ക്യാന്‍സർ രോഗിയായ വയോധികയെ ചെറുമകൻ കൊലപ്പെടുത്തി. വയോധികയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പോലീസ്. ക്യാൻസർ കാരണം രക്തം ശർദിച്ച് മരണപ്പെട്ടു എന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാൽ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെവെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച്ചയാണ് കോക്കാട് സ്വദേശി പൊന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരായിരുന്നു പൊലീസിനെ വിവരമറിയിച്ചത്. അങ്ങനെ നടത്തിയ അന്വേഷണത്തിൽ വയോധികയുടേത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചെറുമകനെ അറസ്റ്റ് ചെയ്തു.

വിരലടയാള പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഇത് കൊലപാതകമാണെന്ന് തെളിയിക്കുകയായിരുന്നു. തലയ്ക്കേറ്റ മുറിവായിരുന്നു മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും മനസിലായി.

ചെറുമകൻ സുരേഷ് കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയുണ്ടായി. അപ്പോഴാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്.

കൊലപാതകത്തിലേക്ക് നയിച്ച സംഭവമിങ്ങനെ; വെള്ളിയാഴ്ച്ച വൈകിട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സുരേഷ് മുത്തശ്ശിയുമായി വഴക്കുണ്ടായി. ദേഷ്യത്തിൽ വയോധികയെ കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലിന്റെ പടിയിൽ തലയിടിച്ച് കൊലപ്പെടുത്തി.വയോധികയുടെ കഴുത്തിലും പാടുകളുണ്ടായിരുന്നു.

ദീര്‍ഘകാലമായി ക്യാൻസർ ബാധിച്ച് കിടപ്പിലായ പൊന്നമ്മയെ സംരക്ഷിക്കാൻ കഴിയാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മുറിയിൽ നാറ്റമുണ്ടായിരുന്നതും പ്രതിയെ അസ്വസ്ഥനാക്കി. മാത്രമല്ല അമ്മ അമ്മൂമ്മയെ നോക്കി കഷ്ടപ്പെടുന്നതും പ്രതിയെ പ്രകോപിതനാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അതിക്രൂരമായ കൊലപാതകമാണ് നടത്തിയിരിക്കുന്നത്.