India

വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ബാസ്‌കറ്റ് ബോള്‍ ദേശീയ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്.

താരം തൃശൂരില്‍ നിന്നാണ് കോയമ്പത്തൂരിലേക്ക് പോകാന്‍ ബസില്‍ കയറിയതെന്നാണ് വിവരം. രോഹിതിന്റെ മൃതദേഹം ആലത്തൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

അതേസമയം, അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര ക്രമക്കേടുകള്‍ ഇല്ലെന്ന് കോട്ടയം ആര്‍ടിഒ അറിയിച്ചു. ഈ ബസിനെതിരെ ആകെയുള്ളത് നാല് കേസുകളാണ്. ലൈറ്റുകള്‍ അമിതമായി ഉപയോഗിച്ചതിന് ആണ് മൂന്ന് കേസുകള്‍. മറ്റൊരു തവണ തെറ്റായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതിനാണ്. ഒരു കേസില്‍ പിഴ അടക്കാത്തത് മൂലമാണ് ബ്ലാക്ക് ലിസ്റ്റില്‍പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.

2023 സെപ്റ്റംബര്‍ 18 വരെ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ആര്‍ടിഒ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്, ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട വാഹനമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമവിരുദ്ധമായി കളര്‍ ലൈറ്റുകള്‍ മുന്നിലും അകത്തും സ്ഥാപിച്ചു. നിയമവിരുദ്ധമായി എയര്‍ ഹോണ്‍ സ്ഥാപിച്ചു. കൂടാതെ നിയമലംഘനം നടത്തി വാഹനമോടിച്ചെന്നും ഈ വാഹനത്തിനെതിരെ കേസ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

അമിത വേഗതയിലായിരുന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കാന്‍ കോട്ടയം ആര്‍ടിഒ നടപടി ആരംഭിച്ചു. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ആര്‍സി ഉടമ അരുണിനെ ആര്‍ ടി ഒ വിളിച്ചു വരുത്തും.

സൗദിയിൽ ജോലി ചെയ്തുവന്നിരുന്ന ഷാജി രാജൻ റൂമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണുവാൻ വേണ്ടി കരഞ്ഞു വറ്റിയ കണ്ണുകളുമായി കാത്തിരിക്കുകയായിരുന്നു കുടുംബം. അത് ഒന്നും രണ്ടും ദിവസമല്ല, രണ്ടര മാസത്തോളമാണ് ഭാര്യ രാഗിണിയും മക്കളായ അനഘയും അപർണയും അനുഷയും.

വിസയുടെയും പാസ്പോർട്ടിന്റെയും കുരുക്കുകൾ നീക്കി വിമാനത്തിൽ മൃതദേഹമെത്തിക്കാൻ ചെറിയ കടമ്പകൾ അല്ല കുടുംബം ചങ്കുപൊട്ടുന്ന വേദനയിലും അനുഭവിച്ചത്. ഒടുവിൽ മൃതദേഹം നാട്ടിലെത്തിച്ച് കണ്ണീരോടെ വിടചൊല്ലി. അപ്പോഴും, അത് തങ്ങളുടെ പ്രിയപ്പെട്ട പിതാവാണെന്ന് മക്കളും തന്റെ പ്രിയതമനാണെന്ന് രാഗിണിയും തിരിച്ചറിഞ്ഞില്ല. മൃതദേഹം സംസ്‌കരിച്ച് അടുത്ത നാളാണ് സംസ്‌കരിച്ചത് യുപി സ്വദേശി അബ്ദുൾ ജാവേദിന്റെ മൃതദേഹമാണെന്ന്.

വള്ളികുന്നം കാരാഴ്മവാർഡിൽ കണിയാംവയലിൽ 50കാരനായ ഷാജിരാജന്റെ മൃതദേഹം ആകട്ടെ കുടുംബത്തെ കാത്ത് ഉത്തർപ്രദേശിലെ വാരാണസി ഛന്തോലിയിലും കാത്തിരിക്കുന്നുണ്ടായിരുന്നു. ഷാജിരാജന്റെ മൃതദേഹം അഴുകിയതും എംബാം ചെയ്തതുമായതിനാൽ പെട്ടെന്നു സംസ്‌കരിക്കുയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തുറന്നുനോക്കരുതെന്നു നിർദേശവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുടുംബം തുറന്ന് നോക്കിയിരുന്നില്ല.

പിന്നീടാണ് മൃതദേഹം മാറിപ്പോയത് കാർഗോ അധികൃതർ അറിയിച്ചത്. യുപിയിലെത്തിയ ഷാജിരാജന്റെ മൃതദേഹം അബ്ദുൾ ജാവേദിന്റെ കുടുംബത്തിൽനിന്ന് വാരാണസി ജില്ലാഭരണകൂടം ഏറ്റെടുത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ ഷാജിരാജന്റെ മൃതദേഹം യു.പി.യിൽനിന്ന് തിരികെയെത്തിക്കാനുള്ള ഓട്ടത്തിലാണ് ആ കുടുംബം. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹവുമായി ആംബുലൻസ് ഉത്തർപ്രദേശിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെ എത്തും. ഷാജിരാജന്റെ മൃതദേഹവും ഇവിടെയായിരിക്കും സംസ്‌കരിക്കുക. സൗദിയിൽ നിർമാണമേഖലയിലായിരുന്നു ഷാജി രാജൻ ജോലിചെയ്തിരുന്നത്. രണ്ടരമാസത്തോളം മുമ്പ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ആറുദിവസത്തോളം മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നു. ഷാജിരാജനെ കാണാതിരുന്നതിനെത്തുടർന്ന് സുഹൃത്തുക്കൾ തിരക്കിച്ചെന്നപ്പോഴാണു വിവരമറിയുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം. അതിനാൽ എംബാം ചെയ്തിട്ടും മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു.

വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കി ഒളിവിൽ പോയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ പിടിയിൽ. അപകടത്തിനു പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അവിടെ നിന്ന് ഒളിവിൽപോയ 48കാരനായ ജോമോൻ ആണ് പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ കൊല്ലം ചവറയിൽനിന്ന് വടക്കഞ്ചേരി പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

അഭിഭാഷകനെ കാണാൻ കാറിൽ പോകുന്നതിനിടെയാണ് ജോമാൻ പോലീസിന്റെ വലയിലായത്. അതേസമയം, ജോമോനെ രക്ഷിക്കാൻ സഹായിച്ച എറണാകുളം, കോട്ടയം സ്വദേശികളായ രണ്ടു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോമോന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. കുട്ടികളും അധ്യാപകനും ഉൾപ്പടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

തിരുവനന്തപുരത്ത് നിന്നും പത്തൊമ്പതുകാരിയെ കാണാതായതായി പരാതി. പോത്തൻകോട്‌ സ്വദേശിനി സുആദ(19)യെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. തിരുവനന്തപുരം എം ജി കോളേജിലെ ഒന്നാം വർഷ ഫിസിക്‌സ് ബിരുദ വിദ്യാർഥിനിയാണ് സുആദ.കഴിഞ്ഞ മാസം 30-നാണ് തിരുവനന്തപുരത്ത് നിന്നും സുആദയെ കാണാതാകുന്നത്. സുആദയുടെ ബന്ധുക്കൾ പോത്തൻകോട് പോലീസിലും റൂറൽ എസ്പിക്കും പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

കാണാതായ ദിവസം സുആദ ട്യൂഷനെടുത്തിരുന്ന സ്ഥാപനത്തിലേക്കാണ് വീട്ടിൽ നിന്ന് പോയത്. തിരിച്ചുവരാതായതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കന്യാകുളങ്ങരയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുളള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ സുആദ കയറി പോയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.

അതിനുശേഷം മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ല.കന്യാകുളങ്ങരയിലെ ഒരു കടയിൽനിന്ന് സുആദ 100 രൂപ കടം വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. സുആദയുടെ മൊബെെൽ ഫോൺ വീട്ടിൽ നിന്ന് ലഭിച്ചു. അതേസമയം വസ്ത്രങ്ങളടങ്ങിയ ബാഗ് വീട്ടിൽ നിന്നും കൊണ്ടുപോയി എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ട സംഭവത്തിൽ പെൺകുട്ടിയോട് ക്ഷമിക്കുന്നതായി നടി അന്ന രാജൻ. പ്രായത്തിന്റെ പകത്വയില്ലായ്‌മയായി താൻ ഈ സംഭവത്തെ കാണുന്നു. ഭാവിയെ ഓർത്ത് പ്രശ്നം ഒത്തുതീർപ്പ് ആക്കുന്നുവെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു.’ഞാൻ ഒരു ഷോറൂമിൽ സിമ്മിന്റെ പ്രശ്നവുമായി പോയതാണ്. അവർ കുറച്ച് മോശമായി പെരുമാറി. അവർ ഷട്ടറൊക്കെ അടച്ചിട്ടു. ഞാൻ ആകെ പേടിച്ചു പോയി. ഞാൻ കരയുകയായിരുന്നു. ഞാൻ ഒരു മാസ്‌കൊക്കെ ഇട്ടു സാധാരണ പെൺകുട്ടിയായാണ് പോയത്. അവർ മാപ്പൊക്കെ പറഞ്ഞു. 25 വയസുള്ള കുട്ടിയാണ്. പ്രായത്തിന്റെ പകത്വയില്ലായ്മയാണ്. അത് കൂടുതൽ പ്രശ്നമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി ആർക്കും ഇത്തരം ഒരു പ്രശ്നമുണ്ടാകരുത്’

‘അവർ പിടിച്ചു വലിച്ചപ്പോൾ എന്റെ കൈയിൽ ഒരു സ്ക്രാച്ച് വന്നു. അതല്ലാതെ മറ്റൊരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ല. ഷട്ടർ അടച്ചിട്ടപ്പോൾ ഞാൻ വലതും മോഷ്ടിച്ചോ അല്ലെങ്കിൽ എന്തെങ്കിലും അപരാധം ചെയ്തോ എന്നൊക്കെയുള്ള തോന്നൽ വന്നു. അവർക്ക് ഒരു ജീവിതമുണ്ട്. അത് തകരാൻ പാടില്ല. അതിനാൽ പ്രശ്നം ഒത്തുതീർപ്പാക്കി. ഒരാളെയും ഇങ്ങനെ ട്രീറ്റ് ചെയ്യരുത്’, അന്ന രാജൻ വ്യക്തമാക്കി.’അമ്മയുടെ സിം ആയിരുന്നു. രാവിലെ മുതൽ വിളിച്ചിട്ട് കിട്ടുന്നില്ല. അത് ഓഫീസിൽ പറഞ്ഞപ്പോൾ ഐഡി കാർഡ് വേണമെന്ന് പറഞ്ഞു. അവർ കുറച്ച് ഇൻസൾട്ട് ചെയ്യുന്ന രീതിയിൽ സംസാരിച്ചപ്പോൾ ആ മാനേജരുടെ ഫോട്ടോ ഞാനെടുത്തു. അത് ഇഷ്ടമാകാതെ വന്നപ്പോൾ അവർ അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞു. മറ്റൊരാളുടെ ഫോട്ടോ എടുക്കുന്നത് തെറ്റാണ്. അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്. എന്നാൽ നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കാണിക്കുവാനാണ് ഞാൻ ഫോട്ടോ എടുത്തത്. അതിന്റെ പേരിൽ ഷട്ടർ അടച്ച് ഗുണ്ടായിസം പോലെ സംസാരിച്ചപ്പോൾ ഞാൻ പേടിച്ചു പോയി’, എന്നും അന്ന രാജൻ പറഞ്ഞു.

 

അമേരിക്കയിൽ തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുട്ടിയുൾപ്പെടെ നാലംഗ കുടുംബത്തെ ബുധനാഴ്ച കാലിഫോർണിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് വെർൺ വാർങ്കെ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇവരെ കാണാതായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ 48കാരനായ ജീസസ് സൽഗാഡോയെ എന്നയാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു.

പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശികളായ കുടുംബത്തെ തിങ്കളാഴ്ച കാലിഫോർണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയിലെ സ്വന്തം ​ഗ്യാസ് സ്റ്റേഷനിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്. ഈ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ​ഗ്യാസ് സ്റ്റേഷൻ. 8 മാസം പ്രായമുള്ള അരൂഹി ധേരി, 27 കാരിയായ അമ്മ ജസ്‌ലീൻ കൗർ, 36 കാരനായ അച്ഛൻ ജസ്ദീപ് സിംഗ്, 39 കാരനായ അമ്മാവൻ അമൻദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.

കുടുംബാംഗങ്ങളിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനം തിങ്കളാഴ്ച വൈകിയാണ് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരുടെ ബാങ്ക് കാർഡുകളിലൊന്ന് മെഴ്‌സ്ഡ് കൗണ്ടിയിലെ അറ്റ്‌വാട്ടറിലെ എടിഎമ്മിൽ ഉപയോഗിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം നടന്നത്.

തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം ചില്ലറ വ്യാപാരങ്ങളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സ്ഥലമാണ്. തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പൊലീസ് ആരെയെങ്കിലും സംശയിക്കുന്നതായോ പുറത്തുവിട്ടിട്ടില്ലെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ചങ്ങനാശേരി കൊലപാതകത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ അറസ്റ്റില്‍. മാങ്ങാനം സ്വദേശികളായ ബിപിന്‍, ബിനോയ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നും പിടികൂടിയ പ്രതികളെ ഉടനെ തന്നെ ചങ്ങനാശേരിയിലെത്തിക്കും.യുവാവിനെ കൊന്ന് വീടിന്റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ മുഖ്യ പ്രതിയായ മുത്തുകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ബിനോയ്, ബിപിന്‍ എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയനു ശേഷമാണ് മുത്തുകുമാര്‍ കൊല നടത്തിയിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതക ശേഷം ബിപിനും ബിനോയിയും കോയമ്പത്തൂരിലേക്ക് കടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ബെംഗുളുരിവിലേക്ക് കടന്നെന്ന സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. പിന്നാലെ കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിത്.

കൊല്ലപ്പെട്ട ബിന്ദുമോന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് മുത്തുകുമാറിന് സംശയമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ബിന്ദുമോനെ വീട്ടിലേക്ക് വിളുച്ചുവരുത്തി ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് കൊല നടത്തിയെന്നാണ് വിവരം. തറ തുരന്ന് മൃതദേഹം കുഴിച്ചിടുന്നതിനും ബൈക്ക് തോട്ടില്‍ ഉപേക്ഷിക്കുന്നതിനും രണ്ടും മൂന്നും പ്രതികള്‍ സഹായിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡില്‍ കഴിയുന്ന മുത്തുകുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

വടക്കഞ്ചേരി അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ജോജോ പത്രോസ് എന്ന പേരിലായിരുന്നു ഇയാള്‍ ചികിത്സ തേടിയത്. പുലര്‍ച്ചെ ഇയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ലൂമിനസ് ബസിലെ ഡ്രൈവര്‍ ജോമോന്‍ എന്ന ജോജോ പത്രോസിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അപകടത്തിന് ശേഷം വടക്കഞ്ചേരി ഇ കെ നായനാര്‍ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സ തേടിയത്. പുലര്‍ച്ചെ മൂന്നരയോടെ പൊലീസുകാരനാണ് ഇയാളെ കൊണ്ടുവന്നത്. കയ്യിലും കാലിലും ചെറിയ രീതിയിലുള്ള പരുക്കാണ് ഇയാള്‍ക്കുണ്ടായിരുത്.

ആദ്യം അധ്യാപകന്‍ എന്നായിരുന്നു ഇയാള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എറണാകുളത്ത് നിന്ന് ബസിന്റെ ഉടമസ്ഥരെന്ന് കരുതുന്നവര്‍ക്കൊപ്പമാണ് ഇയാള്‍ പോയത്. ബസിന്റെ ഡ്രൈവര്‍ എന്നാണ് ഇവര്‍ പറഞ്ഞതെന്നും ആശുപത്രിയിലെ നഴ്‌സ് പറയുന്നു.

ബസ് ഊട്ടിയിലേക്കുള്ള യാത്രയ്‌ക്കെത്തിയത് വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞയുടനെന്ന് ആരോപണം. ഡ്രൈവര്‍ ക്ഷീണിതനായിരുന്നെന്നും അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പ്രതികരിച്ചു.’വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള ഈ യാത്ര പുറപ്പെട്ടത്. ഡ്രൈവര്‍ നന്നായി വിയര്‍ത്തുകുളിച്ച് ക്ഷീണിതനായിരുന്നു. രാത്രിയാണ് സൂക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ കുഴപ്പമൊന്നുമില്ല ഞാന്‍ വളരെ പരിചയ സമ്പന്നനായ ഡ്രൈവര്‍ ആണെന്നായിരുന്നു അയാളുടെ മറുപടി’, അപകടത്തില്‍പ്പെട്ട കുട്ടിയുടെ മാതാവ് പറഞ്ഞു.

5.30ന് സ്‌കൂള്‍ പരിസരത്ത് എത്തുമെന്ന് അറിയിച്ച ബസ് സ്ഥലത്തെത്തിയത് തന്നെ ഏറെ വൈകിയാണ്. തുടര്‍ന്ന് 6.45 ഓടെ ഊട്ടിയാത്ര ആരംഭിക്കുകയായിരുന്നു.യാത്ര പുറപ്പെട്ടത് മുതല്‍ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികളും പ്രതികരിച്ചു. ബസിന് വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ പരിചയ സമ്പന്നയായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടി. എണ്‍പത് കിലോമീറ്റര്‍ വേഗതയിലാണ് ബസ് ഓടിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.

അപകടത്തില്‍ അന്വഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആന്റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. റോഡിലെ നിയമലംഘനങ്ങല്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി പരുക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.
അപകടത്തില്‍ മരിച്ച ഒന്‍പത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം.

ദീലീപിന് കുരുക്കായി എഫ്എസ്എല്‍ റിപ്പോര്‍ട്ട്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസംഭാഷണങ്ങള്‍ ദിലീപിന്റേത് തന്നെയാണെന്ന് എഫ്എസ്എല്‍ പരിശോധനാഫലം. ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം വ്യക്തമാക്കുന്നു.

ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നു.

ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്എസ്എല്‍ പരിശോധനയില്‍ വ്യക്തമായി. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി താരതമ്യം ചെയ്താണ് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ പരിശോധിച്ചത്.

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് ദമ്പതികളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിവില്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നീഷ്യന്‍ കൊല്ലം സ്വദേശി അജയകുമാര്‍ (55) ഭാര്യ ലിനി (50) എന്നിവരാണ് മരിച്ചത്.ഇവരുടെ 13 വയസുള്ള മകനെ പരുക്കകളോടെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അജയകുമാര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട് മണ്ണെണ്ണ ഒഴിച്ച് വീടിനു തീവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

മകനെയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ അജയകുമാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മകന്‍ പിന്നിലെ വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Copyright © . All rights reserved