യുവഗായകന്‍ ഷെയില്‍ സാഗര്‍ (22) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഗായകന്റെ സുഹൃത്തുക്കളാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ഡല്‍ഹിയിലെ സംഗീത കൂട്ടായ്മകളില്‍ രംഗത്ത് പ്രശസ്തനായിരുന്നു ഷെയില്‍ സാഗര്‍. ആലാപനത്തിന് പുറമെ ഗാനരചനയിലും സാക്‌സോഫോണ്‍, പിയാനോ, ഗിത്താര്‍ തുടങ്ങിയ സംഗീതോപകരണങ്ങളിലും മികവ് നേടിയിരുന്നു ഈഫ് ഐ ട്രെയ്ഡ് എന്ന ആല്‍ബത്തിലൂടെയാണ് ശ്രദ്ധനേടിയത്.
കഴിഞ്ഞ വര്‍ഷം ബിഫോര്‍ ഇറ്റ് ഗോസ്, സ്റ്റില്‍ തുടങ്ങിയ ആല്‍ബങ്ങള്‍ ഷെയില്‍ സാഗറിന്റേതായി പുറത്തിറങ്ങിയിരുന്നു.
തൃക്കാക്കരയിൽ യുഡിഎഫ് തരംഗം ഉമതോമസ് വൻ വിജയത്തിലേക്ക്. തൃക്കാക്കരയില്‍ ആദ്യ റൗണ്ടില്‍ ഉമയ്ക്ക് 2,453 വോട്ടിന്റെ ലീഡ്. ആദ്യ ഒദ്യോഗിക കണക്കാണിത്. 21 ബൂത്തുകളിലും ഉമ തോമസാണ് മുന്നില്‍. കഴിഞ്ഞ തവണത്തേക്കാള്‍ ഉമ ഭൂരിപക്ഷം ഉയർത്തി.പി.ടി.തോമസിന് 2021ല്‍ ലഭിച്ച വോട്ടിനേക്കാള്‍ ഏറെ മുന്നില്‍.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. 10 പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേയുള്ളൂ. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണം. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.
ആദ്യ റൗണ്ടില്‍ ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ഒന്നു മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. ഇത്തരത്തില്‍ 12 റൗണ്ടുകളുണ്ടാകും. ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ എട്ട് ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.
ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കൊല്ലം സ്വദേശിനിയായ 42കാരി ആണ് കഴിഞ്ഞ 26ന് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചേർത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടനെ (50) പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
26ന് പകൽ 11.30ന് കൊക്കോതമംഗലത്തെ വീട്ടിലായിരുന്നു സംഭവം. കുളിമുറിയിൽ തെന്നി വീണെന്ന് പറഞ്ഞ് ഭർത്താവ് ഹേനയെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ചതിനാൽ പൊലീസിനെ അറിയിച്ച് പോസ്റ്റ്‌മോർട്ടം നടത്തി കൊല്ലത്തെ വീട്ടിൽ സംസ്‌കാരവും നടത്തി. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ സൂചനകളുണ്ടെന്നു കണ്ട് നടത്തിയ അന്വേഷണത്തിലാണ് അപ്പുക്കുട്ടന്റെ ക്രൂരത അറിഞ്ഞത്.
തലയ്ക്ക് പരിക്കും കഴുത്തിൽ വിരൽ അമർത്തിയതിന്റെ പാടുമുണ്ടെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വഴക്കിനിടയിൽ കഴുത്തിന് പിടിച്ചു തള്ളിയിടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായാണ് പ്രതി നൽകിയ മൊഴി. 6 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഹേനയ്ക്ക് ചെറുപ്പം മുതലെ മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടുകാർ ഇക്കാര്യം വ്യക്തമാക്കിയാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കൾ വഴിയാണ് വിവാഹാലോചന വന്നത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ജോളിയുടെ ചികിത്സാരേഖകൾ ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയിൽ എത്തിയിരിക്കുന്നത്. ജയിൽവാസത്തിനിടെ ജോളിക്ക് ഇതുവരെ നടത്തിയ ചികിത്സയുടെ രേഖകൾ വേണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
അപേക്ഷ ജൂൺ 16-ന് പരിഗണിക്കും. കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് വിചാരണത്തടവുകാരിയായി കഴിയുന്നത്. ജയിൽവാസത്തിനിടെ വാതത്തിനടക്കം വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് ശസ്ത്രക്രിയ വേണ്ട രോഗവും കണ്ടെത്തിയതെന്നാണ് വിവരം.
ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചികിത്സയുടെ രേഖകൾ തേടി പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയത്. ആദ്യ ഭർത്താവ് ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് ജോളി. കേസിലെ രണ്ടാംപ്രതിയായ എംഎസ് മാത്യുവിന് ആഴ്ചകൾക്ക് മുമ്പ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒരു വ്യക്തിയെ അല്ല, ഒരു കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയ കേസാണ് ഇതെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.
മദ്യപാന സദസ്സിലെ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ സുഹൃത്തുക്കൾ ഇരട്ടകൊലപാതക കേസിലെ പ്രതിയെ തലക്കടിച്ച് കൊലപ്പെടുത്തി.വഴയില ഇരട്ടകൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനെ (34) യാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
മദ്യപാനത്തിനിടെ പാടിയ പാട്ട് മണിച്ചന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ ചൊല്ലി തർക്കം ആരംഭിക്കുകയും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയും ആയിരുന്നു.സംഭവുമായി ബന്ധപ്പെട്ട് പ്രതികളായ ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്നു പോലീസ് പറഞ്ഞു. അരുൺ ക്ഷേത്രത്തിലെ പൂജാരിയാണ്. ഗുണ്ടാപകയല്ല കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. 31–ാം തീയതി മുതൽ മണിച്ചനും സുഹൃത്തുക്കളും മുറിയെടുത്ത് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ പാട്ടുപാടിയത് മണിച്ചന് ഇഷ്ടമായില്ലെന്ന് പറഞ്ഞ് വാക്കേറ്റമായി. മുൻപ് പ്രതികളെ മണിച്ചൻ മർദിച്ചിരുന്നു. ഇതെല്ലാം തർക്കത്തിന് വിഷയമായി. ഒടുവിൽ അടിപിടിയുണ്ടാകുകയും ചുറ്റിക കൊണ്ട് മണിച്ചൻ്റെ തലക്കടിച്ച് പ്രതികൾ കൃത്യം നടത്തുകയും ആയിരുന്നെന്ന് പോലീസ് പറയുന്നു.
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.പ്രതികളെ പിടികൂടിയത് പിന്നാലെ റൂറൽ എസ്പി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിഷ്ണുരൂപിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ന്യൂഡൽഹി : ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ പുതുക്കി നൽകുന്ന നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രകാരം കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ വരുത്തിയ ഇളവുകൾ ഇവയാണ്.
•പ്രായപൂർത്തിയാകാത്തവർ പാസ്പോർട്ട് പുതുക്കുമ്പോൾ ഇനി ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.
•50 വയസ്സ് തികഞ്ഞവർ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.
•20 വയസ്സിനു ശേഷമാണ് കാർഡ് അനുവദിച്ചു കിട്ടിയതെങ്കിൽ വീണ്ടും പുതുക്കേണ്ടതില്ല.
• ഓരോ തവണ പാസ്പോർട്ടിൽ മാറ്റം വരുത്തുമ്പോഴും കാർഡ് പുതുക്കേണ്ടതില്ല.
• മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.
http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും
ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി https://www.hcilondon.gov.in/page/recent-circulars-on-oci/ സന്ദർശിക്കുക.
ഒസിഐ കാർഡ് എപ്പോൾ പുതുക്കണം?
20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ തിരുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് നിർബന്ധമാണ്.
ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ ഏറ്റവും പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, കാർഷിക ഭൂമി വാങ്ങൽ, സർക്കാർ സേവനം എന്നിവ ഒഴികെ ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കാർഡിലൂടെ ലഭിക്കും. ഇന്ത്യയിലേക്കു വിസ നിർബന്ധമല്ലാത്ത യാത്രയാണ് മറ്റൊരു ആനുകൂല്യം.
ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കായലിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലെ സോഫ്റ്റ് വെയർ എൻജിനീയർ തിരുപ്പതി സ്വദേശി കംസലി വേണുഗോപാലിനെയാണ് പോലീസ് പിടികൂടിയത്. സ്ത്രീധനത്തെചൊല്ലിയുള്ള പ്രശനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി വേണുഗോപാൽ സമ്മതിച്ചു. മൃതദേഹം സ്യൂട്ട്‌കേസിലാക്കി കായലിൽ തള്ളിയെന്നും പ്രതി വെളിപ്പെടുത്തി. പ്രതിയുടെ മൊഴിയനുസരിച്ച് കഴിഞ്ഞദിവസം കായലിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ചുമാസം മുമ്പാണ് വേണുഗോപാൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയത്. 2019-ലാണ് വേണുഗോപാലും പദ്മാവതിയും വിവാഹിതരായത്. തുടർന്നുണ്ടായ ദാമ്പത്യപ്രശ്‌നങ്ങൾ കാരണം ഏറെക്കാലമായി പദ്മാവതി സ്വന്തം വീട്ടിലായിരുന്നു താമസം.
അഞ്ച് മാസം മുൻപ് വേണുഗോപാലും സുഹൃത്തും പദ്മാവതിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് പദ്മാവതിയെ ഹൈദരാബാദിലെ വീട്ടിലേക്ക് എന്ന് തെറ്റിധരിപ്പിച്ച് തിരുപ്പതിയിലെ വീട്ടിലേക്ക് കൊണ്ടു പോകുകയും ഇവിടെവെച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പദ്മാവതി മരിച്ചതോടെ വേണുഗോപാലും മറ്റുള്ളവരും ചേർന്ന് മൃതദേഹം വലിയ സ്യൂട്ട്‌കേസിലാക്കി. തുടർന്ന് വെങ്കിടാപുരത്ത് എത്തിച്ച് മൃതദേഹം കായലിൽ തള്ളുകയും ചെയ്തു എന്ന് പ്രതി പൊലീസിനു മൊഴി നൽകി.
കൊൽക്കത്തയിലെ നസ്രുൽ മഞ്ചിൽ നടന്ന സംഗീതനിശയിൽ പാടിക്കൊണ്ടിരിക്കെയാണ് ബോളിവുഡ് ഗായകൻ കെകെ അസ്വസ്ഥത ആദ്യം കാണിച്ചത്. വിയർത്തുകുളിച്ച ഗായകൻ എസി പ്രവർത്തിക്കുന്നില്ലേ എന്ന് പലതവണ സംഘാടകരോട് ചോദിച്ചിരുന്നു. ഒടുവിൽ അസ്വസ്ഥത കൂടിയതോടെ ഹോട്ടലിലേക്ക് തിരികെ പോയ കെകെ തളർന്നുവീഴുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു.
ഇനിയും ആരാധകർക്ക് തങ്ങളുടെ പ്രിയഗായകൻ മടങ്ങിവരാത്ത യാത്ര പോയെന്ന് വിശ്വസിക്കാനാകുന്നില്ല. മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് ആരാധകരുൾപ്പടെ ഉന്നയിക്കുന്നത്. സംഭവത്തിൽ ന്യൂമാർക്കറ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുമുണ്ട്.
സൗത്ത് കൊൽക്കത്തയിലെ നസ്രുൽ മഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ശേഷം അവശനായി മടങ്ങുന്ന കെകെയുടെ വീഡിയോ പുറത്തുവന്നതോടെയാണ് പലവിധത്തിലുള്ള ആരോപണങ്ങൾ കളം നിറഞ്ഞത്.
അതേസമയം കെകെയുടെ മരണം പശ്ചിമ ബംഗാളിൽ പുതിയൊരു രാഷ്ട്രീയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. മരണത്തിലെ ദുരൂഹത ചൂണ്ടിക്കാണിച്ച് മമത സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംഗീത പരിപാടി നടന്ന ഓഡിറ്റോറിയത്തിലെ മോശം ക്രമീകരണത്തിന്റെ പേരിലും അനുവദിക്കാവുന്നതിലും കൂടുതല്‍ കാണികളെ പ്രവേശിപ്പിച്ചതിന്റെ പേരിലുമാണ് വിമര്‍ശനമുയരുന്നത്. കെകെ യുടെ മരണത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.
പരിപാടിയിൽ അനുവദനീയമായതിനേക്കാൾ അധികം ആൾക്കൂട്ടം ഉണ്ടായിരുന്നുവെന്നാണ് ആരോപണം. 2400 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഇരട്ടിയോളം ആളുകളെ ഉൾക്കൊള്ളിച്ചതായാണ് വിവരം. അയ്യായിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഓഡിറ്റോറിയത്തിലെ എസി പ്രവർത്തിച്ചിരുന്നില്ലെന്നും ഇതുമൂലം കടുത്ത ചൂടായിരുന്നു പരിപാടിയിലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കടുത്ത ചൂട് കാരണം പാടുന്നതിനിടെ കെകെ മുഖം തുടക്കുന്നത് കാണികൾ പകർത്തിയ ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘വല്ലാതെ ചൂടെടുക്കുന്നു’ എന്ന് കെകെ പറയുന്നതും, വേദിയിലുള്ള ഒരാളെ വിളിച്ച് എസി പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഗീത പരിപാടി കഴിഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ വിയർത്ത് കുളിച്ച് അവശനായി കെകെ നടന്നുനീങ്ങുന്നതും ബോഡിഗാർഡ് ആളുകളെ നിയന്ത്രിക്കുന്നതും പുറ്തതുവന്ന ദൃശ്യങ്ങളിലുണ്ട്.
അസ്വസ്ഥത അനുഭവപ്പെട്ട താരം പെട്ടെന്ന് തന്നെ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഗോവണിപ്പടിയിൽ നിന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ഉറപ്പാക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെകെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
കൊൽക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടൽ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തുന്നുമുണ്ട്. ആശുപത്രിയിലേയും മറ്റും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.
#EXCLUSIVE
The very moment when playback singer KK was being taken back to hotel after he complained about his health condition. He has been declared brought dead by the doctors of CMRI. #KK #NewsToday #KKsinger #KKDies #kkdeath #SingerKK@ANI @MirrorNow @TimesNow @htTweets pic.twitter.com/zX5A2ZPvTW— Tirthankar Das (@tirthaMirrorNow) May 31, 2022
കൊച്ചിയിലെ ഫ്‌ലാറ്റിലും ആഡംബര ഹോട്ടലിലും വെച്ച് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് ഉണ്ടായതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും എറണാകുളം സൗത്ത് സ്റ്റേഷനിൽ നടക്കുന്ന ചോദ്യം ചെയ്യലിൽ വിജയ് ബാബു അറിയിച്ചു.
തന്റെ വരാനിരിക്കുന്ന സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പോലീസിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ പോലീസ് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യില്ല.
അതേസമയം, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതിയിൽ എതിർക്കാനുള്ള തെളിവ് സമാഹരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. നേരത്തെ, കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് വിജയ്ബാബു പറഞ്ഞിരുന്നു. ദുബായിയിൽനിന്ന് ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാൻ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു, ഞാൻ ഇന്ന് വന്നു. ബഹുമാനപ്പെട്ട കോടതിയിൽ പൂർണവിശ്വാസമുണ്ട്. പോലീസുമായി പൂർണമായും സഹകരിക്കും. സത്യം പുറത്തുകൊണ്ടുവരും. എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി’, വിജയ്ബാബു പ്രതികരിച്ചു.
ഗോപി സുന്ദറും അമൃതയും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് മുതല്‍ ഇവര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും തുടങ്ങിയിരുന്നു. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് പലരും ഇവരെ വിമര്‍ശിക്കുകയായിരുന്നു.
മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. അമൃതയും പോസ്റ്റ് പങ്കുവെച്ചിരുന്നു.
വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലെ വിശേഷങ്ങള്‍ക്കൊപ്പമായാണ് ഗോപി സുന്ദറിന്റെ പ്രതികരണവും പ്രചരിക്കുന്നത്.
പിറന്നാള്‍ ദിനത്തില്‍ ഗോപി സുന്ദര്‍ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയിരുന്നു. അമൃതയും മകള്‍ അവന്തികയും ഗോപി സുന്ദറിനൊപ്പമുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രം ഇരുവരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.