ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കാൻ താമസിച്ചതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് അച്ഛൻ്റെ കൊലപാതകത്തിൽ. തൃശ്ശൂർ കോടന്നൂരിലാണ് ഉറക്കത്തിൽ നിന്ന് നേരത്തെ വിളിച്ചുണർത്താത്തതിൽ ദേഷ്യം വന്ന മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തിയത്. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പോലീസ് അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. റിജോയെ ഉറക്കത്തിൽനിന്ന്‌ വിളിച്ചുണർത്താത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വെൽഡിംഗ് ജോലിക്കാരനാണ് റിജോ. ഇയാൾക്ക് സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവണമുണ്ടെന്നാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ജോലി അവസാനിച്ചു. തുടർന്ന് മദ്യപിച്ച് ഇയാൾ വീട്ടിലെത്തുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന ഇയാൾ വന്നയുടൻ കട്ടിലിൽ കയറിക്കിടന്ന് ഉറങ്ങി. ശീലം പതിവായതിനാൽ വീട്ടുകാർ വിളിച്ചുണർത്താനും പോയില്ല.

രാത്രി 8.30ഓടെ ആഹാരം കഴിക്കാനായി വീട്ടുകാർ റിജോയെ വിളിച്ചു. ഉണർന്നെഴുന്നറ്റ ഇയാൾ സമയം നോക്കിയപ്പോൾ രാത്രിയായെന്ന് കണ്ട് വീട്ടുകാരോട് ദേഷ്യപ്പെടുകയായിരുന്നു. എന്തുകൊണ്ട് എന്നെ വെെകുന്നേരം വളിച്ചില്ലെന്ന് ചോദിച്ചായിരുന്നു ബഹളം. തനിക്ക് പുറത്തു പോകണമായിരുന്നെന്നും വീട്ടുകാർ വിളിക്കാത്തതു മൂലമാണ് പോകാൻ കഴിയാത്തതതെന്നും പറഞ്ഞ് ഇയാൾ ബഹളം വച്ചുകൊണ്ടിരുന്നു.

ബഹളം അസഹ്യമായപ്പോൾ റിജോയുടെ പിതാവ് ജോയി ഇത് ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. തുടർന്ന് അച്ഛനും മകനും തമ്മിൽ വാക്കേറ്റമായി. വഴക്കിനൊടുവിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട മർദ്ദിക്കുകയായിരുന്നു. തുടർന്ന് പിതാവിൻ്റെ തല പിടിച്ച് മകൻ നിലത്തിടിച്ചു. ഇതോടെ ജോയി ബോധം കെട്ടു.

ഇതിനിടെ ബഹളം കേട്ട് അയൽക്കാർ എത്തി. ബോധം കെട്ട്കിടക്കുന്ന ജോയിയെ അവർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ അച്ഛനെ മർദിച്ച വിവരം റിജോതന്നെയാണ് ചേർപ്പ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയിലാണ്. റീനയാണ് ജോയിയുടെ ഭാര്യ. അലീന മകളാണ്.