റോഡിലെ അതിസാഹസികതയും പെരുമാറ്റവും എല്ലാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് തെളിയിക്കുന്നതാണ് പല വീഡിയോകളും. നന്നായി ഡ്രൈവ് ചെയ്യാനറിയുന്നവർ പോലും റോഡിലെ മറ്റ് വണ്ടികളിലെ യാത്രക്കാരോട് മാന്യമായി പെരുമാറാനോ അവർക്കുകൂടി കടന്നുപോകാനുള്ള റോഡാണെന്നോ ചിന്തിക്കാറില്ല.

അതത്രത്തിൽ സ്വയം അപകടമുണ്ടാക്കി വെച്ചതിന് മറ്റൊരു വാഹനത്തിലെ യാത്രക്കാരനോട് തട്ടിക്കയറുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.സുഹൃത്ത് ഓടിക്കുന്ന സ്‌കൂട്ടറിൽ സഞ്ചരിക്കവെ നടുറോഡിൽ ബാലൻസ് തെറ്റി വീണ യുവതി പിന്നാലെ എത്തിയ ബൈക്ക് യാത്രികനോട് വഴക്കുണ്ടാക്കുന്നതാണ് വീഡിയോയിലെ ദൃശ്യം.

യുവതിയും മറ്റൊരു സ്ത്രീയും സ്‌കൂട്ടറിൽ യാത്ര ചെയ്യവേ അപ്രതീക്ഷിതമായി ബാലൻസ് തെറ്റി നടുറോഡിലേക്ക് വീഴുകയാണെന്ന് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, പിന്നാലെ എത്തിയ ആൾ ഇടിച്ചിട്ടതാണെന്ന് കരുതി സ്‌കൂട്ടറിൽ നിന്നും വീണ യുവതി വഴക്കിടുകയാണ്.

എന്നാൽ മുന്നിൽ പോയ സ്‌കൂട്ടർ മറിയുന്ന ദൃശ്യം ബൈക്ക് യാത്രികന്റെ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് യാത്രകന് രക്ഷയായി മാറുകയാണ് ഉണ്ടായത്. അപകടത്തിന്റെ വീഡിയോ കാണിച്ചുനൽകാമെന്ന് പിന്നാലെ എത്തിയയാൾ പറയുന്നതോടെ തർക്കം മതിയാക്കി യുവതി പിൻവാങ്ങുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിരിക്കുകയാണ്. വനിതാ കമ്മീഷൻ മാതൃകയിൽ പുരുഷ കമ്മീഷൻ വേണമെന്നാണ് ചിലരുടെ കമന്റ്.