തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച അധ്യാപികയുടെ മരണത്തിൽ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (35)യാണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.
വർക്കല വെട്ടൂർ ജിഎച്ച്എസ് അധ്യാപികയായ ജിൻസി കോട്ടയത്തായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ തിരുവല്ല സ്റ്റേഷനിൽ നിന്നും കോട്ടയം പാസഞ്ചർ ട്രെയിൻ എടുത്ത് വേഗത കൂട്ടുന്നതിനിടെ ജിൻസി പ്ലാറ്റ്ഫോമിലേക്ക് ചാടാൻ ശ്രമിച്ചത് ദുരൂഹമാണെന്നാണ് പരാതി ഉയരുന്നത്.
സ്ഥിരം യാത്രക്കാരിയായ ജിൻസി ട്രെയിൻ എടുത്തതിന് ശേഷം ഇറങ്ങാൻ ശ്രമിക്കുന്നത് സ്വാഭാവികമല്ലെന്ന് ട്രെയിൻ യാത്രികരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രതികരിക്കുന്നു.
അധ്യാപികയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ട്രെയിൻ നല്ല സ്പീഡ് ആയതിനുശേഷം പ്ലാറ്റ്ഫോം തീരുന്ന ഭാഗത്ത് വെച്ചാണ് യാത്രക്കാരി പാളത്തിലേക്ക് വീഴുന്നതായി കാണുന്നത്.
അതേസമയം സംഭവത്തിൽ ദുരൂഹത വർധിപ്പിച്ച് സ്റ്റേഷനിൽ നിന്നും പാസഞ്ചർ ട്രെയിൻ എടുത്ത സമയത്ത് മുഷിഞ്ഞ വസ്ത്രധാരി ആയ ഒരാൾ ലേഡീസ് കംപാർട്ട്മെന്റിലേക്ക് ഓടി കയറുന്നത് കണ്ടതായി ട്രെയിനിൽ ഉണ്ടായിരുന്നവർ പറയുന്നുണ്ട്.
ജിൻസി ടീച്ചർ കംപാർട്ട്മെന്റിൽ തനിച്ചായിരുന്നു. പിന്നീടാണ് ട്രെയിനിൽ നിന്നും ജിൻസി ടീച്ചർ വീഴുന്നത്. കോട്ടയം ഇറങ്ങേണ്ട ആൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹമാണെന്ന് സഹയാത്രികർ പറയുന്നുണ്ട്. വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ജിൻസി ടീച്ചർ സംസാരിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
ജിൻസി ടീച്ചറുടെ മരത്തിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിലും ക്യാംപെയിൻ നടക്കുന്നുണ്ട്. പ്രമുഖരടക്കം ഇതിന്റെ ഭാഗമായിട്ടുണ്ട്.
വീട്ടമ്മമാരും കന്യാസ്ത്രീകളും ഉൾപ്പെടുന്ന ഭക്തസംഘത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് വൈദികൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്ത് ആണ് അശ്ലീല വീഡിയോ അയച്ചതെന്ന പരാതി ഉയർന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതൻ കൂടിയാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്ത്.
അതേസമയം, വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രൂപ്പിലുണ്ടായിരുന്ന വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. സംഭവത്തിൽ പിശക് പറ്റിയതെന്നാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്തിന്റെ വിശദീകരണം. മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോൾ പറ്റിയ പിശകെന്നാണ് വൈദികൻ പറയുന്നത്.
നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വൈദികനെ ചുമതലകളിൽ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടർ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (18) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.
രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും ചികിൽസ നടത്തി. ഇന്ന് പുലർച്ചെ 3 ന് മരിച്ചു. കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങൾ സനത്ത്, സിദ്ധാർത്ഥൻ. സംസ്കാരം നടത്തി.
ഗർഭം നിലനിറുത്തുന്നതിനുള്ള മരുന്നിന് പകരം ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് മാറിനൽകിയതിന് എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാട്ടുകാരിയായ യുവതിയാണ് ഗർഭം അലസിയതിനെ തുടർന്ന് പരാതി നൽകിയത്. രണ്ട് ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിശോധനയിലാണ് മരുന്ന് മാറിയ കാര്യം വ്യക്തമായത്.
ഡോക്ടറുടെ നിർദ്ദേശപ്രകാരം കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്ര മരുന്നാണ് സ്ഥാപനം വിറ്റതെന്നും രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നില്ല മരുന്ന് വിൽപ്പനയെന്നും വ്യക്തമായതായി ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ. എം.സി. നിഷിത് പറഞ്ഞു. സ്ഥാപനം വിറ്റ ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്ത് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയുടെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു.
ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസിൽ മലയാളി യുവാവിന് സൗദി അറേബ്യയില്‍ 11 കോടിയോളം രൂപ പിഴ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനാണ് (26) ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസില്‍ ദമ്മാം ക്രിമിനല്‍ കോടതി കനത്ത പിഴയും നാടുകടത്തലും ശിക്ഷിച്ചത്.
52,65,180 സൗദി റിയാല്‍ (11 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് കോടതി ചുമത്തിയിരിക്കുന്ന പിഴ. മൂന്ന് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൗദി അറേബ്യയേയും ബഹ്റൈനിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയില് കസ്റ്റംസ് പരിശോധനക്കിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. എന്നാല്‍ ട്രെയിലറില്‍ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് യുവാവ് കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകള്‍ അദ്ദേഹത്തിന് എതിരായിരുന്നു.
കേസില്‍ അപ്പീല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിക്ഷിക്കപ്പെട്ട മലയാളി യുവാവ്. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍ പെടുത്തി നാടുകടത്തും. പിടികൂടിയ മദ്യത്തിന്റെ വിലക്കനുസരിച്ചാണ് ഇത്തരം കേസുകളില്‍ പിഴ ചുമത്തുന്നത്. പിഴ അടച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരും. പിന്നീട് സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനാകില്ല. ഇത്തരം കേസില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ പിഴ ശിക്ഷയാണിത്.
രാഷ്ട്രീയ അനിശ്ചിതത്തിനൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്ന രാജി പ്രഖ്യാപിച്ചത്. കോടതി വിധി മാനിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ജനാധിപത്യം പിന്തുടരപ്പെടണമെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലില്‍ നിന്നും താന്‍ പുറത്തുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവജി മഹാരാജിന്റെ പാരമ്പര്യം താന്‍ കാത്തുസൂക്ഷിക്കും. രണ്ടരവര്‍ഷക്കാലം സംസ്ഥാനത്തിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും താന്‍ പ്രവര്‍ത്തിച്ചു. അതില്‍ സംതൃപ്തിയുണ്ട്. താന്‍ അധികാര മോഹിയല്ല. തന്റെ ഒപ്പം നിന്നവരാണ് പിന്നില്‍ നിന്ന് കുത്തിയത്.
വികസനനേട്ടങ്ങള്‍ എണ്ണപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഈ ടേമിലെ മുഖ്യമന്ത്രിയെന്ന നിലയിലെ അവസാനത്തെ പൊതുജനങ്ങള്‍ക്കുള്ള അഭിസംബോധന. ഞങ്ങള്‍ കര്‍ഷകരെ കടത്തില്‍ നിന്ന് രക്ഷിച്ചു. എന്‍സിപിക്കും കോണ്‍ഗ്രസിനും നന്ദി. ശരദ്പവാറിനേയും സോണിയാ ഗാന്ധിയേയും നന്ദി അറിയിക്കുന്നു. ഇന്ന് മന്ത്രിസഭയിലുണ്ടായിരുന്നത് നാല് ശിവസേനാ മന്ത്രിമാര്‍ മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ഔറംഗാബാദിന്റെ പേര് മാറ്റി ഒസ്മനാബാദ് എന്നാക്കി. കോണ്‍ഗ്രസും എന്‍സിപിയും എതിര്‍ത്തതേയില്ല. തൊഴിലാളികളും സാധാരണക്കാരും ഇന്ന് ആശങ്കയിലാണ്. ഗവര്‍ണര്‍ക്കും നന്ദി. നാളെ ഒരു പുതിയ സര്‍ക്കാര്‍ വരും. ഒരു ശിവസൈനികനും അവരെ തടയില്ല. വിമതരുടെ വൈകാരികതയെ മാനിക്കുന്നു. പക്ഷെ, അവര്‍ക്ക് നേരിട്ട് തന്റെയടുക്കലേക്ക് വരാമായിരുന്നു. സൂററ്റിലേക്കോ ഗുവാഹത്തിയിലേക്കോ പോകുന്നതിന് പകരം വര്‍ഷയിലേക്കോ മാതോശ്രീയിലേക്കോ വരേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭയക്കേണ്ടത് താനല്ല. ശിവസൈനികരുടെ രക്തം തെരുവില്‍ വീഴാതിരിക്കാനാണ് മുഖ്യമന്ത്രി പദമൊഴിയുന്നത്. പദവിയല്ല ശിവസൈനികരുടെ പിന്തുണയാണ് തനിക്ക് വലുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാ അഘാഡി സര്‍ക്കാരിന്റെ പതനം ആഘോഷിച്ച് ബിജെപി. ബിജെപി എംഎല്‍എമാര്‍ താമസിക്കുന്ന താജ് പ്രസിഡന്റ് ഹോട്ടലില്‍ ലഡു വിതരണം ചെയ്ത് ആഘോഷം നടന്നു. ദേവേന്ദ്ര ഫഡ്നാവിസും ബിജെപി നേതാക്കളും മധുരം പങ്കിട്ടു. അതേസമയം, വിമത എംഎല്‍എമാര്‍ ഗോവയിലെത്തി. പ്രത്യേക വിമാനം ഗോവ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു
ഭാര്യയെ മകന്റെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് മണ്ണാർക്കാട് കാരാകുറിശ്ശി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ 30കാരനായ അവിനാഷ് ആണ് 28കാരിയായ ഭാര്യ ദീപികയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇവരുടെ ഏകമകനാണ് ഐവിൻ. ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ പ്രതിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു അതിദാരുണമായ കൊലപാതകം നടന്നത്. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവെയ്ക്കാൻ ശ്രമിച്ചു. എന്നാൽ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്ക്കേണ്ടെന്ന് ഭാര്യ ദീപിക പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്ന് പോലീസ് പറയുന്നു.
ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോയമ്പത്തൂർ സ്വദേശിയാണ് ദീപിക. വർഷങ്ങളായി ബംഗളൂരുവിൽ താമസിച്ചിരുന്ന ദമ്പതിമാർ രണ്ടുമാസം മുമ്പാണ് നാട്ടിൽ താമസം തുടങ്ങിയത്.
അഗ്നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാഷ്. ഇയാൾ മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്. രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെ കെട്ടിപിടിച്ചു കരയുന്ന കുഞ്ഞിന്റെ മുഖം ഓടിയെത്തിയ നാട്ടുകാർക്കും തീരാ ദുഃഖമായി.
നൂപുർ ശർമയുടെ പരാമർശത്തെ പിന്തുണച്ചതിന് തയ്യൽ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഐഎസ് ബന്ധം സംശയിച്ച് കേന്ദ്ര ഏജൻസികൾ. വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനെ എത്തിയ രണ്ട് പ്രതികൾ കന്നയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ പിടിയിലായിട്ടുണ്ട്.
പതികളിലൊരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ള ചില ചിത്രങ്ങളിൽ ഐഎസ് സൂചനകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമേ ഐഎസുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ നിന്ന് അറസ്റ്റിലായ മുജീബ് അബ്ബാസിയെന്നയാളുമായി റിയാസിന് ബന്ധമുണ്ടായിരുന്നെന്നും സൂചനയുണ്ട്.
പ്രതികൾക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട് . ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, പ്രതികളെ ചോദ്യംചെയ്യാനായി എൻഐഎ സംഘം രാജസ്ഥാനിൽ എത്തിയിട്ടുണ്ട്. ഇവരുടെ തീവ്രവാദ ബന്ധമുൾപ്പെടെയുള്ള സംശയിക്കുന്ന കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി വിശദമായി പരിശോധിക്കും.
സംഘർഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്പുരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. കനയ്യ ലാലിനെ കൊലപ്പെടുത്തുന്ന വീഡിയോ പ്രതികൾ തന്നെ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
രാജസ്ഥാൻ സർക്കാരും വിഷയം ഗൗരവമായാണ് കാണുന്നത്. വർഗീയ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാനുള്ള കനത്ത നടപടികളിലേക്കാണ് പോലീസ് കടന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ സംഘർഷ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതേസമയം മരിച്ച കന്നയ്യ ലാൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതുമുതൽ തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ ഇത് പോലീസ് ഗൗരവമായി കണ്ടില്ലെന്നും ആരോപണമുണ്ട്.
സംഭവത്തിന് പിന്നിൽ വിദേശ സഹായമോ നിർദേശമോ ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കൂടുതൽ അന്വേഷണത്തിനായി എൻഐഎ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതികളെ ഇന്നുതന്നെ എൻഐഎ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. വിദേശ ഗൂഡാലോചനയുൾപ്പെടെയുള്ള എന്തെങ്കിലും സൂചന ലഭിച്ചാൽ കേസന്വേഷണം എൻഐഎ ഏറ്റെടുക്കും.
കൊലപാതകം അന്വേഷിക്കുന്നതിനായി രാജസ്ഥാൻ സർക്കാരും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നാല് ഉദ്യോഗസ്ഥരടങ്ങിയ ഈ സംഘവും എൻഐഎയുമായി ആശയവിനിമയം നടത്തും. ഉദയ്പുരിലെ തിരക്കേറിയ മാർക്കറ്റിലുള്ള തന്റെ കടയിൽ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് കനയ്യലാൽ കൊല്ലപ്പെട്ടത്. ചാനൽ ചർച്ചയിൽ പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. പന്നിയോട്ട് സ്വദേശിയും ഇപ്പോൾ ചേലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ 50 വയസുകാരൻ പി.പി.ഷാജി, 15 വയസുകാരനായ മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. ഷാജി ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ്.
മകന്റെ തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടർന്നാണ് നീന്തൽ പഠനത്തിനായി കുളത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. വട്ടപ്പൊയിൽ പന്നിയോട് കുളത്തിലാണ് അപകടം നടന്നത്. വെള്ളത്തിൽ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജിയും മുങ്ങി മരിച്ചത്.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ചക്കരക്കൽ സിഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവൺമെന്റ് ആശുപത്രിയിലേക്കു മാറ്റി.
കാസർകോട് സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘമെന്ന് തെളിഞ്ഞു. പണമിടപാടിലെ തർക്കത്തെ തുടർന്നാണ് സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഗുണ്ടകളുടെ തടങ്കലിൽ വെച്ച് ഇയാൾ ക്രൂരമർദ്ദനത്തിന് ഇരയായെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദീഖാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാൽ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്.
കൂടുതലായും കാൽവെള്ളയിലും പിൻഭാഗത്തുമായിരുന്നു അടിയേറ്റത്. മർദ്ദനത്തിനിടയിൽ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സിദ്ദീഖിന്റെ സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ട്.
തലകീഴായി മരത്തിൽ കെട്ടിയിട്ട് തന്നെ മർദിക്കുകയായിരുന്നെന്ന് കുമ്പള സഹകരണ ആശുപത്രിയിൽ കഴിയുന്ന മുഗു സ്വദേശി അൻസാരി പറഞ്ഞു. വെള്ളിയാഴ്ചയാണ് അൻവറിനൊപ്പം അൻസാരി ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയിൽവെച്ചും ബോളംകളയിലെ കാട്ടിൽവെച്ചും തന്നെ സംഘം മർദിച്ചതായും അൻസാരി പറഞ്ഞു.
പൈവളിഗെ നുച്ചിലയിൽ പ്രതികൾ തങ്ങിയ വീട് പോലീസും വിരലടയാളവിദഗ്ധരം ചൊവ്വാഴ്ച പരിശോധിച്ചു. രണ്ട് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
പണം തിരിച്ചുപിടിക്കാൻ അവർ പൈവളിഗെയിൽനിന്നുള്ള ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടുകയായിരുന്നെന്നും പോലീസ് കണക്കുകൂട്ടുന്നു. ഇവർ സിദ്ദീഖിനെയും സഹോദരനേയും സുഹൃത്തിനേയും കടത്തിക്കൊണ്ടുപോയി പണം എന്തു ചെയ്തെന്ന് ചോദിച്ചാണ് മർദ്ദിച്ചത്.
ഇതിനിടെ സിദ്ദീറഖ് മരണപ്പെട്ടതോടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. തുടർന്നാണ് സഹോദരനെയും അൻസാരിയെയും ഒരു വാഹനത്തിൽ കയറ്റി പൈവളിഗെയിൽ ഇറക്കിവിട്ടത്.
1500 രൂപയും സംഘം നൽകിയിരുന്നു. അവിടെനിന്ന് ഓട്ടോയിൽ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരം ഇവരറിയുന്നത്.