ന്യൂഡൽഹി: ഇന്ത്യ–അമേരിക്ക വ്യാപാര കരാർ അന്തിമമായതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തിയതിന് പിന്നാലെ തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. കരാറിന്റെ ഭാഗമായി ഇന്ത്യയ്ക്കുള്ള അമേരിക്കൻ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതായി അദ്ദേഹം പറഞ്ഞു. തീരുവ കുറച്ചതിൽ പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചെങ്കിലും വ്യാപാരകരാർ അന്തിമമായതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തീരുവ ഇളവിന് പകരമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായകരമാകുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഊർജം, സാങ്കേതികവിദ്യ, കാർഷിക മേഖലകളിൽ നിന്ന് 50,000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും അവകാശപ്പെട്ടു. റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസിലും വെനസ്വേലയിലും നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറാകുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ ഉൽപന്നങ്ങൾക്കുള്ള തീരുവ പൂർണമായി ഒഴിവാക്കാനും തീരുവയിതര നിയന്ത്രണങ്ങൾ പിൻവലിക്കാനും ഇന്ത്യ സന്നദ്ധമാണെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ അഭ്യർഥന പ്രകാരമാണ് ഈ വ്യാപാര ക്രമീകരണമെന്നുമാണ് ട്രംപിന്റെ വാദം. മോദിയെ മഹാനായ സുഹൃത്തും ശക്തനായ നേതാവുമെന്നു വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമതിയാണെന്നും പറഞ്ഞു.
തിരുവനന്തപുരം: പ്രവാസികളുടെ പരാതികളിൽ കേസെടുത്ത് അന്വേഷിക്കാനും വേഗത്തിൽ പരിഹാരം കാണാനും സംസ്ഥാനത്ത് ‘നോർക്ക പോലീസ് സ്റ്റേഷൻ’ തുടങ്ങുന്നു. പോലീസ് ആസ്ഥാനത്ത് 50 അംഗ സേനയോടെയാകും സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുക. ആഭ്യന്തര വകുപ്പിന്റെ ശുപാർശയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഉത്തരവിൽ ഒപ്പിടുമെന്നാണ് വിവരം.
സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള പരാതികളായാലും ഈ പ്രത്യേക സ്റ്റേഷനിൽ തന്നെ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. പ്രവാസികളും വിദേശത്ത് ജോലി തേടി പോകുന്നവരും നേരിടുന്ന തട്ടിപ്പുകൾക്ക് സമയബന്ധിതമായി നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. പഞ്ചാബിൽ നിലവിലുള്ള സംവിധാനമാണ് കേരളവും മാതൃകയാക്കുന്നത്.
വിസ തട്ടിപ്പ്, വ്യാജ റിക്രൂട്ട്മെന്റ്, ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന കേസുകൾ എന്നിവയെല്ലാം പുതിയ സ്റ്റേഷന്റെ പരിഗണനയിൽ വരും. നിലവിൽ എൻആർഐ സെൽ വഴിയാണ് പ്രവാസികളുടെ പരാതികൾ കൈകാര്യം ചെയ്യുന്നത്. ഇതുവഴി വർഷംതോറും ഏകദേശം 8000 പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.
കാസർകോഡ് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാട്ടിനെ ഞെട്ടിച്ചു. 18 വയസുകാരിയായ മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് വീടിനകത്ത് വെച്ച് ക്രൂരമായ കൊലപാതകം നടന്നത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം, കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. സ്വത്ത് തർക്കവും സ്വർണാഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുടുംബത്തിൽ നിലനിന്നിരുന്നുവെന്നാണ് സൂചന. വീടിനകത്ത് വാക്കുതർക്കമുണ്ടായതിന് പിന്നാലെ പിതാവ് മകളെ ഒന്നിലധികം തവണ വെട്ടുകയായിരുന്നു.
നാട്ടുകാർ ഉടൻ തന്നെ ജുമൈലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിന്റെ ഫലമായാണ് കൊലപാതകമുണ്ടായതെന്നും നാട്ടുകാർ പറയുന്നു. ഈ വീട്ടിൽ നേരത്തെ തന്നെ സ്ഥിരമായി വഴക്കുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശ പൗരനെ ക്രിമിനൽ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ആന്റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിധിക്കെതിരെ ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച ശേഷമാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, കുറ്റക്കാരനെന്ന വിധിയും അതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയും നിലവിൽ തുടരും. അപ്പീലിന്മേൽ ഈ മാസം ആറിന് വാദം തുടങ്ങുമെന്ന് കോടതി അറിയിച്ചു.
ജനുവരി 3 നാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ആന്റണി രാജുവിനും കോടതി ജീവനക്കാരനായിരുന്ന ജോസിനും ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീലിൽ അന്തിമ വിധി വരുന്നത് വരെ മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിൽ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു. മുസ്ലിംലീഗ്, ആർ.എസ്.പി. കക്ഷികളുമായി ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. കേരള കോൺഗ്രസ്, സി.എം.പി. തുടങ്ങിയ കക്ഷികളുമായുള്ള ചർച്ചകൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കും. ആറിന് പ്രതിപക്ഷ നേതാവ് നയിക്കുന്ന യു.ഡി.എഫ്. ജാഥ തുടങ്ങുന്നതിന് മുൻപേ സീറ്റ് വിഭജനത്തിൽ ധാരണയിലെത്തുകയാണ് ലക്ഷ്യം.
മുസ്ലിംലീഗ് കഴിഞ്ഞ തവണത്തെ പോലെ 25 സീറ്റുകളിൽ തന്നെ മത്സരിക്കുമെങ്കിലും ചില സീറ്റുകൾ വെച്ചുമാറാൻ സമ്മതിച്ചിട്ടുണ്ട്. താനൂർ–തവനൂർ, പൊന്നാനി–തിരുവമ്പാടി, പുനലൂർ–ചടയമംഗലം, കളമശ്ശേരി–കൊച്ചി, കോങ്ങാട്–ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിൽ വെച്ചുമാറ്റം ഉണ്ടാകുമെന്നതിൽ കോൺഗ്രസും ലീഗും ഏകദേശ ധാരണയിലെത്തി. ആർ.എസ്.പി. ചവറ, ഇരവിപുരം, കുന്നത്തൂർ മണ്ഡലങ്ങളിൽ വീണ്ടും മത്സരിക്കുമെന്നും, വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് തിരുവനന്തപുരം അല്ലെങ്കിൽ കൊല്ലം ജില്ലയിൽ നിന്ന് വേണമെന്നുമാണ് ആവശ്യം.
കേരള കോൺഗ്രസ് മത്സരിച്ച 10 സീറ്റുകളിൽ നാലെണ്ണം കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടനാട്, ഇടുക്കി, ചങ്ങനാശ്ശേരി, കോതമംഗലം മണ്ഡലങ്ങളിലാണ് പ്രധാന താത്പര്യം. അതേസമയം, സീറ്റ് വിട്ടുനൽകുന്നതിൽ കോൺഗ്രസ് കാണിക്കുന്ന മടിയിൽ ഘടകകക്ഷികൾക്ക് അസന്തോഷമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തോതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ, ജയസാധ്യത മുൻനിർത്തിയുള്ള കൂടുതൽ ഉൾക്കൊള്ളുന്ന സമീപനം വേണമെന്ന ആവശ്യം യു.ഡി.എഫിൽ ശക്തമാകുകയാണ്.
ബെംഗളൂരു: ഡോ. സി ജെ റോയിയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് കുടുംബം വ്യക്തമായ തീരുമാനം പ്രഖ്യാപിച്ചു. റോയിയുടെ മകൻ രോഹിത്തും കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജോസഫും ചേർന്ന് ഇനി കമ്പനി മുന്നോട്ട് നയിക്കുമെന്ന് സഹോദരൻ സി ജെ ബാബു അറിയിച്ചു.
കമ്പനിയുടെ എല്ലാ പദ്ധതികളും നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും സാമ്പത്തിക ബാധ്യതകളൊന്നും ഇല്ലെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം. മരണവുമായി ബന്ധപ്പെട്ട ആശങ്കകൾ പൊലീസിനെ അറിയിച്ചതായും കർണാടക പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും സി ജെ ബാബു വ്യക്തമാക്കി.
റോയിയുടെ മരണത്തിൽ അനുഭവിക്കുന്ന ദുഃഖം വാക്കുകൾക്ക് അതീതമാണെന്ന് മകൻ രോഹിത്ത് പറഞ്ഞു. തന്റെ പിതാവ് വലിയ മനുഷ്യനാണെന്നും അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ മാധ്യമങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും രോഹിത്ത് പ്രതികരിച്ചു. ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലെ നേച്ചേഴ്സ് ലക്സറി കാസ്കേഡിൽ നടന്ന സംസ്കാരച്ചടങ്ങിൽ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയിയുടെ ആഗ്രഹമനുസരിച്ച് ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാച്വേഴ്സ് ലക്സ്വറി റിസോർട്ടിലാണ് അന്ത്യനിദ്രയ്ക്ക് വഴിയൊരുക്കിയത്.
അവസാനമായി കാണാൻ ആയിരങ്ങൾ റിസോർട്ടിലെത്തി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പൊതുദർശനം ഉണ്ടായിരുന്നു. തുടർന്ന് കാൽക്കരെ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരശുശ്രൂഷ നടത്തി, പിന്നീട് റിസോർട്ടിൽ സംസ്കാരം പൂർത്തിയാക്കി.
ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെയാണ് റോയ് (57) മരിച്ചത്. ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
പ്രവാസികൾ നാട്ടിലെ വീട് അല്ലെങ്കിൽ ഭൂമി വിൽക്കുമ്പോൾ നേരിട്ടിരുന്ന ആദായനികുതി നടപടികളിലെ ബുദ്ധിമുട്ടുകൾ ഇനി കുറയും. കേന്ദ്ര ബജറ്റ് 2026–27ൽ പ്രഖ്യാപിച്ച പുതിയ തീരുമാനമാണ് ഇതിന് വഴിയൊരുക്കുന്നത്. നികുതി നടപടികൾ ലളിതമാകുന്നതോടെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇതുവരെ വിൽപ്പന തുകയിൽ നിന്ന് മുൻകൂർ നികുതി (ടിഡിഎസ്) അടയ്ക്കാൻ ടാൻ (ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ) നിർബന്ധമായിരുന്നു. ടാൻ എടുക്കാൻ വിദേശത്തിരിക്കുന്ന പ്രവാസികൾക്ക് വലിയ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഉണ്ടായിരുന്നത്. ഇതു മൂലം രേഖകൾ തയ്യാറാക്കുന്നതും പണമിടപാടുകൾ പൂർത്തിയാക്കുന്നത് വൈകുകയും പല ഇടപാടുകളും നീണ്ടുപോകുകയും ചെയ്തിരുന്നു.
പുതിയ ബജറ്റ് നിർദേശപ്രകാരം ഇനി ടിഡിഎസ് പിടിക്കാൻ ടാൻ വേണ്ട. പകരം പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് മതിയാകും. വസ്തു വാങ്ങുന്ന ഇന്ത്യൻ പൗരന്റെ പാൻ അടിസ്ഥാനമാക്കി ടിഡിഎസ് അടയ്ക്കാനുള്ള സംവിധാനം കൊണ്ടുവരുന്നതാണ് തീരുമാനം. ഇത് പ്രവാസികൾക്ക് മാത്രമല്ല, ഭൂമി ഇടപാടുകളിൽ ഏർപ്പെടുന്ന എല്ലാവർക്കും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദം കാരണമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. റോയിക്ക് ശത്രുക്കളോ ഭീഷണിയോ സാമ്പത്തിക ബാധ്യതകളോ വിഷാദമോ ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ സി.ജെ. ബാബു പറഞ്ഞു. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ പരിശോധനകളുടെ കടുത്ത സമ്മർദത്തിലാണ് റോയി ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ റോയിയുടെ മൃതദേഹം കാണാനെത്തിയപ്പോഴാണ് ബാബു ആരോപണം ഉന്നയിച്ചത്. വെള്ളിയാഴ്ച രാവിലെ റോയി രണ്ടുതവണ ഫോൺ വിളിച്ച് താൻ കടുത്ത സമ്മർദത്തിലാണെന്നും ഉടൻ ബെംഗളൂരുവിലെത്തണമെന്നും ആവശ്യപ്പെട്ടതായി ബാബു പറഞ്ഞു. തായ്ലൻഡിലെ ഫുക്കറ്റിൽ നിന്നാണ് അദ്ദേഹം എത്തിയത്. 2025 ഡിസംബർ മൂന്നിന് ആദായനികുതി ഉദ്യോഗസ്ഥർ ആദ്യം പരിശോധനയ്ക്കെത്തിയതായും, ജനുവരി 28-ന് വീണ്ടും പരിശോധന നടത്തിയതായും ബന്ധുക്കൾ പറഞ്ഞു. ദുബായിലുണ്ടായിരുന്ന റോയിയെ ഇതിന്റെ ഭാഗമായാണ് ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയത്.
ഇതിനിടെ, റോയിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിച്ചതായി കർണാടക സർക്കാർ അറിയിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (സൗത്ത്) ലോകേഷ് ജഗൽസാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. റോയിയുടെ രണ്ട് മൊബൈൽ ഫോണുകളും ഉപയോഗിച്ച തോക്കും പോലീസ് കസ്റ്റഡിയിലെടുത്തു. തോക്ക് ഫൊറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ദുബായിലായിരുന്ന ഭാര്യ ലിനി റോയിയും മക്കളായ രോഹിത്തും റിയയും ശനിയാഴ്ച പുലർച്ചെ ആശുപത്രിയിലെത്തി.
വാഷിങ്ടൺ/ന്യൂഡൽഹി: അന്തരിച്ച അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചതായി റിപ്പോർട്ട്. എപ്സ്റ്റീന്റെ ബന്ധവലയത്തിലുണ്ടായിരുന്ന ശക്തരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി.
എന്നാൽ, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പേര് പറയുന്ന ചില ഇമെയിൽ സന്ദേശങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ അവ ഒരു കുറ്റവാളിയുടെ പാഴ്വാക്കുകൾ മാത്രമാണെന്നും മന്ത്രാലയ വക്താവ് രൺധീർ സിങ് ജയ്സ്വാൾ പറഞ്ഞു. 2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിച്ചതെന്ന വസ്തുത ഒഴികെ, മറ്റ് പരാമർശങ്ങൾ യാഥാർഥ്യമില്ലാത്തതാണെന്നും അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇത് ‘ദേശീയ അപമാനം’ ആണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. പ്രധാനമന്ത്രിയും ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയും തമ്മിൽ ബന്ധമുണ്ടെന്ന സൂചനകൾ രേഖകളിൽ കാണുന്നുവെന്നും, ഇതിൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് ദശലക്ഷത്തിലധികം പേജുകളും ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടുന്ന ഈ രേഖകൾ ഡെപ്യൂട്ടി യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് പുറത്തുവിട്ടത്.