ലകളുടെ അതിർത്തി. കാഴ്ചയുടെ സൗന്ദര്യമുണ്ടെങ്കിലും വിജനമായ സ്ഥലമാണിത്. പാറയുടെ താഴ്‌വാരത്ത് ആയിരവില്ലി ക്ഷേത്രം സ്ഥിതി ചെയ്യുകയാണ്.
പാറയുടെ മുകളിൽ എത്തണമെങ്കിൽ ക്ഷേത്രത്തിനു സമീപത്തു കൂടി തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലൂടെ പോകണം. ക്ഷേത്രത്തിൽ എത്തുന്നവർ ഉൾപ്പെടെ ഒട്ടേറെപ്പേർ പാറയുടെ മുകളിലേക്കു പോകാറുണ്ട്. മുകളിലെത്തിയാൽ ചടയമംഗലം ജടായുപ്പാറ, പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രി തുടങ്ങി ദൂരെയുള്ള സ്ഥലങ്ങൾ കാണാൻ കഴിയും. ഈ കാഴ്ചസൗന്ദര്യം തേടിയാണ് ആളുകളെത്തുന്നത്.
പാറയുടെ അരികിൽ എത്തായാൽ താഴ്ചയിൽ പാറക്കുളമാണ്. ആദ്യമായി എത്തുന്നവർ അപകടം തിരിച്ചറിയില്ല. പാറയുടെ മുകളിൽ സുരക്ഷയ്ക്കായി ഇരുവേലി സ്ഥാപിക്കണമെന്നത് ദീർഘനാളായുള്ള ആവശ്യമാണ്. കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രവാസി മലയാളിയെ സൂപ്പർമാർക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല പാലച്ചിറ സ്വദേശി വഴവിള വീട്ടിൽ ഷാം ജലാലുദ്ദീൻ ( 53) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ഇദ്ദേഹം നടത്തുന്ന ഷഹൽനോത്തിലെ സൂപ്പർമാർക്കറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സലാലയിലെ ഔഖത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി സൂപ്പർമാർക്കറ്റ് നടത്തി വരികയായിരുന്നു ഷാം ജലാലുദ്ദീൻ.
ഭാര്യ: ഷൈല ഷാം, ഏക മകൻ സലാലയിലുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
സൗദി അറേബ്യയിൽ മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം.
അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
2026ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് മാര്‍ച്ച് 23ന് പ്രഖ്യാപിക്കും. ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതാണ് പ്രധാനമാറ്റം. ഇതോടെ ഇന്ത്യന്‍ ഫുട്ബോള്‍ ലോകവും ഏറെ പ്രതീക്ഷയിലാണ്.
മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകള്‍ എന്നതിന് പകരം നാല് ടീമുകള്‍ വീതമുളള 12 ഗ്രൂപ്പുകള്‍ എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതാണ് ഈ ഫോര്‍മാറ്റ്.
48 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ലോകകപ്പ് വരുന്നതോടെ ഏഷ്യയില്‍ നിന്നടക്കം കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ഒരുങ്ങും. ഇത് മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചാല്‍ അധികം വൈകാതെ ഇന്ത്യക്കും ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതോടെ ഇന്ത്യക്ക് സാധ്യതയുണ്ടെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പുതിയ അധ്യക്ഷന്‍ കല്യാണ്‍ ചൗബേയും പറയുന്നത്.
48 ടീമുകള്‍ മത്സരിക്കുന്ന ആദ്യ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് നടക്കുന്നത്. ഈ രാജ്യങ്ങളിലെ 16 വേദികളാണ് ഫിഫ പ്രഖ്യാപിച്ചത്. അമേരിക്കയില്‍ 11-ഉം മെക്സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ടും വേദികളാണുള്ളത്. ആദ്യമായാണ് ഒരു ലോകകപ്പ് മുന്നു രാജ്യങ്ങളിലായി നടക്കുന്നത്.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ സീരീസ് 407 നറുക്കെടുപ്പിൽ മലയാളിയെ തുണച്ച് ഭാഗ്യദേവത. ദുബായിയിൽ താമസിക്കുന്ന ജയകൃഷ്ണൻ( 46) എന്നയാളെയാണു ഭാഗ്യം തേടിയെത്തിയത്. എട്ടു കോടിയിലേറെ രൂപ( 10 ലക്ഷം ഡോളർ) സമ്മാനം ആണ് കൈവന്നത്.
നവംബർ എട്ടിന് ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ലണ്ടനിലേക്കു പോകുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണു ജയകൃഷ്ണൻ ടിക്കറ്റ് എടുത്തത്. ദെയ്റയിലെ ഇന്റഗ്രൽടെക് നെറ്റ്വർക്ക്‌സ് എൽഎൽസിയുടെ ഓപറേഷൻസ് മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹം പതിവായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനുകളിൽ പങ്കെടുക്കുന്നതായും ഇതാദ്യമായാണ് സമ്മാനം നേടുന്നത്.
മില്ലേനിയം മില്യണയർ നറുക്കെടുപ്പിനെ തുടർന്നു രണ്ട് ആഡംബര വാഹനങ്ങൾക്കായുള്ള ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പും നടന്നു. ജർമൻ സ്വദേശി റെയ്നർ ബോഥേൺ, നവംബർ 11-ന് ഓൺലൈനിൽ വാങ്ങിയ ഫൈനെസ്റ്റ് സർപ്രൈസ് മെഴ്സിഡസ് ബെൻസ് ജി 63 (ട്രാവെർട്ടൈൻ ബീജ് മെറ്റാലിക്) ആഡംബര കാർ സമ്മാനം നേടി.
ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. ബംഗളൂരു നഗരത്തിലാണ് അപകടം. ബന്ധുവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പാലക്കാട് മണ്ണാര്‍കാട് കച്ചേരിപ്പറമ്പ് കൊട്ടേപ്പാലം വെട്ടുകളത്തില്‍ സൈദലവി-ആയിഷ ദമ്പതികളുടെ മകന്‍ ഷമീമുല്‍ ഹഖ് (27), കുടക് പോളിബെട്ട ഉരുഗുപ്പെ സ്വദേശി ഹമീദ്-സാജിത ദമ്പതികളുടെ മകന്‍ മുഹമ്മദ് ആദില്‍ (24) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. ബംഗളൂരു റിങ് റോഡില്‍ സുമനഹള്ളിയിലാണ് അപകടം. ഷമീമുല്‍ ഹഖിന്റെ ബന്ധു മരിച്ചതറിഞ്ഞ് നാട്ടിലേക്ക വരുന്നതിനിടെയാണ് അപകടം. മുഹമ്മദ് ആദിലാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മലബാര്‍ മുസ്ലീം അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സുമനഹള്ളിയിലെ ചെരുപ്പ് കമ്പനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും.
ഗുജറാത്തില്‍ ചരിത്രത്തിലെ തന്നെ വലിയ വിജയം നേടി ബിജെപി ഭരണം പിടിച്ചെങ്കിലും ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിച്ച് തിരിച്ചടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 40 സീറ്റുകളില്‍ വിജയം പിടിച്ചെടുത്താണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.
ഹിമാചലില്‍ ബിജെപിക്ക് 25 സീറ്റുകളും നേടാനായി. രണ്ട് സീറ്റുകളില്‍ ബിജെപി വിമതരാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷി ആയില്ലെങ്കിലും ഹിമാചലില്‍ ഭരണം ഏതുവിധേനെയെങ്കിലും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി.
ഇക്കാര്യം മുന്നില്‍കണ്ട് വിജയിച്ച എംഎല്‍എമാരെ സംസ്ഥാനത്ത് നിന്നും കടത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സ്വതന്ത്രരേയും കോണ്‍ഗ്രസിലെ ചില എംഎല്‍എമാരേയും ബിജെപി റാഞ്ചാതിരിക്കാന്‍ ഇവരെ ചണ്ഡീഗഢിലേക്ക് കോണ്‍ഗ്രസ് മാറ്റും.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. രാജസ്ഥാനിലേക്ക് എംല്‍എമാരെ മാറ്റുമെന്നും അതല്ല, ചണ്ഡിഗഢിലേക്കാണ് മാറ്റുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രിയങ്ക ഗാന്ധി ഷിംലയില്‍ വൈകീട്ടോടെ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞതവണ തട്ടിമുട്ടി ഭരണം പിടിച്ച ബിജെപി ഇത്തവണ എതിരാളികളെ നിഷ്പ്രഭരാക്കി ഗുജറാത്തില്‍ ചരിത്ര വിജയത്തിലേക്ക്. ബി.ജെ.പിക്ക് സമഗ്രാധിപത്യമാണ് വോട്ടെണ്ണലില്‍ കാണാനാവുന്നത്. തുടര്‍ച്ചയായി ഏഴാം തവണ ഭരണത്തിലേക്ക് നടന്നടുക്കുകയാണ് ബിജെപി. അതേസമയം, കോണ്‍ഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങുന്നത്. കേവലം 40 സീറ്റുകളില്‍ താഴെ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്. പത്തോളം സീറ്റുകളിലാണ് ആപ്പിന്റെ മുന്നേറ്റം. കോണ്‍ഗ്രസ് വോട്ടുകള്‍ ആപ്പ് സ്വന്തമാക്കിയെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.
ഇതിനു മുന്‍പ് 2002-ലാണ് ബിജെപി ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടി അധികാരത്തിലേറിയത്. ഗുജറാത്ത് കലാപത്തിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ 127 സീറ്റുകള്‍ നേടിയായിരുന്നു വിജയം. 1985ല്‍ 149 സീറ്റ് നേടി ഭരണം പിടിച്ച കോണ്‍ഗ്രസിന്റെ ചരിത്ര വിജയത്തെ തിരുത്തുന്ന വിജയമാണ് ഇത്തവണ ബിജെപി കാഴ്ച വെയ്ക്കുന്നത്.നിലവില്‍ 150ലേറെ സീറ്റുകളിലെ ലീഡ് റെക്കോര്‍ഡ് ഭേദിക്കുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, 1990-ന് ശേഷം കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനം നടത്തിയ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിഴല്‍ പോലുമാകാന്‍ ഇത്തവണ കോണ്‍ഗ്രസിനാകുന്നില്ല. അന്ന് 99 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തിയെങ്കിലും 78 സീറ്റ് നേടി കനത്ത പോരാട്ടമാണ് കോണ#്ഗ്രസ് കാഴ്ചവെച്ചത്.
സ്വകാര്യ പരസ്യ കമ്പനി ഉടമയായ 21കാരനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യൂട്യൂബ് വ്‌ലോഗറായ യുവതി അറസ്റ്റില്‍. ഡല്‍ഹി സ്വദേശിനിയായ നമ്ര ഖാദിറിനെ (22) ആണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നമ്രയുടെ ഭര്‍ത്താവും യൂട്യൂബറുമായ മനീഷ് എന്നറിയപ്പെടുന്ന വിരാട് ബെനിവാലിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലധികവും യൂട്യൂബില്‍ ആറു ലക്ഷത്തിലധികവും ഫോളോവേഴ്‌സുള്ള വ്‌ലോഗറാണ് നമ്ര ഖാദിര്‍. ബാദ്ഷാപുര്‍ സ്വദേശിയായ ദിനേഷ് യാദവ് (21) എന്ന യുവാവാണ് ഓഗസ്റ്റില്‍ ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ കോടതിയെ സമീപിച്ചു.
കഴിഞ്ഞ മാസം 26ന് കോടതി ഇടക്കാല ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് പോലീസ് നമ്രയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഒളിവില്‍ പോയ മനീഷിനെ പിടികൂടാന്‍ സാധിച്ചില്ല. നമ്ര കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പരസ്യ സ്ഥാപനം നടത്തുന്ന തന്നെ ഒരു ഹോട്ടലില്‍ വച്ചാണ് നമ്രയും ഭര്‍ത്താവും പരിചയപ്പെടുന്നതെന്ന് ദിനേഷ് യാദവ് പരാതിയില്‍ പറയുന്നു. യൂട്യൂബ് വിഡിയോകള്‍ കണ്ട് ഇരുവരെയും നേരത്തെ അറിയാമായിരുന്നു. ഇവരുടെ ചാനല്‍ വഴി തന്റെ സ്ഥാപനം പ്രമോട്ട് ചെയ്യുന്നതിന് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു.
സെലിബ്രറ്റികളായതിനാല്‍ സംശയം തോന്നാതിരുന്നതിനെ തുടര്‍ന്ന് അന്നുതന്നെ പണം കൈമാറി. പിന്നീട് ചില പരസ്യങ്ങള്‍ ചെയ്യുന്നതിന് 50,000 രൂപ ചോദിക്കുകയും അത് നല്‍കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നമ്ര തന്നോട് ഇഷ്ടം പ്രകടിപ്പിക്കുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. ”ഓഗസ്റ്റില്‍ ഞാന്‍ നമ്രയ്ക്കും മനീഷിനുമൊപ്പം ഒരു ക്ലബ്ബില്‍ പാര്‍ട്ടിക്ക് പോയി. അമിതമായി മദ്യപിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. രാത്രി ഏറെ വൈകി ഞങ്ങള്‍ അവിടെ ഒരു മുറി ബുക്ക് ചെയ്തു. പിറ്റേന്ന് രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ നമ്ര എന്റെ ബാങ്ക് കാര്‍ഡും സ്മാര്‍ട്ട് വാച്ചും പിടിച്ചു വാങ്ങി. നഗ്‌നദൃശ്യങ്ങള്‍ കാണിച്ച്, എന്നെ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് അവള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
ഇതിനുശേഷം 80 ലക്ഷത്തിലധികം രൂപയും സമ്മാന സാമഗ്രികളും നമ്ര തട്ടിയെടുത്തതായും ദിനേഷ് ആരോപിച്ചു. തന്റെ അക്കൗണ്ടിലെ പണം തീര്‍ന്നപ്പോള്‍ അഞ്ച് ലക്ഷം രൂപ പിതാവിന്റെ അക്കൗണ്ടില്‍നിന്നും നല്‍കി. ഇതിനു പിന്നാലെ പിതാവിന്റെ നിര്‍ദേശപ്രകാരമാണ് പോലീസില്‍ പരാതിയില്‍ നല്‍കിയതെന്നും ദിനേഷ് പറഞ്ഞു.
വാഷിങ് മെഷീനിൽനിന്നുള്ള മലിനജലം പുറത്തേക്കൊഴുകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവതിയെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അയൽക്കാരനായ വെമ്മണ്ണ നായിക്ക്, മകൻ പ്രകാശ് നായിക്ക് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശിലെ കാദിരി മസനംപേട്ട സ്വദേശി പത്മാവതി ഭായ് ആണ് മരിച്ചത്. 29 വയസായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് പത്മാവതിയും അയൽക്കാരും തമ്മിൽ വഴക്കും കൈയ്യാങ്കളിയും നടന്നത്. പത്മാവതി, നർത്തകനായ ഭർത്താവ് രാജേഷിനും മൂന്നു കുട്ടികൾക്കും ഒപ്പമാണ് താമസം. ചൊവ്വാഴ്ച രാവിലെ പത്മാവതിയുടെ വാഷിങ്മെഷീനിൽനിന്നുള്ള മലിനജലം തന്റെ വീട്ടുവളപ്പിലേക്ക് ഒഴുകിയെത്തുന്നതായി ആരോപിച്ച് വെമ്മണ്ണ നായിക്ക് പ്രശ്നങ്ങളുണ്ടാക്കി.
തുടർന്ന് ഇയാളുടെ മകൻ പ്രകാശും പ്രശ്നത്തിൽ ഇടപെട്ടു. തർക്കം രൂക്ഷമായതോടെ പ്രതികളായ രണ്ടുപേരും പത്മാവതിയെ കല്ല് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ, അടിയേറ്റ് ബോധരഹിതയായ യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. തുടർന്നുള്ള യാത്രയിൽ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.