പ്രണയം നിരസിച്ചതിനെ തുടർന്ന് കൊലപ്പെടുത്താനായി കത്തിയുമായി എത്തിയ 22കാരനെ നേരിട്ട് 14 വയസുകാരി. സംഭവത്തിൽ, മണ്ണാർമല സ്വദേശി ജിനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കത്തിയുമായി പിന്തുടർന്ന് കുത്താനെത്തിയ യുവാവിനെ പെൺകുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. വ്യാഴം രാവിലെ എട്ടോടെ ആനമങ്ങാട്ടായിരുന്നു സംഭവം.
ആദ്യം കുട്ടി ഭയപ്പെട്ടുവെങ്കിലും മനോധൈര്യം വീണ്ടെടുത്ത് അക്രമിയോട് പെൺകുട്ടി പൊരുതുകയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ പ്രതി ആനമങ്ങാട്ടുവച്ച് തടഞ്ഞുനിർത്തി കുത്താൻ ശ്രമിച്ചു.
ഇതിനിടെയാണ് യുവാവിനെ പിടിച്ചു തള്ളി പെൺകുട്ടി ബഹളം വെച്ചതക്. ഈ സമയം, നിലത്തുവീണ യുവാവിന്റെ കൈയ്യിൽനിന്ന് കത്തി തെറിച്ചുപോയി. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, എതിരെ വാഹനത്തിൽ തട്ടി ഇയാളുടെ കൈക്ക് പരിക്കേറ്റു. തുടർന്ന് പോലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കൊണ്ടുവന്ന കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്‌സോ വകുപ്പുകളും പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വനിതാ വ്‌ളോഹർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കാട്ടിൽ അതിക്രമിച്ചു കയറിയതിനാണ് വ്ളോഗർ അമലാ അനുവിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കൊല്ലം അമ്പഴത്തറ റിസർവ് വനത്തിലാണ് അമല അനു അതിക്രമിച്ച് കയറിയത്.
ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വ്‌ളോഗർക്കെതിരെ ചുമത്തിയിരിക്കുന്നത്. യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പിന്റെ നടപടി. പിന്നാലെ വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തതായാണ് വിവരം.
മലയാളി ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡുകാലത്തെ സേവനം കണക്കിലെടുത്ത് യു.എ.ഇ. ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ വിസ ലഭിച്ചു.
ചങ്ങനാശ്ശേരി പെരുന്ന സ്വദേശി അമ്പലത്തകിടി മുബാറക്ക് മന്‍സിലില്‍ പി.എ. അബ്ദുല്‍ സലീമിന്റെ മകളും അബുദാബിയില്‍ ജോലി നോക്കുന്ന മുഹമ്മദു സാദിഖിന്റെ ഭാര്യയുമായ ഷബാന സലീമിനാണ് യു.എ.ഇ. ഗോള്‍ഡന്‍ വിസ ലഭിച്ചത്.
അബുദാബിയില്‍ 10 വര്‍ഷമായി എന്‍.എം.സി.റോയല്‍ വിമന്‍സ് ഹോസ്പിറ്റലിലെ ഗൈനക്കോളജി ആന്‍ഡ് നിയോ നെറ്റ്‌സ് മെഡിസിന്‍ നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കുകയാണ് 34 കാരിയായ ഷബാന. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതോടെ പത്ത് വര്‍ഷത്തേക്കാണ് വിസ കാലാവധി.
സ്വന്തം പിതാവിനെ വധിക്കാന്‍ വാടകക്കൊലയാളികള്‍ക്ക് രത്‌നമോതിരം ഊരിക്കൊടുത്ത യുവതിയാണ് ഝാര്‍ഖണ്ഡിലെ ഇപ്പോഴത്തെ മുഖ്യ ചര്‍ച്ചാവിഷയം. ആദിത്യപൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മകളുടെ പേര് ഉയര്‍ന്നുവന്നത്. കാമുകനുമായി ചേര്‍ന്ന് ഈ യുവതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയും കാമുകനും വാടകക്കൊലയാളികളും അടക്കം 11 പേര്‍ അറസ്റ്റിലായി.
ജൂണ്‍ 29-നാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. മുന്‍ എം.എല്‍.എ അരവിന്ദ് സിംഗിന്റെ സഹോദരി ഭര്‍ത്താവും പ്രമുഖ ബിസിനസുകാരനുമായ കനയ്യ സിംഗാണ് സ്വന്തം ഫളാറ്റിനു മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മകള്‍ അപര്‍ണ, കാമുകനായ രാജ്‌വീര്‍ സിംഗ്, വാടകക്കൊലയാളി സംഘത്തിന്റെ നേതാവായ നിഖില്‍ ഗുപ്ത, ആയുധം ഏര്‍പ്പാടാക്കി കൊടുത്ത കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചോത്‌റായി കിസ്‌കുവിന്റെ മകന്‍ സൗരഭ് എന്നിവരടക്കാം 11 പേര്‍ പിടിയിലായത്.
നിഖില്‍ ഗുപ്ത
കൊലപാതകം ആസൂത്രണം ചെയ്തത് അപര്‍ണയാണെന്നും കാമുകനായ രാജ്‌വീറാണ് കൊലയാളികളെ ഏര്‍പ്പാടാക്കിയതെന്നും സെരായികേല ഖര്‍സ്വാന്‍ എസ് പി വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്. പ്രതികള്‍ ഫോണിലൂടെ നടത്തിയ ആശയവിനിമയങ്ങളും വാട്‌സാപ്പു മെസേജുകളും മറ്റും കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.
പൊലീസ് പറയുന്നത്: അഞ്ചു വര്‍ഷം മുമ്പാണ് അപര്‍ണയും രാജ്‌വീര്‍ സിംഗും തമ്മില്‍ പ്രണയത്തിലായത്. പ്രദേശത്തെ വമ്പന്‍ പണക്കാരനും വലിയ ബിസിനസുകാരനുമാണ് കനയ്യ സിംഗ്. മകളുടെ പ്രണയവിവരം കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം അറിഞ്ഞത്. പ്രകോപിതനായ കനയ്യ സിംഗ് തുടര്‍ന്ന് രാജ്‌വീറിന്റെ വീട്ടിലെത്തി. തോക്ക് ചൂണ്ടി രാജ്‌വീറിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ സിംഗ് അതിനുശേഷവും ഇവരെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ രാജ്‌വീറിന്റെ കുടുംബം തങ്ങളുടെ വീട് വിറ്റ് ദൂരെ മറ്റൊരിടത്ത് ഒരു വാടക വീട്ടില്‍ താമസിക്കുകയാണ് ഇപ്പോള്‍. അതിനുശേഷം, തന്റെ നിലയ്ക്ക് ചേര്‍ന്ന ഒരാള്‍ക്ക് അപര്‍ണയെ വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമങ്ങള്‍ കനയ്യ സിംഗ് ആരംഭിച്ചു. സമ്പന്നനായ ഒരാളെ കണ്ടെത്തുകയും വിവാഹം നടത്താന്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്നാണ് പിതാവിനെ കൊല്ലാന്‍ അപര്‍ണ തീരുമാനിക്കുന്നത്. കാമുകനുമായി ഇക്കാര്യം സംസാരിച്ച അപര്‍ണ ഇതിനായി തന്റെ രത്‌നമോതിരം ഊരിക്കൊടുത്തു. അങ്ങനെ, രാജ്‌വീര്‍ സിംഗ് വാടകക്കൊലയാളിയായ നിഖിലുമായി സംസാരിച്ചു. അയാള്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഇതിനായി ശ്രമങ്ങള്‍ ആരംഭിച്ചു. സൗരഭ് വഴി 8500 രൂപയ്ക്ക് നാടന്‍ തോക്ക് വാങ്ങിയ ഇവര്‍ കൊലപാതകത്തിനുള്ള ശ്രമങ്ങള്‍ കുറച്ചുനാളായി നടത്തിവരികയായിരുന്നു. ജൂണ്‍ ആദ്യം പാറ്റ്‌നയില്‍വെച്ച് കനയ്യ സിംഗിനെ കൊല്ലാന്‍ ശ്രമം നടത്തിയെങ്കിലും അന്നയാള്‍ രക്ഷപ്പെട്ടു.
തുടര്‍ന്നാണ് കനയ്യ താമസിക്കുന്ന ആദിത്യപൂരിലെ ആഡംബര ഫ്‌ളാറ്റിനു മുന്നില്‍വെച്ച് നിഖിലും സംഘവും നിറയൊഴിച്ചത്. ജോലി കഴിഞ്ഞ് പിതാവ് വീട്ടിലേക്ക് വരുന്നതിന്റെ വിവരങ്ങളും ലൊക്കേഷനും മറ്റും അപര്‍ണയാണ് വാട്ട്‌സാപ്പിലൂടെ കൊലയാളി സംഘത്തിന് അയച്ചുകൊടുത്തത്. തുടര്‍ന്നാണ് സംഘം, കനയ്യ വരുന്നതിനു മുമ്പു തന്നെ ഫ്‌ളാറ്റിന്റെ കവാടത്തില്‍ മറഞ്ഞുനിന്ന് അയാളെ വെടിവെച്ചുകൊന്നത്.
കൊലപാതകം നടന്നതിനു പിന്നാലെ സംഭവം വലിയ വിവാദമായിരുന്നു. പൊലീസിന് ആദ്യഘട്ടത്തില്‍ കാര്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് സംശയം അപര്‍ണയിലേക്കും കാമുകനിലേക്കും തിരിഞ്ഞു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ ശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയ താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന് റിപ്പോർട്ട്. അപകടത്തിൽ റോബിന് കാര്യമായ പരിക്കില്ല. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു അപകടം. കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥി ആയിരുന്നു ഡോ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് അപ്രതീക്ഷതമായി 70-ാമത്തെ ദിവസം പുറത്ത് ആയതോടെ ആരാധകർ ഏറെ വിഷമിച്ചിരുന്ന. ഷോയിലൂടെ ഏറ്റവും കൂടുതൽ ജനകീയനായതും ഡോക്ടർ തന്നെയാണ്. ഷോയിൽ വെച്ച് ആദ്യമെ ദിൽഷയോട് പ്രണയം തോന്നിയെന്ന് ഡോക്ടർ പറഞ്ഞെങ്കിലും പിന്നീട് ഫ്രണ്ട്സ് ആണെന്ന് പറഞ്ഞാണ് നിന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു. കേസ് ഒത്തുതീർപ്പായെന്ന് കാണിച്ച് ഇരുവരും നൽകിയ അപക്ഷേ ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇരുവരും വിവാഹിതരായതാണോ എന്നു കോടതി ചോദിച്ചപ്പോൾ, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും വ്യക്തമാക്കി. അതോടെ, വിവാഹിതരാണോ എന്ന കാര്യത്തിലുള്ള തർക്കം പരിഹരിച്ചശേഷം കേസ് ഒത്തുതീർക്കണമോ എന്ന കാര്യം പരിഗണിക്കാമെന്നും ഇപ്പോൾ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി അറിയിക്കുകയായിരുന്നു.
തങ്ങളുടെ കുട്ടിയുടെ ഭാവി ഓർത്താണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നു ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട് കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. ഈ വസ്തുതകൾ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. യുവതിയുടെ പരാതി വ്യാജമായിരുന്നുവെന്നാണ് ബിനോയ് ഇതുവരെ കോടതിയിൽ വാദിച്ചിരുന്നത്. 2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പോലീസിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാണ് ആരോപണം.
ഈരാറ്റുപേട്ടയിലെ ലോഡ്ജിൽ വിമുക്തഭടനായ സെക്യുരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട വള്ളിക്കോട് നരിയാപുരം കിഴക്കേത്തറ മലയിൽ ഷാജി മാത്യു (56)വിനെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫിഞ്ച് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഷാജി മാത്യു. മൃതദേഹത്തിനു സമീപത്തുനിന്നു വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. ഭാര്യ: സുബി. മക്കൾ: ഷാരോൺ, സുബിൻ.
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ജയിൽ ചാടി. കോട്ടയം ജില്ലാ ജയിലിൽനിന്നാണ് പ്രതി ബിനുമോൻ കടന്നത്.
കഴിഞ്ഞ ജനുവരി 17നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. വധക്കേസിലെ അഞ്ചാംപ്രതിയാണ് ബിനുമോൻ. ജില്ലാ ജയിലിന്റെ തൊട്ടുപിൻവശത്തുള്ള കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുൻപിലായിരുന്നു ഷാൻ എന്ന യുവാവിനെ ജോമോൻ എന്നയാൾ കൊന്ന് കൊണ്ടുവന്നിടുന്നത്. ബിനുമോന്റെ ഓട്ടോയിലായിരുന്നു ഷാനെ തട്ടിക്കൊണ്ടുപോയത്.
ശനിയാഴ്ച പുലർച്ചെയാണ് ഇയാൾ ജയിൽചാടിയത്. ബാത്‌റൂമിൽ പോകാനായി എണീറ്റ ബിനുമോൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ജയിൽ മതിൽ ചാടിക്കടന്നാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. പലക ചാരിവച്ച് മതിലിൽ കയറി കേബിൾ വഴി താഴെയിറങ്ങിയെന്നാണ് നിഗമനം.
ഛത്തീസ് ഗഡിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് മലയാളി ജവാൻ മരിച്ചു. സിആർപിഎഫ് കമാൻഡോ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആർ ആണ് മരിച്ചത്. നക്സൽ ബാധിത മേഖലയിൽ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. രാവിലെ 7.30ഓടെ തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം ഉണ്ടായത്. ഇവിടെ നടത്തിയ തിരച്ചിലിൽ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഖ്മാ – ബീജാപ്പൂർ ജില്ലകളുടെ അതിർത്തിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ എകെ 47 തോക്കുകൾ അടക്കം ആയുധങ്ങളും നഷ്ടമായെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നതിനിടെ നാല് ജവാന്മാരും ഒഴുക്കിൽ പെട്ടു. ഇവർ നാല് പേരെയും രക്ഷിച്ചു. നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.
യു.കെ യിലെ പൗരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന ബഹുമതിയും ആദരവുമായ ബ്രിട്ടീഷ് സിറ്റിസൺ അവാർഡ് നേടി മലയാളി സോയി ജോക്കബ്. താൻ ചെയ്യുന്ന തൊഴിലിനോടുള്ള സമർപ്പണവും സമൂഹത്തെ സഹായിക്കുന്നതിനുള്ള സന്മനസുമുള്ളവരെയാണ് അവാർഡിനായി തെരഞ്ഞെടുക്കുന്നത്.
വിദേശത്ത് സേവനമനുഷ്ഠിച്ച് ആ രാജ്യത്തിന്റെ സമാദരണീയനാവുക എന്നത് ആരാജ്യത്തും സ്വദേശത്തുമുള്ള മലയാളി സമൂഹത്തിന് ആകെ അഭിമാനം പകരുന്നു.യു കെയിൽ എത്തി കുറഞ്ഞ കാലയളവിൽ തന്നെ കുത്താട്ടുകുളം സ്വദേശിയായ സോയി രാജ്യം ശ്രദ്ധിച്ച ബഹുമതി നേടിയിരിക്കുന്നത്.സോയി ജേക്കബിന് മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ.