India

ഭീഷണിപ്പെടുത്തി അശ്ലീല വെബ്‌സീരിസിൽ അഭിനിയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ സംവിധായിക ലക്ഷ്മി ദീപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മുൻ‌കൂർ ജാമ്യത്തിനായി ലക്ഷ്മി ദീപ്ത ശ്രമിച്ചെങ്കിലും ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. തിരുവനന്തപുരം അരുവിക്കര പോലീസാണ് ലക്ഷ്മി ദീപ്തയെ അറസ്റ്റ് ചെയ്തത്.

യെസ്‌മ എന്ന ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത വെബ് സീരിസിൽ ഭീഷണിപ്പെടുത്തിയാണ് അഭിനയിപ്പിച്ചതെന്ന് യുവാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇത് കൂടാതെ ഇതേ വെബ്‌സീരിസിൽ അഭിനയിച്ച യുവതിയും പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവാവ് ലക്ഷ്മി ദീപ്തയ്ക്കെതിരെയും യെസ്‌മയ്‌ക്കെതിരെയും പോലീസിൽ പരാതി നൽകിയത്.

അശ്ലീല ചിത്രമാണ് എന്ന് പറയാതെയാണ് അഭിനയിപ്പിച്ചതെന്നും സിനിമയുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തതിന് ശേഷമാണ് കരാറിൽ ഒപ്പ് വെപ്പിച്ചതെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. പിന്നീടാണ് അശ്ലീല ചിത്രമാണെന്ന് മനസിലായതെന്നും തുടർന്ന് ഭീഷണിപ്പെടുത്തിയാണ് ചിത്രത്തിൽ അഭിനയിപ്പിച്ചെതെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു.

അരുവിക്കരയിലെ ഫ്ലാറ്റിൽവെച്ചാണ് അശ്ലീല ചിത്രം ഷൂട്ട് ചെയ്തത്. അഭിനയിക്കില്ലെന്ന് പറഞ്ഞപ്പോൾ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ടെന്നും യുവാവ് പറയുന്നു. അതേസമയം എല്ലാം പറഞ്ഞുറപ്പിച്ച ശേഷമാണ് യുവാവ് അഭിനയിച്ചതെന്നാണ് ലക്ഷ്മി ദീപ്തയുടെ വിശദീകരണം.

തിരുവനന്തപുരം മംഗലപുരത്തിന് വേദനയായി ആതിരയുടെ (25) മരണം. ഇന്നലെ ലണ്ടനില്‍ കാറിടിച്ച് മരിച്ച ആതിര മംഗലപുരം സ്വദേശിയാണ്. രണ്ടു മാസം മുന്‍പാണ് ഒരു വയസും രണ്ടുമാസവും മാത്രം പ്രായമുള്ള യാമിനിയെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് ആതിര ലണ്ടനിലേക്ക് തിരിച്ചത്.

ഇവരുടെ ബന്ധുക്കള്‍ പലരും ലണ്ടനിലുണ്ട്. അതുകൊണ്ട് തന്നെയാണ് ലണ്ടനില്‍ പഠിക്കാനായി ആതിര കൂടി യാത്ര തിരിച്ചത്. മസ്ക്കറ്റിലുള്ള രാഹുലാണ് ഭര്‍ത്താവ്. ഭര്‍തൃ സഹോദരിയും ലണ്ടനിലാണ്. ഇതെല്ലാം കോഴ്സ് ചെയ്യാന്‍ ആതിരയ്ക്ക് പ്രേരണയായി. പുതുജീവിതം തേടിയാണ് ആതിര ലണ്ടനിലേക്ക് യാത്രയായത്. പക്ഷെ യാത്ര മരണത്തിലേക്കാണ് യുവതിയെ നയിച്ചത്. തിങ്കളാഴ്ചയോടെ മൃതദേഹം ലണ്ടനില്‍ നിന്നു വീട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം.

മംഗലപുരത്ത് സജീവമായിരുന്ന ആതിരയുടെ പെട്ടെന്നുള്ള മരണം നാട്ടില്‍ നടുക്കമാണ് ഉണ്ടാക്കിയത്. ആതിരയുടെ അച്ഛന്‍ അനില്‍കുമാര്‍ മുന്‍പ് ഗള്‍ഫിലായിരുന്നു. പിന്നെ നാട്ടില്‍ വന്നു കടയിട്ടു. പിന്നീട് കട ഒഴിവാക്കി. ഇപ്പോള്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലിയ്ക്ക് പോവുകയാണ്. അമ്മ ലാലി വീട്ടമ്മയാണ്. ഒരു സഹോദരനുണ്ട്.

മരണമരണമറിഞ്ഞതോടെ മാതാപിതാക്കള്‍ തളര്‍ന്ന അവസ്ഥയിലാണ്. രണ്ടു മാസം മുന്‍പ് മാത്രം പോയ മകള്‍ ഇനി തിരികെ വരില്ലെന്നത് സഹിക്കാന്‍ വയ്യാത്ത വേദനയാണ് വീട്ടിലുണ്ടാക്കിയത്. ഒരു വയസുമാത്രം പ്രായമുള്ള യാമിനിയുടെ കാര്യമോര്‍ത്താണ് പലരും വേദനിക്കുന്നത്. ആതിരയുടെ അമ്മയാണ് യാമിനിയെ നോക്കുന്നത്.

ഭര്‍ത്താവായ രാഹുല്‍ മസ്ക്കറ്റില്‍ നിന്നും വീട്ടിലെത്തിയിട്ടുണ്ട്. രാഹുല്‍ കൂടി എത്തിയതോടെ വീട് സങ്കടക്കടലായി മാറി. ആതിരയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴികളാണ് ബന്ധുക്കള്‍ തേടുന്നത്. കാരമൂടുള്ള ബിഷപ്പ് പെരേര ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. തോന്നയ്ക്കല്‍ എജി കോളെജിലായിരുന്നു ഡിഗ്രിയ്ക്ക് പഠിച്ചത്.

ഡിഗ്രിയ്ക്ക് ശേഷം വിവാഹമായി. നാല് വര്‍ഷം മുന്‍പാണ് ആതിരയും രാഹുലും തമ്മിലുള്ള വിവാഹം നടക്കുന്നത്. ചിറയിന്‍കീഴ് സ്വദേശിയാണ് രാഹുല്‍. വീട്ടുകാര്‍ തമ്മിലുള്ള ആലോചനകള്‍ക്ക് ശേഷം നടന്ന വിവാഹമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ബന്ധുക്കളെയും ഈ മരണം ഉലയ്ക്കുകയാണ്.

ഇന്ത്യന്‍ സമയം രാവിലെ എട്ടരയോടെയാണ് ലണ്ടനില്‍ കാറിടിച്ച് പരിക്കേറ്റ് ആതിര ഇന്നലെ മരിച്ചത്. ആതിര ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കുമ്പോൾ ബസ് സ്റ്റോപ്പിലേക്കു നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ആതിര മരിച്ചു. ഒരു ഫിലിപ്പിയന്‍ യുവതിയാണ് കാറോടിച്ചത് എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

ആതിരയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സുരേഷ് ഗോപിയും ഇടപെട്ടിട്ടുണ്ട്. കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആതിരയുടെ ലീഡ്സിലുള്ള കസിൽ ബ്രദറുമായും മലയാളി അസോസിയേഷൻ ഭാരവാഹികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.

പ്രാരംഭ ഓഹരി വില്‍പ്പനയില്‍ നിന്നും പെട്ടന്നുള്ള പിന്മാറ്റത്തിന് പിന്നാലെ ജോയ് ആലൂക്കാസിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയിഡ്. തൃശൂരിലെ ഹെഡ് ഓഫീസുകളില്‍ അടക്കമാണ് പരിശോധന നടന്നത്. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ഇ ഡി റെയ്ഡ്. കൊച്ചിയില്‍ നിന്നുളള ഇ ഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഹവാല ഇടപാടിനെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇഡി ഉദ്യോഗസ്ഥര്‍ ചില മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു. കേരളത്തില്‍ ജോയ് ആലുക്കാസിന്റെ തൃശൂരിലെ വീട്ടിലും റെയിഡ് നടത്തിയിരുന്നു. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയ് ആലുക്കാസ് ഉള്‍പ്പെട്ട ഹവാല ഇടപാടിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പിടിച്ചെടുത്ത രേഖകളും ഉപകരണങ്ങളും പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കമ്പനി തൃപ്തികരമായ മറുപടി നല്‍കിതായാണ് പുറത്തു വരുന്ന വിവരം.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട ഇന്ത്യയിലെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി.
സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് കമ്പനി ഐപിഒ പിന്‍വലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിന്‍വലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല. സാമ്പത്തിക മാന്ദ്യ സാധ്യത പരിഗണിച്ച് ഐപിഒയില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് തളളിയിരുന്നു.

ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ജോയ് ആലുക്കാസിന് 68 നഗരങ്ങളില്‍ ഷോറൂമുകള്‍ ഉണ്ട്. 11 രാജ്യങ്ങളിലായി 130 ജൂവല്‍റി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്. എന്നാല്‍, ഇഡി റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ ജോയ് ആലുക്കാസ് തയാറായിട്ടില്ല.

കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന വിളംബര ജാഥ തോമസ് ചാഴികാടൻ എം.പി. ഫ്ളാഗ് ഓഫ് ചെയ്തു. എഴുപതുകളിലെ സിനിമ പ്രചാരണത്തിന്റെ ഗൃഹാതുര സ്മരണകളുണർത്തി അക്ഷര നഗരിയിൽ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ വിളംബര ജാഥ. മേളയിലൂടെ കോട്ടയം നഗരത്തിന് അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുമെന്നും പൊതുജനങ്ങൾക്കിടയിൽ സാമൂഹിക ബോധം വളർത്തിയെടുക്കുന്നതിന് ചലച്ചിത്ര മേളകൾ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ (83 ) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

ശ്വാസംമുട്ടല്‍ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെ നാളായി ശ്വാസംമുട്ടലിന് ചികിത്സയിലായിരുന്നു.

നടിയും അടുത്ത സുഹൃത്തുമായ സുബി സുരേഷിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിന് മുന്നേയാണ് ധര്‍മ്മജന് അമ്മയെ കൂടി നഷ്ടമായിരിക്കുന്നത്.

സംസ്കാരം നാളെ ചേരാനല്ലൂർ ശ്മശാനത്തിൽ നടക്കും.

തൊടുപുഴ മലങ്കര ജലാശയത്തിലെ ദ്വീപിൽ കുട്ടവഞ്ചിയില്‍ കൊണ്ടുപോയി പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി പോലീസ്‌ അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ അന്വേഷിക്കുന്നതിൻ്റെ ഭാഗമായി പൊലീസ് മലങ്കര ജലാശയത്തിലെ തുരുത്തില്‍ പരിശോധന നടത്തി. കേസിലെ പ്രതി മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തില്‍ ഉദയലാല്‍ ഘോഷിനായാണ്‌ മുട്ടം പോലീസ്‌ പരിശോധന നടത്തിയത്‌. ഇക്കഴിഞ്ഞ ജനുവരി 26നാണ്‌ ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്.

ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സമീപ ജില്ലയിലെ ട്രൈബല്‍ ഹോസ്‌റ്റലില്‍ നിന്നാണ്‌ പെൺകുട്ടി പഠിച്ചുകൊണ്ടിരിക്കുന്നത്. ഈ പെൺകുട്ടിയുടെ കുടുംബവുമായി പ്രതി ഉദയ ലാലിന്‌ മുന്‍ പരിചയമുണ്ടായിരുന്നു. ജനുവരി 26ന്‌ ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയ സമയത്താണ് ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്.

പ്രതിക്ക് സ്വന്തമായി കുട്ടവഞ്ചിയുണ്ട്. ഇതിൽ രണ്ട്‌ കുട്ട വഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റ്‌ രണ്ടുകുട്ടികളും കൂടി ജലാശയത്തിന്‌ സമീപത്തെ തുരുത്തിലേക്ക്‌ പോകുകയായിരുന്നു. ഇതിനിടെ മറ്റ്‌ രണ്ട്‌ കുട്ടികളേയും പ്രതി തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു. ഇതിനുശേഷം പ്രതി പെൺകുട്ടിയുമായി തുരുത്തിലെ കുറ്റിക്കാട്ടിലേക്ക് പോയി. അവിടെ വച്ച് ലെെംഗിക പീഡനത്തിന് ഇരയാക്കുകയായരുന്നു എന്നാണ് വിവരം. ഭയന്നുപോയ പെണ്‍കുട്ടി ഈ വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല.

എന്നാൽ അടുത്ത ദിവസം ഹോസ്‌റ്റലില്‍ എത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ വ്യതിയാനങ്ങൾ ഹോസ്റ്റൽ അധികൃതർ ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് അവർ പെണകുട്ടിയെ കൗൺസിലിംഗിന് വധേയയാക്കി. ഈ സമയത്താണ് പീഡനവിവരം പുറത്തു വരുന്നത്. ഇതിനുപിന്നാലെ അവർ സമീപ പോലീസ്‌ സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത ശേഷം പ്രതിയെ തിരക്കി പൊലീസ് മുട്ടം മാത്തപ്പാറയിലെത്തി. ഇതിനിടെ പൊലീസ് തന്നെ അന്വമഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

ഇതിനുപിന്നാലെ സംഭവം നടന്ന പ്രദേശം ഉൾപ്പെടുന്ന മുട്ടം പോലീസ് സ്റ്റേഷനിൽ കേസ് കെെമാറി. ഇതിൻ്റെ ഭാഗമായാണ് മുട്ടം പൊലീസ്‌ പീഡനം നടന്ന സ്‌ഥലത്ത്‌ പരിശോധന നടത്തിയത്‌. ജലാശയത്തിന്‌ നടുവിലെ തുരുത്തിലെത്താന്‍ പോലീസ്‌ തൊടുപുഴ അഗ്‌നിരക്ഷാ സേനയുടെ സഹായവും തേടിയിരുന്നു. ഇതിനായെത്തിച്ച ഡിങ്കിയിലാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ തുരുത്തിലേക്കെത്തിയത്‌. പെണ്‍കുട്ടിയെ തുരുത്തിലെത്തിച്ച പ്രതിയുടെ ഉടമസ്‌ഥതയിലുള്ള കുട്ട വഞ്ചിയും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം പ്രതിക്ക്‌ രണ്ട്‌ ഭാര്യമാരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഇരുവരും ജോലി ആവശ്യത്തിനായി വിദേശത്താണെന്നും പോലീസ്‌ വ്യക്തമാക്കി. പ്രതിയുടെ ഒളിവിടത്തെക്കുറിച്ച്‌ സൂചന ലഭിച്ചതായി പോലീസ്‌ വ്യക്തമാക്കിയിട്ടുണ്ട്.

യുക്രൈനോടുള്ള ശത്രുത അവസാനിപ്പിക്കാനും സൈന്യത്തെ ഉടന്‍ പിന്‍വലിക്കാനും റഷ്യയോട് ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കി. എന്നാല്‍ യുഎന്നില്‍ നടത്തിയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയും ചൈനയും വിട്ടുനിന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ തലേന്നായിരുന്നു വോട്ടെടുപ്പ്.

193 അംഗ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 141 അംഗരാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. 7 പേര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള 32 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ സമാധാനത്തിന് വേണ്ടി വാദിക്കുന്നതിനിടയില്‍ ഇന്ത്യ തുടര്‍ച്ചയായി യുഎന്‍ജിഎയില്‍ റഷ്യയ്ക്കെതിരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ തത്വങ്ങള്‍ക്ക് അനുസൃതമായി യുക്രൈനില്‍ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം എത്രയും വേഗം കൈവരിക്കേണ്ടതിന്റെ ആവശ്യകത പ്രമേയം അടിവരയിടുന്നു. ഇതിന് അനുസൃതമായുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇരട്ടി പിന്തുണ നല്‍കണമെന്ന് പ്രമേയം അംഗരാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ടു.

 

ഒളിച്ചോടാന്‍ നേരം കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ കാമുകന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് നാലു വയസ്സുള്ള മകനെ അടിച്ചുകൊന്ന് യുവതി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലെ കുന്തഖാലി വില്ലേജിലാണ് ക്രൂരമായ സംഭവം ഉണ്ടായത്.

മഫൂസ എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. മഫൂസ എന്ന യുവതി അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും നാടുവിട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖ് വിസമ്മതിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് കുട്ടിയെ കൊല്ലാന്‍ മഫൂസ തീരുമാനിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ മൃതദേഹം പ്രദേശവാസികളാണ് കണ്ടെടുത്തത്. ക്രൂരമായി മര്‍ദ്ദനമേറ്റതിനാല്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. നേരത്തേയും കുട്ടിയെ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖ് മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മാവന്‍ അബു സിദ്ധീഖി പറയുന്നു.

കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണെന്ന് ബറൈയ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മസൂദ് ഹസന്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, മഫൂസയും അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖും ഒളിവിലാണ്.

സിവില്‍ സര്‍വീസ് പരിശീലന വേദിയില്‍ ജാതീയത പരാമര്‍ശവുമായി എഡിജിപി എസ് ശ്രീജിത്ത്. കേരളത്തിലെ പ്രബല സമുദായം നായന്‍മാരാണെന്നും മറ്റ് സമുദായങ്ങള്‍ അവരുടെ രീതികള്‍ പകര്‍ത്തുകയായിരുന്നുവെന്നുമാണ് ശ്രീജിത്ത് പറഞ്ഞു.

യുപിഎസ്സി കേരളയുടെ യൂ ട്യൂബ് പേജിലാണ് ഈ വിദ്വേഷ പരാമര്‍ശത്തിന്റെ വീഡിയോ പങ്കുവച്ചത്. പരിശീലന ക്ലാസിലുണ്ടായിരുന്ന മുസ്ലിം പെണ്‍കുട്ടിയോട് തറവാട്ടില്‍ ആരൊക്കെയുണ്ടെന്ന് ശ്രീജിത്ത് ചോദിക്കുന്നു. ആ കുട്ടി എല്ലാവരുമുണ്ടെന്ന് മറുപടിയും പറയുന്നു. എന്നാല്‍, ഫിദയ്ക്ക് എന്നാടോ തറവാട് വന്നത് എന്നായിരുന്നു ശ്രീജിത്ത് സദസിനോട് ചോദിക്കുന്നത്.

‘ഫിദ ഇസ്‌ലാം അല്ലേ, നിനക്കെവിടെയാടോ തറവാട്. ഈ തറവാട് എന്നത് നായര്‍ കണ്‍സപ്റ്റ് ആണ്. തറവാട് എന്ന വാക്ക് നായരുടെ വാക്കാണ്. ഇവിടെ ഉള്ള എല്ലാവരും ഇപ്പോള്‍ തറവാട് എന്ന് പറയും. മനസ്സിലായോ? നമ്പൂതിരിയാണ് ഡൊമിനന്റ് കാസ്റ്റ് എങ്കില്‍ നമ്മള്‍ ഇല്ലം അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശാരിമാരും ഈഴവന്‍മാരും തറവാട് എന്ന് പറയും.

ഫിദ പറയുന്നു തറവാടെന്ന്. എടോ നിങ്ങള്‍ക്ക് ജാതിയില്ല എന്ന കാര്യം അറിയോ? പ്രവാചകന് ജാതിയുണ്ടായിരുന്നോ?’ ‘എന്നാല്‍ ഇവര്‍ ഇവിടെ എന്ത് ചെയ്യുന്നു. ഒരു പ്രത്യേക ജാതിയുടെ ഭാഷകള്‍ മാത്രം ഉപയോഗിക്കുന്നു. സംജ്ഞകള്‍ മാത്രം ഉപയോഗിക്കുന്നു. അതാണ് ഡൊമിനന്റ് കാസ്റ്റിന്റെ പ്രത്യേകത’. ഇതായിരുന്നു ശ്രീജിത് ഐപിഎസ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകളാണ് ഈ വീഡിയോയെ വിമര്‍ശിക്കുന്നത്.

എസ്എംഎ ബാധിതനായ ഒന്നരവയസ്സുകാരന്‍ നിര്‍വാണിന് കാരുണ്യ മനസ്സുകളുടെ സഹായ ഹസ്തം. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 18 കോടിയുടെ കനിവെത്തി. നിര്‍വാണിന് പിച്ച വച്ച് ഓടിച്ചാടി നടക്കാന്‍ ഇനി മരുന്ന് എത്തിയാല്‍ മതി. അവശ്യമായ തുക എത്തിയതോടെ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് കുടുംബം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നിര്‍വാണിന് വേണ്ടിയുള്ള അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ സഹായമെത്തിയത്. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (ഏകദേശം 11.6 കോടി ഇന്ത്യന്‍ രൂപ) അജ്ഞാത വ്യക്തിയാണ് സംഭാവന ചെയ്തത്. മരുന്നിനുള്ള ഓര്‍ഡര്‍ നല്‍കുകയാണെന്നും അറിയിച്ചിരുന്നു. മരുന്ന് എത്തുമ്പോഴേക്കും ഒരു കോടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷ കനിവുള്ള മനസ്സുകള്‍ കൈവിട്ടില്ല.

പേരും വ്യക്തി വിവരങ്ങളും പങ്കുവയ്ക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് ആ ഏറ്റവും വലിയ കാരുണ്യ മനസ്സ് നിര്‍വാണിനായി 11.6 കോടി നല്‍കിയത്. 17.3 കോടി രൂപ വില വരുന്ന സോള്‍ജെന്‍സ്മ മരുന്നാണ് കുഞ്ഞ് നിര്‍വാണിന് ആവശ്യം.

ജനുവരിയില്‍ മൂന്നാഴ്ച നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നിര്‍വാണിന് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി സ്ഥിരീകരിച്ചത്. ജനിച്ച് പതിമൂന്ന് മാസം പിന്നിട്ടിട്ടും നിര്‍വാണിന് ഇരിക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിച്ചിട്ടില്ല. കുഞ്ഞിന് രണ്ട് വയസ്സാകുന്നതിന് മുമ്പ് മരുന്ന് നല്‍കിയാല്‍ മാത്രമേ പ്രയോജനം ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് കുടുംബം സുമനസ്സുകളുടെ സഹായം തേടിയത്.

RECENT POSTS
Copyright © . All rights reserved