ഒരു വര്‍ഷം മുമ്പാണ് കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുതുടങ്ങിയ സമയം. എന്റെ മൂത്ത മകന്‍ സച്ചിനും കോവിഡ് പിടിപെട്ടു. അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍നിന്ന് സന്ദേശം വരുമ്പോള്‍ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. പെട്ടെന്ന് സുരേഷ്‌ഗോപിയെ ഓര്‍ത്തു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. കരച്ചിലോടെയാണ് ഞാന്‍ സുരേഷിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. വിശദാംശങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു.
ഗുജറാത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി. അവിടെയുള്ള എം.പിയെ സുരേഷ്‌ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിനുപിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തി. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് മകനെയും കൊണ്ടവര്‍ രാജ്‌കോട്ടിലെ ഹോസ്പിറ്റലില്‍ എത്തിയത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു.
ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനായതും ചികിത്സകള്‍ തുടരാനും കഴിഞ്ഞത്. ഇന്നെന്റെ മകന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ അതിന് കാരണക്കാരന്‍ സുരേഷ്‌ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്റെ ഹൃദയത്തില്‍ ഉണ്ടാകും.
20 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം താരസംഘടനയായ അമ്മയുടെ ഓഫീസിലെത്തിയ സുരേഷ്‌ഗോപിക്ക് സ്വീകരണങ്ങള്‍ നല്‍കിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിയന്‍പിള്ള രാജു ഈ അനുഭവം വെളിപ്പെടുത്തിയത്.
ബലാത്സംഗ പരാതി വിജയ് ബാബുവിനെതിരെ ഉയർന്ന് വന്നതിന് പിന്നാലെ നിരവധി പേരാണ് നടനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ വിജയ്ബാബുവിനെ കുറിച്ച് സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിജയ് ബാബുവിന് എതിരെ ബലാത്സംഗ പരാതി ഉയർന്ന സംഭവത്തിൽ രണ്ടു വാക്ക് പറയാൻ സാന്ദ്ര തോമസിനോട് ഒരാൾ കമന്റിലൂടെ ആവശ്യപ്പെടുകയായിരുന്നു. സാന്ദ്ര തോമസ് പങ്കുവെച്ച ചിത്രത്തിനു താഴെയാണ് കമന്റ് എത്തിയത്. ഇതിന് താരം നൽകിയ മറുപടി ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് എന്നായിരുന്നു കമന്റ്. ഒറ്റവാക്കെ ഒള്ളൂ ‘സൈക്കോ’ എന്നായിരുന്നു സാന്ദ്രയുടെ മറുപടി. വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനി ആയ ഫ്രൈഡേ ഫിലിംസ് ഉണ്ടാക്കിയത് സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നായിരുന്നു. ഇരുവരും ഒരുമിച്ചു സിനിമകളും നിർമിച്ചിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ് വിജയ് ബാബു സാന്ദ്ര തോമസിനെ മർദിച്ചതായി പരാതി ഉയർന്നിരുന്നു. മർദനമേറ്റ സാന്ദ്ര കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാന്ദ്രയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ലൈംഗിക പീഡന പരാതിയിലും താരം പ്രതികരണം രേഖപ്പെടുത്തിയത്.
ഭക്ഷ്യ വിഷബാധയെ തുടർന്നുള്ള ദേവനന്ദയുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല സോണി ബാക്ടീരിയ. ഇത് ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രാഥമിക റിപ്പോർട്ട് ആണ് ഇത്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നേ ലഭിക്കൂവെന്നു കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു.
ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നു കാസർകോട് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോഴും അവയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിലുള്ള എല്ലാവർക്കും സമാനമായ രോഗലക്ഷണങ്ങളായതിനാൽ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തൽ. അതേസമയം, ദേവനന്ദയുടെ മൃതദേഹം കരിവെള്ളൂർ എവി സ്മാരക ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം സംസ്‌കരിച്ചു. സംഭവത്തിൽ ഐഡിയൽ കൂൾബാർ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസർകോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായി.
കേസിൽ ഇതുവരെ മൂന്നു പേരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിഎം നാളെ റിപ്പോർട്ട് നൽകും. ഷവർമ കഴിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52 ആണ്.
നടന്‍ വിജയ് ബാബുവുമായി ബന്ധപ്പെട്ട് അമ്മയില്‍ വന്‍ തര്‍ക്കമാണ് നടക്കുന്നത്. ഇന്റേര്‍ണല്‍ കമ്മറ്റിയില്‍ നിന്നും മാലാ പാര്‍വതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചു. ഇപ്പോള്‍ നടന്‍ സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മാലാ പാര്‍വതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഹാപ്പി സര്‍ദ്ദാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഉണ്ടായ അനുഭവമാണ് മാലാ പാര്‍വതി പറഞ്ഞത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും സിദ്ദിഖില്‍ നിന്നും സങ്കെടപ്പെടുത്തുന്ന അനുഭവം ഉണ്ടായെന്ന് നടി പറഞ്ഞു.
സിദ്ദിഖില്‍ നിന്നും ഹാപ്പി സര്‍ദ്ദാര്‍ സിനിമയുടെ സെറ്റില്‍ നിന്നും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകള്‍ കാരണം കുറച്ച് അധികം സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോള്‍ എനിക്ക് അമ്മ സംഘടനയില്‍ പ്രതീക്ഷയില്ലെന്നും മാല പാര്‍വ്വതി പറഞ്ഞു.
ഈ സംഭവുമായി ബന്ധപ്പെട്ട് മാല പാര്‍വ്വതി നേരത്തെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ മാലാ പാര്‍വ്വതിയുടെ പേര് പരാമര്‍ശിക്കാതെ തങ്ങളുടെ ലൊക്കേഷനില്‍ ഒരു ‘അമ്മ നടി’ കാരവന്‍ ആവശ്യപ്പെട്ടുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് മറുപടിയും കൂടിയാണ് പാര്‍വ്വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ആ കുറിപ്പ് ഇങ്ങനെ, ഹാപ്പി സര്‍ദാര്‍ എന്ന സിനിമയില്‍ അമ്മ നടി കാരവന്‍ ചോദിച്ചു എന്നൊരാരോപണം സഞ്ജയ് പാല്‍ ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസറുടെ കാഷ്യര്‍ ആണ് ആള്‍… ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവാന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്.
ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി.
അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? സഞ്ജയ് പാല്‍ എന്ന ആള്‍ക്കുള്ള മറുപടിയാണിത്. ബില്ല് ചുവടെ ചേര്‍ക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തല്ക്കാലം നിര്‍ത്തുന്നു.
അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ കൂട്ടരാജി. മാലാ പാര്‍വതിക്കു പിന്നാലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ച് ശ്വേത മേനോനും കുക്കു പരമേശ്വരനും. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിജയ് ബാബു വിഷയത്തിൽ അമ്മ കൈക്കൊണ്ട തീരുമാനം അംഗീകരിക്കില്ല എന്ന നിലപാട് വ്യക്തമാക്കിയായിരുന്നു മാലാ പാർവതി രാജി സമർപ്പിച്ചത്. വിജയ് ബാബു മാറിനിൽക്കുമെന്നു പറയുന്നത് അച്ചടക്ക നടപടിയല്ല. എക്സിക്യൂട്ടീവിൽനിന്നു മാറ്റിനിർത്തണമെന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ‘അമ്മ’ എക്സിക്യൂട്ടീവിന്റേത് തെറ്റായ നടപടിയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും മാലാ പാര്‍വതി പറഞ്ഞിരുന്നു.
ഇതേ തീരുമാനത്തിനെതിരെയാണ് മാലാ പാർവതിക്കു പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നു രാജിവച്ചത്. ഐസിസി അധ്യക്ഷ കൂടിയായിരുന്ന ശ്വേത മേനോന്‍ അമ്മയുടെ വൈസ് പ്രസിഡന്റാണ്.
‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാമെന്നു നടന്‍ വിജയ് ബാബു അറിയിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് ബാബു നല്‍കിയ കത്ത് അമ്മ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.
മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് കഴിഞ്ഞ മാസമാണ്. ഭാര്യ രമയുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും നടന്‍ ഇപ്പോഴും മുക്തനായിട്ടില്ല. പല വേദികളിലും രമയെ കുറിച്ച് വാചാലനാവാറുള്ള ആളായിരുന്നു ജഗദീഷ്. എന്നാല്‍ ആ വേര്‍പാട് ജഗദീഷിനെ തകര്‍ത്ത് കളഞ്ഞു. ഇപ്പോള്‍ ഭാര്യയുടെ ഓര്‍മ്മകള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍.
ഫോറന്‍സിക സര്‍ജനായി കേരളത്തിലെ ഒട്ടുമിക്ക് വിവാദ കേസുകളും ഏറ്റെടുത്തിട്ടുള്ള ആളാണ് ജഗദീഷിന്റെ ഭാര്യ രമ. ശരിക്കും ഈ പ്രൊഫഷന്‍ ചെയ്യാന്‍ വേണ്ടി ജനിച്ച ആളാണ് രമയെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ജഗദീഷ് പറയുന്നു. രമയെ പെണ്ണുകാണാന്‍ പോയതിനെ പറ്റിയും വിവാഹത്തെ കുറിച്ചുമൊക്കെ നടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
ജഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ,
രമ ഫൊറന്‍സിക് സര്‍ജനാകാന്‍ തന്നെ ജനിച്ചയാളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മക്കളെ മോര്‍ച്ചറിയില്‍ കൊണ്ട് പോയി പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് കാണിച്ചിട്ടുണ്ട്. രണ്ടാമത് ഗര്‍ഭിണിയായ സമയത്ത് പലരും മുഖം ചുളിച്ചിരുന്നു. ഒരു ഗര്‍ഭിണി മൃതദേഹം കീറി മുറിക്കുന്നത് ശരിയാണോ?’ എന്നായിരുന്നു ചോദ്യം. എന്നാല്‍ പ്രസവവേദന വന്നാലെന്താ തൊട്ടടുത്തല്ലേ ലേബര്‍ റൂം. അവിടെ പോയങ്ങ് പ്രസവിക്കും എന്നായിരുന്നു രമയുടെ മറുപടിയെന്ന് ജഗദീഷ് പറയുന്നു.
‘എന്റെ രണ്ടാമത്തെ ചേച്ചി ഹൈസ്‌കൂളിലെ കെമിസ്ട്രി ടീച്ചറായിരുന്നു. പത്താം ക്ലാസ് പരീക്ഷയുടെ പേപ്പര്‍ വാല്യൂവേഷന്‍ കഴിഞ്ഞ് ചീഫ് എക്സാമിനറുടെ വീട്ടില്‍ അവ കൊടുക്കാന്‍ പോയപ്പോള്‍ കണ്ട കാഴ്ചയാണ് ആ വിവാഹത്തിലേക്ക് എത്തിയത്. പറമ്ബില്‍ നിന്ന് തേങ്ങ പെറുക്കി തേങ്ങാപ്പുരയിലേക്ക് ഇടുകയാണ് ടീച്ചറുടെ മകള്‍. അത് കഴിഞ്ഞയുടനെ പാര കൊണ്ട് വന്ന് പൊതിക്കാന്‍ തുടങ്ങി.
മോള്‍ എന്താ ചെയ്യുന്നേന്ന് അളിയനാണ് ചോദിച്ചത്. എംബിബിഎസ് ഫൈനല്‍ ഇയറിന് പഠിക്കുകയാണെന്ന് കേട്ടപ്പോള്‍ അവര്‍ ഞെട്ടി. വീട്ടിലെത്തിയതിന് ശേഷമാണ് ആ കൂട്ടിയെ ഒന്ന് ആലോചിച്ചാലോ എന്നവര്‍ ചോദിക്കുന്നത്’. അന്ന് എംജി കോളേജില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. അങ്ങനെ രമയെ പെണ്ണുകാണാന്‍ പോയ എന്നെ അവരുമായി ചേര്‍ത്ത് നിര്‍ത്തി മാച്ചിങ് ആണോ എന്നൊക്കെ നോക്കിയത് അമ്മയാണ്. നാടകസംഘത്തില്‍ ഒപ്പമുണ്ടായിരുന്ന തോമസ് മാത്യു രമയുടെ ജൂനിയറാണ്. അദ്ദേഹത്തോട് അന്വേഷിച്ചപ്പോള്‍ രമ അല്‍പം ടഫ് ആണെന്നാണ് പറഞ്ഞത്. കല്യാണത്തിന്റെ പിറ്റേദിവസം ആ ടഫ്നസ് ജോലിയോടുള്ള ഡെഡിക്കേഷന്‍ ആണെന്ന് മനസിലായി. അധികം സംസാരമില്ലെങ്കിലും നല്ല ഹ്യൂമര്‍സെന്‍സാണ് രമ.
പീഡനക്കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം വേണമെന്ന നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ ആവശ്യം പോലീസ് തളളി. സാവകാശം നല്‍കാനാവില്ലെന്നും എത്രയും വേഗം കീഴടങ്ങണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഹാജരാകാന്‍ ഈ മാസം 19 വരെ സമയം നല്‍കണമെന്നായിരുന്നു വിജയ് ബാബുവിന്റെ ആവശ്യം.
ഔദ്യോഗിക യാത്രയിലായതിനാല്‍ മെയ് 19 വരെ ഇളവ് വേണമെന്ന ആവശ്യമാണ് വിജയ് ബാബു മുന്നോട്ടുവച്ചത്. എന്നാല്‍ സമയം നല്‍കില്ലെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമുള്ള നിലപാടിലാണ് പോലീസ്.
യുവനടിയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 18ന് ഹൈക്കോടതി പരിഗണിക്കും.
അതേസമയം വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് താര സംഘടനയായ അമ്മ ഐസിസിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയാണ് ഐസിസി.
വിഷയത്തില്‍ കൂടുതല്‍ പേര്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മാല പാര്‍വതി പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമാണെന്നും അവര്‍ പ്രതികരിച്ചു.
ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ വിമാന അപകടങ്ങളിൽ ഒന്നായിരുന്നു 1978 ലെ എയർ ഇന്ത്യ ഫ്ലൈറ്റ് 855 വിമാന അപകടം.1978 ജനവരി 1 , ലോകം പുതുവർഷാഘോഷത്തിന്റെ തിരക്കിൽ മുഴുകിയിരിക്കുന്നു. മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 1915 Km ദൂരമുള്ള ദുബായ് യാത്രയായിരുന്നു എയർ ഇന്ത്യ 855 ബോയിങ് 747-200 B എംപറർ അശോക വിമാനത്തിൻ്റെ ദൗത്യം. മഹാരാരാജാ കുടുംബത്തിലേക്ക് ആദ്യമായി എത്തിയ 747 സീരീസ് ജംബോജറ്റ് വിമാനമായിരുന്നു എംപറർ അശോക. പ്രാട്ട് ആൻഡ് വിട്നി JT 9D-7J ശ്രേണിയിൽ പെടുന്ന നാല് എഞ്ചിനുകൾ നൽകുന്ന കരുത്തിൽ കഴിഞ്ഞ ആറു വർഷവും പത്ത് മാസവും ഇന്ത്യയുടെ അഭിമാനമായി ആകാശം കൈയ്യടക്കിയ രാജാവ്.
1971ൽ ഈ വിമാനം വാങ്ങിയപ്പോൾ അതിന് നൽകാൻ ഇന്ത്യ കണ്ട ഏറ്റവും മഹാനായ ചക്രവർത്തിയുടെ പേരിനോളം മറ്റൊന്നും ചേരില്ല എന്ന് കരുതി കാണണം. ആകാശത്തിലെ കൊട്ടാരം (Palace of the Sky) എന്നാണ് ആ വിമാനത്തിന് എയർ ഇന്ത്യ പരസ്യം ചെയ്തിരുന്നത്.
പക്ഷെ സ്ഥിതി അൽപം വ്യത്യസ്ഥമായിരിന്നു. കഴിഞ്ഞ ദിവസത്തെ പറക്കലിനിടയിൽ ചിറകിൽ ഘടിപ്പിച്ചിട്ടുള്ള ഫ്ലാപ്പിൽ (വിമാനത്തിൻ്റെ ടേക്ക് ഓഫ്, ലാൻഡിംഗ് സമയങ്ങളിൽ ലിഫ്റ്റ് അധികരിപ്പിക്കുന്ന ഭാഗം) തട്ടിയ പക്ഷി കാരണമായി ഒരു റിപ്പയർ ആവശ്യമായി വന്നു.6*8 ഇഞ്ച് വലിപ്പത്തിലുണ്ടായ ആഘാതം ഹണി കോമ്പ് മെറ്റീരിയൽ ഉപയോഗിച്ച് പരിഹരിക്കാൻ എയർക്രാഫ്ട് എഞ്ചിനീയറിംഗ് ടീമിനു കഴിഞ്ഞു. ഇത് മൂലം സംഭവിച്ച കാലതാമസം അൽപ്പമെങ്കിലും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരിക്കാം.
ദൈവം നീട്ടി നൽകിയ ജീവിതത്തിൻ്റെ ഏതാനും മണിക്കൂറുകൾ. അതിൽ അനേകം മലയാളികളും കൂട്ടത്തിൽ തൃശൂർ സ്വദേശികളായ മോഹൻദാസും ഫാത്തിമയും. പോളിടെക്നിക് പഠനകാലത്ത് മൊട്ടിട്ട അവരുടെ പ്രണയസാഫല്യമായിരുന്നു ആ യാത്ര. പല പ്രതിസന്ധികളും നേരിട്ട പ്രണയത്തിനൊടുവിൽ രഹസ്യ വിവാഹം ചെയ്ത അവർ ഒന്നിച്ചുള്ള യാത്രയിൽ പ്രിയതമന്റെ കൈയ്യും പിടിച്ച് ഫാത്തിമ. തങ്ങൾ ഏറെക്കാലമായി സൂക്ഷിച്ച പ്രണയത്തിന്റെ കൊടുമുടികൾ കീഴടക്കിയ ആഹ്ലാദത്തിലായിരുന്നു.
സമയം ജനുവരി 1 വൈകുന്നേരം. അവസാന വട്ട പരിശോധനകൾക്ക് ശേഷം വിമാനത്തിൻ്റെ എഞ്ചിനീയർ വിമാനത്തിന് പറക്കാൻ സജജമാണെന്നുള്ള ഫിറ്റ്നസ് രേഖകൾ ഒപ്പിട്ടു നൽകി. ആവശ്യത്തിന് ഇന്ധനവും നിറച്ച് ഒരു യാത്രക്കായി തയ്യാറായി. വിമാനത്തിനെ നിയന്ത്രിക്കാനായി മൂന്നംഗ സംഘവും വേണ്ട തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരുന്നു. 18,000 മണിക്കൂറിലധികം പ്രവർത്തി പരിചയമുള്ള 51 വയസുള്ള മദൻലാൽ കാക്കർ ആയിരുന്നു ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടത്. അദ്ദേഹത്തോടൊപ്പം 4000 മണിക്കൂർ വിമാനം പറത്തിയിട്ടുള്ള മുൻ ഇന്ത്യൻ എയർഫോർസ് പൈലറ്റ് കൂടിയായിരുന്ന ഇന്ദുവിർമണി ഫസ്റ്റ് ഓഫീസറായും ഇന്ത്യയിൽ തന്നെ അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ഫൈയിംഗ് പരിചയമുള്ള ആൽഫെർഡോ ഫാരിയ ഫൈറ്റ് എഞ്ചിനീയറായും കോക്പിറ്റിൽ സ്ഥാനം പിടിച്ചു. 190 യാത്രക്കാർക്ക് വേണ്ട സഹായത്തിനായി 23 ക്യാബിൻ ക്രൂ ഉൾപ്പടെ ആകെ മൊത്തം 213 ആളുകൾ.
എല്ലാ വിധ സുരക്ഷാ പരിശോധനകൾക്കും ശേഷം ആ വിമാനം യാത്രക്കായി ഒരുങ്ങി. എന്നത്തേയും പോലെ ട്രാഫിക്ക് ഉള്ള ഒരു ദിനം. സമയം രാത്രി 08:13. മുബൈ എയർപ്പോർട്ട് സർഫസ് മൂവ് മെൻറ് കൺട്രോളിൻ്റെ (എയർ ട്രാഫിക്ക് കൺടോളിൽ ഗ്രൗണ്ട് മൂവ്മെൻ്റ് നിയന്ത്രിക്കുന്ന വിഭാഗം) ഭാഗത്ത് നിന്നുള്ള നിർദേശ പ്രകാരം വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് തുടങ്ങിയിരിക്കുന്നു. എഞ്ചിൻ്റെ പ്രവർത്തനം, മറ്റ് കൺട്രോളുകൾ എന്നിവ തൃപ്തികരമായതിന് ശേഷം എഞ്ചിനീയറിനുള്ള അവസാന സന്ദേശത്തിലൂടെ വിമാനത്തിൽ ഘടിപ്പിച്ചിട്ടുള്ള ഹെഡ്സെറ്റ് വിശ്ചേതിക്കുന്നതിനുള്ള നിർദേശവും അവസാന യാത്രാ മംഗളങ്ങളും വരുന്നു.
വിമാനത്തിൻ്റെ ചക്രങ്ങൾ പതിയെ ചലിച്ചു തുടങ്ങിയിരിക്കുന്നു. അനുവദിക്ക പ്പെട്ട റൺവെ നംബർ 27 ൽ നിന്ന് പറന്നുയരാൻ ലക്ഷ്യമാക്കി നീങ്ങുന്നു. റൺവേയിൽ കയറുന്നതിന് മുൻപായി മുബൈ എയർപ്പോർട്ട് സർഫസ് മൂവ് മെൻറ് കൺട്രോളിൻ്റെ സന്ദേശങ്ങൾ അവസാനിപ്പിച്ച് മുംബൈ ടവറുമായി ബന്ധപ്പെടുന്നു. റൺവേയുടെ തുടക്കം മുതൽ ഒരു നിശ്ചിത ഉയരം വരെ വിമാനങ്ങളെ നിയന്ത്രിക്കുക ടവർ ആയിരിക്കും. ടവറിൻ്റെ നിർദേശം ഇപ്രകാരമായിരുന്നു. റൺവേ 27 ൽ നിന്ന് പറന്നു പൊങ്ങിയതിനെ തുടർന്ന് കൃത്യമായ ഹെഡിംഗിനോട് കൂടിയ ഒരു റൈറ്റ് ടേൺ, ശേഷം 2400 അടി ഉയരത്തിൽ എത്തി കഴിഞ്ഞാൽ റിപ്പോർട്ട് ചെയ്യുക.
ടവറിൽ നിന്നുള്ള അവസാന അനുമതിയും ലഭ്യമായതിനെ തുടർന്ന് വിമാനം അതിൻ്റെ 4 എഞ്ചിനുകളും ഒരേ സമയം പ്രവർത്തിപ്പിച്ച് മുന്നോട്ട് നീങ്ങി. നിശ്ചിത സ്പീഡിൽ എത്തിയതിന് ശേഷം അതിൻ്റെ കൺട്രോളുകൾ പ്രവർത്തിപ്പിച്ച് പൈലറ്റുമാർ വിമാനത്തെ റൺവേയിൽ നിന്ന് ഉയർത്തി. ശേഷം മുൻകൂട്ടി നിശ്ചയിച്ച പോലെ തന്നെ റൺവേയിൽ നിന്ന് ഉയർന്ന് ഒരു മിനുട്ടിനുള്ളിൽ ഹെഡിംഗ് അനുസരിച്ച് വലത് ഭാഗത്തേക്ക് ബോംബെ കോസ്റ്റ് ലൈൻ മറികടന്ന് അറബിക്കടലിന് മുകളിലൂടെ പറന്ന് അത് ലെവൽ ഫ്ലൈറ്റ് നില നിർത്തുന്നു.
പെട്ടെന്നു തന്നെ ഇടത്തോട്ട് തിരിഞ്ഞ് പിന്നീടൊരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത വിധം അതിൻ്റെ ദിശ നഷ്ടപ്പെടുന്നു. റൺവേയിൽ നിന്ന് ചക്രങ്ങൾ പിൻ വലിഞ്ഞ് കൃത്യം 101 സെക്കൻ്റുകൾക്കിപ്പുറം 108 ഡിഗ്രി ഇടത്തോട്ട് തിരിഞ്ഞതിൻ്റെ ഫലമായി അതിൻ്റെ ഉയരം നഷ്ടപ്പെടുകയും 45 ഡിഗ്രിയിൽ വിമാനം കടലിലേക്ക് പതിക്കുന്നു. ആർക്കും രക്ഷപ്പെടാൻ അവസരം നൽകാതെ അവർ അറബിക്കടലിൻ്റെ ആഴങ്ങളിലേക്ക് മറഞ്ഞു. അവസാനമായ ആ സന്ദേശം മാത്രം മുംബൈ എയർ ട്രാഫിക് കൺട്രോളിൽ മുഴങ്ങി. “ഹാപ്പി ന്യൂയർ ടു യു സർ” എയർ ഇന്ത്യ 855.
ഇന്ത്യൻ നേവിയുടെ ഒരു കമാൻഡർ സയ്യിദ് ഈ ദുരന്തം നേരിട്ട് കാണാൻ ഇടയായി. അദ്ധേഹത്തിൻ്റെ വാക്കുകളിൽ നോസ് ഡൈവ് ചെയ്ത് വലിയ ശബ്ദത്തോടെ കടലിൽ പതിക്കുന്നതും പതിക്കുമ്പോൾ വിമാനത്തിൻ്റെ ടേക്ക് ഓഫ് ലൈറ്റുകൾ പ്രകാശിച്ചിരുന്നു എന്നും ലഭ്യമായി.നാവികസേനയും വ്യോമസേനയും കഴിയുന്ന വിതത്തിൽ എല്ലാം രക്ഷാ പ്രവർത്തനങ്ങൾക്കായി ശ്രമിച്ചു. പക്ഷെ കടൽ വിഴുങ്ങിയ രാജാവിനെയും പ്രജകളേയും ജീവനോടെ ലഭ്യമായില്ല.
നിരവധി അന്വേഷണങ്ങൾ നടന്നുവെങ്കിലും വിമാനത്തിന് ഏതെങ്കിലും യന്ത്രതകരാറുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയില്ല. അപകടകാരണം പൈലറ്റിന്റെ പിഴവായി അപഗ്രഥിക്കപ്പെട്ടു.
അഞ്ച് ദിവസങ്ങൾക്ക് ശേഷം, കൃത്യമായി പറഞാൽ ജനുവരി 6. കടലിലൂടെ പോയിരുന്ന മത്സ്യ ബന്ധന ബോട്ട് എയർ ഇന്ത്യ വിമാനത്തിൻ്റെ വാൽ ഭാഗം (Empennage) കണ്ടെത്തുകയും പിന്നീടുള്ള അന്വേഷണങ്ങൾക്ക് അവ സഹായിക്കുകയും ചെയ്തു. സാധാരണയായി വിമാനങ്ങളുടെ ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന ഭാഗം ഇവിടെയാണ് കാണപ്പെടുക.
കോക്പിറ്റിലെ സന്ദേശങ്ങളടങ്ങിയ കോക്പിറ്റ് വോയിസ് റെക്കോർഡറും, ഡിജിറ്റൽ ഡേറ്റാ ഫ്ലൈറ്റ് റെക്കോർഡറും ചേർന്നതാണ് ബ്ലാക് ബോക്സ്. ഇവ ഡീകോഡ് ചെയ്യുന്നതിനും വിശദ പരിശോധനക്കുമായി വാഷിംഗ്ടൺ ലേക്ക് അയച്ചു നൽകി.
അന്ന് എയർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന അപ്പുസ്വാമി തങ്ങളുടെ വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല എന്ന് തന്നെ സമർത്ഥിച്ച് കൊണ്ടിരുന്നു.
എയർ ഇന്ത്യയുടെ വിമാനം ഒരു ബോംബിംഗിലൂടെ പൊട്ടിത്തെറിക്കുമെന്ന് ഡിസംബർ 28 ന് എയർ ഇന്ത്യയുടെ ലണ്ടൻ ഓഫീസിന് ഭീഷണി ലഭിച്ചതായി സമാചാർ വാർത്താ ഏജൻസി റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു. എന്നാൽ ഭീഷണിയുടെ കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയിരുന്നില്ല. തങ്ങളുടെ നേതാവ് പി.ആർ. സർക്കാറിന്റെ മോചനം തേടുന്ന പ്രൂട്ടിസ്റ്റുകളിൽ നിന്നാണ് ഭീഷണി ഉണ്ടായതെന്നും ആരോപണമുണ്ട്. അത്തരമൊരു ഭീഷണി ലഭിച്ചുവെന്ന് അപ്പുസ്വാമിയുടെ നിർദേശത്തോടൊപ്പം വിമാനത്തിൻ്റെ അവശിഷ്ടങ്ങളിൽ കണ്ട പൊട്ടിത്തെറി സ്വഭാവം സംശയം കൂടുതൽ വർധിപ്പിച്ചു.
വിമാനത്തിൽ ഒരു ബോംബ് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് 126 ഓളം യാത്രക്കാർ ദുബായ് യാത്ര റദ്ദാക്കിയതായി മരിച്ച യാത്രക്കാരിലൊരാളുടെ ബന്ധു ലളിത് കുമാർ ഭാട്ടിയ അവകാശപ്പെട്ടു. റദ്ദാക്കലുകൾ സാധാരണമാണെന്നായിരുന്നു എയർ ഇന്ത്യയുടെ വിശദീകരണം.
രാവിലെ 7.15 ന് നിശ്ചയിച്ച ഫ്ലൈറ്റ് രാത്രി 7.15 ന് ഷെഡ്യൂൾ ചെയ്തപ്പോൾ നിരവധി യാത്രക്കാർ ദുബായിലേക്ക് പോകുന്ന മറ്റ് എയർലൈനുകളിലേക്ക് തിരിഞ്ഞു എന്നുമുള്ള വാർത്തകൾ വന്നു തുടങ്ങി. ബോംബെ-ദുബായ് ഒരു പാട് തിരക്കുള്ള റൂട്ടാണെന്നും സീറ്റുകൾ ലഭ്യമാകുന്നത് അത്ര എളുപ്പമല്ലെന്നും അവകാശപ്പെട്ടു കൊണ്ട് ട്രാവൽ ട്രേഡിലെ വിദഗ്ധർ ഈ വാദം തള്ളിക്കളഞ്ഞു. എങ്കിലും പോലീസ് ഈ സംശയങ്ങളെ എല്ലാം തന്നെ പരിഗണിച്ചു. ഫ്ലൈറ്റ് ക്യാൻസൽ ചെയ്യാനുള്ള കാരണങ്ങൾ ഓരോ യാത്രക്കാരോടും ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു.
ഇതുവരെ, കടലിൽ നിന്ന് കണ്ടെടുത്ത ലോഹ ഭാഗങ്ങൾ twisted ആയ നിലയിലാണെന്ന് കണ്ടെത്തി, ഇത് ഒരു സ്ഫോടനം നടന്നിരിക്കാമെന്ന് സൂചിപ്പിക്കുന്നു. നിരവധി മൈൽ അകലെയുള്ള അലിബാഗിലാണ് അവശിഷ്ടങ്ങളുടെ ചില ഭാഗങ്ങൾ കണ്ടെത്തിയത്. വായുവിൽ ഉണ്ടായ ഒരു ഉഗ്ര സ്ഫോടനത്തിൽ അവശിഷ്ടങ്ങൾ ഇതുവരെ വന്നതാകാമെന്നു വരെ സംശയിച്ചു.
പിന്നീടുള്ള അന്വേഷണം വിമാനത്തിൻ്റെ ക്യാപ്റ്റനിലേക്ക് നീണ്ടു. ഈ വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്ടൻ മദൻലാൽ കഴിഞ്ഞ വർഷത്തിൽ എട്ട് മാസത്തോളം ആരോഗ്യ സംബന്ധ കാരണങ്ങളാൽ വിമാനങ്ങൾ പറത്തിയിരുന്നില്ല എന്നൊരു കണ്ടത്തലായിരുന്നു പുറത്ത് വന്നത്. ഇതിനുള്ളിൽ തന്നെ ബ്ലാക്ക് ബോക്സിൻ്റെ വിശദമായ പരിശോധന ഫലം പുറത്ത് വന്നിരുന്നു. ഒരു പരിധി വരെ അവ എല്ലാം തന്നെ ക്യാപ്റ്റനിലേക്ക് വിരൾ ചൂണ്ടുന്നു.
വിമാനത്തിൻ്റെ സ്വഭാവം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു ഉപകരണമാണ് ആറ്റിറ്റ്യൂഡ് ഇൻഡികേറ്റർ. ഭൂമിയുടെ ചക്രവാളവുമായി താരതമ്യപ്പെടുത്തി വിമാനത്തിന്റെ ദിശയെ കുറിച്ചും നിലവിലെ സ്വഭാവത്തെ കുറിച്ചും രാത്രി സമയങ്ങയിലും മഴ, മഞ്ഞ് എന്നിവ മൂലം കാഴ്ച്ച കുറവുള്ള സമയങ്ങളിലും പൈലറ്റുമാരെ അറിയിക്കുന്ന ഉപകരണം. വിമാനത്തിൻ്റെ ഇടത്തോട്ടും വലത്തോട്ടുമുള്ള ചെരിവ്, ഉയർച്ചയും താഴ്ച്ചയും എല്ലാം ക്രിത്യമായി ലഭ്യമാകുന്നു.
പ്രധാനമായും 3 ആറ്റിറ്റ്യൂഡ് ഇൻഡിക്കേറ്ററുകൾ ഈ വിമാനത്തിൽ ലഭ്യമാണ്. അവ മൂന്ന് കോക്ക്പിറ്റ് അംഗങ്ങൾക്കുമായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. വിമാനം റൺവേയിൽ നിന്ന് ഉയർന്നതിന് ശേഷം ഫ്ലൈറ്റ് പ്ലാൻ പ്രകാരം ക്യാപ്ടൻ വിമാനത്തെ വലത്തോട്ട് തിരിച്ചിരുന്നു. ഹെഡിംഗ് പൂർണമായതിന് ശേഷം വിമാനത്തിനെ അദ്ധേഹം Level Flight ൽ എത്തിക്കുന്നു. എന്നാൽ ലെവൽ ഫ്ലൈറ്റിലേക്ക് വിമാനം വന്നതിന് ശേഷവും ക്യാപ്റ്റൻ്റെ ഇൻഡികേറ്ററിൽ വിമാനം വലത്തേക്ക് തന്നെ തിരിയുന്നതായി കാണപ്പെട്ടു.
“തൻ്റെ ആറ്റിറ്റ്യൂഡ് ഇൻഡിക്കേറ്റർ ഇപ്പോഴും റൈറ്റ് ടേൺ കാണിക്കുന്നു” എന്ന് ക്യാപ്ടൻ ഫസ്റ്റ് ഓഫീസറോട് അഭിപ്രായപ്പെട്ടു. എന്നാൽ അതിനെ മറികടക്കുന്നതിനായി ക്യാപ്ടൻ വിമാനത്തെ ഇടത് ഭാഗത്തേക്ക് തിരിച്ചു കൊണ്ടിരുന്നു. ഈ സമയം ഫസ്റ്റ് ഓഫീസറിനു മുന്നിലുള്ള ആറ്റിറ്റ്യൂഡ് ഇൻഡികേറ്റർ ക്രിത്യമായി ലെഫ്ട് ടേൺ കാണിച്ചു കൊണ്ടിരുന്നു. ക്യാപ്ടൻ പറഞ്ഞ ആ തെറ്റ് മനസിലാക്കാൻ ഫസ്റ്റ് ഓഫീസറിനും കഴിഞ്ഞില്ല. അദ്ധേഹം തൻ്റെ ഇൻഡിക്കേറ്ററിൽ മാത്രം ശ്രദ്ധിച്ചിരുന്നു.
സൂര്യൻ അസ്തമിച്ചതിനാലും ഇരുട്ടു മൂടിയതിനാലും വിമാനത്തിൻ്റെ അവസ്ഥ പുറത്തെ ഭൂമിയുടെയും ആകാശത്തിൻ്റെയും ഇടയിലുള്ള ചക്രവാളവുമായി താരതമ്യപ്പെടുത്താൻ കഴിഞ്ഞില്ല. ക്യാപ്ടനു പരിസര സംബന്ധമായ ബോധം നഷ്ടമായി തുടങ്ങിയിരുന്നു. അദ്ദേഹത്തിൻ്റെ ഉപകരണത്തിൽ ലഭ്യമായ തെറ്റായ അറിവിന്മേൽ വിമാനത്തെ കൂടുതലായി ഇടത്തോട്ട് തിരിക്കുകയും നിശ്ചയ അളവിൽ കവിഞ്ഞതിനാൽ സ്റ്റാളിംഗ് എന്ന അവസ്ഥയിലേക്ക് എത്തി ഉയരം നഷ്ടപ്പെട്ടുകൊണ്ടിരുന്നു.
വിമാനം കടലിലേക്ക് പതിക്കുന്നതിന് തൊട്ട് മുൻപായി ഫ്ലൈറ്റ് എഞ്ചിനീയർ തങ്ങളുടെ നിലവിലെ സാഹചര്യം ആറ്റിറ്റ്യൂഡ് ഡയറക്ഷണൽ ഇൻഡിക്കേറ്റിൻ്റെ സഹായത്തോടെ മനസ്സിലാക്കുകയും ക്യാപ്ടനോട് സംസാരിക്കുവാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ എന്തെങ്കിലുമൊന്ന് ചെയ്യാൻ കഴിയുന്നതിനു മുൻപെ വിമാനം കടലിലേക്ക് കൂപ്പു കുത്തി ആ ജീവനുകൾ അറബി കടലിൻ്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോയി.
ക്യാപ്റ്റനു തൻ്റെ ഉപകരണങ്ങൾ തകരാറിലായപ്പോൾ ഉണ്ടായ വിഭ്രാന്തിയും എന്താണ് തനിക്ക് ചുറ്റിനും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാതെ പോയതും അപകട കാരണമായി ഉയർന്നു വന്നു. നിരവധി മൃതശരീരങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. അറബിക്കടലിന്റെ ആഴങ്ങളിൽ മോഹൻദാസിനെ തനിച്ചാക്കി ഫാത്തിമയുടെ മൃതശരീരം സ്വദേശത്ത് കൊണ്ടുവന്ന് സംസ്കരിച്ചു.
മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ മകന്‍ ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കൈകൂപ്പുന്ന ഇമോജി പോസ്റ്റിട്ടിരുന്നു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ആ പോസ്റ്റ് തിരുത്തിയിരിക്കുകയാണ് ഷോണ്‍. പോസ്റ്റ് ഒന്ന് എഡിറ്റ് ചെയ്യുന്നുവെന്നും കൈകൂപ്പിയ തന്നെ ചിത്തവിളിച്ചവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയുള്ള ഇമോജിയാണ് മറുപടിയെന്നുമാണ് ഷോണിന്റെ തിരുത്തിയുള്ള പോസ്റ്റ്.
‘ പോസ്റ്റ് ഒന്ന് എഡിറ്റ് ചെയ്യുന്നു. കൈകൂപ്പി പറഞ്ഞ എന്നെ , ഈ റംസാന്‍ മാസത്തില്‍ ചീത്ത വിളിച്ചവര്‍ക്കായി മാത്രം’ എന്ന് കുറിച്ചാണ് നടുവിരല്‍ ഉയര്‍ത്തിയുള്ള ഇമോജി പങ്കുവെച്ചത്.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി.സി. ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.
ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ് ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി.സി. ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു.കേസില്‍ പി.സി. ജോര്‍ജിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ജോര്‍ജ് രംഗത്തെത്തിയിരുന്നു. മുസ് ലിം തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സമ്മാനമാണ് തന്റെ അറസ്റ്റെന്നും, മതസൗഹാര്‍ദത്തിനു വിരുദ്ധമായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടിരുന്നു.
ഹിന്ദു മഹാസമ്മേളനത്തിലെ ജോര്‍ജിന്റെ പ്രസംഗത്തിലെ പരമാര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗും ഡി.വൈ.എഫ്.ഐയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം. ബംഗാളിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ പരാജപ്പെടുത്തിയാണ് കേരളത്തിന്‍റെ സ്വപ്ന നേട്ടം.നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായിരുന്നു. ഷൂട്ടൗട്ടിൽ ബംഗാളിന്റെ ഒരു കിക്ക് പുറത്തേക്കു പോയി.
ഗോള്‍ അകന്നുനിന്ന ഇരു പകുതികൾക്കും ശേഷം അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ, 97–ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡറിലാണു ബംഗാള്‍ ലീഡ് എടുത്തത് (1–0). പിന്നാലെ എക്സ്ട്രാ ടൈം അവസാനിക്കാൻ 3 മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ ബിബിൻ അജയൻ കേരളത്തിനായി ഗോൾ മടക്കി (1–1). ഇരു പകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും, ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്.
58–ാം മിനിറ്റിൽ ബംഗാൾ ഡിഫൻഡർമാരുടെ പിഴവിൽനിന്ന് പന്തു മറിഞ്ഞു കിട്ടിയെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഷോട്ട് പിഴച്ചു. പിന്നാലെ പെനൽറ്റി ബോക്സിനുള്ളിൽനിന്ന് ടി.കെ. ജെസിന്‍ തൊടുത്ത ഷോട്ടും പുറത്തേക്കാണു പോയത്. 2–ാം പകുതിക്കിടെ പരുക്കേറ്റ അജയ് അലക്സിനെ സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുപോയത് കേരളത്തിന് നിരാശയായി. ബിബിൻ അജയനാണ് പകരം കളത്തിലിറങ്ങിയത്.
ആദ്യ പകുതിയിൽ, 18–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് ബംഗാൾ ഗോൾ കീപ്പർ പിടിച്ചെടുത്തു. പിന്നാലെ, 23–ാം മിനിറ്റിൽ മികച്ച ഒരു ഗോളവസരം ബംഗാളും തുലച്ചു. സെമിഫൈനലിൽ കർണാടകയ്ക്കെതിരെ ഇറങ്ങിയ അതേ ടീമിനെത്തന്നെയാണ് കോച്ച് ബിനോ ജോർജ് ഫൈനലിലും അണിനിരത്തിയത്.
സെമി ഫൈനലിൽ പകരക്കാരനായി ഇറങ്ങി 5 ഗോളടിച്ച ജെസിന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയില്ല. 37–ാം മിനിറ്റിൽ മൊഹിതേഷ് റോയിയുടെ ഗോൾ എന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോൾ കീപ്പർ മിഥുൻ കേരളത്തിന്റെ രക്ഷകനായി. പിന്നാലെ 38–ാം മിനിറ്റിൽ വിക്നേഷിനെ പിൻവലിച്ച് കോച്ച് ബിനോ ജോർജ് ജെസിനെ കളത്തിലിറക്കി.
എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ നടത്തി ബംഗാൾ പ്രതിരോധത്തെ പരീക്ഷിക്കാൻ ജെസിനായെങ്കിലും ഗോൾ മാത്രം വന്നില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഗോളി മിഥുൻ മാത്രം മുന്നിലുള്ളപ്പോള്‍ ഗോൾ നേടാനുള്ള സുവർണാവസരം ബംഗാൾ പാഴാക്കി.