India

കർഷകരുടെ സമരത്തെ കുറിച്ച് സംസാരിക്കുമ്പോൾ ധിക്കാരപരമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറുപടിയെന്ന് വെളിപ്പെടുത്തി മേഘാലയ ഗവർണർ സത്യപാൽ മാലിക്.

കർഷക സമരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ താൻ പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ധിക്കാരം കാരണം ആ കൂടിക്കാഴ്ച വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നെന്നുമാണ് ബിജെപി നേതാവ് കൂടിയായ ഗവർണർ വെളിപ്പെടുത്തിയിരിക്കുന്നത്. ഹരിയാനയിലെ ദാദ്രിയിൽ ഒരു പൊതുചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

”കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഞാൻ പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ, അഞ്ച് മിനിട്ടിനുള്ളിൽ തന്നെ ആ സംസാരം വാക്കുതർക്കത്തിലെത്തി. അദ്ദേഹം ധിക്കാരത്തോടെയാണ് പെരുമാറിയത്.

നമ്മുടെ 500ഓളം കർഷകർ മരിച്ചു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചത്, അവർ എനിക്ക് വേണ്ടിയാണോ മരിച്ചത് എന്നായിരുന്നു. അതെ, കാരണം നിങ്ങളാണ് നേതാവ് എന്ന് ഞാൻ മറുപടി നൽകി. അങ്ങനെ ഞാൻ അദ്ദേഹവുമായി വാക്കുതർക്കത്തിലെത്തി. അമിത് ഷായെ കാണാൻ അദ്ദേഹം എന്നോട് പറഞ്ഞു, ഞാൻ കണ്ടു,” ഗവർണർ പറഞ്ഞു.

പ്രക്ഷോഭങ്ങൾ അവസാനിച്ചുവെന്ന് കേന്ദ്രസർക്കാർ കരുതിയെങ്കിൽ അത് തെറ്റാണ്. ഇത് തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുക മാത്രമാണ്. കർഷകർക്കെതിരെ അനീതി നടക്കുകയാണെങ്കിൽ ഇത് വീണ്ടും ആരംഭിക്കുമെന്നും ഗവർണർ പ്രതികരിച്ചു.

മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. താരപുത്രന്മാര്‍ സിനിമ രംഗം കൈയ്യടിക്കവെച്ചിരിക്കുന്നതിനിടയ്ക്ക് യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്.

സിനിമയിലഭിനയിക്കുന്നതിന് മുമ്പേ ടൊവിനോയ്‌ക്കൊപ്പം ഒരേ റൂമില്‍ താമസിച്ച സുഹൃത്തായിരുന്നു സംവിധായകനും അവതാരകനുമായ മാത്തുകുട്ടി.

തങ്ങളുടെ കൂട്ടത്തില്‍ സിനിമ സ്റ്റാറാകും എന്ന ഉറപ്പുണ്ടായിരുന്ന ഒരു വ്യക്തി ടൊവിനോ ആയിരുന്നു എന്നും അത്രക്കും ആഗ്രഹവും അതിനുള്ള അധ്വാനവും ടൊവിനോ ചെയ്തിട്ടുണ്ടെന്നും പറയുകയാണ് മാത്തുക്കുട്ടി. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയ്ക്ക് ഒപ്പമുള്ള പഴയ കാല ഓര്‍മകള്‍ മാത്തുക്കുട്ടി പങ്കുവെച്ചത്.

‘ടൊവിനോയും ഞാനും ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചിരുന്നവരാണ്. ആഗ്രഹത്തിന്റെ സന്തതി ആയിരുന്നു അവന്‍. ഞങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാള്‍ അവനായിരുന്നു. അതുപോലെ അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനു വേണ്ടി വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്,’ മാത്തുക്കുട്ടി പറഞ്ഞു.

‘അന്ന് ടൊവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അവന് എവിടെയെങ്കിലും പോവണമെങ്കില്‍ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. കാശ് വേണമെങ്കില്‍ ചേട്ടനോട് ചോദിക്കണം. അതുകൊണ്ട് അവന്‍ ആ വണ്ടി ബാറ്ററിയില്ലാതെ കുറെ നാള്‍ ഓടിച്ചിട്ടുണ്ട്.

അന്ന് ആ കൂട്ടത്തില്‍ എനിക്ക് മാത്രമാണ് ജോലിയുള്ളത്. എന്റെ ബുള്ളറ്റിന് ഞാന്‍ മിലിട്ടറി ഗ്രീന്‍ പെയിന്റടിച്ചു. അത് കണ്ടിട്ട് അവനും സ്വന്തം വണ്ടിക്ക് ആ പെയിന്റ് അടിക്കണമെന്ന് തോന്നി.

എന്നോട് അന്വേഷിച്ചപ്പോള്‍ 5000 രൂപ ഉണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവന്‍ അത് വേണ്ടെന്ന് വെച്ചു. ഇന്നവന് എത്ര വണ്ടിയുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ ആ ബുള്ളറ്റ് പുത്തന്‍ ബാറ്ററി വെച്ച് ഇപ്പോഴും അവന്‍ ഓടിക്കുന്നുണ്ട്,’ മാത്തുക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ മിന്നല്‍ മുരളി വമ്പന്‍ വിജയമാണ് നേടിയത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ടൊവിനോയുടെ ചിത്രം.

ഭാര്യയുടെ പിണക്കം മാറ്റാൻ ന്യൂഇയറിനു കേക്ക് വാങ്ങിനൽകി ഭർത്താവ്. കേക്ക് ഭർത്താവിന്റെ മുഖത്തേക്കെറിഞ്ഞ് ഭാര്യ. സംഭവത്തിൽ ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് യുവാവിന്റെ പ്രതികാരം. ഭാര്യാമാതാവിനെ ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിലായി. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിൻ കേക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത്. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

റെയില്‍വേ ട്രാക്കില്‍ പാഞ്ഞെത്തിയ ട്രെയിനിന്റെ മുന്നില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപെട്ട ഒരാളുടെ വീഡിയോണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ട്രാക്കില്‍ കിടക്കുകയായിരുന്ന വ്യക്തിയുടെ തൊട്ടടുത്ത് വച്ച്‌ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ടതാണ് യുവാവിന്റെ ജീവന് രക്ഷയായത്.മുംബൈയിലെ ശിവദി സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന പരിശീലന പരിപാടിക്കിടയില്‍ കാളകള്‍ വിരണ്ടോടി. അമ്പത് പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവം. കാളകളെ മെരുക്കാനായി നടത്തുന്ന പരിശീലനമായിരുന്നു ഇത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി എന്നീ ജില്ലകളില്‍ നിന്ന് 500ലേറെ കാളകളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മാര്‍ഗഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര്‍ തിരുവിഴ എന്നറിയപ്പെടുന്ന ചടങ്ങ് നടത്തിയത്.ഇത് കാണാനായി ആയിരത്തിലേറെ ആളുകള്‍ എത്തിയിരുന്നു. തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്തായിരുന്നു പരിപാടി. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് തിരുവണ്ണാമലൈ പൊലീസ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ പൊതു ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതിയോ വേണ്ടത്ര സുരക്ഷാ തയ്യാറെടുപ്പുകളോ ഇല്ലാതെ പരിപാടി നടത്തിയത്. പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെയ്ക്കുകയും അഞ്ച് സംഘാടകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വിരണ്ടോടിയ കാള ഒരു ബെക്കില്‍ ചെന്ന് ഇടിക്കുന്നതും ബൈക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം.

ഈ മാസം 15ന് തമിഴ്‌നാട്ടില്‍ മാട്ടുപ്പൊങ്കലാണ്. ഇതിനെ തുടര്‍ന്ന നിരവധി ജല്ലിക്കെട്ടുകളാണ് നടക്കാന്‍ ഇരിക്കുന്നത്. എന്നാല്‍ ഈ പരിപാടികള്‍ക്ക് അനുമതി നല്‍കുന്ന് കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ല.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിൽ നേരത്തെ ക്രിമിനൽ ചട്ടപ്രകാരം തുടരന്വേഷണത്തിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നു. എന്നാൽ വിചാരണ നിർത്തി വെയ്ക്കണമെന്ന പൊലീസിന്റെ ആവശ്യത്തിൽ വിചാരണക്കോടതി ഒരു തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

നേരത്തെ കേസിൽ വിചാരണ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് കോടതി മാറ്റി. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് അടക്കമുള്ള ദിലീപിനെതിരായ പുതിയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സിആർപിസി 173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിർത്തിവെയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചും ഒന്നും പത്തും വയസ്സുള്ള മക്കളെ കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ താര (35), ആണ്‍മക്കളായ ധരണ്‍ (10), ധഗന്‍ (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

തുറൈപാക്കത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാംനിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നിരിക്കുന്നത്. ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍ രണ്ടുമാസമായി ജോലിക്ക് പോയിരുന്നില്ല. എന്നാല്‍, ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭീമമായ തുക കടമുണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതാണ് ആത്മഹത്യയിലേയ്ക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പോലീസ് മർദ്ദിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സഹയാത്രികരായ ദൃക്‌സാക്ഷികൾ. മർദ്ദനമേറ്റയാൾ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതാണ് പോലീസ് ഇടപെടലിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും സൂചിപ്പിക്കുന്നുണ്ട്.

യാത്രക്കാരൻ ശല്യം ചെയ്തപ്പോൾ പോലീസിനോട് പരാതിപ്പെട്ടെന്ന് സഹയാത്രിക സ്ഥിരീകരിച്ചു. ഇയാൾ വസ്ത്രമ മാറ്റി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിയുണ്ട്.

ഇതോടെ മർദ്ദിച്ച എഎസ്‌ഐക്കെതിരെ നടപടി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം മതിയെന്നാണ് സേനയുടെ തീരുമാനം. അതേസമയം പോലീസിന്റെ ഉന്നതതല യോഗം മുഖ്യമന്ത്രി വീണ്ടും വിളിച്ചു.

നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ ഉണ്ടങ്കിലും സംഭവത്തിന്റെ യഥാർത്ഥ വശം അതല്ലെന്ന് പോലീസിന്റെ വാദവും പാലക്കാട് സബ് ഡിവിഷനൽ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നു.

മാഹിയിൽ നിന്ന് സ്ലീപ്പർ കൊച്ചിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. രണ്ട് പെൺകുട്ടികൾ ഇരിക്കുകയായിരുന്ന സീറ്റിന് മുന്നിലെ സീറ്റിൽ വസ്ത്രം പൊലും മാറിയ അവസ്ഥയിലാണ് ഇയാൾ ഇരുന്നത്. ഇക്കാര്യം യാത്രക്കാരായ പെൺകുട്ടികളും മൊഴി നൽകി.

ഇതോടെയാണ് പോലീസും ടിടിഇയും വിഷയത്തിലിടപെട്ടതെന്നും ടിക്കറ്റില്ലെന്ന് കണ്ടതോടെ മാറ്റാൻ ടിടിഇ നിർദേശിച്ചെന്നുമാണ് റിപ്പോർട്ട്.

എങ്കിലും ചവിട്ടിയത് തെറ്റാണന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ മൊഴികൾ യാത്രക്കാരന് എതിരായതോടെ നടപടി ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം റെയിൽവേ എസ്പി ചൈത്ര തെരെസാ ജോൺ തീരുമാനമെടുക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകമെങ്ങും ബിറ്റ് കോയിൻ കൂടുതൽ മേഖലകളിൽ സ്വീകാര്യമാകുന്ന വാർത്തകളാണ് പുറത്തുവരുന്നത് . ഏറ്റവും പുതുതായി കൊളംബിയൻ റിയൽ എസ്റ്റേറ്റ് പ്ലാറ്റ് ഫോമായ തങ്ങളുടെ ഉപഭോക്താക്കളെ ബിറ്റ് കോയിൻ ഉപയോഗിച്ച് പ്രോപ്പർട്ടികൾ വാങ്ങാനും വിൽക്കാനും അനുവദിച്ചത് ലോകമെമ്പാടും ക്രിപ്റ്റോകറൻസിയ്ക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയുടെ ഫലമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാന്താ മാർട്ടയിലെ നാച്ചുറ സിറ്റി എന്ന റിയൽ എസ്റ്റേറ്റ് പ്രോജക്റ്റിനായി ആണ് ബിറ്റ് കോയിൻ പെയ്മെന്റുകൾ നടത്താൻ ലാ ഹൗസ് തുടക്കമിട്ടിരിക്കുന്നത്. കൊളംബിയൻ ബീച്ചുകളിൽ നിന്ന് നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള ഈ പാർപ്പിട സമുച്ചയം 2025 ഓടെ പൂർത്തിയാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

വാങ്ങുന്നയാളുടെ സൗകര്യാർത്ഥം മൊത്തം തുകയോ അതുമല്ലെങ്കിൽ ഒരു ഭാഗമോ ബിറ്റ് കോയിൻ ഉപയോഗിച്ച് നൽകാനുള്ള സൗകര്യം ആണ് ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി പെയ്മെൻറ് പ്രോസസറായ ഓപ്പൺ നോഡുമായി ലാ ഹൗസ് കരാറിലേർപ്പെട്ടു കഴിഞ്ഞു. ഉപഭോക്താവിന് പൂർണസ്വാതന്ത്ര്യം നൽകുന്ന രീതിയിലുള്ള ഈ പദ്ധതി കൂടുതൽ പേരെ ആകർഷിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

തങ്ങളുടെ ബിസിനസ്സിൽ ക്രിപ്റ്റോകറൻസി പെയ്മെന്റുകൾ നടത്താൻ ല ഹൗസ് നേരത്തെയും ഉപഭോക്താവിന് അവസരം നൽകിയിരുന്നു. നവംബർ മാസത്തിൽ മെക്സിക്കോയിലെ പ്ലായ ഡെൽ കാർമെനിലെ പ്രോജക്റ്റിലും കമ്പനി ബിറ്റ് കോയിൻ സ്വീകരിച്ചിരുന്നു.

ഹൃദയം സിനിമയുടെ കഥ പറഞ്ഞതിന് ശേഷം പ്രണവ് തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിനീത് ശ്രീനിവാസന്‍. തന്നേക്കാള്‍ നല്ല നടന്‍മാരെ വെച്ച് സിനിമ പ്ലാന്‍ ചെയ്യണമെങ്കില്‍ ചെയ്യാം എന്നാണ് പ്രണവ് പറഞ്ഞത് എന്ന് വിനീത് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഹൃദയം ആലോചിക്കുന്ന സമയത്ത് ദുല്‍ഖര്‍, നിവിന്‍ പോളി, ആസിഫ് അലി ഇങ്ങനെ പലരും മനസ്സില്‍ വന്നിരുന്നു. ഇവരെല്ലാവരും കാമ്പസ് സിനിമകള്‍ ചെയ്തിട്ടുണ്ട്. അപ്പോഴാണ് അപ്പുവിന്റെ മുഖം മനസ്സിലേക്ക് വരുന്നത്. സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ അപ്പുവിനെ വെച്ച് ഈ സിനിമ ചെയ്യണമെന്നു ആഗ്രഹിച്ചിരുന്നു.

ലാല്‍ അങ്കിളിന്റെ എറണാകുളത്തെ വീട്ടില്‍ വെച്ചാണ് അപ്പുവിനോട് കഥ പറയുന്നത്. കഥ കേട്ടതിനു ശേഷം തനിക്ക് ഒരു ദിവസം സമയം തരുമോയെന്നു അപ്പു ചോദിച്ചു. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തങ്ങള്‍ സംസാരിച്ചു. തന്റെ ഭാഗത്തു നിന്നും ഓക്കെയാണെന്ന് അവന്‍ പറഞ്ഞു.

”എന്റെ ഭാഗത്തു നിന്നു ഓക്കെയാണ്. വിനീതിന് എന്നെക്കാള്‍ നല്ല നടന്‍മാരെ പ്ലാന്‍ ചെയ്യണമെങ്കില്‍ ചെയ്യാം” എന്നു പറഞ്ഞു. അങ്ങനെയൊരു പ്ലാന്‍ ഉണ്ടെങ്കില്‍ അപ്പുവിന്റെ അടുത്ത് വരുമോയെന്ന് താന്‍ ചോദിച്ചു. അങ്ങനെ സംസാരിക്കുന്ന വേറെ നടന്‍മാരുണ്ടെന്ന് തോന്നുന്നില്ല.

പല ആള്‍ക്കാരും ഓരോ ആള്‍ക്കാരുടെ അടുത്തും ഓരോ രീതിയിലാണ് സംസാരിക്കുന്നത്. അപ്പു അങ്ങനെ ഒരാളല്ല. അവന് സ്‌കില്‍ഡ് ആയിട്ടുള്ള ആള്‍ക്കാരോട് ഭയങ്കര ബഹുമാനമാണ്. ഊട്ടിയില്‍ ഷൂട്ട് കഴിഞ്ഞിട്ട് അപ്പുവിന്റെ വീട്ടിലാണ് താമസിച്ചത്.

താന്‍ അവനോട് ചോദിച്ചു ഇതിന്റെ ഷൂട്ട് കഴിഞ്ഞിട്ട് എങ്ങോട്ടാണ് യാത്ര, ഹിമാലയത്തിലേക്ക് ആണോയെന്നു ചോദിച്ചു. ഇല്ല, ”ഞാന്‍ ഇവിടെ തിരിച്ചു വന്നാലോയെന്നു ആലോചിക്കുകയാണ്.അവിടെ ഒരു തോട്ടക്കാരനുണ്ട്, ആ ചേട്ടനെ കണ്ടോ, പുള്ളി ഗാര്‍ഡനിംഗ് നന്നായി ചെയ്യുന്നുണ്ട്. എനിക്ക് ആ ചേട്ടനോടൊപ്പം നിന്ന് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്” എന്നാണ് പറഞ്ഞതെന്ന് വിനീത് പറയുന്നു.

RECENT POSTS
Copyright © . All rights reserved