ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതികള്‍ കൂടുതല്‍ പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ജോലിക്കെന്ന പേരില്‍ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച യുവതി തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. ഭയന്ന് വിറച്ച നിലയിലാണ് യുവതി തന്നെ വിളിച്ചതെന്ന് രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ പറയുന്നു. എത്രയും പെട്ടെന്ന് വന്ന് രക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അവര്‍ ആകെ ഭയന്ന് വിറച്ച നിലയിലായിരുന്നുവെന്നും വലംചൂഴി സ്വദേശിയായ ഓട്ടോഡ്രൈവര്‍ പറഞ്ഞു.

സംഭവദിവസം ഓട്ടത്തിനായി സ്റ്റാന്‍ഡില്‍ കിടക്കുമ്പോഴാണ് യുവതി തന്നെ ഫോണില്‍ വിളിച്ചത്. ഇലന്തൂരിലെ ഒരു വീട്ടില്‍ നില്‍ക്കുകയാണ് എത്രയും പെട്ടെന്ന് വന്ന് രക്ഷിക്കണമെന്നും പറഞ്ഞു. ഇലന്തൂരില്‍ അവര്‍ നില്‍ക്കുന്ന കൃത്യമായ സ്ഥലം പറഞ്ഞ് തരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ സ്ഥലം പറഞ്ഞു തന്നു. അങ്ങനെ അവിടെ പോയി അവരെ ഓട്ടോയില്‍ കയറ്റുകയായിരുന്നു. ഓട്ടോ കുറച്ചുദൂരം മുന്നോട്ട് പോയി കഴിഞ്ഞാണ് അവര്‍ കാര്യം പറഞ്ഞത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും കൈകാലുകള്‍ കെട്ടിയിട്ടെന്നുമെല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ മാനം പോകുന്ന സംഭവമാകുമെന്ന് പറഞ്ഞ് കേസ് കൊടുക്കണ്ടെന്നാണ് അവര്‍ പറഞ്ഞത്. എത്രയും പെട്ടെന്ന് താമസിക്കുന്ന സ്ഥലത്ത് കൊണ്ടുപോയാക്കാനും ആവശ്യപ്പെട്ടുവെന്നും ഓട്ടോ ഡ്രൈവര്‍ പ്രതികരിച്ചു.

ആകെ ഭയന്ന് വിറച്ച നിലയിലായിരുന്നു അവര്‍. താന്‍ നടന്നാണ് വന്നിരുന്നതെങ്കില്‍ വെള്ള സ്‌കോര്‍പ്പിയോ വണ്ടിയിടിച്ച് അവര്‍ കൊല്ലുമായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. യുവതിയെ കൂട്ടാന്‍ അവിടെയെത്തിയപ്പോള്‍ ഒരു സ്ത്രീയെ കണ്ടിരുന്നു. അത് ലൈലയാണെന്നാണ് തോന്നുന്നത്. സംഭവത്തെ കുറിച്ച് ആരോടും പറയണ്ടെന്ന് യുവതി ആവശ്യപ്പെട്ടു. അതുകൊണ്ട് ആരോടും പറഞ്ഞില്ല. അവരുടെ കുടുംബപശ്ചാത്തലത്തെ കുറിച്ച് ഒന്നും അറിയില്ല. ലോട്ടറി കച്ചവടം കഴിഞ്ഞ് തന്റെ ഓട്ടോയിലാണ് അവര്‍ താമസസ്ഥലത്തേക്ക് പോകുന്നത്. ആ ഒരു പരിചയമേ യുവതിയുമായി തനിക്കുള്ളൂ എന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

പത്തനംതിട്ട സ്വദേശിനിയായ യുവതി ആഴ്ചകള്‍ക്ക് മുമ്പാണ് ജോലിക്കായി വിദേശത്തേക്ക് പോയത്. പത്തനംതിട്ടയില്‍ വെച്ചാണ് ഷാഫി യുവതിയെ പരിചയപ്പെട്ടത്. ഇവരുടെ കൈവശമുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകള്‍ മുഴുവന്‍ ഒരുമിച്ച വാങ്ങിയായിരുന്നു സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലിക്ക് അവസമുണ്ടെന്ന് ബോധ്യപ്പെടുത്തി ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും വീട്ടിലെത്തിച്ചു. മാസം 18,000 രൂപ ശമ്പളമുണ്ടെന്നായിരുന്നു പറഞ്ഞത്. ആദ്യദിവസം 1000 രൂപ പ്രതിഫലമായി നല്‍കി.

രണ്ടാം ദിവസം ജോലി കഴിഞ്ഞ് പോകാനൊരുങ്ങവെ ലൈലയും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചു. അകത്ത് കയറിയപ്പോള്‍ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യ കൈകള്‍ കെട്ടിയിട്ടു. തുടര്‍ന്ന കാലുകള്‍ കെട്ടാന്‍ ശ്രമിക്കവെ കയ്യിലെ കെട്ടഴിച്ച യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ യുവതിയെ ഷാഫി മര്‍ദ്ദിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരന്നു. രക്ഷപ്പെട്ട് വീടിന് പുറത്തിറങ്ങിയ യുവതിയെ ലൈല അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ യുവതി പരിചയക്കാരനായ ഒട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.