കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അയൽവാസി പിടിയിൽ. കലഞ്ഞൂർ അനന്തു ഭവനിൽ അനന്തു(28) ആണ് മരിച്ചത്. സംഭവത്തിൽ കലഞ്ഞൂര്‍ കടുത്ത സ്വദേശിയുമായ ശ്രീകുമാര്‍ ആണ് പിടിയിലായത്. ഭാര്യയും അനന്തുവും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് അനന്തുവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കല്ലട കനാലില്‍ 28 കാരനായ അനന്തുവിന്റെ മൃതദേഹം കണ്ടെത്തുന്നത്.
പുലർച്ചെയോടെയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ ആക്രമിച്ചത് ഉൾപ്പടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തു. രണ്ട് ദിവസം മുൻപ് അനന്തുവിനെ കാണാനില്ല എന്ന് ബന്ധുക്കൾ കൂടൽ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. മൃതദേഹത്തിൽ അസ്വഭാവിക മുറിവുകൾ ഉള്ളതായി ദൃക്സാക്ഷികൾ പറഞ്ഞു. കണ്ടെത്തുമ്പോൾ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.
തലയ്ക്ക് പിന്നില്‍ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നതും പൊലീസിന് കൊലപാതകമാണെന്ന സംശയം വര്‍ധിപ്പിച്ചു. മൃതദേഹം കണ്ടെത്തിയ കനാലിന് സമീപത്തെ പറമ്പില്‍ രക്തക്കറകളും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രി മുതൽ അനന്തുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അനന്തുവിന്റെ മൃതശരീരം കണ്ടെത്തുന്നത്.
നടൻ ഉണ്ണി മുകുന്ദനെതിരെ നൽകിയ പീഡന കേസിന്റെ സ്റ്റേ ഹൈക്കോടതി നീക്കി. കേസിന് സ്റ്റേ അനുവദിച്ചതിനെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചരുന്നു. അഴിമതി ആരോപണം നേരിടുന്ന അഭിഭാഷകനാണ് ഉണ്ണിമുകുന്ദന് വേണ്ടി കേസിൽ ഹാജരായത്.
അതേസമയം അഭിഭാഷകൻ തെറ്റായ വിവരങ്ങൾ നൽകിയാണ് കേസിന് സ്റ്റേ വാങ്ങിയതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. കേസ് ഒത്ത് തീർപ്പാക്കിയെന്ന് കാണിച്ച് കോടതിയിൽ നൽകിയ രേഖ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് സ്റ്റേ നീക്കിയത്.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകന്റെ ജൂനിയർ വക്കീലാണ് പകരം ഹാജരായത്. അതേസമയം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് അഭിഭാഷകൻ മറുപടി പറയണമെന്ന് കോടതി വ്യക്തമാക്കി. ഉണ്ണിമുകുന്ദൻ മറുപടി സത്യവാങ് മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
വീട്ടിലെ കട്ടിലില്‍ തീ പടര്‍ന്ന് കയറി കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. ആനപ്പാറ കാരിക്കുന്ന് റോഡരികത്ത് വീട്ടില്‍ തങ്കപ്പന്‍ ആണ് മരിച്ചത്.
എഴുപത്തിനാല് വയസ്സായിരുന്നു. സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയില്‍ കത്തിച്ചുവെച്ച മെഴുക് തിരിയില്‍ നിന്ന് തീ പടര്‍ന്ന് കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. തങ്കപ്പനെ ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു വര്‍ഷം മുമ്പാണ് തങ്കപ്പന്റെ ഭാര്യ ഷേര്‍ലി മരിച്ചത്. ഇതോടെ തങ്കപ്പന്‍ തനിച്ചായിരുന്നു താമസം. മകള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് എല്ലാ ദിവസവും വയോധികന് ഭക്ഷണം കൊണ്ട് നല്‍കാറുണ്ടായിരുന്നു. രാവിലെ ഏഴ് മണിയോടെ ചായ കൊടുക്കാന്‍ മകള്‍ വന്നിരുന്നു.
മുറിയിലേക്ക് കയറിയപ്പോഴാണ് വെന്തെരിഞ്ഞ നിലയില്‍ തങ്കപ്പന്റെ മൃതദേഹം കണ്ടത്. സ്ഥിരമായി മെഴുക് തിരി കത്തിച്ചു വെയ്ക്കുന്ന ശീലം തങ്കപ്പന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
കട്ടിലും സമീപത്തുണ്ടായിരുന്ന ടീപ്പോയും പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. നടക്കാന്‍ കഴിയാത്തതിനാല്‍ തങ്കപ്പന് തീപടര്‍ന്നുകയറിയപ്പോള്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഫൊറന്‍സിക് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
മുസ്ലിങ്ങളെയും ക്രിസ്ത്യാനികളേയും കൊലപ്പെടുത്താൻ വീടുകളിൽ ആയുധങ്ങൾ ശേഖരിക്കണമെന്ന് ഹിന്ദുത്വ ആചാര്യൻ മഹാമണ്ഡലേശ്വർ സ്വാമി ഭക്ത് ഹരി സിങിന്റെ ആഹ്വാനം. ഡൽഹി ജന്ദർ മന്ദറിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിദ്വേഷ പരാമർശം നടത്തിയത്. സംഭവത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും നിങ്ങൾ എപ്പോഴാണ് കൊല്ലുക എന്ന് ഹിന്ദുക്കളോട് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു കൈയ്യിൽ ആയുധവും മറുകയ്യിൽ വേദഗ്രന്ഥവുമായി വേണം ഇക്കൂട്ടരെ കൊല്ലാനെന്നും വീഡിയോയിൽ ഹരി സങ് പറയുന്നു. ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ച് ഭരിക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് പറഞ്ഞു ഭിന്നിപ്പിച്ച് ഭരിക്കുക. ക്രിസ്ത്യാനികളും അങ്ങനെ തന്നെ പറഞ്ഞു. മുസ്ലിങ്ങൾ പറഞ്ഞു കൊന്നു ഭരിക്കുക.
എപ്പോഴാണ് നിങ്ങൾ കൊല്ലാൻ പോകുന്നത്? നിങ്ങൾ എല്ലാം മരിച്ചു കഴിഞ്ഞിട്ടോ? പച്ചക്കറികൾ മുറിക്കാൻ ഉപയോഗിക്കുന്ന സാധാരണ കത്തിയൊന്നും പോര. ആയുധങ്ങൾ വീട്ടിൽ സൂക്ഷിക്കുക. ഒരു കൈയ്യിൽ വേദഗ്രന്ഥവും മറുകയ്യിൽ ആയുധവുമായി വേണം ഇവരെ കൊല്ലാൻ, ഹരി സിങ് വീഡിയോയിൽ പറയുന്നു.
എനിക്ക് 83 വയസായി. ഞാൻ 80 പേരെ കൊന്നിട്ടുണ്ട്. ഇനിയും കൊല്ലും. സെഞ്ച്വറി തികയ്ക്കാതെ ഞാൻ പോകില്ല, ഹരി സിങ് കൂട്ടിച്ചേർക്കുന്നു.ഹിന്ദു മതത്തെയും പശുവിനേയും അപകീർത്തിപ്പെടുത്തുന്നവരെ കൊലപ്പെടുത്തണമെന്നും ഹരി സിങ് പറയുന്നു. രാജ്യത്ത് കോടതികളും പൈസക്കാരുടെ കൈയ്യിലായി കഴിഞ്ഞെന്നും സിങ് ആരോപിക്കുന്നു.
This is from #JantarMantar, #Delhi.
A #Hindu “Saint” Confessed to the Media in #NewDelhi that “I am 83 years old, I have killed 80 people,I will Die after Scoring a Century.#DharmSansad #HinduRashtra #HateSpeech pic.twitter.com/qwyXphe2Fe
— Hate Detector 🔍 (@HateDetectors) February 7, 2023
കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേരെ ബന്ധു തീകൊളുത്തി കൊന്നു. തമിഴ്‌നാട്ടിലെ കടലൂരില്‍ ചെല്ലാങ്കുപ്പം വെള്ളി പിള്ളയാര്‍ കോവില്‍ തെരുവിലാണ് നടുക്കുന്ന സംഭവം. അക്രമിയും തീകൊളുത്തി മരിച്ചു.
തമിഴരസി, അവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹാസിനി, തമിഴരസിയുടെ സഹോദരി ധനലക്ഷ്മിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ്, ധനലക്ഷ്മിയുടെ ഭര്‍ത്താവ് സര്‍ഗുരു എന്നിവരാണ് മരിച്ചത്.
സര്‍ഗുരുവാണ് മൂന്നുപേരെ തീകൊളുത്തി കൊന്ന ശേഷം ജീവനൊടുക്കിയത്. ധനലക്ഷ്മിയെയും തീകൊളുത്തിയിരുന്നു. എന്നാല്‍ രക്ഷപ്പെട്ട ധനലക്ഷ്മി ഗുരുതരമായി പൊള്ളലേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രകാശ് – തമിഴരസി ദമ്പതികളുടെ ഏകമകളാണ് ഹാസിനി. സര്‍ഗുരുവുമായി വഴക്കിട്ട് ധനലക്ഷ്മി നാല് മക്കളുമായി സഹോദരി തമിഴരസിയുടെ വീട്ടിലേക്കു താമസം മാറിയിരുന്നു. ഇതിനുപിന്നാലെ സര്‍ഗുരു ഇവിടെയെത്തുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു.
ഇതിന് പിന്നാലെ ക്ഷുഭിതനായ സര്‍ഗുരു, കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ധനലക്ഷ്മിയുടെയും കുഞ്ഞിന്റെയും ദേഹത്ത് ഒഴിച്ചു. ഇതു തടയാന്‍ ശ്രമിച്ച തമിഴരസിയുടെയും കുഞ്ഞിന്റെയും ദേഹത്തും പെട്രോളൊഴിക്കുകയും കത്തിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തുവെച്ചു തന്നെ രണ്ടു കുഞ്ഞുങ്ങളും തമിഴരസിയും മരിച്ചു. പിന്നാലെ സര്‍ഗുരു സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് ഗുരുതരമായി പൊള്ളലേറ്റ ധനലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചത്.
എറണാകുളം ചെറായിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ചെറായി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന ശേഷം റോ-റോ ഫെറി സര്‍വീസില്‍നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശശിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും പറയുന്നുണ്ട്.
മേളം കലാകാരനായ മകന്‍ ഉത്സവപരിപാടി കഴിഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയപ്പോളാണ് ലളിതയെ വെട്ടേറ്റനിലയില്‍ കണ്ടത്. ഉടന്‍തന്നെ ബന്ധുക്കളെയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനിടെയാണ് ശശിയെ വീട്ടില്‍ കാണാനില്ലെന്ന വിവരമറിഞ്ഞത്. തിരച്ചില്‍ നടത്തുന്നതിനിടെ ഫോര്‍ട്ട്‌കൊച്ചിയില്‍ വാട്ടര്‍ മെട്രോ ജെട്ടിക്ക് സമീപം ഒരാള്‍ കായലില്‍ ചാടി മരിച്ചെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് മരിച്ചത് ശശിയാണെന്ന് തിരിച്ചറിഞ്ഞത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍നിന്നിറങ്ങിയ ശശി വൈപ്പിനിലെത്തി റോ-റോ ഫെറി സര്‍വീസില്‍ കയറിയെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് വൈപ്പിനില്‍നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്കുള്ള റോ-റോ ജങ്കാറിലാണ് ശശി യാത്രചെയ്തിരുന്നത്. യാത്രയ്ക്കിടെ ഇയാള്‍ റോ-റോ സര്‍വീസില്‍നിന്ന് കായലില്‍ ചാടുകയായിരുന്നു. ഈ സംഭവത്തിന്റെ സിസിടിവിദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഓൺലൈൻ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. ഓൺലൈൻ റമ്മി കളിച്ചുണ്ടായ വലിയ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കഴിഞ്ഞ ദിവസം കൊല്ലങ്കോട് സ്വദേശി ഗിരീഷ് ആത്മഹത്യ ചെയ്തത്. ജോലി ചെയ്തിരുന്ന പണം മുഴുവനും റമ്മി കളിക്കാനാണ് ഗിരീഷ് ഉപയോഗിച്ചിരുന്നതെന്ന് ഭാര്യ വൈശാഖ പറയുന്നു.
റമ്മി കളിക്കാൻ പണമില്ലാതെ വരുമ്പോൾ തന്നെ മർദ്ധിച്ച് തന്റെ കയ്യിലുള്ള പണം വാങ്ങാറുള്ളതായും വൈശാഖ പറയുന്നു. തന്റെ 25 പവൻ സ്വർണാഭരണങ്ങൾ വിറ്റ പണവും കളിച്ച് തീർത്തു. കോവിഡ് കാലത്ത് ജോലി ഇല്ലാതെ ഇരുന്നപ്പോഴാണ് റമ്മി കളി ആരംഭിച്ചത്. പിന്നീട് റമ്മി കളിക്ക് അടിമപ്പെടുകയായിരുന്നെന്നും ഭാര്യ വൈശാഖ പറഞ്ഞു.
അതേസമയം ഗിരീഷ് ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നതായും എന്നാൽ വീട്ടുകാർ അത് ഗൗരവമായി എടുത്തില്ലെന്നും വൈശാഖ പറഞ്ഞു. നിരവധിപേരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയതയാണ് വിവരം.
അമ്മയും കാമുകനും തമ്മിലുള്ള അവിഹിത ബന്ധം നേരിട്ട് കാണാനിടയായ ആറാം ക്ലാസ്സുകാരനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കാമുകനായ യുവാവിനെതിരെ പോലീസ് കേസെടുത്തു. മടികൈ സ്വദേശി റിജേഷ് (32) നെതിരെയാണ് പോലീസ് കേസെടുത്തത്. മടികൈ പഞ്ചായത്തിലെ നാലാം വാർഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രവാസിയുടെ ഭാര്യയെ കാണാനായി കാമുകൻ സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരുടെയും അവിഹിത ബന്ധം യുവതിയുടെ ആറാം ക്ലാസ്സുകാരനായ മകൻ കാണാനിടയായതോടെ കുട്ടിയുടെ കഴുത്തി കുരുക്ക് മുറുക്കി കൊലപ്പെടുത്താൻ കാമുകൻ ശ്രമം നടത്തുകയായിരുന്നു. എന്നാൽ വിദ്യാർത്ഥി ഓടി രക്ഷപ്പെടുകയും വിവരം നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധം പുറത്തറിയുമെന്ന് ഭയന്നാണ് കാമുകൻ കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയത്. തുടർന്ന് യുവതിയുടെ വീട്ടിൽ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറാം ക്ലാസ്സുകാരൻ പറഞ്ഞതനുസരിച്ച് നാട്ടുകാരിൽ ചിലർ വീട്ടിലെത്തിയപ്പോഴേക്കും കാമുകൻ രക്ഷപ്പെട്ടിരുന്നു.
അതേസമയം പ്രദേശത്തെ പാർട്ടി പ്രവർത്തകർ ഇടപെട്ട് സംഭവം രഹസ്യമായി ഒതുക്കി തീർക്കാൻ ശ്രമിച്ചിരുന്നു. കൂടാതെ പോലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് മാനസിക രോഗിയാണെന്ന് വരുത്തി തീർത്ത് കേസിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമവും നടന്നു.
വിദ്യാർഥികൾക്ക് സദാചാര പാഠവുമായി കോഴിക്കോട് എന്‍.ഐ.ടി. പൊതുയിടങ്ങളിൽ സ്നേഹപ്രകടനങ്ങൾ വിലക്കിക്കൊണ്ട് സർക്കുലർ ഇറക്കി. ക്യാമ്പസിന് പുറത്ത് നിന്നും മറ്റും വിദ്യാർഥികളുടെ പെരുമാറ്റത്തിൽ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് സർക്കുലർ.
ക്യാമ്പസിന് അകത്തും പുറത്തും പരിധി വിട്ട സ്നേഹ പ്രകടനം പാടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സർക്കുലർ പുറത്ത് വിട്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ മറ്റ് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും കാണുന്നവർക്ക് അലോസരമുണ്ടാക്കുന്നുവെന്നും കാണിച്ചാണ് ഉത്തരവ്.
ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
മലയാളി ദമ്പതികളെ മംളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ രവീന്ദ്രൻ (55), സുധ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാവിലെയാണ് ഇരുവരേയും മരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മംഗളൂരു നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ബ്ലൂ സ്റ്റാർ ഹോട്ടലിൽ ഈ മാസം ആറാം തീയതിയാണ് രവീന്ദ്രനും, ഭാര്യ സുധയും മുറിയെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വസ്ത്രവ്യാപാരികളായ രവീന്ദ്രനും ഭാര്യയും മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഇരുവരുടെയും ബന്ധുക്കൾ മംഗലൂരിൽ എത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.