വഴിയരികിൽ കണ്ടപ്പോൾ കൂട്ടിക്കൊണ്ടു വന്നതാണെന്നു പറഞ്ഞ്, പൊലീസിനെ കബളിപ്പിച്ച് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കി കടന്നുകളഞ്ഞ മകനെതിരെ പരാതി. അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം, മദ്യലഹരിയിൽ അമ്മയെ കാണാനെത്തി കൈയിലുള്ള രേഖകൾ കൈക്കലാക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾ പിടിയിലായത്.

ടാപ്പിങ് തൊഴിലാളിയായ ഇയാൾ അമ്മയ്‌ക്കൊപ്പം അടൂർ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയാണ് ഇയാൾ വഴിയിൽ കണ്ട വയോധികയാണെന്ന് പറഞ്ഞ് അമ്മയെ പൊലീസിനെ ഏൽപ്പിക്കുന്നത്. അജികുമാർ എന്ന യഥാർത്ഥ പേര് മറച്ചുവച്ചാണ് പൊലീസിനെ കബളിപ്പിച്ചത്. ബിജുവെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ വഴിയിൽ നിൽക്കുന്ന വയോധികയെ സഹായിക്കാൻ എത്തിയതാണെന്നാണ് പൊലീസിനോട് പറഞ്ഞത്.

കൺട്രോൾ റൂമിൽ ഇയാൾ തന്നെ വിളിച്ചു പറഞ്ഞതനുസരിച്ചു അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം. തുടർന്ന് പൊലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തിൽ ആക്കി.വയോധികയെ ജനസേവന കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ചത് താനാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങുകയായിരുന്നു. തുടർന്ന് മദ്യപിച്ചു അഗതിമന്ദിരത്തിൽ എത്തിയ ഇയാൾ വയോധികയുടെ കയ്യിലുള്ള രേഖകൾ കൈവശപ്പെടുത്താന്‍ ശ്രമം നടത്തി.

ഇതോടെ സംശയം തോന്നിയ അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്.അമ്മയെ നോക്കാൻ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നാടകം കളിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായാണ് വിവരം. മദ്യപിച്ചു ബഹളം വച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.