നാട്ടിലെ വീട്ടിൽ വച്ചു കുഴഞ്ഞു വീണു മരിച്ച യുകെ നോട്ടിങ്ഹാമിലെ ആദ്യകാല മലയാളി ബൈജു മേനാച്ചേരിയുടെ(52) സംസ്കാരം നടത്തി. ഇന്നു രാവിലെ ചാലക്കുടിയിലെ മേനാച്ചേരി വീട്ടിൽ നടന്ന പൊതു ദർശനത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശന ചടങ്ങിൽ ബൈജുവിന്റെ നാട്ടിലെയും യുകെയിലെയും സൗഹൃദ വലയത്തിൽ ഉണ്ടായിരുന്ന ഒട്ടനവധിയാളുകൾ അനുസ്മരണ പ്രസംഗം നടത്തി.

ഏകദേശം 20 വർഷങ്ങൾക്കു മുൻപ് യുകെയിൽ എത്തിയ ബൈജു കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കൾ വിൽക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്കായി എത്തിയ ബൈജു ഏപ്രിൽ മാസത്തിൽ യുകെയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണു വെള്ളിയാഴ്ച വീട്ടിൽ കുഴഞ്ഞു വീണതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞതും. ഇന്നു വൈകിട്ടു ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ നടന്ന സംസ്കാര ചടങ്ങിനു വിവിധ വൈദികർ നേതൃത്വം നൽകി.

നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ, മുദ്ര ആർട്സ് എന്നിവയുടെ സ്ഥാപക ഭാരവാഹികളിൽ പ്രമുഖനായിരുന്ന ബൈജു നോട്ടിങ്ഹാം മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ ഹിൽഡയും മക്കളായ എറൻ, എയ്ഡൻ എന്നിവരും കഴിഞ്ഞ ദിവസം യുകെയിൽ നിന്നും എത്തിയിരുന്നു. ബൈജുവിന്റെ മരണാനന്തര കർമ്മങ്ങളോട് അനുബന്ധിച്ചുള്ള ദിവ്യ ബലി ബുധനാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ വച്ചു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.