തമിഴ്നാട്ടിലെ കുളച്ചല്‍ കടല്‍തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നരുവാമൂട് സ്വദേശി കിരണിന്റേതെന്ന് അച്ഛന്‍. ഇടതുകൈയിലെയും കാലുകളിലെയും അടയാളങ്ങള്‍ കണ്ടാണ് ഇത് കിരണിന്റേതെന്ന് അച്ഛന്‍ ഉറപ്പിച്ച് പറയുന്നത്. കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് സുഹൃത്തുക്കളും പറഞ്ഞു.
കിരണ്‍ ആത്മഹത്യ ചെയ്യില്ല. വെള്ളത്തില്‍ ഇറങ്ങാന്‍ അവന് പേടിയാണ്. മകനെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് അച്ഛന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുവരണം. ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ഇപ്പോള്‍ പിടികൂടിയത് യഥാര്‍ഥ പ്രതികളെയല്ലെന്നും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് കുളച്ചലിലെ ഇരയിമ്മല്‍തുറ ഭാഗത്ത് ഒരു മൃതദേഹം കരയ്ക്കടിഞ്ഞതായി മത്സ്യതൊഴിലാളികള്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വിഴിഞ്ഞം പൊലീസും ബന്ധുക്കളും സുഹൃത്തുക്കളും കുളച്ചലില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിരണിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. കുളച്ചല്‍ പൊലീസ് ഇതിനായി നടപടിയെടുക്കും.
ശനിയാഴ്ച ഉച്ചയോടെയാണ് കിരണിനെ കാണാതായത്. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ആഴിമലയിലുള്ള പെണ്‍സുഹൃത്തിനെ കാണാനെത്തുകയും അവിടെവച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. പിന്നാലെ ഇവര്‍ കിരണിനെ ഒരു ബൈക്കില്‍ കൊണ്ടുപോകുകയും ചെയ്തു. അതിനുശേഷം കിരണിനെ കണ്ടിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ബലംപ്രയോഗിച്ച് കടലില്‍ തള്ളിയോയെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിന് പിന്നാലെ ഒരാള്‍ കടലില്‍ വീണതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കിരണ്‍ ആണ് കടലില്‍ വീണതെന്ന അടിസ്ഥാനത്തില്‍ നാലുദിവസം തിരച്ചിലില്‍ നടത്തിയിരുന്നു. ആഴിമല ഭാഗത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആഴിമല ഭാഗത്ത് കടലില്‍ വീണവരുടെ മൃതദേഹം അവിടെ നിന്നും ലഭിച്ചില്ലെങ്കില്‍ സാധാരണായായി തമിഴ്നാടിന്റെ ഭാഗത്തേക്ക് ഒഴുകി പോകാറുണ്ടെന്നും പൊലീസ് പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ തീരപ്രദേശത്തുള്ള പൊലീസ് സ്റ്റേഷനിലും മത്സ്യതൊഴിലാളികളെയും മൃതദേഹം കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചിരുന്നു.
ആറ്റിങ്ങലില്‍ പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ നഷ്ട പരിഹാരമനുവദിച്ച് സര്‍ക്കാര്‍. 1.75 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് നഷ്ടപരിഹാരം ഉത്തരവിറക്കി. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ഉദ്യോഗസ്ഥ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 25,000 രൂപ കോടതി ചെലവിനുമാണ് അനുവദിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ആദ്യം അറിയിച്ചിരുന്നത്. ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒന്നര ലക്ഷം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുമേല്‍ സര്‍ക്കാര്‍ പിന്നീട് അപ്പീലിന് പോയിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.
ആറ്റിങ്ങലില്‍ മോഷണം നടത്തിയെന്നാരോപിച്ചാണ് എട്ടുവയസ്സുകാരിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പൊതുമധ്യത്തില്‍ അപമാനിച്ചത്. ഐഎസ്ആര്‍ഒയുടെ ഭീമന്‍ വാഹനം കാണാനെത്തിയ കുട്ടിയെ മൊബൈല്‍ മോഷ്ടിച്ചെന്നായിരുന്നു വിചാരണ ചെയ്തത്. പിന്നീട് മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുകയാണ്. കുടമടക്കാന്‍ പോലും ആവാത്ത വിധം മഴ തോരാതെ തുടരുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴക്കെടുതികളും രൂക്ഷമാണ്. മഴയ്ക്ക് പുറമെ എത്തിയ കാറ്റിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
കോതമംഗലത്ത് നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നത്. കാറ്റിന്റെ തീവ്രത മൂലം മരങ്ങള്‍ ആടിയുലയുന്നതും വീടിനുള്ളിലുള്ള വസ്തുക്കള്‍ക്ക് വരെ കേടുപാടുകള്‍ സംഭവിക്കുന്നതായും വീഡിയോയില്‍ കാണാം.
കോതമംഗലത്ത് മുപ്പതോളം വീടുകൾ തകർന്നതായാണ് വിവരം. കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കാട്ടാട്ടുകുളം പ്രദേശങ്ങളിലും തൃക്കാരിയൂർ മുനിസിപ്പാലിറ്റിയിലെ മലയൻകീഴ് ഗോമേന്തപ്പടി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്.
ഏകദേശം പത്ത് മിനിറ്റോളം കൊടുങ്കാറ്റ് വീശിയെന്നാണ് വിവരം. കാറ്റിന്റെ ശക്തികണ്ട് പലരും വിട് ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനം തേടി. പലമേഖലകളില്‍ മരങ്ങള്‍ വീണ് ഗതാഗത തടസമുണ്ടായതയാണ് വിവരം. പൊലീസിന്റെ ഫയര്‍ഫോഴ്സ് ടീമിന്റേയും നേതൃത്വത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന് മയക്കുമരുന്ന് വാങ്ങി നല്‍കിയെന്ന കേസില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിസ് കണ്ട്രോള് ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു. റിയ ചക്രബര്‍ത്തിയുള്‍പ്പെടെ 35 പേര്‍ക്കെതിരെയാണ് എൻസിബി കുറ്റപത്രം സമര്‍പ്പിച്ചത്.
റിയയുടെ സഹോദരന് ഷോവിക് ചക്രബര്‍ത്തിയുടെ പേരും കുറ്റപത്രത്തിലുണ്ട്.സുശാന്ത് സിംഗ് രജ്പുത്തിന് ചെറിയ അളവില്‍ ലഹരിമരുന്ന് വാങ്ങി നല്‍കിയെന്നാണ് റിയ ചക്രബര്‍ത്തിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ലഹരി വാങ്ങാനുള്ള പണം മുടക്കിയതും നടിയാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളത്തെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ജൂണ്‍ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 2020 ലായിരുന്നു സുമേഷിന്റെയും സംഗീതയുടെയും വിവാഹം. സംഗീതയെ ഭര്‍ത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വീട്ടുകാര്‍ ആരോപിച്ചിരുന്നു.
ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കാണിച്ച് സംഗീതയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനേയും ഭര്‍തൃവീട്ടുകാരേയും പോലീസ് അറസ്റ്റ് ചെയ്തത്.
കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. ലോകമെമ്പാടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം ഉയർന്നിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ.
കോവിഡ് 19 കേസുകൾ തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഇത് ആരോഗ്യസംവിധാനത്തെ കൂടുതൽ സമ്മർദത്തിൽ ആഴ്ത്തുകയാണെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ‍്രോസ് അഥനോം ഗെബ്രീഷ്യസ് പറഞ്ഞു.
കോവിഡ് അവസാനിക്കാറായിട്ടില്ലെന്നാണ് പുതിയ തരംഗത്തിന്റെ വ്യാപനത്തിൽ നിന്ന് വ്യക്തമാകുന്നതെന്നും പലരാജ്യങ്ങളും അവസ്ഥ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്വീകരിച്ച് ഫലപ്രദമെന്നു കണ്ടെത്തിയ മാസ്ക് ശീലമുൾപ്പെടെയും ടെസ്റ്റുകളും അതിനനുസരിച്ച ചികിത്സയും തുടരുകയും കോവിഡ് നിരക്കുകൾ അവലോകനം ചെയ്ത് അതിനനുസരിച്ച പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഒമികോൺ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവയാണ് നിലവിലെ കോവിഡ് വ്യാപനത്തിന് പിന്നിലെന്ന് ലോകാരോഗ്യസംഘടനയുടെ ആരോഗ്യ അടിയന്തിരാവസ്ഥ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക്കൽ റയാൻ പറഞ്ഞു. ടെസ്റ്റ് ചെയ്യുന്നതിലുള്ള അപാകതകൾ പുതിയ കേസുകൾ കണ്ടെത്തുന്നതിനും വൈറസിന്റെ പരിണാമത്തെ നിരീക്ഷിക്കുന്നതിലും തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയർലന്റിൽ മൊട്ടിട്ട പ്രണയത്തിന് കൊല്ലത്ത് സാഫല്യം. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗറില്‍ കാര്‍ത്തികയില്‍ അമൃദത്തിന്റേയും സുനിത ദത്തിന്റേയും മകന് വിഷ്ണുദത്തിന് അയര്‍ലണ്ടുകാരി ക്ലോയിസോഡ്സ് വധുവായി.
വിഷ്ണു എംബിഎയ്ക്കു പഠിക്കാന്‍ അയര്‍ലണ്ടില്‍ മൂന്നുകൊല്ലം മുമ്പ് പോയതാണ്. അവിടെ ഒരു സ്ഥാപനത്തില്‍ ജോലി കൂടി ചെയ്തുവരവേയാണ് ക്ലോയിയുമായി പ്രണയത്തിലായത്.
വിഷ്ണുവിന്റെ സഹോദരി പൂജാ ദത്തിന്റെ വിവാഹം ഞായറാഴ്ചയായിരുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിഷ്ണുവിനൊപ്പം ക്ലോയിയും വന്നിരുന്നു. ഇന്നലെ ഇരുവരും കൊല്ലം കിളികൊല്ലൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. അയര്‍ലണ്ടില്‍ ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തശേഷമാണ് ഇവിടെ എത്തിയത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പാർലമെന്റ് മന്ദിരത്തിനു മുകളിൽ പ്രധാനമന്ത്രി അനാഛാദനം ചെയ്ത അശോകസ്തംഭത്തെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ഇന്ത്യയുടെ ദേശീയ ചിഹ്നമായ സാരാനാഥിലെ അശോക സ്തംഭത്തിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള നിർമിതിയിൽ ആക്രമണോത്സുകമായ അംശങ്ങളുണ്ടെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
സാരാനാഥിലെ അശോകസ്തംഭത്തിന്റെ ഭാഗമായ സിംഹങ്ങളുടെ നിർമിതി സൗമ്യവും ശാന്തവുമാണ്. എന്നാൽ, പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള അശോകസ്തംഭത്തിൽ ദംഷ്ട്രകൾ പുറത്തു കാട്ടുന്ന രീതിയിലുള്ള സിംഹങ്ങളുടെ നിർമിതി അക്രമവാസനയാണ് കാണിക്കുന്നതെന്നും രാഷ്‌ട്രീയ ജനതാ ദൾ ട്വീറ്റ് ചെയ്തു.
രണ്ടു സ്തംഭങ്ങളും അതു രൂപകല്പന ചെയ്തവരുടെ ഉള്ളിലിരിപ്പാണു വ്യക്തമാക്കുന്നത്. നിർമിതികളിലൂടെയും ചിഹ്നങ്ങളിലൂടെയും മനുഷ്യർ വെളിവാക്കുന്നത് സ്വന്തം സ്വഭാവമാണെന്നും ആർജെഡി ട്വീറ്റ് ചെയ്തു.
സാരനാഥിലെ അശോകസ്തംഭത്തിലെ സിംഹങ്ങൾ പ്രതിനിധീകരിക്കുന്നതു മഹാത്മാഗാന്ധിയെയും, പ്രധാനമന്ത്രി അനാഛാദനം ചെയ്ത അശോകസ്തംഭത്തിലെ ചിഹ്നങ്ങൾ പ്രതിനിധാനം ചെയ്യുന്നത് നാഥുറാം ഗോഡ്സെയെയുമാണ് എന്നായിരുന്നു മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
തൃണമൂൽ നേതാക്കളായ മഹുവ മൊയ്ത്ര, ജവഹർ സർക്കാർ, എഐഎംഐഎം നേതാവും ലോക്സഭാംഗവുമായ അസദുദ്ദീൻ ഒവൈസി, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയവരും ദേശീയചിഹ്നത്തിലെ മാറ്റങ്ങൾക്കെതിരേ വിമർശനമുയർത്തി.
പ്രതിപക്ഷം ഉൾപ്പെടെയുള്ള പാർലമെന്റ് സാമാജികരുടെ അസാന്നിധ്യത്തിൽ ദേശീയചിഹ്നം അനാഛാദനം ചെയ്തതും പാർലമെന്റിൽ പൂജാകർമങ്ങൾ ചെയ്തതും ഭരണഘടനാ വിരുദ്ധമാണെന്നു കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേക് മനു സിംഗ്വി പറഞ്ഞു. എന്നാൽ വിമർശനങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ബിജെപി ദേശീയ വക്താവ് അനിൽ ബലുണിയുടെ പ്രതികരണം.
കുത്തൊഴുക്കുള്ള പുഴയിൽ മുക്കാൽ ഭാഗവും മുങ്ങിയനിലയിലൊരു കാർ. അതിൽ നിന്നും രക്ഷക്കായി അപേക്ഷക്കുന്ന കൈ. കാഴ്ചക്കാർ മാത്രമായി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെള്ളം കൂടിയതോടെയാണ് കാർ നദിയിലേക്ക് പതിച്ചത്.
അപകടത്തിൽ സ്ത്രീയുൾപ്പടെ മൂന്ന് പേർ മരിച്ചുവെന്നും മൂന്ന് പേരെ കാണാതായെന്നും പൊലീസ് അറിയിച്ചു. എട്ട് പേരാണ് എസ്.യു.വിയിൽ ഉണ്ടായിരുന്നത്. ഒഴുക്കിൽ പെടുന്നതിന് മുമ്പ് രണ്ട് പേർ രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മധ്യപ്രദേശിലെ മുൾട്ടായിയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വിവാഹാഘോഷത്തിനായാണ് ഇവർ നാഗ്പൂരിലെത്തിയത്. റോഷ്നി ചൗക്കിദാർ(32), ദാർഷ് ചൗക്കിദാർ(10), ലിദാർ ഹിവാരേ(38), മധുകാർ പാട്ടീൽ(65), നിർമല(60), നീമു ആട്നർ(45) എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
View this post on Instagram
കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഭർത്താവ് സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. കുന്നംകുളത്തെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതിന് പിന്നാലെ മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ജൂൺ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2020 ലാണ് സുമേഷും സംഗീതയും വിവാഹിതരായത്. സംഗീതയെ ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വീട്ടുകാർ ആരോപിച്ചിരുന്നു.
ഭർതൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംഗീതയുടെ കുടുംബത്തിന്റെ ആരോപണം. ഇത് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവിനേയും ഭർതൃവീട്ടുകാരേയും പോലീസ് അറസ്റ്റ് ചെയ്തത്.