India

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചെള്ളുപനി റിപ്പോർട്ട് ചെയ്യുന്നത് തലസ്ഥാനത്ത്. ആരോഗ്യവകുപ്പ് ചെള്ളുപനിയുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയ 2011 മുതൽ ആദ്യവർഷമൊഴിച്ച് എല്ലാ വർഷങ്ങളിലും തിരുവനന്തപുരത്താണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഓരോ വർഷവും സ്ഥിരീകരിക്കുന്ന രോഗത്തിന്റെ 80 ശതമാനം വരെ തിരുവനന്തപുരത്താണെന്ന് ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു. ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 259 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം മൂന്നുപേർക്ക് രോഗം കണ്ടെത്തിയതിൽ രണ്ടുപേരും തിരുവനന്തപുരത്താണ്.

മരണനിരക്ക് താരതമ്യേന കുറവാണെങ്കിലും രണ്ടുമാസത്തിനിടയിൽ മൂന്നുപേരാണ്‌ ജില്ലയിൽ ചെള്ളുപനിയെത്തുടർന്ന് മരിച്ചത്. ജൂണിൽ വർക്കല സ്വദേശി അശ്വതിയും പരശുവയ്ക്കൽ സ്വദേശി സുബിതയും ചെള്ളുപനിയെത്തുടർന്ന് മരിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ അനുസരിച്ച് ഈ അസുഖത്തിന് കേരളത്തിലെ മരണനിരക്ക് 2-3 ശതമാനമാണ്.

മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ രോഗനിരക്കും മരണനിരക്കും കൂടാനുള്ള കാരണമെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.സാധാരണ അത്ര അപകടകാരിയല്ല ചെള്ളുപനി. അസുഖം കണ്ടെത്താൻ വൈകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നതെന്ന് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിനിലെ ഡോ. ടി.എസ്.അനീഷ് പറഞ്ഞു.

ചെള്ള് കടിക്കുന്ന ഭാഗത്തുനിന്ന് ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കും. ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന ബാക്ടീരിയയുടെ അളവനുസരിച്ച് രോഗം ഗുരുതരമാകാം. ആന്തരികാവയവങ്ങളെ ബാധിക്കുമ്പോഴാണ് ഗുരുതരമാകുന്നത്. രക്തക്കുഴലുകളിൽ ബാക്ടീരിയ വീക്കം സൃഷ്ടിക്കുന്നു. ഇതു മരണത്തിനുവരെ കാരണമാകാം. ചെള്ളുപനിക്കു കാരണമാകുന്ന ബാക്ടീരിയയ്ക്ക് ജനിതകമാറ്റം അടക്കമുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോയെന്ന പഠനം ഇതുവരെ നടന്നിട്ടില്ല.

മരണനിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഇത്തരം പഠനത്തിന് ആരോഗ്യവകുപ്പ് തയ്യാറാവണമെന്നും ആവശ്യമുണ്ട്.

എന്താണ് ചെള്ളുപനി?

  • ഓറിയൻഷ്യ സുസു​ഗാമുഷി എന്ന ബാക്ടീരിയയാണ് രോ​ഗമുണ്ടാക്കുന്നത്. മണ്ണിനടിയിൽ കാണുന്ന ഒരുതരം ചെള്ളിൽ(ചി​​​ഗർ മൈറ്റ്) നിന്നാണ് രോ​ഗം പടരുന്നത്.
  • ഈ ചെള്ള് നേരിട്ടും എലി, മറ്റു വളർത്തുമൃ​ഗങ്ങൾ എന്നിവ വഴിയും മനുഷ്യ ശരീരത്തിലെത്താം.
  • വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുകവഴി ചെള്ളുപനിയെ ചെറുക്കാനാവും. ചി​ഗ്​ഗർ മൈറ്റ് കടിച്ച് 10-12 ദിവസം കഴിയുമ്പോഴാണ് രോ​ഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
  • പനിക്കൊപ്പം ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിച്ചതുപോലുള്ള പാടാണ് അസുഖം തിരിച്ചറിയാനുള്ള ഒരു മാർ​ഗം. പക്ഷേ എല്ലാവർക്കും ഈ ലക്ഷണം കാണണമെന്നില്ല.
  • വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് മറ്റു രോ​ഗലക്ഷണങ്ങൾ.

ശ്രദ്ധിക്കണേ…

  • ചെള്ളുകൾ ശരീരത്ത് പ്രവേശിക്കുന്നത് തടയുകയാണ് പ്രധാനം.
  • ദിവസവും സോപ്പുപയോ​ഗിച്ച് ശരീരം തേച്ചുരച്ച് കഴുകുകയും വസ്ത്രം മാറുകയും ചെയ്യുക.
  • പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടുന്ന വസ്ത്രം ധരിക്കണം.
  • പുല്ല് വളർന്നു നിൽക്കുന്ന പ്രദേശങ്ങൾ വെട്ടിവൃത്തിയാക്കുക.
  • വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക.
  • വളർത്തുമൃ​ഗങ്ങളെയും കൃത്യമായ ഇടവേളകളിൽ കുളിപ്പിക്കുക.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതില്‍ അസ്വാഭാവികത ആരോപണം. ശബരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണിക്കുന്നത് മുന്‍കൂട്ടി കണ്ടാണ് പൊലീസിന്റെ അറസ്റ്റ് നീക്കം. മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ചാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

രാവിലെ 10: 30 നാണ് ശബരീനാഥന്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. അതിന് മുന്നോടിയായി ശബരീനാഥന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. സമാധാനപരമായിട്ടാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വിമാനത്തില്‍ പ്രതിഷേധിച്ചത്. ഊരിപ്പിടിച്ച വടിവാളുമായല്ല, പേന പോലും പ്രവര്‍ത്തകരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ശബരീനാഥന്റെ പ്രതികരണം.

തുടര്‍ന്ന് 11 മണിക്ക് ശബരീനാഥന്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇതില്‍ ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിച്ചു. എന്നാല്‍ ഇതിനകം ശബരി അറസ്റ്റിലായെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിന്റെ സമയം അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരായ ശബരിനാഥനെ 10: 50ന് പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് സര്‍ക്കാര്‍ പ്ലീഡര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ സമയം വ്യക്തമാക്കുന്ന രേഖ ഉടന്‍ ഹാജരാക്കണമെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി.

12: 29 നാണ് അറസ്റ്റിലായെന്ന വിവരം ശബരിയെ പൊലീസ് അറിയിച്ചത്. 12: 30 അറസ്റ്റ് രേഖയില്‍ ശബരി ഒപ്പു വെച്ചു. കോടതി ഉച്ചക്ക് ശേഷം കേസ് പരിഗണിക്കും. മൂന്ന് മണിക്ക് ശബരിയെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ട സമയത്ത് ഒന്നും പറയാതിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ 11: 45 നാണ് അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന്റേത് വ്യാജ അറസ്റ്റെന്ന് ഷാഫി പറമ്പില്‍. പൊലീസും പൊലീസ് സംവിധാനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമകളെ പോലെയാണ് പെരുമാറുന്നതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.10.30നാണ് മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയ ആളെ 10.50ഓടെ അറസ്റ്റ് ചെയ്തു എന്ന് പറയുന്നു. 11 മണിക്കാണ് ബെഞ്ച് അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിച്ചത്. സാക്ഷിയായി വിളിച്ചു വരുത്തിയ ആളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് എങ്ങനെയാണ് അറസ്റ്റു ചെയ്യുന്നതെന്നും ഷാഫി ചോദിച്ചു.

‘മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഇപ്പോള്‍ പറയുന്നു. നാണം കെട്ട ഏര്‍പ്പാടാണിത്, നിയമപരമായി നേരിടും. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒരു ഔദാര്യവും ഞങ്ങള്‍ക്ക് വേണ്ട. വിമാനത്തിലെ പ്രതിഷേധത്തെ മുഖ്യമന്ത്രിക്കെതിരായ വധശ്രമമായി ചിത്രീകരിച്ചത് പോലെ ഇതും വ്യാജമായി നിര്‍മ്മിക്കുകയാണ്. പേടികൊണ്ട് ഭാവനയില്‍ ഭീരുത്വം കൊണ്ട് നെയ്യുന്ന കഥകളിലൂടെ യൂത്ത് കോണ്‍ഗ്രസ് സമരങ്ങളെ, പിണറായി വിജയനെതിരായ പ്രതിഷേധങ്ങളെ അട്ടിമറിക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വിചാരിക്കണ്ട. അദ്ദേഹം ഒരു ഭീരുവാണെന്ന് ആവര്‍ത്തിച്ച് പറയാന്‍ ആഗ്രഹിക്കുകയാണ്.

ശബരീനാഥനെ അറസ്റ്റ് ചെയ്തു എന്നാണ് പറയുന്നത് എങ്കില്‍ അത് വ്യാജമാണ്. അതിന് രേഖകള്‍ ഹാജരാക്കിയാല്‍ അത് കൃത്രിമമായുണ്ടാക്കിയതാണെന്നും സംശയമില്ല. പ്രതിഷേധം പ്രതിഷേധം എന്ന് രണ്ട് മുദ്രാവാക്യം വിളിച്ചപ്പോഴേക്കും, എന്നെ കൊല്ലാന്‍ വരുന്നേ എന്ന് കരഞ്ഞു നിലവിളിച്ച് നടക്കുന്ന ഒരു ഭീരുവായ മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്’, ഷാഫി പറമ്പില്‍ ആരോപിച്ചു.

 

ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കെ.ബി. ​ഗണേഷ്കുമാർ എം.എൽ.എ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരാണ് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന മാന്യന്മാർ എന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണ്. ഷാരൂഖ് ഖാൻ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കോഹ്ലി അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല. വിജയ് യേശുദാസിനേയും റിമി ടോമിയേയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളിൽ കാണാം. ഇത്തരം നാണംകെട്ട പരസ്യങ്ങളിൽ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്ന് മാന്യന്മാർ പിന്മാറണം. താരസംഘടനയും ഇക്കാര്യം പരി​ഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ നിയമംകൊണ്ട് നിയന്ത്രിക്കാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ മറുപടി പറഞ്ഞു. അഭിനയിക്കുന്നവരുടെ മനസിലാണ് സാംസ്കാരിക വിപ്ലവം വരേണ്ടത്. അങ്ങനെ ഉണ്ടായെങ്കിലേ ഇതിനൊരു മാറ്റമുണ്ടാവൂ. താരങ്ങളോട് ഇക്കാര്യം നമുക്കെല്ലാവരും ചേർന്ന് അഭ്യർത്ഥിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 19 തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ കുരുംഗം കുമെയ് ജില്ലയില്‍ റോഡ് നിര്‍മാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. ഇവരില്‍ ഒരാളുടെ മൃതദേഹം സമീപത്തുള്ള നദിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ജൂലൈ 5 മുതലാണ് തൊഴിലാളികളെ കാണാതായത്. ആസാമില്‍ നിന്നെത്തിയവരാണ് എല്ലാവരും. ദാമിന്‍ സര്‍ക്കിളിലുള്ള ഹൂറി ഏരിയയിലായിരുന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍. ഇവിടെത്തന്നെയുള്ള ഫുറക് നദിയിലാണ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.

കാണാതായവരെല്ലാം മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്നും ഈദ് ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നുവെന്നും കുരുംഗ് ഡെപ്യൂട്ടി കമ്മിഷണര്‍ ബെന്‍ഗിയ നിഗി അറിയിച്ചു.

പൈങ്കുളം പുത്തന്‍പുരയില്‍ രാജന്‍-ചിത്ര ദമ്പതിമാരുടെ മകള്‍ ദേവികയാണ് കാരുണ്യ മനസ്സുകൊണ്ട് ഹൃദയങ്ങള്‍ കീഴടക്കുന്നത്.

ചേലക്കര ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദേവിക. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ദേവികയ്ക്ക് സൈക്കിള്‍ സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ സൈക്കിളിന് പകരം അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യയുടെ അര്‍ബുദ ചികിത്സയ്ക്കായി പണം തരാമോയെന്നാണ് ദേവിക ചോദിച്ചത്.

സമ്മാനത്തിന് പകരം ചികിത്സാ സഹായം മതിയെന്ന ദേവികയുടെ നന്മ മനസ്സിന് ലഭിച്ചത് കൈ നിറയെ സമ്മാനങ്ങളാണ്. കൈ നിറയെ സമ്മാനങ്ങളും എട്ട് സൈക്കിളുമാണ് ദേവികയെ തേടിയെത്തിയത്. റോയല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷിഹാസ് ലാപ്‌ടോപ്പും സമ്മാനിച്ചു. ഒരു സൈക്കിള്‍ മാത്രം വാങ്ങിയശേഷം മറ്റുള്ളവ കാരുണ്യപ്രവൃത്തികള്‍ക്കായി നല്‍കി. സമ്മാനമായി ലഭിച്ച 50,500 രൂപ തുടര്‍ചികിത്സയ്ക്കായി അച്ഛന്റെ കൂട്ടുകാരന് കൈമാറി.

അർഥികയെയും അദ്വികയെയും ഉമ്മ നൽകി സ്‌നേഹത്തോടെ സ്‌കൂളിലേക്ക് യാത്രയാക്കാൻ അവരുടെ അമ്മ ഇനിയില്ല. രാവിലെ വീട്ടിൽനിന്നിറങ്ങിയ അമ്മ കുട്ടികളുടെ മുന്നിലേക്കെത്തുന്നത് ചേതനയറ്റ ശരീരമായിട്ടാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ തടമ്പാട്ടുതാഴത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അരീക്കാട് അത്തിക്കൽ ഹൗസിൽ അഞ്ജലി (27)യുടെ ജീവൻപൊലിഞ്ഞത്.

കാറിടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന അഞ്ജലിയുടെ ദേഹത്ത് ബസ് കയറിയാണ് അപകടമുണ്ടായത്. വേങ്ങേരിയിലെ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പരപ്പൻങ്ങാട്ട് താഴം പ്രകാശന്റെ മകളാണ് അഞ്ജലി. തിങ്കളാഴ്ച രാവിലെ 8.50-ഓടെയായിരുന്നു അപകടം.

കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിൽ വെച്ച് വേങ്ങേരി ഭാഗത്തുനിന്ന് കല്ലായിലെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു അഞ്ജലിയെ ബ്രേക്കിട്ടപ്പോൾ പിറകെവന്ന കാർ ഇടിച്ചിടുകയായിരുന്നു എന്ന് സമീപവാസികൾ പറയുന്നു. പെട്ടെന്നുതന്നെ അഞ്ജലി റോഡിലേക്ക് വീണു. ആ സമയം കോഴിക്കോട്ടുനിന്ന് പറമ്പിൽ ബസാറിലേക്ക് പോകുന്ന ‘കുനിയിൽ’ ബസ് യുവതിയുടെ ദേഹത്ത് കയറിയിറങ്ങുകയും ചെയ്തു.

സംഭവസ്ഥലത്തുവെച്ചുതന്നെ അഞ്ജലി മരിച്ചു. സ്‌കൂട്ടറിൽ തട്ടിയെന്നു കരുതുന്ന കാർ നിർത്താതെ ഓടിച്ചുപോകുന്നത് തൊട്ടടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കാറിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സിസിടിവി.അടക്കമുള്ളവ ഉടൻ പരിശോധിക്കുമെന്നും ചേവായൂർ പോലീസ് പറഞ്ഞു.

സജീവ കോൺഗ്രസ് പ്രവർത്തകയാണ് അഞ്ജലി. ഭർത്താവ് അരീക്കാട് സ്വദേശി വിപിൻ കാർഗിലിൽ പട്ടാളത്തിലാണ്. ഇരട്ടക്കുട്ടികളായ അർഥിക, അദ്വിക എന്നിവർ മക്കളാണ്. ഇരുവരും മാളിക്കടവ് എംഎസ്എസ് സ്‌കൂൾ എൽ.കെ.ജി. വിദ്യാർഥിനികളാണ്. അമ്മ: സി. സുജാത, സഹോദരൻ: സി. നിധിൻ. ചൊവ്വാഴ്ച രാവിലെ 10 മുതൽ 11 വരെ തണ്ണീർപന്തലിലെ വീട്ടിൽ പൊതുദർശനത്തിനുവെക്കും. തുടർന്ന് അരീക്കാടുള്ള ഭർത്തൃവീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരച്ചടങ്ങുകൾ അവിടെ നടക്കും.

നീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാർഥിനിയെ സുരക്ഷാകാരണങ്ങൾ പറഞ്ഞ് അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകളാണ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

വിദ്യാർത്ഥിനിയോട് അടിവസ്ത്രം അഴിക്കാൻ നിർദേശിച്ച സ്ത്രീയ്ക്ക് എതിരെയാണ് പ്രാഥമികമായി കേസെടുത്തിരിക്കുന്നത്. കൂടുതൽപേർക്ക് പങ്കുണ്ടോ എന്ന സംശയത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കേസിൽ കൂടുതൽ പേർ പ്രതികളാകും എന്നാണ് റിപ്പോർട്ട്. ചടയമംഗലം എസ്‌ഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, സമാനമായ രീതിയിൽ അപമാനിക്കപ്പെട്ടു എന്ന പരാതിയുമായി രണ്ട് വിദ്യാർത്ഥിനികൾ കൂടി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തി വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിർത്തി സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കുകയും അടിവസ്ത്രം മുഴുവൻ ഊരി വയ്ക്കണമെന്ന് വിദ്യാർഥിനിയോട് ആവശ്യപ്പെടുകയുമായിരുന്നു.

18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉൾക്കൊള്ളാൻ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നുമാണ് രക്ഷിതാവ് പറയുന്നത്. എന്നിട്ടും ചെവികൊള്ളാതെ ഉദ്യോഗസ്ഥ മോശമായി സംസാരിക്കുകയും ചെയ്തുവെന്നും രക്ഷിതാവ് പറഞ്ഞു.

കോഴിക്കോട് കോടഞ്ചേരി തുഷാരഗിരി ചക്കിപ്പാറ ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി പച്ചാട്ട് അമലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെയാണ് അമല്‍ അപകടത്തില്‍പ്പെട്ടത് . അതേ സമയം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലിസിന്റേയും വനം വകുപ്പിന്റേയും സഹായം തേടി കോടഞ്ചേരി പഞ്ചായത്ത്. അടുത്തിടെ പതങ്കയത്തും തുഷാരഗിരിയിലും രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്നി മുബാറക്കിനെ 14 ദിവസം കഴിഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. നാവികസേന ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കില്‍ പ്രതികൂല കാലാവസ്ഥ കാരണം തിരച്ചില്‍ അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തിരച്ചില്‍.

ഇതിനിടെയാണ് ഇന്നലെ വീണ്ടും തുഷാരഗിരിക്കടുത്ത് ചക്കിപ്പാറ മിനിഡാമില്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. അതില്‍ ഒരാളെ ഇന്നലെ രക്ഷിച്ചിരുന്നു. ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്നു 100 മീറ്റര്‍ മാറിയാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് . അതേ സമയം അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കോടഞ്ചേരിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. അപകടങ്ങള്‍ തടയാന്‍ പൊലിസിന്റേയും വനം വകുപ്പിന്റേയും സഹായം തേടാന്‍ തീരുമാനിച്ചു.

മഴ കനത്തതോടെ കോടഞ്ചേരിയിലേയും സമീപപ്രദേശങ്ങളിലേയും വിനോദ സഞ്ചാരമേഖലകളിലേക്കുള്ള യാത്രക്ക് വിലക്കുണ്ട്. എന്നാല്‍ ഇത് ലംഘിച്ച് ഇവിടെയെത്തുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. മലയോര മേഖലയിലെ കനത്ത മഴ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാണ് . ഇതു വകവെക്കാതെയാണ് സന്നദ്ധ പ്രവര്‍ത്തകരും എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്സും പൊലിസും ചേര്‍ന്നുള്ള തിരച്ചില്‍ . മഴ കുറയുന്നതുവരെയെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആരും എത്തരുതെന്ന മുന്നറിയിപ്പാണ് ജില്ലാ ഭരണകൂടം ആവര്‍ത്തിച്ചു നല്‍കുന്നത്

വഴിയരികിൽ കണ്ടപ്പോൾ കൂട്ടിക്കൊണ്ടു വന്നതാണെന്നു പറഞ്ഞ്, പൊലീസിനെ കബളിപ്പിച്ച് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കി കടന്നുകളഞ്ഞ മകനെതിരെ പരാതി. അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം, മദ്യലഹരിയിൽ അമ്മയെ കാണാനെത്തി കൈയിലുള്ള രേഖകൾ കൈക്കലാക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾ പിടിയിലായത്.

ടാപ്പിങ് തൊഴിലാളിയായ ഇയാൾ അമ്മയ്‌ക്കൊപ്പം അടൂർ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയാണ് ഇയാൾ വഴിയിൽ കണ്ട വയോധികയാണെന്ന് പറഞ്ഞ് അമ്മയെ പൊലീസിനെ ഏൽപ്പിക്കുന്നത്. അജികുമാർ എന്ന യഥാർത്ഥ പേര് മറച്ചുവച്ചാണ് പൊലീസിനെ കബളിപ്പിച്ചത്. ബിജുവെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ വഴിയിൽ നിൽക്കുന്ന വയോധികയെ സഹായിക്കാൻ എത്തിയതാണെന്നാണ് പൊലീസിനോട് പറഞ്ഞത്.

കൺട്രോൾ റൂമിൽ ഇയാൾ തന്നെ വിളിച്ചു പറഞ്ഞതനുസരിച്ചു അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം. തുടർന്ന് പൊലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തിൽ ആക്കി.വയോധികയെ ജനസേവന കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ചത് താനാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങുകയായിരുന്നു. തുടർന്ന് മദ്യപിച്ചു അഗതിമന്ദിരത്തിൽ എത്തിയ ഇയാൾ വയോധികയുടെ കയ്യിലുള്ള രേഖകൾ കൈവശപ്പെടുത്താന്‍ ശ്രമം നടത്തി.

ഇതോടെ സംശയം തോന്നിയ അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്.അമ്മയെ നോക്കാൻ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നാടകം കളിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായാണ് വിവരം. മദ്യപിച്ചു ബഹളം വച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

കേരള ലോട്ടറിയുടെ മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനം വിറ്റ വകയിലാണ് റോസ്ലിയെ തേടി ഒരു കോടി കമ്മീഷന്‍ എത്തുന്നത്. പത്തുകോടി ഒന്നാം സമ്മാനം തന്റെ സത്യസന്ധയ്ക്ക് ദൈവം തന്ന സമ്മാനമെന്നാണ് റോസിലിന്‍ പറയുന്നത്.രോഗിയായ ഭര്‍ത്താവ്, ചോര്‍ന്നൊലിയ്ക്കുന്ന വീട്,

പ്രതിസന്ധികള്‍ക്കിടെ ജീവിതം തള്ളി നീക്കുമ്പോഴും കളങ്കമില്ലാത്ത റോസ്ലിയുടെ സത്യന്ധതയ്ക്കാണ് ഭാഗ്യദേവത ഒരു കോടി സമ്മാനിച്ചിരിക്കുന്നത്. കളഞ്ഞുകിട്ടിയ 10 പവന്റെ സ്വര്‍ണ്ണമാല കണ്ട് മനം മയങ്ങാതെ അധികൃതര്‍ക്ക് തന്നെ കൈമാറുകയായിരുന്നു റോസ്ലി.

അത്താണി മാര്‍ ആത്തനാസിയോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കിലാണ് റോസ്ലിയുടെ താമസം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലോട്ടറി ടിക്കറ്റ് വിറ്റാണ് റോസിലിന്റെ ഉപജീവനം.

വിമാനത്താവളമായത് കൊണ്ടുതന്നെ ടിക്കറ്റെടുക്കുന്നതില്‍ പതിവുകാരില്ല. വിദേശത്തുനിന്നുമെത്തിയ വിമാനങ്ങളിലൊന്നിലെ നാട്ടുകാരനായ യാത്രക്കാരന്‍ തന്റെ ദൈന്യത കണ്ടെടുത്ത ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം അടിച്ചത്. അടിച്ചാല്‍ പാതി ചേച്ചിയ്ക്കെന്ന് വാക്കു നല്‍കിയ യുവാവിനാണ് സമ്മാനം അടിച്ചതെന്ന് റോസിലിന്‍ ഉറപ്പിയ്ക്കുന്നു. സമ്മാനത്തില്‍ പാതിയൊന്നും ഇല്ലെങ്കിലും കമ്മീഷന്റെ ഒരു കോടിയില്‍ തന്നെ റോസിലിന്‍ ഹാപ്പിയാണ്.

അത്താണി മാര്‍ ആത്തനാസിയോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കിലാണ് റോസിലിനും വര്‍ഗീസിന്റെയും താമസം കൂലിപ്പണിക്കാരനായ മകനും ഒപ്പമുണ്ട്. ഓടുമേഞ്ഞ വീട് കാലപ്പഴക്കത്തില്‍ ചോര്‍ന്നൊലിച്ച അവസ്ഥയാണ്. ശുചിമുറിയടക്കം തകര്‍ന്നുകിടക്കുന്നു. പുറമ്പോക്കായതിനാല്‍ വീടിന് അറ്റകുറ്റപ്പണികള്‍ നടത്താനാവാത്ത അവസ്ഥയാണ്.

ഒരു കോടി 20 ലക്ഷം രൂപയാണ് ലോട്ടറി വിറ്റ കമ്മീഷനായി റോസിലിയ്ക്ക് ലഭിയ്ക്കുക. നിലവില്‍ താമസിയ്ക്കുന്ന സ്ഥലത്തിനടുത്ത് എവിടെങ്കിലും അഞ്ച് സെന്റ് സ്ഥലം വാങ്ങണം. അതില്‍ ചെറിയ വീട്,കടങ്ങളുള്ളത് വീട്ടണം,മക്കളെ സഹായിയ്ക്കണം. ലോട്ടറിയടിച്ച് കോടിശ്വരിയായെങ്കിലും വില്‍പ്പന തുടരുമെന്ന് റോസിലി പറയുന്നു.

അങ്കമാലിയിലെ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വില്‍പ്പനയ്ക്കായി നല്‍കിയത്. സമ്മാനം ലഭിച്ചയാള്‍ ഇവിടെയും ബന്ധപ്പെട്ടിട്ടില്ല. വിമാനത്താവളത്തില്‍ നിന്നും എടുത്ത ടിക്കറ്റായതിനാല്‍ എറണാകുളത്തിന് പുറത്താകും 10 കോടിയുടെ ഭാഗ്യവാനെന്നാണ് കണക്കുകൂട്ടല്‍.

ഒന്നാം സമ്മാനമായ പത്ത് കോടി രൂപ  BR235610 എന്നീ നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്.

RECENT POSTS
Copyright © . All rights reserved