പാനൂരില്‍ വിഷ്ണുപ്രിയ എന്ന യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മാനന്തേരി സ്വദേശി ശ്യാംജിത്ത് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇയാളെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.ശ്യാംജിത്ത് സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.

സി പ്രതി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മുന്‍ സുഹൃത്താണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. വിഷ്ണുപ്രിയ ഒറ്റക്ക് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്.

ബെഡ്റൂമില്‍വെച്ച് സുഹൃത്തുമായി വാട്സ്ആപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് അക്രമിയെത്തിയത്. ഇയാള്‍ മുറിയിലേക്ക് പ്രവേശിക്കുന്നതും വിഷ്ണുപ്രിയ ഉച്ചത്തില്‍ ഇയാളുടെ പേര് പറയുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ കോളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സുഹൃത്ത് റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നു.

വിഷ്ണുപ്രിയ പാനൂരില്‍ ഫാര്‍മസി ജീവനക്കാരിയാണ്. പ്രതിയുമായി വിഷ്ണുപ്രിയക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ഇത് അവസാനിപ്പിച്ചെന്നുമാണ് പൊലീസും ബന്ധുക്കളും നല്‍കുന്ന വിവരം. വിഷ്ണുപ്രിയയുടെ അമ്മ വീട്ടിലേക്ക് വന്നപ്പോഴാണ് വിഷ്ണുപ്രിയ ബെഡില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെന്ന് കരുതുന്ന ആളുടെ മൊബൈല്‍ ലൊക്കേഷന്‍ വിഷ്ണുപ്രിയയുടെ വീടിന് സമീപത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ആക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാല്‍ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. സഹോദരങ്ങള്‍: വിസ്മയ, വിപിന, അരുണ്‍.