കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡ് പിന്തുണയോടെ സ്ഥാനാര്‍ഥിയാകും. ദിഗ്വിജയ് സിംഗ് മത്സരത്തില്‍നിന്ന് പിന്മാറി. ഖാര്‍ഗെയെ ഇന്ന് രാവിലെ വീട്ടിലെത്തി കണ്ടശേഷമാണ് ദിഗ്വിജയ് സിംഗിന്റെ പിന്മാറ്റം. പ്രമോദ് തിവാരി, പി.എല്‍.പുനിയ എന്നിവര്‍ ഖാര്‍ഗെയുടെ വസതിയില്‍ എത്തി. എ.കെ ആന്റണിയുടെ പിന്തുണയും ഖാര്‍ഗെയ്ക്കെന്നാണ് സൂചന.
ഖാര്‍ഗെ ഉച്ചക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ഇന്ന് 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ശശി തരൂരും ഇന്ന് പത്രിക സമര്‍പ്പിക്കും.
രാജ്യത്തെ എല്ലാ ഭാഗത്തുനിന്നുള്ളവരുടെയും ഒപ്പോടെയാണ് ശശി തരൂര്‍ അഞ്ച് സെറ്റ് നാമനിര്‍ദേശപത്രിക തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില്‍ നിന്ന് എം.കെ രാഘവന്, കെ.സി അബു, ശബരീനാഥന് അടക്കം 10 പേര് ഒപ്പ് വച്ചിട്ടുണ്ട്.
മല്‍സരം ഒഴിവാക്കാന്‍ അവസാന നിമിഷം വരെ ശ്രമം തുടരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചു. പത്രിക പിന്‍വലിക്കാന്‍ തയാറായാല്‍ ശശി തരൂരിനെ പ്രവര്‍ത്തക സമിതിയംഗമാക്കിയേക്കും.
സൂപ്പര്‍ താരം സുരേഷ് ഗോപി രാഷ്ട്രീയത്തിനൊപ്പം തന്നെ സിനിമകളിലും സജീവമാവുകയാണ് ഇപ്പോള്‍. പുതുതായി ഇറങ്ങാനിരിക്കുന്ന മേ ഹൂം മൂസ സിനിമയുടെ പ്രമോഷന് പരിപാടികളില്‍ പങ്കെടുത്ത് വിസ്മയിപ്പിക്കുകയാണ് താരം ഇപ്പോള്‍. പരിപാടികളില്‍ തമാശകള്‍ പറഞ്ഞും പഴയ സിനിമാനുഭവങ്ങള്‍ പങ്കുവെച്ചും ചിരിപ്പിക്കാനും താരം മടിക്കുന്നില്ല.
ചൂടനായ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രസിപ്പിക്കുന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത് കാണാന്‍ ആരാധകര്‍ക്കിഷ്ടം. എന്നാല്‍ പൊതുവേദികളിലടക്കം കലിപ്പന് ആയാണ് താരത്തെ പൊതുവെ കാണാറുള്ളത്. എന്നാല്‍ മേം ഹും മൂസ ചിത്രീകരണത്തിന് ശേഷം താന്‍ മാറിയെന്ന് പറയുകയാണ് സുരേഷ് ഗോപി തന്നെ.
സുരേഷ് ഗോപിയോട് തന്നെ ഇക്കാര്യത്തെ കുറിച്ച് ബീ ഇറ്റ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ ചോദ്യമുന്നയിച്ചിരുന്നു. വീട്ടിലും മറ്റും ഇങ്ങനെ തമാശകളൊക്കെ പറയാറുണ്ടോയെന്നും എല്ലാവരെയും എന്റര്ടെയ്ന് ചെയ്യാറുണ്ടോയെന്നുമുള്ള ചോദ്യത്തോട്, താന്‍ അങ്ങനെ വലിയൊരു തമാശക്കാരനല്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
പലപ്പോഴും പറയുന്നവിധം കൊണ്ട് പലതും തമാശയായി പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ അങ്ങനെ ഒരാളാണോയെന്ന് എനിക്കറിയില്ല. മേ ഹൂം മൂസ ചെയ്തതിന് ശേഷം ഈ സ്വഭാവം കുറച്ച് കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. ഈ സിനിമയില്‍ കുറെ ക്ഷുദ്രജീവികള്‍ എന്റെ കൂടെ കൂടി. അതോടെയാണ് ഈ മാറ്റമുണ്ടായതെന്നാണ് താരം തുടര്‍ന്ന് പറഞ്ഞത്.
നടന്മാരായ ഹരീഷ് കണാരന്, കണ്ണന് സാഗര്‍, ശശാങ്കന് അങ്ങനെ കുറെ പേര് ഈ സിനിമയിലുണ്ട്. അവരെല്ലാവരുടെയും കൂടെ കൂടി ഞാന്‍ ഇങ്ങനെ ആയിപ്പോയെന്ന് തോന്നുന്നു. പക്ഷെ അവരൊക്കെ പറയുന്നത് ക്രിയേറ്റീവ് ഹ്യൂമറാണ്. എന്നാല്‍ ഞാന്‍ പറയുന്നത് ആ പറയുന്ന വിധം കൊണ്ട് തമാശയായി പോകുന്നതാണ്. ഞാന്‍ ആത്മാര്‍ത്ഥമായിട്ടാണ് എല്ലാം പറഞ്ഞത്’- എന്നും താരം വിശദീകരിച്ചു.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസയില്‍ റിട്ടയേര്‍ഡ് പട്ടാളക്കാരനായ മുഹമ്മദ് മൂസയെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സിനിമയില്‍ അശ്വിനി റെഡ്ഡി, പൂനം ബജ്വ, സുധീര്‍ കരമന, സൈജു കുറുപ്പ്, ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്, മേജര്‍ രവി, മിഥുന് രമേഷ്, ശശാങ്കന് മയ്യനാട്, ശ്രിന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിളച്ച പാൽ ശരീരത്തിലൂടെ വീണു സാരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി ഒടുവിൽ മരണത്തിന് കീഴടങ്ങി. പാലമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്നം പയ്യമ്പള്ളി പ്രിൻസ് തോമസിന്റെയും ദിയ മാത്യുവിന്റെയും ഏക മകൾ സെറ മരിയ പ്രിൻസാണ് ആണ് ലോകത്തോട് വിടപറഞ്ഞത്.
കഴിഞ്ഞ 12ന് പൊള്ളലേറ്റ സെറ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 16 ദിവസത്തോളം മരണത്തോട് മല്ലടിച്ചാണ് സെറ മരണം വരിച്ചത്. രാവിലെ ചായ ഉണ്ടാക്കുന്നതിനായി അമ്മ ദിയ സ്റ്റൗവിൽ നിന്നും തിളച്ച പാൽ വാങ്ങിയെടുക്കുന്നതിനിടെ ആണ് അപകടം നടന്നത്.
ദിയയുടെ പിന്നിലൂടെ ഓടിയെത്തിയ കുഞ്ഞ് അപ്രതീക്ഷിതമായി വസ്ത്രത്തിൽ പിടിച്ചു വലിച്ചപ്പോൾ പാൽപാത്രം മറിഞ്ഞു കുഞ്ഞിന്റെ ദേഹത്തു വീഴുകയായിരുന്നു. ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ ഇടതുവശത്തു സാരമായി പൊള്ളലേറ്റിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വ്യാഴാഴ്ച പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു. ഒമാനിൽ ജോലി ചെയ്യുന്ന പ്രിൻസ് കുഞ്ഞിന്റെ മരണ വിവരം അറിഞ്ഞാണ് നാട്ടിലെത്തിയത്.
ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത പ്രമോദ് ഇപ്പോൾ ആരാധകരുടെ പ്രിയ നായികമാരില്‍ ഒരാളാണ്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ് നമിത ആദ്യമായി നായികയായി അഭിനയിച്ചത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഫാഷനിൽ വ്യത്യസ്തത പുലർത്തുന്ന നമിതയുടെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്. ഈശോ ആണ് നമിതയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.
ജയസൂര്യ നായകനാവുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നാദിർഷയാണ്. ഒക്ടോബർ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സംവിധായകൻ ലാൽ ജോസ് തന്നോട് ഒരിക്കൽ ദേഷ്യപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത. വിക്രമാദിത്യൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. ഗാനരംഗത്തിൽ വരികൾ തെറ്റായി പറഞ്ഞതാണ് ലാൽ ജോസ് വഴക്ക് പറഞ്ഞതിന് കാരണം. എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്ക് പറഞ്ഞപ്പോൾ താൻ വിളറിപ്പോയെന്നും നമിത പറഞ്ഞു.
‘ലാലു അങ്കിൾ എനിക്ക് അച്ഛനെ പോലെയാണ്. വിക്രമാദിത്യൻ സിനിമ ചെയ്യുന്ന സമയത്ത് അതിലൊരു കൊങ്കിണി ലൈൻ ഉണ്ട്. പാട്ടിനിടയ്ക്ക്. എനിക്കിപ്പോഴും അതറിഞ്ഞുകൂട. ഏഴെട്ട് ലൈൻ ഉള്ള കൊങ്കിണി വരി പാടാൻ പറഞ്ഞു. അപ്പോൾ ഞാൻ പുള്ളിയെ പറ്റിക്കാൻ വേണ്ടി തെറ്റായി പാടി. (ക്യാമറ) വൈഡാണോ ക്ലോസ് ആണോ വെക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. ഫോർട്ട് കൊച്ചിയിലെ എല്ലാവരും നിൽക്കുകയാണ്’
‘മൈക്കിൽ കൂടെ കഴുതേ, പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടീ, എന്ന് പറഞ്ഞു. ഞാനിങ്ങനെ ചുവന്ന് വിളറി വെളുത്തു. പുള്ളി ഇത് കോമഡി ആയും സീരിയസ് ആയിട്ടും ഒക്കെയായിരിക്കും പറയുന്നത്. പക്ഷെ ഞാൻ നോക്കുന്നത് അതല്ല, എല്ലാവരും കേൾക്കുന്നുണ്ട്,’ നമിത ചിരിച്ചു കൊണ്ട് പറഞ്ഞു.
വിക്രമാദിത്യൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ലാൽ ജോസ് ചിത്രങ്ങളിൽ നമിത പ്രമോദ് ആയിരുന്നു നായിക. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെ നായകരാക്കി ലാൽ ജോസ് ചെയ്ത ചിത്രമാണ് വിക്രമാദിത്യൻ. 2014 ൽ പുറത്തിറങ്ങിയ സിനിമ വൻ വിജയമാണ് നേടിയത്.ഗുരുസോമസുന്ദരം, ബേസിൽ ജോസഫ് എന്നിവർ അഭിനയിക്കുന്ന കപ്പ് എന്ന സിനിമയിലും നമിത പ്രമോദ് ആണ് നായിക.
ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുണ്ടായേക്കില്ലെന്ന് റിപോര്‍ട്ട്. പുറംവേദനയെ തുടര്‍ന്നുള്ള പരിക്കാണ് ബുംറയ്ക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 കളിക്കാന്‍ ബുംറ കളിച്ചിരുന്നില്ല. ചൊവ്വാഴ്ച നടന്ന ഇന്ത്യയുടെ പരിശീലന സെഷനിലാണ് താരത്തിന്റെ പരിക്ക് റിപോര്‍ട്ട് ചെയ്തത്. ബിസിസിഐ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയതായും ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
ബിസിസിഐ മെഡിക്കല്‍ ടീമുമായും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുമായും താരത്തിന്റെ പരിക്ക് വിശദമായി പരിശോധിക്കുന്നതായും ബുംറ ശസ്ത്രക്രിയക്ക് വിധേയനാകുമോ എന്നും വ്യക്തമല്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ‘താരത്തിന്റെ പരിക്ക് ശുഭസൂചനയല്ലെന്നും താരം ലോകകപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകില്ലെന്നും തോന്നുന്നു. മെഡിക്കല്‍ സംഘം വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും’ ബിസിസിഐ ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു.
നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ബുംറയ്ക്ക് ഏഷ്യാകപ്പ് നഷ്ടമായെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടി20 പരമ്പരകള്‍ക്ക് ഫിറ്റ്നസ് നിലനിര്‍ത്തിയിരുന്നു. ഈ വര്‍ഷം ജൂലൈ മുതല്‍ ബുംറ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ബുംറയുടെ അഭാവത്തില്‍ സീനിയര്‍ ദേശീയ സെലക്ഷന് കമ്മിറ്റി അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനായി സ്റ്റാന്‍ഡ് ബൈയായി മുഹമ്മദ് ഷമിയെയോ ദീപക് ചാഹറിനെയോ തിരഞ്ഞെടുത്തേക്കും.
‘ബുംറയുടെ അഭാവം ഇന്ത്യന്‍ ടീമിനെ എത്രമാത്രം ബാധിച്ചെന്ന് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കിയിരുന്നു. ‘ബുംറ വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം അവതരിപ്പിച്ച രീതി അതിശയകരമാണ്. അവന് ഒരു ആക്രമണാത്മക ബൗളറാണ്, അത്തരമൊരു ബൗളര്‍ ടീമിന്റെ ഭാഗമല്ലെങ്കില്‍ അത് ടീമിന് ബാധിക്കും’ രോഹിത് ശര്‍മ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്നതിനെ കുറിച്ച് ചോദിച്ച വിദ്യാർത്ഥിനിയോട് കയർത്ത് ഐഎഎസ് ഉദ്യാഗസ്ഥ. 9-10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. ഇരുപത്, മുപ്പത് രൂപയ്ക്ക് നാപ്കിൻ നൽകാൻ സർക്കാരിനു കഴിയുമോ എന്നായിരുന്നു വിദ്യാർഥിനിയുടെ ചോദ്യം.
പിന്നാലെ ഇങ്ങനെ പോയാൽ ഗർഭനിരോധന ഉറവരെ നിങ്ങൾ ആവശ്യപ്പെടുമല്ലോ’ എന്ന വനിത-ശിശുവികസനക്ഷേമ വകുപ്പ് മേധാവി ഹർജോത് കൗർ ഭംറ പറഞ്ഞത്. ”നാളെ നിങ്ങൾപറയും സർക്കാർ ജീൻസ് നൽകണമെന്ന്, അതുകഴിഞ്ഞ ഷൂസ് നൽകണമെന്ന് പറയും. പിന്നെ കുടുംബാസൂത്രണത്തിനുള്ള ഉപാധി, ഗർഭനിരോധന ഉറ നൽകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കും. ഭംറ പറഞ്ഞു. ഇതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
എന്നാൽ ഭംറയുടെ മറുപടിയിൽ പതറാതെ ജനങ്ങൾ വോട്ടുചെയ്താണ് സർക്കാരുണ്ടാകുന്നതെന്ന് വിദ്യാർഥിനി മറുപടി പറഞ്ഞു. ഇതോടെ ”നിങ്ങൾ പാകിസ്താനി ആകുകയാണോ, പണത്തിനും സേവനത്തിനുംവേണ്ടിയാണോ വോട്ടുചെയ്യുന്നത്” എന്നും മറുപടി പറഞ്ഞ് ഉദ്യോഗസ്ഥ നേരിട്ടു. ഇതിനും വായടപ്പിക്കുന്ന മറുപടിയാണ് പെൺകുട്ടി നൽകിയത്.
താൻ ഇന്ത്യാക്കാരിയാണെന്നും എന്തിനാണ് പാകിസ്താനിയാവുന്നതെന്നുമാണ് പെൺകുട്ടി മറുപടി നൽകിയത്. അതേസമയം, പരാമർശം വിവാദത്തിൽ കലാശിച്ചതോടെ വിശദീകരണവുമായി ഐഎഎസ് ഉദ്യോഗസ്ഥ തന്നെ രംഗത്ത് വന്നു. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് ഭംറ വിശദീകരണം നൽകിയത്.
സ്കൂട്ടറിൽ കോളേജിലേയ്ക്ക് പോകാനിറങ്ങിയ വിദ്യാർത്ഥിനി ലോറിയിടിച്ച് മരിച്ചു. വിയ്യൂർ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകൾ റെനിഷയാണ് ദാരുണമായി മരിച്ചത്. 22 വയസായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു റെനിഷയുടെ മരണം. വീട്ടിൽനിന്ന് സ്കൂട്ടറിൽ റോഡിലേക്ക് ഇറങ്ങുന്നതിനിടെ റെനിഷയെ പാഞ്ഞെത്തിയ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഈ സമയം മകൾ കോളേജിലേയ്ക്ക് പോകുന്നത് അമ്മ മുറ്റത്തുനിന്ന് നോക്കിനിൽക്കുന്നുണ്ടായിരുന്നു. അമ്മ സുനിത തന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. തൃശൂർ – വിയ്യൂർ റോഡ് സൈഡിലാണ് റെനിഷയുടെ വീട്.
വീട്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങി മറുവശത്തേക്ക് കടക്കുന്നതിനിടെയായിരുന്നു ലോറി ഇടിച്ചു തെറിപ്പിച്ചത്. യുവതിയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങിയിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ഒന്നരവർഷംമുൻപാണ് റെനിഷയുടെ പിതാവ് രാമകൃഷ്ണൻ മരിച്ചത്.
കൊവിഡ് ആണ് രാമകൃഷ്ണന്റെ ജീവൻ എടുത്തത്. തുടർന്ന് വീടുകളിൽ ട്യൂഷൻ എടുത്ത് പഠനത്തിനായി വരുമാനം കണ്ടെത്തുകയായിരുന്നു റെനിഷ. രേഷ്നയാണ് സഹോദരി. അരണാട്ടുകര ജോൺമത്തായി സെന്ററിലെ എംബിഎ വിദ്യാർഥിനിയാണ് റെനിഷ. വീടിനോട് ചേർന്ന് സുനിത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. ദുരന്തം തുടർക്കഥയായതിന്റെ തീരാനൊമ്പരത്തിലും ഞെട്ടലിലുമാണ് കുടുംബം.
ആറുവയസ്സുകാരി മകളെയും കൊണ്ട് പുഴയില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. ഏറണാകുളം ജില്ലയിലാണ് നടുക്കുന്ന സംഭവം. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജു (36) ആണ് മകള്‍ ആര്യനന്ദയുമായി (6) പുഴയില്‍ ചാടിത്.
ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്നാണ് ലൈജു മകളുമായി പുഴയില്‍ ചാടിയത്. സംഭവസ്ഥലത്തെത്തിയ പൊലീസും അഗ്നിശമനസേനയും ചേര്‍ന്ന് മകള്‍ക്കായി തിരച്ചില്‍ തുടരുന്നു. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പുതുവാശ്ശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. അഞ്ച് വര്‍ഷത്തോളമായി ലൈജുവിന്റെ ഭാര്യ സവിത ദുബായില്‍ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയാണ്. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ അടുത്ത മാസം നാട്ടില്‍ വരുമെന്ന് സവിത അറിയിച്ചിരുന്നു.
എന്നാല്‍ രോഗബാധിതയായ അമ്മ അവശനിലയിലായതിനാല്‍ സവിത ഇന്നു ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായത്. സ്കൂള്‍ ബസിലാണ് സാധാരണയായി ആര്യയെ സ്കൂളിലേക്ക് അയയ്ക്കുന്നത്. എന്നാല്‍ ഇന്നു രാവിലെ അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞ് ലൈജു മകളെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടു പോയി.
ശേഷം മകളുമായി പുഴയില്‍ ചാടുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ഇനി ഇങ്ങനെ ജീവിക്കാനാവില്ല, ഞാനും മകളും മരിക്കുന്നുവെന്ന് വാട്സാപ്പിലെ കുടുംബഗ്രൂപ്പില്‍ ലൈജു മെസ്സേജ് അയച്ചിരുന്നു. ഇത് കണ്ടതോടെ ബന്ധുക്കള്‍ ലൈജുവിനായി തെരച്ചില്‍ ആരംഭിച്ചു.
അതിനിടെയാണ് ആലുവ പുഴയുടെ തീരത്ത് ലൈജുവിന്റെ ബൈക്ക് കണ്ടെത്തിയത്. തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.അത്താണി അസീസി സ്കൂളിലെ വിദ്യാര്‍ഥിയാണ് ആര്യ. മൂത്ത മകന് അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വസ്ത്രധാരണത്തിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി ഭാവന. തന്നെ മാനസികമായി തളര്‍ത്താന്‍ വേണ്ടിയാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണം ആസൂത്രിതമാണ്. വസ്ത്രമുള്ളത് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് മോശം കമന്റുകള്‍ ഇടുന്നതെന്നും ഭാവന പറയുന്നു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ താരം ഗ്ലാമറസ് ലുക്കിലെത്തിയതാണ് തെറ്റായി പ്രചരിപ്പിച്ചത്.
‘ഫോട്ടോ പോസ്റ്റ് ചെയ്ത ആദ്യ ദിവസങ്ങളില്‍ ആരും ഒന്നും പറഞ്ഞില്ല. പിന്നീട് വളരെ പെട്ടെന്നാണ് ഫോട്ടോ വൈറലായത്. പിന്നാലെ മോശമായിട്ടുള്ള കമന്റുകളും അഭിപ്രായങ്ങളും വന്നു. വസ്ത്രം കാണുമ്പോള്‍ മനസിലാകും. ടോപ്പിടുമ്പോഴോ മറ്റേതെങ്കിലും വസ്ത്രം ധരിക്കുമ്പോഴോ സ്ത്രീകള്‍ സാധാരണയായി ധരിക്കുന്ന ഡ്രസ് ആണത്.” വസ്ത്രമാണെന്ന് മനസിലാക്കിയിട്ടുമാണ് ചിലര്‍ മോശം പ്രതികരണം നടത്തുന്നതെന്നും ഭാവന പറഞ്ഞു.
പ്രതികരണങ്ങള്‍ അതിര് വിട്ട സാഹചര്യത്തിലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു. കുറേ ആളുകള്‍ പറയുന്നുണ്ട് നിങ്ങള്‍ക്ക് കണ്ണ് കാണുന്നില്ലേ? വസ്ത്രം കാണുന്നില്ലേ എന്ന്? സ്കിന്‍ കളര്‍ ഡ്രസ് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് പിന്നേയും മോശം കമന്റുകള്‍ വന്നത്. കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. ഞാനെന്നല്ല ആരും വെറുതെ ഒരു കഷ്ണം തുണി മാത്രം ധരിച്ച് പുറത്ത് പോകില്ലല്ലോ. എന്നിട്ടും ഇതെന്താ ഇങ്ങനെ എന്ന് തോന്നിയിരുന്നു.”
അതേസമയം, മാനസികമായി തളര്‍ത്താന്‍ വേണ്ടിയാണ് ഈ ആക്രമണം എന്നാണ് മനസിലാക്കാന്‍ പറ്റുന്നത്. വസ്ത്രമുള്ളത് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് മോശം കമന്റുകള്‍ ഇടുന്നത്. എന്റെ ഒരു സുഹൃത്ത് പറഞ്ഞു. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ പാടാണ്. അത് കൃത്യമാണെന്ന് എനിക്ക് തോന്നി. മനപൂര്‍വ്വമായുള്ള ശ്രമമാണിത്. തെറ്റിദ്ധരിച്ച ആള്‍ക്കാരുണ്ടെങ്കില്‍ അത് മാറട്ടേ എന്ന് വിചാരിച്ചാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതെന്ന് ഭാവന പറയുന്നു.
വിശദീകരിക്കേണ്ട ആവശ്യമില്ല. മനസിലാക്കുന്നവര്‍ മനസിലാക്കട്ടെ എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ, ഇത് തുടരുകയാണെന്ന് ഒരുപാട് പേര് വിളിച്ചറിയിച്ചതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചത്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ എന്നേക്കുറിച്ച് വളരെ മോശമാക്കി സംസാരിക്കുന്ന, എന്നെ ഒന്ന് നേരിട്ടുപോലും കാണാത്ത, ഞാന്‍ ആരാണെന്ന് പോലും അറിയാത്ത ആളുകള്‍ വളരെ ഈസി ആയി ഇങ്ങനെ വിധിക്കുമ്പോള്‍, ഇങ്ങനെ പറയുമ്പോള്‍..
ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ഒരുപാട് വേദനിച്ചിട്ടുള്ള ആളാണ് ഞാന്‍. എങ്ങനെയാണ് ഒരാള്‍ക്ക് മറ്റൊരാളെക്കുറിച്ച് ഇങ്ങനെ പറയാന്‍ കഴിയുന്നത് എന്ന് ഞാന്‍ ആലോചിച്ചു. വിട്ടുകളയാം പോട്ടേ. പോട്ടേ എന്ന് കരുതി. ഒരു പോയിന്റിലെത്തിയപ്പോള്‍ എനിക്ക് തോന്നി. ഞാന്‍ പ്രതികരിക്കേണ്ടതാണ് എന്നും ഭാവന പറഞ്ഞു.
സിനിമാ പ്രമോഷന് ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പന്തീരാങ്കാവ് പോലീസാണ് കേസ്സെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പോലീസ് നിര്‍ദേശിച്ചു.
കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷന് ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് രണ്ട് നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. സംഭവത്തെ കുറിച്ച് ഒരു നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. മറ്റൊരു നടി തന്നെ ശല്ല്യപ്പെടുത്തിയയാളെ അടിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.
വനിത പോലീസ് ഉദ്യോഗസ്ഥര്‍ നടിമാരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്. ഒരു പരിപാടിക്കിടെ സംഭവിച്ചതാണെങ്കിലും വ്യത്യസ്ത സംഭവങ്ങളായതിനാലാണ് വെവ്വേറെ കേസ്സുകളെടുത്തത്.
സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്ക് ഉടന്‍ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും. മാള്‍ അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
വിദൂര ദൃശ്യങ്ങളായതിനാല്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിലുളളയാള്‍ കോഴിക്കോട്ടുകാരനെന്നാണ് വിവരം. ഇയാള്‍ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പോലീസ് നല്കുന്ന വിവരം.
കൂടുതല്‍ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും കൈമാറാന്‍ സംഘാടകരോട് പോലീസ് ആവശ്യപ്പെട്ടു. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടായോ എന്നതുള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്