പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മച്ചുനദിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ ചിലരെ മാത്രം മോബി സിവില്‍ ആശുപത്രിയുടെ സജ്ജീകരിച്ച വാര്‍ഡിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. മോദിയുമായി സംസാരിക്കാന്‍ ഇവരെ തയ്യാറാക്കി ആശുപത്രി കെട്ടിടത്തിന്റെ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരിച്ച വാര്‍ഡിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. 135 പേര്‍ കൊല്ലപ്പെട്ട ഗുജറാത്തിലെ മച്ചുനദിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടസ്ഥലം സന്ദര്‍ശിച്ച മോദി പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പെയിന്റ് അടിച്ച വാര്‍ഡില്‍ പുതിയ കിടക്കയും കിടക്ക വിരിയും സജ്ജമാക്കി തെരഞ്ഞെടുക്കപ്പെട്ട രോഗികളെ അവിടേക്ക് മാറ്റുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയുടെ ഒഴിഞ്ഞുകിടന്നിരുന്ന താഴത്തെ നിലയിലെ മുറിയാണ് ഇത്തരത്തില്‍ സജ്ജമാക്കിയത്. മുകളിലത്തെ നിലയിലായിരുന്നു രോഗികളെ പ്രവേശിപ്പിച്ചത്. പുതിയ കിടക്ക വിരികളില്‍ പലതിലും മോര്‍ബിയില്‍ നിന്നും 300 കിലോ മീറ്റര്‍ അകലെ ജാംനഗറിലുള്ള ഒരു ആശുപത്രിയുടെ അടയാളം പതിച്ചിട്ടുണ്ട്.
40 തൊഴിലാളികള്‍ രാത്രി മുഴുവന്‍ ജോലി ചെയ്താണ് ഒറ്റ ദിവസം കൊണ്ട് ആശുപത്രി പെയിന്റ് ചെയ്തത്. ശുചിമുറികളിലും പുതിയ ടൈലുകള്‍ പാകിയിട്ടുണ്ട്. ഇതിന് പുറമേ നാല് പുതിയ വാട്ടര്‍ കൂളറും സ്ഥാപിച്ചിട്ടുണ്ട്. ‘ശവത്തിന്മേലുള്ള ഇവന്റ് മാനേജ്‌മെന്റാ’ണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപിച്ചു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിച്ചിരുന്ന ബോര്‍ഡ് വെള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത തല യോഗം ചേര്‍ന്നു.
സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒറിവ ഗ്രൂപ്പിനെതിരെ മനഃപൂര്‍വ്വമല്ലത്ത നരഹത്യാകുറ്റവും ചുമത്തി. തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മോര്‍ബിയിലുള്ള പാലം ഞായറാഴ്ച വൈകിട്ട് 6.30 നാണ് തകര്‍ന്നത്. 1877 ല്‍ നിര്‍മിച്ച 233 മീറ്റര്‍ നീളമുള്ള പാലം 7 മാസത്തെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം 26 നാണു തുറന്നത്. പാലത്തിന് മുനിസിപ്പാലിറ്റിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നു റിപ്പോര്‍ട്ടുണ്ട്.
കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം. മാൻഖുഡിൽ രേഷ്മ ഖരവി എന്ന പെൺകുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു രേഷ്മ. കുട്ടികളുമായി ഒളിച്ചു കളിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന കുട്ടികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
ലിഫ്റ്റിന്റെ പുറത്തെ വാതിലിലെ പൊട്ടിപ്പോയ ചില്ലിലൂടെ നോക്കുന്നതിനിടെ ലിഫ്റ്റ് താഴേക്കു പതിക്കുകയും രേഷ്മയുടെ തല കുടുങ്ങുകയുമായിരുന്നു. അപ്പാർട്ട്മെന്റിലെ അഞ്ചാം നിലയിലായിരുന്നു മുത്തശ്ശി താമസിച്ചിരുന്നത്. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം. കരച്ചിൽ കേട്ട് മറ്റു കുട്ടികൾ ഓടിയെത്തി. കുട്ടിയുടെ അമ്മാവൻ എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹൗസിങ് സൊസൈറ്റിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് രേഷ്മയുടെ കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ഹൗസിങ് സൊസൈറ്റി ചെയർമാനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
സിനിമകളില്‍ ലോജിക്ക് ഇല്ല എന്ന വിമര്‍ശനങ്ങള്‍ക്ക് താന്‍ ചെവി കൊടുക്കാറില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. തിയേറ്ററില്‍ ചിലവഴിക്കുന്ന സമയം പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുക മാത്രമാണ് ലക്ഷ്യം. തിയേറ്ററില്‍ കണ്ടിട്ട് മനസിലാകാതെ വീട്ടില്‍ ചെന്ന് ആലോചിച്ച് കണ്ടുപിടിക്കുന്നതിനോട് യോജിപ്പില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.
വിമര്‍ശനങ്ങളെല്ലാം വെറുതെ ഓടിച്ച് നോക്കാറുണ്ട്. ചിലര്‍ പറയുന്ന ലോജിക്ക് ഒന്നും കാര്യമാക്കാറില്ല. മുമ്പ് ഒത്തിരി ലോജിക്ക് നോക്കാറുണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ കുറച്ചതാണ്. സിനിമക്ക് ലോജിക്ക് നോക്കണ്ട ആവശ്യം ഒന്നുമില്ല. ലോജിക്ക് വേണം എന്ന് ആളുകള്‍ക്ക് വാശിയാണ്.
സിനിമയെ സിനിമയായി കാണണം. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ ആ സിനിമ എന്‍ഗേജ് ചെയ്തോ എന്ന് മാത്രം നോക്കിയാല്‍ മതി. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ മനസിലാകാതെ വീട്ടില്‍ പോയി ആലോചിച്ചിട്ട് ഒരു കാര്യവും ഇല്ല. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ ആളുകളെ എന്‍ഗേജ് ചെയ്യിക്കുക എന്ന ആങ്കിളിലാണ് താന്‍ പോകുന്നത്.
പറയുന്ന വിമര്‍ശനങ്ങളില്‍ എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ എടുക്കും ഇല്ലെങ്കില്‍ ശ്രദ്ധിക്കാന്‍ പോകാറില്ല. അങ്ങനെ നോക്കിയാല്‍ നൂറ് പേര്‍ സിനിമ കാണുമ്പോള്‍ നൂറ് അഭിപ്രായം പറയില്ലേ. അങ്ങനെ എല്ലാവരുടേയും അഭിപ്രായം നോക്കിയാല്‍ സിനിമ ചെയ്യാന്‍ പറ്റില്ല.
‘ലൈഫ് ഓഫ് ജോസൂട്ടി’ ചെയ്തപ്പോള്‍ എല്ലാവരും പറഞ്ഞു അതില്‍ എന്തെങ്കിലും ത്രില്ലിങ് എലമെന്റ്സ് ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നു എന്ന്. ‘ചേട്ടന്‍ ഇനി അതുപോലുള്ള സിനിമകള്‍ ചെയ്യേണ്ട’ എന്നൊക്കെ. എന്നാല്‍ തനിക്ക് ത്രില്ലര്‍ അല്ലാത്ത ഇതുപോലുള്ള സിനിമകളാണ് ഇനി ചെയ്യണ്ടത് എന്നാണ് ജീത്തു പറയുന്നത്.
പാറശാല ഷാരോണ്‍ കൊലക്കേസിലെ പ്രതികളുടെ വീട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലായതിനാല്‍ തുടരന്വേഷണത്തില്‍ ആശയക്കുഴപ്പം. അന്വേഷണം പുരോഗമിക്കുന്നതിനിടെ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
പാറശാല സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തില്‍ കലര്‍ത്തി നല്‍കിയത് തമിഴ്നാട്ടിലായതിനാല്‍ തുടരന്വേഷണം എത്തരത്തിലാവണെ എന്നാണ് ആശയക്കുഴപ്പം.
കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി ഷാരോണിന് നല്‍കിയത്. പിന്നാലെ ആശുപത്രിയിലായ യുവാവ് ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലാണ്. തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സ്ഥലം.
അതേസമയം, ഷാരോണിന്റെ മരണത്തിലെ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നല്‍കിയത് പാറശാല പോലീസിലാണ്. കേസ് അന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും കേരളാ പോലീസാണ്.
ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമപ്രശ്നങ്ങളുണ്ടോ, കേസ് തമിഴ്നാട് പോലീസിന് കൈമാറേണ്ടതുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷണസംഘം തേടുന്നത്. കേസില്‍ തമിഴ്നാട് പോലീസും കേരള പോലീസില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
കേസില്‍ പ്രതിചേര്‍ത്ത ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ചൊവ്വാഴ്ച പോലീസ് തെളിവെടുപ്പിനെത്തിച്ചു. ഷാരോണിന് കഷായം നല്‍കിയ കുപ്പി ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ പോലീസ് കണ്ടെത്തി
പാറശ്ശാല സ്വദേശിയായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ്. മുഖ്യപ്രതിയായ ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഗ്രീഷ്മയുടെ അമ്മ സിന്ധു അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളെത്തിയതോടെ വന്‍ജനക്കൂട്ടം വീടിനു ചുറ്റും തടിച്ചികൂടിയിരുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് പോലീസം സംഘമെത്തിയത്.
മുഖ്യപ്രതി ഇല്ലാത്തതിനാല്‍ വീട്ടുവളപ്പിലാണ് തെളിവെടുപ്പ് നടത്തിയത്. വീടുപൂട്ടി സീല്‍ ചെയ്തിരിക്കുകയാണ് പോലീസ്. പ്രതിയായ നിര്‍മല്‍കുമാറുമായി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് സമീപത്തെത്തി കളനാശിനിയുടെ ഒഴിഞ്ഞ കുപ്പി കണ്ടെടുത്തു. ഈ കുപ്പിയിലെ കളനാശിനിയാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ കലര്‍ത്തിനല്‍കിയത്.
ഒഴിഞ്ഞ കുപ്പി ഉപേക്ഷിച്ച സ്ഥലവും ഉപേക്ഷിച്ച രീതിയും പ്രതി വിശദീകരിച്ചു. പിന്നീട് കുളത്തിന് സമീപത്തെ കാട്ടില്‍നിന്ന് കളനാശിനിയുടെ കുപ്പി പോലീസ് സംഘം കണ്ടെടുത്തു. വിഷക്കുപ്പി കണ്ടെടുത്തതിന് പിന്നാലെ ഗ്രീഷ്മയുടെ വീടിന്റെ പുറകുഭാഗത്തേക്കാണ് പ്രതികളെ കൊണ്ടുപോയത്. ഉപേക്ഷിച്ച കളനാശിനി കുപ്പിയുടെ ലേബല്‍ ഇവിടെനിന്ന് കണ്ടെത്തി. കുപ്പി ഉപേക്ഷിക്കുന്നതിന് മുമ്പ് കുപ്പിക്ക് പുറത്തെ ലേബല്‍ വലിച്ചുകീറി ഉപേക്ഷിച്ചെന്ന് പ്രതികള്‍ പറഞ്ഞിരുന്നു.
വീടിന് പുറകിലുള്ള ഷെഡ്ഡിലും തെളിവെടുപ്പ് നടന്നു. കളനാശിനി കുപ്പി നേരത്തെ സൂക്ഷിച്ചിരുന്ന സ്ഥലം പ്രതികള്‍ പോലീസിന് കാണിച്ചുനല്‍കി. ഇവിടെനിന്ന് മറ്റുചില പ്ലാസ്റ്റിക് കുപ്പികളും പച്ചനിറത്തിലുള്ള ദ്രാവകം നിറച്ച കുപ്പിയും പോലീസ് കണ്ടെത്തി. ഇതും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
തിരുവനന്തപുരത്തെ മ്യൂസിയം പരിസരത്ത് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ യുവതിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സംസ്ഥാന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവറാണ് പോലീസ് കസ്റ്റഡിയിലെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ മലയന്‍കീഴ് സ്വദേശിയാണെന്നാണ് സൂചന. കന്റോണ്‍മെന്റ് പോലീസാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്ത് വെച്ച് യുവതിയ്ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ വിമര്‍ശനങ്ങളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് കുറവന്‍കോണത്ത് വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറി എന്ന വാര്‍ത്ത വന്നത്. ഇതേ ആള്‍ തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് അതിക്രമത്തിന് ഇരയായ യുവതിയും പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിക്കുകയായിരുന്നു.
പിന്നീട് കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടും ഒരാള്‍ തന്നെയാണ് എന്ന് ഒടുവില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.
പാറശാലയില്‍ ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തു. അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയൊണ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതേസമയം ഗ്രീഷ്മയ്‌ക്കെതിരെ ആത്മഹത്യാ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
ഗ്രീഷ്മ ഒറ്റക്കല്ല ഇത് ചെയ്തതെന്ന് നേരത്തെ തന്നെ ഷാരോണിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ഒറ്റക്കാണ് ഇത് ചെയ്തതെന്ന് ഗ്രീഷ്മ വെളിപ്പെടുത്തിയിരുന്നു. തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ കയ്യിലുണ്ടെന്നും അത് പ്രതിശ്രുത വരന് അയാള്‍ അയച്ച് കൊടുത്തേക്കുമെന്നും ഭയന്നാണ് താന്‍ ഇങ്ങനെ ചെയതതെന്നാണ് ഗ്രീഷ്മ പറഞ്ഞത്. എന്നാല്‍ ആരുടെയെങ്കിലും സഹായം കിട്ടാതെ ഗ്രീഷ്മക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയില്ലന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് അമ്മയെയും അമ്മാവനയെും കസ്റ്റഡിയിലെടുക്കാന്‍ തിരുമാനിച്ചത്.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വച്ച് നടത്തിയ ആത്മഹത്യ ശ്രമത്തെത്തുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അത് കൊണ്ട് ഇന്ന് അന്വേഷണ സംഘം ഗ്രീഷ്മയില്‍ നിന്ന് തെളിവെടുത്തില്ല. ഗ്രീഷ്മ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചു. 56 ശരീര അവശിഷ്ടങ്ങളില്‍ ഒന്നിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നാണ് ഡിഎന്‍എ ലഭിച്ചത്. മുഴുവന്‍ ഡിഎന്‍എ ഫലവും ലഭ്യമായാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.
പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്ന കാര്യം ആരും അറിയിക്കുന്നില്ലെന്ന് പറഞ്ഞ കുടുംബം സര്‍ക്കാരിനെയും വിമര്‍ശിച്ചു. സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും കിട്ടുന്നില്ല. ദിവസവും പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുകയാണെന്നും മകന്‍ പറഞ്ഞു.
അതേസമയം ലൈല നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പറയും. കൊലപാതകത്തില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ പങ്കില്ലെന്നും തനിക്കെതിരെയുള്ള തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യ ഹര്‍ജിയില്‍ ലൈല പറയുന്നു.
പത്മ കേസില്‍ തന്നെ 12 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തെന്നും ഇനി കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിയുടെ ഹര്‍ജിയിലുണ്ട്.
ഷോപ്പിംഗ് മാളിൽ നിന്ന് ചോക്കലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായതിൽ മനംനൊന്ത് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. ആലിപുർദ്വാർ ജില്ലയിലെ ജയ്ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് മൂന്നാംവർഷ ബിരുദ വിദ്യാർഥിനി ജീവനൊടുക്കിയത്. വീട്ടിലെ മുറിയിൽ ആണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ 29-ന് സഹോദരിയോടൊപ്പം പെൺകുട്ടി സമീപത്തെ ഷോപ്പിങ് മാളിൽ പോയിരുന്നു.
അവിടെനിന്ന് ചോക്കലേറ്റ് മോഷ്ടിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് പെൺകുട്ടി പിടിയിലായത്. ശേഷം, പെൺകുട്ടി ചോക്കലേറ്റിന്റെ പണം നൽകുകയും കടയുടമകളോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ കടയിൽ ഉണ്ടായിരുന്ന ആളുകൾ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. നിമിഷ നേരംകൊണ്ട് വീഡിയോ വൈറലായി.
ഇതിൽ മാനക്കേട് ഭയന്നാണ് മകൾ ജീവനൊടുക്കിയതെന്ന് പിതാവ് പറഞ്ഞു. പെൺകുട്ടി ജീവനൊടുക്കിയതിന് പിന്നാലെ പ്രദേശവാസികൾ ഷോപ്പിങ് മാളിനു പുറത്ത് പ്രതിഷേധവുമായി രംഗത്തെത്തി. വീഡിയോ ചിത്രീകരിച്ച് ഓൺലൈനിൽ പങ്കുവെച്ചവർക്കതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ചേർത്തല പള്ളിപ്പുറം തിരുനല്ലൂരിലെ ആളൊഴിഞ്ഞ പുരയിടത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡ് കരിയിൽ അനന്തകൃഷ്ണൻ (കിച്ചു-23), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശിനി ഷിബുവിന്റെ മകളും പ്ലസ് ടു വിദ്യാർഥിനിയുമായ എലിസബത്ത് (17) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാതി ഏഴുമണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ തറയിൽ കിടക്കുന്ന അവസ്ഥയിലുമാണ് കണ്ടെത്തിയത്. സ്‌കൂളിൽ പെൺകുട്ടി പരീക്ഷയ്ക്ക് എത്തിയില്ലെന്ന വിവരം സ്‌കൂൾ അധികൃതർ വിളിച്ച് അറിയിച്ചപ്പോഴാണ് വീട്ടുകാരും വിവരം അറിഞ്ഞത്.
ശേഷം, മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ കൊപ്ര ഷെഡിൽ മൃതദേഹങ്ങൾ കണ്ടത്. ഫാബ്രിക്കേഷൻ ജീവനക്കാരനാണ് അനന്തകൃഷണൻ. ജീജയാണ് അമ്മ. പരേതയായ ബിന്ദുവാണ് എലിസബത്തിന്റെ അമ്മ.