വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മാണശാലയിലെ സ്‌ഫോടന സ്ഥലത്ത് നിന്നും താന്‍ രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിലാണെന്ന് നടന്‍ ധർമ്മജൻ. സുഹൃത്തിനെ കാണാനെത്തി അവിടെ നിന്നു സംസാരിച്ചു മടങ്ങി ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ ആയിരുന്നു സ്‌ഫോടനം.

‘ഞങ്ങള്‍ എപ്പോഴും ഇരുന്ന് വര്‍ത്തമാനം പറയുന്ന വീട്. അത് തകര്‍ന്നു തരിപ്പണമായി. എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേര്‍ന്ന് നടത്തുന്ന കടയാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. ഞങ്ങള്‍ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാന്‍ രക്ഷപ്പെട്ടത്. ഇവിടുള്ള വെടിക്കെട്ടുകള്‍ എല്ലാം നടത്തുന്ന ആള്‍ക്കാരാണ് ഇവര്‍. ലൈസന്‍സ് ഉള്ളവരാണ്. പക്ഷേ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രശ്നം. അവര്‍ ഇവിടെ നിന്നും മാറാന്‍ ഇരിക്കുകയായിരുന്നു. പാലക്കാട്ടേയ്ക്ക് മാറാന്‍ ഇരുന്ന സമയത്താണ് ദുരന്തം ഉണ്ടായത്’- ധർമ്മജൻ പറഞ്ഞു.

നാടിനെ നടുക്കിയ വരാപ്പുഴ മുട്ടിനകത്തെ പടക്ക സംഭരണ ശാലയിലെ പൊട്ടിത്തെറിയില്‍ അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്. ഒരാളുടെ മരണത്തിനും മൂന്നു കുട്ടികളടക്കം ഏഴു പേരുടെ പരിക്കിനും ഇടയാക്കിയ അപകടത്തില്‍ സമീപത്തുള്ള 50 ലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പടക്കശാലയുടെ ഉടമയായ വരാപ്പുഴ മുട്ടിനകം ഈരയിൽ ആൻസണിന്റെ സഹോദരൻ ഡേവിസ് (51) ആണ് മരിച്ചത്. സ്ഫോടനം നടക്കുമ്പോള്‍ കടയ്ക്കുള്ളില്‍ തന്നെയുണ്ടായിരുന്ന ഡേവിഡിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

ആദ്യ സ്ഫോടനത്തിന് പിന്നാലെ തുടർ സ്ഫോടനങ്ങളും നടന്നു. വരാപ്പുഴയില്‍ നിന്നു പോലീസും ഏലൂരില്‍ നിന്നു അഗ്‌നശമന സേനയും ആദ്യം സ്ഥലത്തെത്തി തീയണയ്ക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടർ സ്ഫോടനങ്ങളായിരുന്നു രക്ഷാപ്രവർത്തനം വൈകാന്‍ ഇടയാക്കിയത്.