India

സ്വകാര്യബസ്സിൽ പെൺകുട്ടിക്കു നേരെ അധ്യാപകന്‍റെ ലൈംഗിക അതിക്രമം. അമ്പലമേട് സ്വദേശി കമല്‍ സൗത്ത് പൊലീസിന്‍റെ പിടിയിലായി. ഫോര്‍ട്ട്കൊച്ചി–ആലുവ ബസ്സിലാണ് പത്തൊന്‍പതുകാരിക്ക് നേരെ അതിക്രമമുണ്ടായത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. സീറ്റിൽ ഇരുന്നിരുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി ബഹളംവച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ സൗത്ത് പൊലീസാണ് കേസെടുത്തത്.

കടയിരിപ്പ് ഹൈസ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. ഇതിനു മുന്‍പും ഇയാളില്‍ നിന്ന് ഇത്തരം പെരുമാറ്റമുണ്ടായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കി ആരോപണങ്ങൾ പ്രവഹിക്കവേ, പാർട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകാലങ്ങളിലേതുപോലെ മുഖ്യമന്ത്രിക്കു കവചമൊരുക്കാൻ നേതാക്കൾ കാര്യമായി രംഗത്തിറങ്ങിയിട്ടില്ല. സി.പി.എം. സൈബർ പടയാളികളും മൗനത്തിലാണ്. ചാനൽച്ചർച്ചകൾക്കും സി.പി.എം. നേതാക്കളെ കിട്ടാനില്ല. മാധ്യമങ്ങളുടെ നിർബന്ധത്തിനു വഴങ്ങി സി.പി.എം. സഹയാത്രികരേ എത്തുന്നുള്ളൂ.

ആഭ്യന്തരവകുപ്പിനെ ഉന്നമിട്ടുള്ള വെളിപ്പെടുത്തലുകളിൽ വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിതന്നെ നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പാർട്ടി. പി.ബി. അംഗങ്ങളായ എം.എ. ബേബിയും എ. വിജയരാഘവനുമൊക്കെ തൃശ്ശൂർ ഒത്തുകളിവിവാദത്തിൽ പ്രതികരിച്ചെങ്കിലും എ.ഡി.ജി.പി.യുടെ കാര്യത്തിൽ പ്രതിരോധത്തിനു മുതിർന്നില്ല.

എ.കെ. ബാലൻ, സജി ചെറിയാൻ, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരൊഴികെ മറ്റു മന്ത്രിമാരോ നേതാക്കളോ ആരുംതന്നെ പ്രതികരണത്തിനു മുതിർന്നില്ല. ആർ.എസ്.എസ്.-എ.ഡി.ജി.പി. കൂടിക്കാഴ്ച ലഘൂകരിച്ചെന്ന് വിമർശനമുണ്ടായപ്പോൾ അതിലൊക്കെ സർക്കാർ നടപടിയെടുക്കുമെന്നും പാർട്ടിയുമായി കൂട്ടിക്കെട്ടേണ്ടെന്നും വ്യക്തമാക്കി എം.വി. ഗോവിന്ദൻ വിവാദങ്ങളുടെ ഉത്തരവാദിത്വവും പരിഹാരവുമൊക്കെ മുഖ്യമന്ത്രിയുടെ തലയിൽവെച്ചു. ഗൗരവമുള്ള പ്രശ്നങ്ങളിൽ നടപടിയാവശ്യപ്പെട്ട സി.പി.ഐ.യാവട്ടെ, മുഖ്യമന്ത്രിയെ സംരക്ഷിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല.

പാർട്ടിയുടെ ഇന്നത്തെ പോക്കിൽ അമർഷവും പ്രതിഷേധവും പ്രകടിപ്പിച്ചുള്ള പോസ്റ്റുകൾ സി.പി.എം. സൈബർ ഗ്രൂപ്പുകളിൽ നിറയുന്നുണ്ട്. മലപ്പുറത്തെ സി.പി.എം. മുൻ ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്റെ ഫെയസ്ബുക്ക് പോസ്റ്റാണ് ഒടുവിലത്തെ ചർച്ച. കുരുക്ഷേത്രയുദ്ധത്തിൽ ഭീഷ്മപിതാമഹനെ വീഴ്ത്തിയത് ശിഖണ്ഡിയെ മുന്നിൽനിർത്തിയാണ്. ജാഗ്രതൈ… എന്നാണ് ഉള്ളടക്കം.

പുറത്ത് പെരുമഴപെയ്യുമ്പോൾ അഞ്ചെട്ടുപേർ കമ്മിറ്റികൂടി വെയിലാണെന്നും കുടയുടെ ആവശ്യമില്ലെന്നും പ്രമേയം പാസാക്കിയാൽ അവസാനിക്കുന്നതല്ല മഴയും കെടുതികളുമെന്ന് വിമർശിച്ചുള്ള പോസ്റ്റുകളും സൈബർ ഗ്രൂപ്പുകളിൽ പ്രചരിച്ചു. ചെപ്പടിവിദ്യകൾകൊണ്ടു മുറിവുകൾ ഉണങ്ങില്ലെന്നാണ് അംഗങ്ങളുടെ ഓർമ്മപ്പെടുത്തൽ.

എ.ഡി.ജി.പി. എവിടെയെങ്കിലും പോയതിന് സി.പി.എം. എങ്ങനെ ഉത്തരവാദിയാവുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞപ്പോഴും സൈബർ ഗ്രൂപ്പുകളിൽ രോഷം പൊട്ടി. പോലീസ് തലവന്മാരുടെ സംഘപരിവാർ ബന്ധം എന്നുമുതലാണ് ഒരു സാധാരണത്വമായതെന്നാണ് ചോദ്യം. അത്രയും സംഘിവത്കരിക്കപ്പെട്ട സർക്കാരും പാർട്ടിയുമാണോ കേരളത്തിലുള്ളതെന്നും ഇ.പി. ജയരാജനുപോലും ഇല്ലാത്ത പരിരക്ഷ എ.ഡി.ജി.പി.ക്ക് എന്തിനാണെന്നും ചോദ്യമുയർന്നു. ചിലരാവട്ടെ, മുൻസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രമാക്കി നിലവിലെ നേതൃത്വത്തോടുള്ള നീരസവും മറച്ചുവെച്ചില്ല.

നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (സെപ്റ്റംബര്‍ ഒന്‍പത്, തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ നാളെ നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

വൈകി ട്ട് നാലുമണിയോടെ നഗരത്തില്‍ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്. എന്നാല്‍, ഞായറാഴ്ച വൈകീട്ടും പണി പൂര്‍ത്തിയാവാത്തതോടെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നാലുദിവസമായി തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്.

തിരുവനന്തപുരം- കന്യാകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിര്‍ത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാന്‍സ്മിഷന്‍ മെയിന്‍ പൈപ്പ് ലൈനുകളുടെ അലൈന്‍മെന്റാണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്. 48 മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിച്ചാണ് പണി തുടങ്ങിയത്.

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതും കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടതുമാണ് കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാഹചര്യമൊരുക്കിയത്.

നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡബ്ല്യുസിസിക്കെതിരായി രൂക്ഷ വിമർശനവുമായി രംഗത്ത് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസി രൂപീകരിച്ചിട്ട് ഇത്രയും വർഷമായി, എന്നിട്ടും സംഘടനാപരമായി അവരുടെ അടുത്ത ചുവടുവെപ്പ് എന്തായിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.

നല്ല സ്വാധീനമുള്ള കഴിവുകള്‍ തെളിയിച്ച വനിതാ ആക്‌ടേഴ്‌സിന്റെ കൂട്ടായ്മയാണ് ഡബ്ല്യുസിസി. അവർ വിചാരിച്ചിരുന്നെങ്കില്‍ പല കാര്യങ്ങളിലും ഇടപെടാൻ കഴിയുമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇതിനെക്കുറിച്ച്‌ പറഞ്ഞത്.

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയ സ്ത്രീകളോട് കമ്മിറ്റി എന്താണ് ചോദിച്ചതെന്ന് ഞാൻ അന്വേഷിച്ചിരുന്നു. ലൈംഗികമായി ചൂഷണം ഉണ്ടായോ എന്നായിരുന്നു ചോദിച്ചത്. ലൈംഗിക ചൂഷണം മാത്രമല്ല അടിസ്ഥാന സൗകര്യം മുതല്‍ ഉള്ള സുരക്ഷിതത്വം വരെയാണ് ആവശ്യമുള്ളത്. പക്ഷെ ഇതൊന്നും ചോദിച്ചിരുന്നില്ല. മോഹൻലാല്‍ ഇത് ചോദിച്ചുവെന്ന് വരെ ഓപ്പണായി പറഞ്ഞല്ലോ. വനിതാ കൂട്ടായ്മയ്ക്ക് പകരം സ്ത്രീകളുടെ സംഘടനയാണ് വേണ്ടത്.

വർഷങ്ങള്‍ക്ക് മുമ്പ് വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി രൂപീകരിച്ചെങ്കിലും അവരുടെ തുടർ സംഘടനാ നടപടികള്‍ അവ്യക്തമാണ്. എന്നിരുന്നാലും, ഡബ്ല്യുസിസിക്ക് വലിയ സാധ്യതകളുണ്ട്, അതിന്റെ അംഗങ്ങള്‍ സ്വാധീനവും കഴിവും തെളിയിച്ച സ്ത്രീകളാണ്. അവർക്ക് കൂടുതല്‍ നേടാൻ കഴിയുമായിരുന്നു, പക്ഷേ ഇതുവരെ അവർ കുറഞ്ഞ പുരോഗതി മാത്രമേ കൈവരിച്ചിട്ടുള്ളൂ. എന്നിരുന്നാലും, ഇത് വൈകിയിട്ടില്ല. അവർ തന്ത്രങ്ങള്‍ മെനയുകയും അണിനിരക്കുകയും ചെയ്താല്‍, അവർക്ക് ഒരു വിപ്ലവത്തിന് തിരികൊളുത്താൻ കഴിയും. ഞാൻ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും ഞാൻ അവരെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കും.

മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഈ വിഷയങ്ങള്‍ കുറേക്കൂടി ഗൗരവമായി കണ്ടിരുന്നെങ്കില്‍ ഇതിലും ഭംഗിയായി ഇത് കൈകാര്യം ചെയ്യാൻ അവർക്ക് കഴിഞ്ഞേനെ. അത്രയേറെ സ്വാധീനമുള്ള, ഈ സിനിമാ മേഖലയെ ഭരിക്കുന്നവർ ആണവർ. എന്നാല്‍ പല കാര്യത്തിലും അവർ അഭിപ്രായം പറയാറില്ല. നടിയുടെ വിഷയം വന്നപ്പോള്‍ പോലും അവർ അതിനെക്കുറിച്ച്‌ സംസാരിച്ചില്ല. സംഘടനയില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം സ്ത്രീകളും മൗനത്തിലായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ശബ്ദം ഉയർത്തിയാല്‍ കുറെക്കൂടി ശ്രദ്ധയും ഗൗരവവും കിട്ടും. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ഡാമേജ് ഉണ്ടായിരിക്കുന്നത് സിനിമാ മേഖലയില്‍ പ്രവർത്തിക്കുന്ന സ്ത്രീകള്‍ക്കാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഫോക്കസ് മാറിപ്പോവുകയാണ് ചെയ്തത്. സിനിമ മേഖലയെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. നടി രാധികയെ പോലെയുള്ളവർ അവർ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ ഒന്നും സംസാരിക്കരുത്, കാരണം അവർ എല്ലാ മേഖലയിലും സ്വാധീനം ഉള്ളവരാണ്‌. രാഷ്ട്രീയപരമായിട്ടാണെങ്കിലും സിനിമ-ടെലിവിഷൻ മേഖലയില്‍ പോലും സ്വാധീനമുള്ളയാളാണ് രാധിക.

എന്തുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച്‌ റിപ്പോർട്ട് ചെയ്തില്ലായെന്ന് ചോദിച്ചപ്പോള്‍ അവർ പറഞ്ഞത് ഞാൻ എന്തിന് ചെയ്യണം എന്നാണ്. ഇത് പറഞ്ഞ അവർ ഒരു സ്ത്രീ വിരുദ്ധയൊന്നുമല്ല, പക്ഷെ ഞാൻ സ്ത്രീ വിരുദ്ധ ആയി. ഷൈൻ ടോം ചാക്കോ പറയുന്ന വിരോധാഭാസം ആളുകള്‍ ആസ്വദിക്കുന്നു. അതുപോലെ അലൻസിയർ പറഞ്ഞപ്പോഴും ഡബ്ല്യുസിസി തന്നെ മിണ്ടിയിട്ടില്ല. അത് എന്തുകൊണ്ടാണ് ? അലൻസിയർ അവാർഡ് വിവാദം ഉണ്ടായപ്പോള്‍ ഡബ്ല്യുസിസി പ്രതികരിച്ചിട്ടില്ലായെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കേരളത്തെ ഇളക്കിമറിച്ച വിവാദങ്ങൾക്ക് തിരികൊളുത്തിയ പി.വി. അൻവർ എം.എൽ.എ.യിൽനിന്ന് തൃശ്ശൂർ ഡി.ഐ.ജി. തോംസൺ ജോസും സംഘവും മൊഴിയെടുത്തത് ഒൻപത് മണിക്കൂർ. ശനിയാഴ്ച 11.30-ന് തുടങ്ങി രാത്രി 8.45 വരെ തുടർന്നു.

ഗവ. ഗസ്റ്റ് ഹൗസിലായിരുന്നു മൊഴിയെടുപ്പ്. എ.ഡി.ജി.പി. അജിത് കുമാർ ബി.ജെ.പി. നേതാക്കളെ കണ്ടത് പ്രതിപക്ഷനേതാവിനുവേണ്ടിയാണെന്ന് മാധ്യമപ്രവർത്തകർക്കുമുന്നിൽ ആരോപണമുന്നയിച്ചാണ് അൻവർ ഡി.ഐ.ജി.യുടെ മുറിയിലേക്ക് പോയത്.

അജിത് കുമാറും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഗൂഢാലോചന നടത്തിയാണ് തൃശ്ശൂർപ്പൂരം കലക്കിയതെന്ന് മൊഴിയെടുപ്പിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ അൻവർ ആരോപിച്ചു. പുനർജനി പദ്ധതിയിൽ വിദേശഫണ്ട് കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസ് ഒതുക്കാനാണ് ബി.ജെ.പി.യുമായി ഒത്തുചേർന്ന് പൂരം കലക്കിയത്. അത് പിണറായി വിജയന്റെ തലയിൽവെക്കാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷനേതാവിന് ധൈര്യമുണ്ടെങ്കിൽ പുനർജനിപദ്ധതി ഇ.ഡി. അന്വേഷിക്കണമെന്ന് എഴുതിക്കൊടുക്കട്ടേയെന്നും അൻവർ പറഞ്ഞു.

നടൻ വിനായകൻ ഹൈദരാബാദ് എയർപോർട്ടിൽ വച്ചുണ്ടായ സംഭവങ്ങളെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ആദ്യം നടൻ വിനായകന് നേരെ വിമാനത്താവളത്തിൽ കയ്യേറ്റം ഉണ്ടായതായുള്ള വാർത്ത പുറത്തുവന്നിരുന്നു . ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കയ്യേറ്റം ചെയ്തത് എന്നാണ് ആരോപണം.

കൊച്ചിയില്‍നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയാണ് കയ്യേറ്റമുണ്ടായത്. വാക്കുതര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്ന് സൂചന. കൊച്ചിയില്‍നിന്ന് ഹൈദരാബാദ് വഴിയാണ് ഗോവയിലേക്ക് പോകാനിരുന്നത്. ഗോവയിലേക്കുള്ള കണക്ടിംഗ് വിമാനം ഹൈദരാബാദില്‍നിന്നായിരുന്നു

ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വിനായകന്‍ ബഹളമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഇടപെടുകയായിരുന്നു. ശേഷം വിനായകനെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.

ലൈംഗികാതിക്രമക്കേസില്‍ മുകേഷിന് മുന്‍കൂർ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ അപ്പീലിനൊരുങ്ങുന്നു. വിഷയത്തിൽ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചു.

കോടതിയുടെ വിധി പരാതിക്കാരിയെ അവിശ്വസിക്കുന്നതാണെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കുക. എറണാകുളം സെഷന്‍സ് കോടതിയാണ് മുകേഷിന് ജാമ്യമനുവദിച്ചത്. ഇത് കേസിന്റെ തുടരന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാട്ടുക.

പരാതിക്കാരിയായ നടിയുടെ മൊഴിയിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക പീഡനം എന്ന വാദം കോടതി പൂർണമായും തള്ളിയിരുന്നു.

എറണാകുളം സ്വദേശിയായ നടിയുടെ പരാതിയില്‍ എം. മുകേഷ് എം.എല്‍.എയ്‌ക്കെതിരെ മരട് പോലീസ് കേസെടുത്തിരുന്നു. ഐ.പി.സി. 354, 509, 452 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

മുൻ കാമുകിയുടെ ഇപ്പോഴത്തെ കാമുകനും കൂട്ടാളികളും വധഭീഷണി മുഴക്കുന്നുവെന്ന പരാതിയുമായി തിരുവല്ല കുറ്റൂർ സ്വദേശിയായ യുവാവ്. വീട്ടിലും ജോലി സ്ഥലത്ത് പിന്നാലെ കൂടി ഒരുസംഘം അപായപ്പെടുത്താൻ ശ്രമിക്കുന്നു. തന്നെ കബളിപ്പിച്ച് കാമുകി കൊണ്ടുപോയ മൂന്ന് ലക്ഷത്തോളം രൂപ തിരികെ കിട്ടാൻ, പൊലീസിൽ പരാതി കൊടുത്ത ശേഷമാണ് ഭീഷണി ശക്തമായതെന്നും രതീഷ്കുമാർ പറയുന്നു.

രതീഷിന്‍റെ പരാതി ഇങ്ങനെ– ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന കാലം മുതൽ എട്ടു വർഷം ഒരു പെൺകുട്ടിയെ പ്രണയിച്ചു. ഈ അടുത്തകാലത്ത് വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറി. പലപ്പോഴായി മൂന്ന് ലക്ഷത്തോളം രൂപ അവർ വാങ്ങിയിട്ടുണ്ട്. ഇതുതിരികെ ചോദിച്ചത് മുതൽ ഭീഷണിയാണ്. ഭീഷണിപ്പെടുത്തുന്നതാവട്ടെ പെൺകുട്ടിയുടെ ഇപ്പോഴത്തെ കാമുകനും സംഘവും.

യുവാവിന്റെ തിരുവല്ല കുറ്റൂരിലെ വീട്ടിലും ഇപ്പോൾ നടത്തുന്ന ബാർബർ ഷോപ്പിലും ഭീഷണിയുമായി ഒരു സംഘം ആളുകളുമെത്തി. അതേസമയം രതീഷിനെയും മുൻ കാമുകിയെയും സ്റ്റേഷനിൽ വിളിച്ച് ചർച്ച നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റ അടിസ്ഥാനത്തിൽ പകുതി പണം യുവതി തിരികെ കൊടുത്തതായും ബാക്കി ഉടൻ നൽകുമെന്ന ധാരണയിൽ പ്രശ്നം പരിഹരിച്ചതാണെന്നും കോയിപ്രം പൊലീസ് പറയുന്നു.

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വാകാര്യ സന്ദര്‍ശനമാണെന്നുമാണ് അജിത്കുമാറിന്റെ വിശദീകരണം.

സ്വകാര്യ സന്ദര്‍ശനം എന്ന് അജിത് കുമാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ വ്യക്തത നല്‍കേണ്ടി വരും.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയെ ഹൊസാബലയെ തൃശൂരില്‍വച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞി ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപണം ഉന്നയിച്ചിരുന്നു. ആര്‍എസ്എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

2023 മെയ് 22 നായിരുന്നു സന്ദര്‍ശനം. പാറമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു സന്ദര്‍ശനം. സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്കും ഇന്‍ലിജന്‍സ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൂരം കലക്കി ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിട്ടതെന്നാണ് പ്രതിപക്ഷനേതാവടക്കം ആരോപണം ഉന്നയിച്ചത്.

RECENT POSTS
Copyright © . All rights reserved