ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കാര്യമായ നേട്ടങ്ങള്‍ ഇത്തവണയും ഉണ്ടാക്കാന്‍ കഴിയില്ലന്ന നിഗമനത്തില്‍ കേന്ദ്ര ബി ജെ പി നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന സര്‍വ്വേയിലാണ് കേരളത്തില്‍ നിന്നും ഇത്തവണയും ലോക്‌സഭാ സീറ്റ് പ്രതീക്ഷക്കണ്ടാ എന്ന റിപ്പോര്‍ട്ട് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ സാധ്യതയുളള സീറ്റുകള്‍ ഇടതു പക്ഷം പിടിക്കുമെന്ന റിപ്പോര്‍ട്ടാണ് ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സീറ്റില്‍ ശശി തരൂര്‍ മല്‍സരിക്കാന്‍ സാധ്യതയില്ലങ്കില്‍ മികച്ച ഒരു ഇടതു സ്വതന്ത്രനെ അവതരിപ്പിക്കാനാണ് സി പി എം- സി പി ഐ നേതൃത്വങ്ങള്‍ തിരുമാനിച്ചിരിക്കുന്നത്. ബി ജെപിക്ക് സാധ്യതയുണ്ടെന്ന് അവര്‍ കരുതുന്ന തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ വി എസ് സുനില്‍ കുമാറായിരിക്കും ഇടതു സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബലറാമിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഈ രണ്ടു സ്ഥാനാര്‍ത്ഥികളും മല്‍സരിച്ചാല്‍ ബി ജെ പി കാര്യമായ ഒരു നേട്ടവും ആ മണ്ഡലത്തിലുണ്ടാകില്ലന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബി ജെ പി സംസ്ഥാന പ്രഭാരിയായ പ്രകാശ് ജാവേദ്കര്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടും ഇതിന് സമാനമാണ്.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരിനാഥന്‍ മല്‍സരിച്ചാല്‍ ബി ജെ പിക്ക് കാര്യമായ പ്രതീക്ഷ അവിടെയും വേണ്ടെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം കരുതുന്നത്. കോട്ടയത്ത് കത്തോലിക്കാ സഭയുടെ പിന്തുണയോടെ ഒരു ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെയാണ് ബി ജെ പി ആഗ്രഹിക്കുന്നതെങ്കിലും പരസ്യമായി അത്തരത്തിലൊരു പിന്തുണ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന നിലപാടാണ് സഭ കൈക്കൊണ്ടിരിക്കുന്നത്. എന്നാലും ബി ജെ പി നേതൃത്വം പ്രതീക്ഷ കൈവിട്ടിട്ടില്ല.ഇതോടെയാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച മുന്നേറ്റം കേരളത്തില്‍ നിന്നുണ്ടാക്കാന്‍ കഴിയില്ലന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം എത്തിച്ചേര്‍ന്നത്.

കെ സുരേന്ദ്രനെ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. സുരേന്ദ്രന് സംസ്ഥാനത്തെ ഒരു സാമുദായിക വിഭാഗത്തിന്റെയും പിന്തുണ നേടാന്‍ കഴിയുന്നില്ലന്നാണ് ബി ജെപി കേന്ദ്ര നേതൃത്വം മനസിലാക്കിയിരിക്കുന്നത്.

കേരളാ രാഷ്ട്രീയത്തിലേക്ക് ശശിതരൂരിന്റെ വരവും ബി ജെ പിയുടെ പ്രതീക്ഷകള്‍ക്ക് വലിയ തോതില്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ മറ്റു നേതാക്കളെ എതിര്‍ക്കുന്നത് പോലെ തരൂരിനെ എതിര്‍ക്കാന്‍ ബി ജെ പിക്ക് കഴിയാത്തതും രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുന്നുണ്ടെന്നാണ് ബി ജെ പിനേതൃത്വം കണക്കുകൂട്ടുന്നത്. ബി ജെ പിയിലേക്ക് പോകേണ്ട നിഷ്പക്ഷ വോട്ടുകളെ ശശി തരൂരിന് സ്വാധീനിക്കാന്‍ കഴിയുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്.അത് കൊണ്ട് തന്നെ തരൂര്‍ കോണ്‍ഗ്രസില്‍ നിന്നാലും വേറെ പാര്‍ട്ടിയുണ്ടാക്കി പോയാലും ബി ജെ പിക്ക് യാതൊരു രാഷ്ട്രീയ നേട്ടവും അതുകൊണ്ടുണ്ടാകില്ലന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.