India

വിശ്വഹിന്ദുപരിഷത്തിന്റെ  യുവജന വിഭാഗമായ ബജറംഗ ദളും പോപുലര്‍ ഫ്രണ്ട്  സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്‍റെ ഭാഗമായ വോളണ്ടിയര്‍ മാര്‍ച്ചും ഇന്ന് ആലപ്പുഴയില്‍ നടക്കും. രാവിലെ പത്ത് മണിക്കാണ് ബജറംഗ ദളിന്‍റെ ഇരുചക്ര വാഹനറാലി.

വൈകീട്ട് നാലരക്കാണ് കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് പോപ്പുലര്‍ ഫ്രണ്ടിന്‍റെ മാര്‍ച്ചും ബഹുജന റാലിയും നടക്കുന്നത്. ഒരേസമസയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങള്‍ നിശ്ചയിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് രണ്ട് സമയം നിശ്ചയിച്ചു നല്‍കുകയായിരുന്നു. പ്രകടനങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ആലപ്പുഴക്ക് പുറമേ ,എറണാകുളം , കോട്ടയം ജില്ലകളില്‍നിന്നുള്‍പ്പെടെ ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കും. എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത നേരിട്ട് സ്ഥിതി ഗതികള് നിയന്ത്രിക്കും. പ്രകടനം കടന്നുപോകുന്ന വഴികളില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. ബജ്റംഗ് ദള്‍ പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മണി വരെ കടകള്‍ തുറക്കാന്‍ പാടില്ല. പോപ്പുലര്‍ ഫ്രണ്ട് പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മുതൽ കടകള്‍ അടച്ചിടണം

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് കണ്ടെത്തൽ. കൊലപാതകം ലക്ഷ്യമിട്ട് പ്രതികൾക്ക് നേരെ പോലീസ് ബോധപൂർവം വെടിവെയ്ക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. പ്രതികളെ വധിച്ച പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും സമിതി ശുപാർശ ചെയ്തു.

2019 നവംബറിൽ വെറ്ററിനറി ഡോക്ടറെ കുട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പോലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെക്കുകയായിരുന്നു എന്നായിരുന്നു ആദ്യ വിശദീകരണം. 2019 ഡിസംബറിലാണ് തെളിവെടുപ്പിനെത്തിച്ച പ്രതികൾ കൊല്ലപ്പെട്ടത്. ഇവരിൽ മൂന്നുപേർ പ്രായപൂർത്തിയാവാത്തവരായിരുന്നു.

ഹൈദരാബാദ് ഏറ്റുമുട്ടൽ കേസ് അന്വേഷിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന രണ്ട് അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് 2019 ഡിസംബർ 12-നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്.

മുൻ സുപ്രീം കോടതി ജഡ്ജി വിഎസ് സിർപുർകർ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ ബൽദോത്ത, സിബിഐ മുൻ ഡയറക്ടർ ഡിആർ കാർത്തികേയൻ എന്നിവരടങ്ങുന്ന സമിതിയാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്. തുടർ നടപടികൾക്കായി കേസ് തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കോഴിക്കോട് അമിത അളവിൽ ഗുളിക കഴിച്ച യുവതി മരിച്ചു. കുട്ടമ്പൂർ ആയുർവേദ ഡിസ്‌പെൻസറിക്കു സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്ണന്റെ മകൾ അശ്വതിയാണ് (29) മരിച്ചത്.

യുവതി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മരുന്ന് അമിതമായി കഴിച്ചതിനെ തുടർന്ന് അവശയായ അശ്വതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയം, രക്തസമ്മർദം വളരെ കുറഞ്ഞ നിലയിലായിരുന്നു.

അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അശ്വതിയുടെ മരണത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് പിതാവ് പൊലീസിൽ പരാതി നൽകി.

വീട്ടിൽനിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭർത്താവ്. അമ്മ: ഷീല. സഹോദരൻ: അശ്വിൻ.

ഷെറിൻ പി യോഹന്നാൻ

സിദ്ധാർഥിന്റെ ബാച്ചിലര്‍ പാർട്ടിക്ക് വേണ്ടിയാണ് ആ പതിനൊന്നു പേർ കുളമാവിലുള്ള റിസോർട്ടിൽ എത്തിയത്. ആറ് സ്‍ത്രീകളും അഞ്ച് പുരുഷൻമാരും അടങ്ങുന്ന സംഘം. ഇവർ പണ്ട് തൊട്ടേ നല്ല സുഹൃത്തുക്കളാണ്. ബാച്ചിലര്‍ പാര്‍ട്ടി പുരോഗമിക്കവേ ഒരു കളി കളിക്കാൻ ഇവർ ഒരുങ്ങുന്നു. എന്നാൽ വലിയ പ്രത്യാഘാതങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. പകുതിക്ക് വച്ച് നിർത്തിയ ആ കളി പുനരാരംഭിക്കാൻ ഒരു പന്ത്രണ്ടാമൻ എത്തുന്നു – അതിലൂടെ ഒരു ഉത്തരം തേടാനും.

ജിത്തു ജോസഫിന്റെ മേക്കിങ് ശൈലിയോട് വലിയ താല്പര്യമില്ലെങ്കിലും രഹസ്യാത്മകത നിലനിർത്തിയുള്ള അദ്ദേഹത്തിന്റെ തിരക്കഥകൾ മികച്ചതാണ്. ഇവിടെ ഒരു ക്രൈം ഡ്രാമയിൽ whodunit എന്ന ചോദ്യമുന്നയിച്ച് അതിനുത്തരം കണ്ടെത്തുകയാണ് സംവിധായകൻ. മിസ്റ്ററി നിലനിർത്തി കഥ പറയുമ്പോൾ തന്നെ പല പോരായ്മകളും സിനിമയിൽ മുഴച്ചുനിൽക്കുന്നു.


പശ്ചാത്യ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള കഥാഗതിയാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചത്. 2016 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രമായ ‘Perfect Strangers’ നോട്‌ സമാനമായ കഥാഗതി ഇവിടെയും കാണാം. ഉറ്റ സുഹൃത്തുക്കളുടെ സംഘം, ഒരു കളി, അതിലൂടെ ഉണ്ടാവുന്ന ഒരാപത്ത്, പുറത്തുവരുന്ന രഹസ്യങ്ങൾ എന്നിങ്ങനെ കഥ പുരോഗമിക്കുന്നു. സിനിമയിലെ അന്വേഷണം ഒരു അടച്ചിട്ട മുറിയിലാണ് നടക്കുന്നത്. കഥാപാത്രങ്ങളുടെ തുറന്നു പറച്ചിലിലൂടെയാണ് പല സത്യങ്ങളും മറ നീക്കി പുറത്തു വരുന്നത്. കഥാപാത്രങ്ങളുടെ വ്യത്യസ്ത ആഖ്യാനത്തിലൂടെ കഥയെ മുന്നോട്ട് കൊണ്ടുപോയത് നന്നായിരുന്നു. ഒപ്പം ആ ഉത്തരം കണ്ടെത്തുന്ന വഴിയും.

രണ്ടാം പകുതിയിലാണ് ചിത്രം എൻഗേജിങ്‌ ആവുന്നത്. കഥാപാത്രങ്ങളുടെ വെളിപ്പെടുത്തലുകൾ പലതും കഥയെ കൂടുതൽ ഇൻട്രസ്റ്റിങ് ആക്കുന്നു. പ്രകടനങ്ങളിൽ എല്ലാവരും തങ്ങൾക്ക് ലഭിച്ച വേഷം ഭംഗിയാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ പ്രകടനമാറ്റവും ശ്രദ്ധേയമാണ്. കഥാപരിസരവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ ട്രില്ലടിപ്പിക്കുന്ന തരത്തിലുള്ള വൗ മൊമെന്റസ് കുറവാണെന്നതാണ് പ്രധാന പോരായ്മ.

പതിനൊന്ന് സുഹൃത്തുക്കളെ ഓരോരുത്തരായി പരിചയപ്പെടുത്തിയുള്ള തുടക്കം തന്നെ അനാവശ്യമായി തോന്നി. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിലെ തുടക്ക രംഗങ്ങളൊക്കെ ദുർബലമായിരുന്നു. ഒരു സീരിയൽ ഫീലാണ് നൽകിയത്. എന്നാൽ പുരോഗമിക്കുന്തോറും കഥ ഗ്രിപ്പിങ്ങായി അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആ സംഘത്തിലെ ഒരാളാണ് കുറ്റവാളിയെന്ന് നമുക്ക് അറിയാം. അതിനാൽ തന്നെ ക്ലൈമാക്സും വലിയ ഞെട്ടലുണ്ടാക്കാതെ അവസാനിക്കുന്നു.

Last Word – പുതുമയില്ലെങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ’12th Man’. രണ്ടാം പകുതിയിലെ കഥ പറച്ചിലും കാഴ്ചകളുമാണ് ചിത്രത്തിന്റെ ശക്തി. എന്നാൽ, ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടെ അഭാവം ചിത്രത്തെ ബാധിക്കുന്നുണ്ട്. മൊത്തത്തിൽ, ഒരു ശരാശരി അനുഭവം.

മമ്മൂട്ടി-പാർവതി ചിത്രം പുഴു ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന ആരോപണവുമായി രാഹുൽ ഈശ്വർ. സിനിമയിൽ അഭിനേതാക്കൾ നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ സിനിമ ബ്രാഹ്മണ സുമാദായമാകെ മോശക്കാരാണെന്ന് ചിത്രീകരിക്കുകയാണെന്നും രാഹുൽ ഈശ്വർ റിപ്പോർട്ടർ ടിവി ചർച്ചയിൽ പറഞ്ഞു.’എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ​ഗോഡ്സെ ഒരു തീവ്ര ബ്രാഹ്മണിക്കൽ സ്വഭാവമുള്ള വ്യക്തിയാണ്. ​ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. പക്ഷെ പുഴു എന്ന സിനിമയിൽ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ,’ രാഹുൽ ഈശ്വർ ചോദിച്ചു.

സിനിമയിലെ ഒരു രം​ഗം ദളിത്, പിന്നോക്ക വിഭാ​ഗ സംരക്ഷണ നിയമത്തെ ദുരുപയോ​ഗം ചെയ്യുന്നതാണ് കാണിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ‘പുഴുവിൽ ഒരു രം​ഗമുണ്ട്. അതിലദ്ദേഹം (കുട്ടപ്പൻ) പറയുന്നത് വേണമെങ്കിൽ എസ് സി,എസ് ടി ആക്ടിന്റെ പേരിൽ ഒരു കേസ് കൊടുക്കാമെന്നാണ്. അതായത് വേണമെങ്കിൽ ഞാനൊരു കള്ളക്കേസ് ഫയൽ ചെയ്യാമെന്ന്. ഇദ്ദേഹത്തിന്റെയും പാർവതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസർ സംസാരിക്കുമ്പോൾ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കോസിനോടുള്ള അവ​ഗണനയും എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോ​ഗമാണെന്നും നമ്മൾ മറക്കരുത്,’ രാഹുൽ ഈശ്വർ പറഞ്ഞു.

മമ്മൂട്ടി ​ഗംഭീരമായി അതഭിനയിച്ചിട്ടുണ്ട്. പക്ഷെ ബ്രാഹ്മണിക്കൽ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. ഞാൻ വേറൊരു ജാതിയിൽ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ചില എതിർപ്പുകളും കാര്യങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ടെന്നത് ശരി. എന്റെ അടുത്ത സുഹൃത്ത് മുസ്ലിമാണ്. അദ്ദേഹം കല്യാണം കഴിക്കുന്നത് ബ്രാഹ്മണ പെൺകുട്ടിയെയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരിൽ ആളുകളെ കൊല്ലുന്നത്. ചിലപ്പോൾ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ചില സ്ഥലങ്ങളിൽ ​ദുരഭിമാനക്കൊല ഉണ്ടായിട്ടുണ്ടാവും.

കേരളത്തിൽ കഴിഞ്ഞ 50 വർഷത്തിൽ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. പക്ഷെ സിനിമ നല്ലതാണെന്നും പാർവതി ​ഗംഭീരമായിട്ട് അഭിനയിച്ചിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. ദുബായിയിൽ നിന്നുമാണ് ജോർജിയയിലേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയുമായി കുറ്റവാളികളെ കെെമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഉടന്‍ തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിജയ് ബാബു എവിടെയാണെന്ന് സൂചന ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് പാസ്‌പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. എന്നാല്‍ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിന് യുഎഇ അധികൃതരില്‍ നിന്ന് മറുപടി ലഭിക്കാനുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം.

വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ലൈംഗിക തൊഴിലാളികൾക്കും ആധാർ കാർഡ് നൽകാൻ സുപ്രീം കോടതി ഉത്തരവ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കൈമാറിയ പ്രഫോർമ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അന്തസ്സോടെ ജീവിക്കുക എന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും ഭരണഘടനാ അവകാശമാണെന്ന് കോടതി വ്യക്തമാക്കി

ലൈംഗിക തൊഴിലാളികളുടെ വ്യക്തി വിവരങ്ങൾ സുരക്ഷിതമായിരിക്കണമെന്നും അവ ഒരു കാരണവശാലും ദുരുപയോഗിക്കപ്പെടാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിന്റെ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഐഡന്റിറ്റി തെളിയിക്കാൻ നിർബന്ധിക്കാതെ തന്നെ ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് നൽകാമെന്ന് യു.ഐ.ഡി.എ.ഐ നേരത്തെ സുപ്രീം കോടതിയിൽ നിർദ്ദേശിച്ചിരുന്നു.

തിരിച്ചറിയൽ രേഖകളില്ലാത്ത ലൈംഗിക തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് ഉറപ്പാക്കാനുള്ള നടപടി ഉടൻ ആരംഭിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ഇവർക്ക് റേഷൻ നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും കോടതി പറഞ്ഞു. ആധാർ കാർഡിന് പുറമെ വോട്ടർ ഐ.ഡി കാർഡ് നൽകുന്ന വിഷയവും പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

കൊവിഡ് 19 മഹമാരിക്കാലത്തെ പ്രതിസന്ധികളിൽ പരിഹാരം തേടി സുപ്രീകോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കഴിഞ്ഞ വർഷം പരിഗണിച്ച കോടതി കേസിൽ ലൈംഗിക തൊഴിലാളികൾ‍ക്ക് റേഷൻ വിതരണം ചെയ്യണം എന്ന് ഓഡർ നൽകിയിരുന്നു. അതിൻറെ തുടർച്ചയായാണ് പുതിയ കോടതി പരാമർശം. രാജ്യത്തെ ഒമ്പത് ലക്ഷത്തിലധികം വരുന്ന ട്രാൻസ്‌ജെൻഡർ, വനിതാ ലൈംഗിക തൊഴിലാളികളെ മുൻനിർത്തിയാണ് ഹർജി സമർപ്പിച്ചത്.

ഉത്തരവിൻറെ കോപ്പി കോടതി വിവിധ സംസ്ഥാനങ്ങൾക്കും, ജില്ല തല ലീഗൽ സർവീസ് അതോററ്റിക്കും അയച്ചു. ഐഡി കാർഡുകൾ വിതരണം ചെയ്യുമ്പോൾ വ്യക്തികളുടെ വിവരങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും സർക്കാറുകൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. . തൃക്കാക്കരയില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞുവെന്നും സാബു പറഞ്ഞു.

അതിനിടെ, സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ലോ ഫ്‌ലോര്‍ ബസ് ക്‌ളാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണ്. വിദ്യാഭ്യാസ,ഗതാഗത മന്ത്രിമാരെ അഭിനന്ദിക്കുന്നു. കോഴിവളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷിമന്ത്രിയും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ ഈ വിമര്‍ശനം തൃക്കാക്കരയിലെ നിലപാടിനോട് ചേര്‍ത്തുവായിക്കേണ്ടതില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തില്‍ എല്ലാ പാര്‍ട്ടികളും പ്രചാരണം ശക്തമാക്കി മുന്നോട്ടു പോകുകയാണ്. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. പി.ടി. തോമസിന്റെ വിയോഗത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

ഡോക്ടർ കാണിച്ച അനാസ്ഥ കാരണം നാലുവയസുകാരിക്ക് കൈപ്പത്തി നഷ്ടമായ സംഭവത്തിൽ ഒടുവിൽ നീതി. 19 വർഷങ്ങൾക്ക് ശേഷമാണ് കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടം ഫലം കണ്ടത്. 2003ൽ തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ ഹനുമകൊണ്ടയിലായിരുന്നു സംഭവം. സലൈൻ നൽകാനുള്ള ഇൻജക്ഷൻ ട്രിപ്പ് ശരിയായി സ്ഥാപിക്കാത്തതിനാൽ സൗമ്യ എന്ന നാലുവയസുകാരിക്കാണ് അന്ന് കൈപ്പത്തി മുറിച്ചുമാറ്റേണ്ടിവന്നത്.

2003ൽ പനി ബാധിച്ച് നാലുവയസുകാരിയായ മകളെ ഹനുമകൊണ്ടയിലെ അമൃത നഴ്സിങ് ഹോമിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടുത്തെ ഡോക്ടറായിരുന്ന ഡോക്ടർ ജി രമേശ് ഇൻജക്ഷൻ ട്രിപ്പ് ശരിയായി സ്ഥാപിക്കാതെ സലൈൻ നൽകുകയും രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

തുടർന്ന് സലൈൻ കുത്തിവച്ച കുട്ടിയുടെ വലതുകൈയിൽ നീരുവരുകയും വേദന കൂടുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ വീണ്ടും ഡോക്ടറെ സമീപിച്ചുവെങ്കിലും അവർ ഹൈദരാബാദിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടർ നിർദേശിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാനാകാതെ കുടുംബം വാറങ്കൽ എംജിഎം ആശുപത്രിയുമായി ബന്ധപ്പെട്ടു. ഇവിടെ വച്ച് കുട്ടിയുടെ രോഗം ബാധിച്ച കൈപ്പത്തി നീക്കം ചെയ്യുകയായിരുന്നു.

19 വർഷങ്ങൾക്ക് ശേഷം കേസ് പരിഗണിച്ച സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഇരയ്ക്ക് ഏഴു ശതമാനം പലിശ ഉൾപ്പെടെ 16 ലക്ഷം രൂപ നഷ്ടരിഹാരം നൽകണമെന്നാണ് വിധിച്ചിരിക്കുന്നത്. പ്രതിയായ ഡോക്ടർ ജി രമേശും യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരതുക കുട്ടിയുടെ കുടുംബത്തിന് നൽകണമെന്നും കമ്മീഷൻ അറിയിച്ചു.

ഡോക്ടറുടെ അനാസ്ഥ മൂലം മകൾ അംഗവൈകല്യം സംഭവിച്ചുവെന്ന് കാണിച്ച് സൗമ്യയുടെ പിതാവ് രമേഷ്ബാബുവാണ് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. ഇരയുടെ കുടുംബത്തിന് വേണ്ടി അഡ്വ. വി ഗൗരിശങ്കര റാവു ഹാജരായി.

പാലക്കാട് മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടന്നതെന്തന്ന് വിവരിച്ച് പിടിയിലായവർ. വയലിൽ കാട്ടു പന്നിയെ കുടുക്കാനായി വൈദ്യൂതി കെണി സ്ഥാപിച്ചിരുന്നെന്നും അതിൽ പെട്ടാണ് ഇരുവരും മരിച്ചതെന്നും പ്രദേശ വാസികൾ കൂടിയായ ഇവർ പറഞ്ഞു.

പൊലീസുകാർ പന്നികെണിയിൽ പെടുന്നത് കണ്ടിരുന്നു. ഷോക്കേറ്റ് മരിച്ച രണ്ടു പേരെയും മാറ്റിക്കിടത്തി. പിന്നാലെ വെെദ്യൂതി കെണി മാറ്റുകയും ചെയ്യ്തു. അത്തിപ്പറ്റ സ്വദേശി മോഹൻദാസ്, എലവഞ്ചേരി സ്വദേശി അശോകൻ എന്നിവരെ ഇന്ന് രാവിലെയാണ് ക്യാംപിനോട് ചേർന്നുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊയ്ത്തു കഴിഞ്ഞ പാടത്താണ് മൃതദേഹങ്ങൾ കണ്ടത്. 200 മീറ്റർ അകലത്തായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. എആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും കായികതാരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ.

RECENT POSTS
Copyright © . All rights reserved