പ്രണയപ്പകയിൽ മൊകേരി വളള്യായിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം യുവതിയെ കഴുത്തറുത്തുകൊന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. ഖത്തറിൽ ജോലി ചെയ്യുന്ന മൊകേരി ഉമാ മഹേശ്വരക്ഷേത്രത്തിന് സമീപം നടമ്മൽ കണ്ണച്ചാങ്കണ്ടി വിനോദിന്റെയും ബിന്ദുവിന്റെയും മകൾ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരി വിഷ്ണുപ്രിയയാണ് (23) കൊല്ലപ്പെട്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് (25) അറസ്റ്റിലായത്.

ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കട്ടിലിൽ തലകീഴായി, കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് ഇരുകൈകൾക്കും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. വിഷ്ണുപ്രിയ പ്രണയത്തിൽ നിന്ന് പിന്മാറിയതും മറ്റൊരാളുമായുള്ള സൗഹൃദവുമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

പിതാവ് വിനോദിന്റെ അമ്മ മരിച്ചതിന്റെ അഞ്ചാം ദിവസമായ ഇന്നലെ മരണാനന്തര ചടങ്ങുകൾക്കായി വിഷ്ണുപ്രിയയും കുടുംബാംഗങ്ങളും തൊട്ടടുത്ത തറവാട്ടു വീട്ടിലായിരുന്നു. ഇതിനിടെ വസ്ത്രം മാറാനായി വിഷ്ണുപ്രിയ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഏറെനേരമായിട്ടും കാണാത്തതിനാൽ അമ്മയും സഹോദരിമാരും അന്വേഷിച്ചെത്തിയപ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടത്.തൊപ്പിയും മാസ്‌കുമണിഞ്ഞ് നടന്നുവന്ന യുവാവാണ് കൊലയ്ക്ക് പിന്നിലെന്ന സംശയം പ്രദേശവാസികൾ പൊലീസിനോട് ഉന്നയിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

മാനന്തേരി സത്രത്തിൽ പിതാവ് ശശിധരന്റെ ഹോട്ടലിലെ സഹായിയാണ് ശ്യാംജിത്ത്. ഇയാളുടെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠികളായിരുന്നു. ഇതുവഴിയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.വിനോദ് പത്തുദിവസം മുമ്പാണ് നാട്ടിൽ വന്നുപോയത്. നാലുമാസം മുമ്പാണ് പാനൂരിലെ ആശുപത്രിയിൽ വിഷ്ണുപ്രിയ ജോലിക്ക് കയറിയത്. വിപിന, വിസ്മയ, അരുൺ എന്നിവരാണ് സഹോദരങ്ങൾ.

മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.സുഹൃത്ത് സൂചന നൽകിഒരു ആൺ സുഹൃത്തുമായി വീഡിയോ കോൾ നടത്തുന്നതിനിടെയാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. ഇയാൾ വരുന്നത് വീഡിയോ കോളിനിടെ സുഹൃത്ത് കണ്ടിരുന്നു. വിഷ്ണുപ്രിയ ഫോൺ പെട്ടെന്ന് ഓഫ് ചെയ്തതിൽ സംശയം തോന്നിയ സുഹൃത്ത് എന്തോ അപകടം സംഭവിച്ചുവെന്ന് പൊലീസിന് നൽകിയ വിവരമാണ് പ്രതിയെ പിടിക്കാൻ പൊലിന് സഹായകരമായത്.