ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ഫിറോസ്പുരിലാണ് സംഭവം. ഹര്‍ജീത് സിങ് എന്നയാളാണ് മരിച്ചത്. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് മത്സരത്തിനിടെ ബാറ്ററായ യുവാവ് സിക്സർ പറത്തിയ ശേഷം പിച്ചിൽ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഷോട്ടിനുശേഷം പിച്ചിന്റെ മധ്യഭാഗം വരെ നടന്ന ഹർജീത് സിങ് ആദ്യം തളർന്നമട്ടിൽ ഇരിക്കുകയും പിന്നീട് ബോധരഹിതനായി വീഴുകയുമായിരുന്നു.
ഉടന്‍ തന്നെ സഹതാരങ്ങള്‍ അടുത്തെത്തി സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ലഭ്യമാകുന്ന വിവരം. അടുത്തിടെ സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ മഹാരാഷ്ട്രയില്‍ ഒരു ക്രിക്കറ്റ് താരം ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കൊന്നുകുഴിച്ചിട്ട സംഭവത്തിൽ അയൽവാസിയുടെ നിർണായക വെളിപ്പെടുത്തൽ. പൊലീസ് കസ്റ്റഡിയിലുള്ള അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നാണ് അയല്‍വാസി ഗിരിജയുടെ വെളിപ്പെടുത്തല്‍. അനീഷ ആദ്യത്തെ കുഞ്ഞിന് പ്രസവിച്ചെന്ന് പറയപ്പെടുന്ന സമയത്തായിരുന്നു സംഭവം. വീടിന് പിന്നിൽ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ഒരു ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നതും കണ്ടു എന്നാണ് ഗിരിജ പ്രതികരിച്ചത്.
ഇക്കാര്യങ്ങൾ താനാണ് നാട്ടിൽ പറഞ്ഞ് പരത്തിയതെന്ന് കാണിച്ച് അനീഷയുടെ സഹോദരൻ അനീഷ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ഗിരിജ പറയുന്നു. പിന്നാലെ വെള്ളികുളങ്ങര പൊലീസ് തന്നെ വിളിപ്പിച്ചു. താനല്ല പറഞ്ഞതെന്ന് പറഞ്ഞപ്പോൾ പൊലീസ് വിട്ടയച്ചു. ഇനി ഇതുപോലെ ഉണ്ടായാൽ ഫോണിൽ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞെന്ന് അനീഷയുടെ അയൽവാസി ഗിരിജ പറയുന്നു. അനീഷ ഗർഭിണിയായ വിവരം നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് ഇത് സംഘത്തിൽ പറഞ്ഞതെന്നും ഗിരിജ പറയുന്നു. ആദ്യത്തെ കുഞ്ഞിന്‍റെ മരണത്തിലാണ് നിർണായക വിളപ്പെടുത്തൽ. ഗിരിജയുടെ സാക്ഷിമൊഴി റൂറൽ എസ്പി ബി കൃഷ്ണകുമാറും സ്ഥിരീകരിച്ചു. ഗിരിജയുടെ വീട്ടിൽ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്.
വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെൺസുഹൃത്തിൽ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്‍റെ വെളിപ്പെടുത്തൽ. യുവാവിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഭവിയെയും അനീഷ എന്ന യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നവജാതശിശുക്കളിൽ ഒരു കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിയുടെ ഫോണില്‍ നിന്ന് കുറ്റകൃത്യത്തിന്റെ വീഡിയോ കണ്ടെടുത്തതായി പോലീസ്. ലഭിച്ച ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലൈംഗികാതിക്രമം പ്രതി ഫോണില്‍ പകര്‍ത്തിയിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പ്രതി ഈ ദൃശ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിട്ടിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം കേസ് അന്വേഷിക്കാന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
യുവതിയുമായുള്ള മല്‍പ്പിടിത്തത്തിനിടെ പരിക്കേറ്റ പാടുകള്‍ ഉണ്ടോ എന്നറിയാന്‍ മൂന്ന് പ്രതികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.
സംഭവത്തില്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനും അറസ്റ്റിലായിരുന്നു. പിനാകി ബാനര്‍ജി എന്ന 55-കാരനാണ് അറസ്റ്റിലായിരിക്കുന്നത്. കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ബാനര്‍ജി. ചോദ്യംചെയ്യലില്‍ ഇയാളുടെ മറുപടികള്‍ പരസ്പരവിരുദ്ധമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് അയാള്‍ പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. മനോജിത് മിശ്ര (31), സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് നേരത്തേ അറസ്റ്റിലായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂലായ് ഒന്നുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
നഗരത്തിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. കൊച്ചി കതൃക്കടവ് റോഡിലെ ബാറിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റതായാണ് വിവരം. സിനിമാരംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ഡിജെ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം.
ശനിയാഴ്ച രാത്രിയാണ് ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷമുണ്ടായത്. തൊടുപുഴ സ്വദേശിയായ യുവാവിനെ ഒരു യുവതിയാണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. മദ്യക്കുപ്പി കൊണ്ട് യുവാവിന്റെ കഴുത്തിലാണ് കുത്തിയതെന്നും പറയുന്നു. സംഭവത്തില്‍ യുവതിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പോലീസ് ഇതുവരെ ഔദ്യോഗികവിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് ഒട്ടേറെപേരാണ് ബാറിന് മുന്നില്‍ തടിച്ചുകൂടിയിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവിടെയുണ്ടായിരുന്നവരെയെല്ലാം പിരിച്ചുവിട്ടു. നിലവില്‍ രംഗം ശാന്തമാണ്. സ്ഥലത്ത് പോലീസ് കാവലുമുണ്ട്.
ഐഎച്ച്ആര്‍ഡി താല്‍കാലിക ഡയറക്ടറായി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ നിയമിച്ചതില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഹൈക്കോടതി. വി.എ അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.
മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനത്തിലാണോ അരുണ്‍കുമാര്‍ ഈ പദവിയിലെത്തിയതെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് ജഡ്ജിയായിട്ടുള്ള ഡി.കെ സിങ് വ്യക്തമാക്കി. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പലും നിലവില്‍ കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി സര്‍വകലാശാല വിസിക്ക് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. അരുണ്‍ കുമാറിന് ആ യോഗ്യത ഉണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 2018 ലെ യുജിസി മാനദണ്ഡപ്രകാരം ഏഴ് വര്‍ഷത്തെ അധ്യാപന പരിചയം ഈ പദവിയിലെത്താന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ക്ലറിക്കല്‍ പദവിയിലിരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്താല്‍ സ്ഥാനക്കയറ്റം നല്‍കിയാണ് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയിരിക്കുന്നതെന്നാണ് കോടതി മനസിലാക്കുന്നത്. ഇക്കാര്യം തീര്‍ത്തും വിചിത്രമായി തോന്നുന്നുവെന്നും കോടതി നിരീക്ഷിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനും എതിരേ കേസുണ്ടായിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്. ഈ കേസില്‍ പക്ഷേ അരുണ്‍കുമാറിനെ തിരുവനന്തപുരം പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ഡാമുകളിലെ ജല നിരപ്പ് ക്രമീകരിക്കുന്നു. പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവ തുറന്നു.
രാവിലെ 10.15 ന് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജല നിരപ്പ് നിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. സെക്കന്റില്‍ 50 ക്യുബിക് വെള്ളമാണ് ആദ്യഘട്ടത്തില്‍ ഒഴുക്കി വിടുന്നത്. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
10.20 ഓടെയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 111.19 അടിയായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആയിരുന്നു മൂന്ന് ഷട്ടറുകള്‍ തുറന്നത്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 110.49 അടിയായി നിലനിര്‍ത്തേണ്ട സാഹചര്യത്തിലാണ് നടപടികള്‍.
ഡാമില്‍ നിന്നും വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ കല്‍പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപ്പര്‍ ഷോളയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ ലോവര്‍ ഷോളയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.
അതേസമയം ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലും ജല നിരപ്പ് ഉയരുകയാണ്. ഡാമിന്റെ ജലനിരപ്പ് 135 അടിയായി. 136 അടിയായാല്‍ സ്പില്‍ വേയിലുടെ ജലം പെരിയാറിലേക്ക് ഒഴുക്കും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.
കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരൻ മരിച്ചു. തിരുവല്ല കടപ്ര റോണി മാത്യു – റിബി അന്ന ജോൺ ദമ്പതികളുടെ മകൻ റെസിൻ മാത്യു ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
പിതാവ് റോണി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. നെഞ്ചിലേറ്റ ഗുരുതര പരിക്കിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഫേൽ ഇന്ന് പുലർച്ചെ ആറുമണിയോടെ മരിക്കുകയായിരുന്നു. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം തായ്‌ലൻഡിലെ വിനോദ യാത്രയ്ക്ക് ശേഷം കൊച്ചിയിൽ നിന്നും കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
കടപ്ര സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് റെസിൻ മാത്യു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: റോഹൻ, റയാൻ.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിങ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യെയാണ് പോലീസ് പിടികൂടിയത്.
ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഹാസനിലാണ് കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ചമുന്‍പാണ് ഇവര്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഹാസനിലെ ഒരു ഫാം ഹൗസില്‍ വെച്ച് ഇരുവരും കാണാന്‍ തീരുമാനിച്ചു. ശനിയാഴ്ച ഫാം ഹൗസിലെത്തിയ ഇവര്‍തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഗൗഡയുടെ മര്‍ദനത്തില്‍ പ്രീതി കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട്, ഗൗഡ യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുപോയി കെആര്‍ പേട്ടിലെ കട്ടരഘട്ടയിലെ മറ്റൊരു ഫാമില്‍ കുഴിച്ചിട്ടു. പ്രീതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് തിങ്കളാഴ്ച പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഫാം ഹൗസിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രീതിയുടെ കോള്‍ റെക്കോഡ് പരിശോധിച്ച പോലീസ് ബുധനാഴ്ച വൈകിട്ടുതന്നെ പുനീതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആര്‍.എസ്.എസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പാര്‍ട്ടിയില്‍ വിമര്‍ശനം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീമും പി. രാജീവുമാണ് വിമര്‍ശനമുന്നയിച്ചത്.
വര്‍ഗീയ ശക്തികളുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന തരത്തിലുളള പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്നുമാണ് ഇരുവരും നിര്‍ദേശിച്ചത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കണമെന്ന് നേതൃയോഗത്തില്‍ ധാരണയായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കണക്കുക്കൂട്ടല്‍ പിഴച്ചെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ട് ചോര്‍ച്ചയില്‍ ഗൗരവകരമായ അന്വേഷണം വേണമെന്നാണ് തീരുമാനം. എം.വി ഗോവിന്ദന്റെ ആര്‍.എസ്.എസ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അടിയന്തരാവസ്ഥക്കാലത്തെ ആര്‍.എസ്.എസ് ബന്ധത്തെപ്പറ്റി താന്‍ നടത്തിയ പരാമര്‍ശം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു എം.വി ഗോവിന്ദന്റെ നിലപാട്. ഗുണം ചെയ്യാനോ, ദോഷം ചെയ്യാനോ അല്ല, ചരിത്രം പറഞ്ഞതാണെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകള്‍ അംഗീകരിച്ച് മുന്നോട്ട് പോകും. തിരുത്തല്‍ ആവശ്യമെങ്കില്‍ തിരുത്തും. സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല. പിണറായിസം എന്നൊന്നില്ല. എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിസ്ഥാനം ഭദ്രമാണ്. തുടര്‍ ഭരണത്തിനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ഇടത് മുന്നണിക്ക് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂരെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
എറണാകുളം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതിശക്തമായ മഴ തുടരുന്നതിനാല്‍ ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും ജൂണ്‍ 30 വരെ നിരോധിച്ചിട്ടുണ്ട്.
തൃശ്ശൂര്‍: ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്സി, ഐസിഎസ് സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അംഗനവാടികള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാലയങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, എല്ലാ കോളേജുകളും (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) അവധിയായിരിക്കും.