പരിശീലനത്തിന്റെ ഒഴിവു സമയങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജെസ്സലും, സഹലും, അൽവാരോ വാസ്‌കസും, പ്രശാന്തും ഉൾപ്പെടെ നിരവധി താരങ്ങളും, മറ്റു ടീം അംഗങ്ങളുമാണ് ഒഴിവു സമയത്തെ ക്രിക്കറ്റ് കളിയിൽ ഏർപ്പെടുന്നത്. വീഡിയോക്ക് രസകരമായ പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനുവേണ്ടി ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം തുടങ്ങി എന്നാണ് ചില ആരാധകർ വീഡിയോക്ക് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
മലയാ ളിയായ വിമുക്തഭടൻ അമേരിക്കയിൽ വെടിയേറ്റു മരിച്ചു. മരങ്ങാട്ടുപിള്ളി ആണ്ടൂർ പകലോമറ്റം കൂനങ്കിയിൽ മാണിയുടെ മകൻ എമ്മാനുവൽ വിൻസെന്റാണ്(ജെയ്സണ്‍-44)ടെക്സസിലെ എൽപാസോയിൽ നടന്ന വെടിവയ്പിൽ മരിച്ചത്. വീടിനു സമീപമുള്ള പാർക്കിംഗിനായുള്ള സ്ഥലത്ത് തപാൽ പരിശോധിക്കുന്നതിനിടെ വെടിയേറ്റെന്നാണു നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. വെടിയുതിർത്ത അക്രമിയെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നു.
സംസ്കാരം ജനുവരി ഏഴിന് ഹാർട്ട്ഫോർഡിലെ സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ ഒൗദ്യോഗിക ബഹുമതികളോടെ നടത്തും. കുറിച്ചിത്താനം പന്നിക്കോട്ട് മലയിൽ കുടുംബാംഗം എലിസബത്താണ് മാതാവ്. ജോ, ജയിംസ്, ജെഫ്രി എന്നിവർ സഹോദരങ്ങൾ. അമേരിക്കയിൽ ജനിച്ച ജെയ്സണ്‍ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം യുഎസ് മിലിറ്ററിയിൽ ചേർന്ന് 2012ൽ ക്യാപ്റ്റൻ റാങ്കിൽ വിരമിക്കുകയായിരുന്നു.
മദ്യവുമായി വന്ന സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ് നടന്നത്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടി സ്വീകരിക്കും.
ടൂറിസ്റ്റുകളോടുള്ള പോലീസിന്റെ സമീപനത്തില്‍ മാറ്റം വരണം. ഇത്തരം സംഭവങ്ങള്‍ ടൂറിസം മേഖലയ്ക്ക് തന്നെ തിരിച്ചടിയുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ബിവറേജിൽനിന്ന് മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനായ സ്റ്റീവിനെയാണ് പോലീസ് തടഞ്ഞത്.
ബില്ലില്ലാത്തതിനാൽ മദ്യം കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പോലീസ് തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബിവറേജിൽ പോയി ബില്ലും വാങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.
പറവൂരിൽ വിസ്മയ (25) എന്ന യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിനു ശേഷം കാണാതായ സഹോദരി ജിത്തുവിനെ (22) എറണാകുളം മേനക പരിസരത്തു ബുധനാഴ്ച രാത്രി അലഞ്ഞു തിരിയുന്നതിനിടെ കണ്ടെത്തി. പൊലീസിന് അവരെ തിരിച്ചറിയാൻ 15 മണിക്കൂർ വേണ്ടിവന്നു.
പരസ്പര വിരുദ്ധമായി സംസാരിച്ച ജിത്തുവിനെ വീടുവിട്ടിറങ്ങിയ ഏതോ പെൺകുട്ടിയെന്ന നിലയിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പൊലീസ് കലക്ടറേറ്റിനു സമീപത്തെ ‘തെരുവു വെളിച്ചം’ ഷെൽറ്റർ ഹോമിലെത്തിച്ചത്. താൻ ലക്ഷദ്വീപുകാരിയാണ് എന്നായിരുന്നു ജിത്തു ആദ്യം പറഞ്ഞത്. രാവിലെ ലക്ഷദ്വീപ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്ക് ആളെ മനസ്സിലായില്ല.
ഉച്ചയ്ക്കു ശേഷമാണ് പറവൂർ പൊലീസിനു വിവരം ലഭിക്കുന്നത്. അവർ തെരുവു വെളിച്ചം നടത്തിപ്പുകാരനായ തെരുവോരം മുരുകനെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. വിസ്മയ കേസിൽ അന്വേഷിക്കുന്ന പെൺകുട്ടിയാണെന്നു പൊലീസ് പറഞ്ഞില്ലെങ്കിലും തങ്ങളെത്തുന്നതുവരെ സുരക്ഷിതയായിരിക്കണമെന്ന് നിർദേശിച്ചു.
ഇതോടെ മുരുകനും സഹപ്രവർത്തകരും പെൺകുട്ടിയെ നിരീക്ഷണത്തിലാക്കി. തനിക്ക് ആൺസുഹൃത്തിന്റെ കൂടെ പോകണമെന്നും ഇവിടെ നിന്നു വിട്ടയയ്ക്കണമെന്നും പെൺകുട്ടി മുരുകനോട് ആവശ്യപ്പെട്ടെങ്കിലും ആശ്വസിപ്പിച്ചു സ്ഥാപനത്തിൽ നിർത്തുകയായിരുന്നു. സമീപ ഫ്ലാറ്റിലെ വീട്ടമ്മ അന്തേവാസികൾക്കായി കൊണ്ടുവന്ന പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെയാണ് പറവൂർ പൊലീസ് തെരുവു വെളിച്ചത്തിലെത്തിയത്. പൊലീസിനെ കണ്ടപ്പോൾ ജിത്തു പതുങ്ങിയെങ്കിലും രക്ഷപ്പെടാൻ പഴുതില്ലാതിരുന്നതിനാൽ പൊലീസിനൊപ്പം പോകുകയായിരുന്നു.
പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെയും ജിജിയുടെയും മക്കളാണ് വിസ്മയയും ജിത്തുവും. ചോദ്യം ചെയ്യലിൽ സഹോദരിയെ കൊലപ്പെടുത്തിയതാണെന്നു ജിത്തു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് വിസ്മയ വീടിനുള്ളിൽ വെന്തുമരിച്ചത്.
തുടർന്നു ജിത്തുവിനെ കാണാതായി. എറണാകുളം, തൃശൂർ ജില്ലകളിലെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും വൈകിട്ടോടെ പിടികൂടി. ജിത്തുവിനെ കാണാതായതും വീടിനുള്ളിൽ രക്തപ്പാടുകൾ കണ്ടെത്തിയതും ദുരൂഹതകൾക്കു കാരണമായി. മാതാപിതാക്കൾ ആലുവയിൽ ഡോക്ടറെ കാണാൻ പോയ സമയത്താണു കൊലപാതകം നടന്നത്.
മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ ജിത്തുവിന്റെ കൈകൾ ബന്ധിച്ച ശേഷമാണ് ഇവർ പോയത്. എന്നാൽ, ഇടയ്ക്കു ജിത്തു നിർബന്ധിച്ചു സഹോദരിയെക്കൊണ്ടു കയ്യിലെ കെട്ട് അഴിപ്പിച്ചു. ജിത്തുവിന്റെ പ്രണയം ചേച്ചി ഇടപെട്ടു തകർത്തതു സംബന്ധിച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ജിത്തു കത്തിയെടുത്തു വിസ്മയയെ കുത്തി. കുത്തേറ്റു വിസ്മയ വീണപ്പോൾ മരിച്ചെന്നു കരുതി ജിത്തു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയശേഷം വീടിന്റെ പിൻവാതിലിലൂടെ കടന്നുകളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കയ്യാങ്കളിക്കിടയിൽ ജിത്തുവിന്റെ വിരലുകൾക്കു പരുക്കേറ്റു. മുറിവേറ്റ വിരലുകളിൽ ജിത്തു ബാൻഡേജ് കെട്ടിയിരുന്നു.
ഡ്രൈവിങ് ലൈസൻസ് എടുക്കുമ്പോൾ നൽകുന്ന അവയവദാന സന്നദ്ധതയ്ക്കുള്ള സമ്മതപത്രം നൽകുന്ന പതിവ് തുടങ്ങിയിട്ട് ഏറെയായിട്ടില്ല. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഇത്തരത്തിലുള്ള ലൈസൻസ് നൽകി തുടങ്ങിയതിന് ശേഷം ആദ്യത്തെ അവയവദാതാവായി തീർന്നത് ചാത്തന്നൂർ കാരംകോട് പുത്തൻവീട്ടിൽ ജോൺ എൻ കുര്യന്റെ മകനായ ജോമോനാണ്. വെറും നാല് മാസം മുമ്പ് മാത്രം ലൈസൻസ് സ്വന്തമാക്കിയ 19കാരനായ കോളേജ് വിദ്യാർത്ഥി ജോമോന്റെ വിധി പക്ഷെ നന്മയുടെ പുസ്തകത്തിലും ചരിത്രത്തിലും ഇടംപിടിക്കാനായിരുന്നു. മികച്ച ചിത്രകാരനും കർഷകനും യൂട്യൂബ് വ്‌ളോഗറുമാണ് ജോമോൻ.
കഴിഞ്ഞദിവസം രാവിലെ ക്ലാസിലേയ്ക്കു പോകുന്ന വഴിയാണ് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജോമോനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് കിംസ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതോടെ കാര്യങ്ങൾ സങ്കീർണമായി. അധികം വൈകാതെ മസ്തിഷ്‌കമരണം കൂടി സ്ഥിരീകരിച്ചതോടെ ജോമോന്റെ മാതാപിതാക്കൾ മകന്റെ ആഗ്രഹപ്രകാരം അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.
ലൈസൻസിനായി അപേക്ഷിച്ചപ്പോൾ അവയവദാനത്തിനുള്ള സമ്മതപത്രത്തിൽ കൂടി ഒപ്പിട്ടുനൽകിയ ജോമോനെ റോഡപകടത്തിന്റെ രൂപത്തിലാണ് മരണം കവർന്നത്. ലൈസൻസിൽ ഓർഗൻ ഡോണർ എന്നുരേഖപ്പെടുത്തിയിരുന്നു. ഈ കൗമാരക്കാരന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബവും സന്നദ്ധത അറിയിച്ചതോടെയാണ് അഞ്ച് പേർക്ക് പുതുജീവൻ ലഭിച്ചത്.
ഹൃദയവും,കരളും വൃക്കകളുമുൾപ്പെടെ ദാനം ചെയ്യുന്നതിന് അവർ തീരുമാനമെടുത്തു. ജോമോന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈ റെലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ആശുപത്രിയിലുള്ള രോഗിക്കും, കരൾ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലും, വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.
കല്ലമ്പലം നഗരൂർ രാജധാനി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ജോമോൻ ജോൺ എൻ കുര്യന്റെയും സൂസൻ കുര്യന്റെയും ഏകമകനാണ്. ആരോഗ്യമന്ത്രി വീണാ ജോർജ്, കിംസ് ആശുപത്രി അധികൃതർ, സംസ്ഥാന സർക്കാരിന്റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയുടെ പ്രതിനിധികൾ എന്നിവരും ജോമോന്റെ കുടുംബാംഗങ്ങളോട് തങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിച്ചു.
പുതുവത്സരദിനത്തില്‍ മുംബൈയില്‍ ഖാലിസ്ഥാനി തീവ്രവാദികളുടെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നതായാണ് വിവരം. മുന്‍കരുതലിന്റെ ഭാഗമായി അവധിയില്‍ പോയ ഉദ്യോഗസ്ഥരെയെല്ലാം മുംബൈ പോലീസ് തിരിച്ചുവിളിച്ചു.
ഛത്രപതി ശിവാജി ടെര്‍മിനസ്, ബാന്ദ്ര ചര്‍ച്ച്‌ഗേറ്റ്, കുര്‍ള തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 3000 റെയില്‍വേ ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിക്കുമെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ അറിയിച്ചു.
മുംബൈയില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് ജനുവരി 7 വരെ നിരോധാജ്ഞ പ്രഖ്യാപിച്ചതിന്റെ കൂടെയാണ് ഭീകരാക്രമണം മുന്നില്‍ക്കണ്ടുള്ള സുരക്ഷാക്രമീകരണങ്ങളും. ഏഴ് വരെ പുതുവത്സരാഘോഷം ഉള്‍പ്പടെയുള്ള ഒരു ചടങ്ങുകളും നഗരത്തിലും പരിസരപ്രദേശങ്ങളിലും നടത്താനാവില്ല.
പേട്ടയിൽ 19കാരൻ അയൽവീട്ടിൽ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ പ്രതി സൈമൺ ലാലന്റെ മുൻവൈരാഗ്യമെന്ന് വ്യക്തമാകുന്നു. ലാലന് കൊല്ലപ്പെട്ട അനീഷിനോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്ന് തെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. കൊല്ലപ്പെട്ട അനീഷ് ജോർജ്ജിനോട് പ്രതി സൈമൺ ലാലന് വൈരാഗ്യം ഉണ്ടായിരുന്നു. ഇതു കൊണ്ടാണ് നെഞ്ചിൽ തന്നെ കുത്തിയതെന്നാണ് പോലീസ് പറയുന്നത്. നെഞ്ചിന് പുറമെ മുതുകിലും രണ്ട് കുത്തുകളുണ്ട്.
മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല. ഈ സൗഹൃദത്തെ ലാലൻ മുമ്പും വിലക്കിയിരുന്നു. എന്നാൽ ലാലന്റെ വിലക്ക് മറികടന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടർന്നു. ഇത് സംബന്ധിച്ചും ലാലന്റെ ചിലകർശന നിലപാടുകളിലും കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് പലപ്പോഴും വഴക്കിലേക്കും എത്തിയിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച ലാലന്റെ ഭാര്യയും മക്കളും അനീഷിനൊപ്പം ലുലു മാളിൽ പോയിരുന്നു. ഇവിടെ നിന്ന് ഉച്ചയ്ക്ക് ആഹാരവും കഴിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒരേ ദേവാലയത്തിൽ പോകുന്ന ലാലന്റേയും അനീഷിന്റേയും കുടുംബങ്ങൾ തമ്മിൽ മുൻ പരിചയമുണ്ടായിരുന്നു. ആളെ തിരിച്ചറിയാതെ കുത്തിയതാണെന്ന ലാലന്റെ വാദവും ഇതോടെ പൊളിയുകയാണ്.
ലാലന്റെ കുടുംബത്തിന്റെ സഹായിയുമായിരുന്നു അനീഷ്. ലാലന്റെ ഭാര്യക്കും അനീഷിന്റെ അമ്മയുമായും സൗഹൃദമുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് ലാലന്റെ വീട്ടിൽ വച്ച് അനീഷിന് കുത്തേൽക്കുന്നത്. ഭാര്യയും മക്കളും തടഞ്ഞിട്ടും ലാലൻ കത്തി ഉപയോഗിച്ച് അനീഷിനെ ആക്രമിച്ചു.
അതേസമയം, സംഭവത്തിലെ നിജസ്ഥിതി വ്യക്തമാകുന്നതിനായി അനീഷും ലാലന്റെ കുടുംബാംഗങ്ങളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പോലീസ് പരിശോധിക്കും. ലാലന്റെ വീട്ടിലുള്ളവർ വിളിച്ചതിനെ തുടർന്നാണ് അനീഷ് പുലർച്ചെ ആ വീട്ടിലേക്ക് പോയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ശംഖുംമുഖം എസി ഡി കെ പൃഥ്വിരാജ് പറഞ്ഞു. അറസ്റ്റിലായ ലാലനെ കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച പുലർച്ചെ പേട്ട ചായ്ക്കുടി ലെയ്നിലെ ഏദൻ എന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ലാലനെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുപ്പിന് എത്തിക്കും.
പ്രശസ്ത സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 325ലേറെ ചിത്രങ്ങളിൽ വേഷമിട്ട ജി.കെ.പിള്ള വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, നായരുപിടിച്ച പുലിവാൽ, കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
അഭിനയിച്ച സിനിമകളിലെല്ലാം സ്വന്തം പേര് കൊരുത്തുവച്ചാണ് നടൻ ജി.കെ.പിള്ള അരങ്ങൊഴിയുന്നത്. ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തില്‍ പുത്തേഴത്തെ കാരണവരായി എത്തിയതോടെയായിരിക്കും ഒരുപക്ഷേ പുതുതലമുറയ്ക്ക് ജി.കെ.പിള്ള ഏറെ പരിചിതനായത്. മിനിസ്ക്രീനിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
വർക്കലയിൽ ഇടവയ്ക്കടുത്തു മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി.കേശവപിള്ള എന്ന ജി.കെ.പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം സൈന്യത്തിൽ ചേർന്ന അദ്ദേഹം 15 വർഷം സൈനികസേവനം അനുഷ്ഠിച്ചു. 14–ാം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.
നടൻ പ്രേം നസീറുമായി കുട്ടിക്കാലം മുതലുള്ള അടുപ്പമാണ് ജി.കെ.പിള്ളയെ സിനിമയിലെത്തിച്ചത്. സിനിമയിലെത്തി 65 വർഷം പിന്നിടുന്ന ഘട്ടത്തിലാണ് അന്ത്യം. 1954ൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. ഉയരമുള്ള ശരീരവും ശബ്ദഗാംഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. അഭിനയ ജീവിതത്തിൽ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ അദ്ദേഹം സിനിമയിലും സീരിയലുകളിലും സജീവമായിരുന്നു.
ടെലിവിഷൻ പരമ്പരകളിലെ വേഷം കുടുംബസദസ്സുകളിലും പ്രിയങ്കരനാക്കി. വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ ഭാവം നൽകി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ സാഹസിക രംഗങ്ങളിൽ അഭിനയിച്ചു. തിക്കുറിശി മുതൽ പുതിയ തലമുറയിലെ നായകരോടൊപ്പംവരെ അഭിനയിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ സൂപ്പർ താരങ്ങളുടെ താരോദയത്തിനു സാക്ഷിയായി. 15 വർഷം എക്സ് സർവീസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.
ഭാര്യ: പരേതയായ ഉൽപ്പലാക്ഷിയമ്മ. മക്കൾ: പ്രതാപചന്ദ്രൻ, ശ്രീകല ആർ.നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി.പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.
നടന്‍ ജി.കെ.പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ (Dileep) ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന് (Balachandra Kumar) എന്തുതരം സുരക്ഷയാണ് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുള്ളതെന്ന് വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസി (WCC). ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളില്‍ നീതിനിര്‍വ്വഹണ സംവിധാനം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമോ എന്നും സംഘടന പുറത്തിറക്കിയ കുറിപ്പില്‍ ചോദിക്കുന്നു.
ഡബ്ല്യുസിസിയുടെ കുറിപ്പ്
മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശ്രീ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകൾ നമ്മുടെ സംസ്ഥാനത്തെ നീതിനിർവ്വഹണ സംവിധാനം അർഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമോ? ഇന്‍റര്‍വ്യൂവില്‍ ആരോപിക്കപ്പെടുന്നതനുസരിച്ചാണെങ്കിൽ കുറ്റാരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലേ? ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്‍റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത്? എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങൾക്ക് അവശ്യം വേണ്ട ശ്രദ്ധ നൽകി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല? നീതിക്കായി പോരാടുന്നതിന്‍റെ വേദനയും സംഘർഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോൾ തന്നെ, ഇത്തരം സങ്കീർണ്ണമായ സന്ദർഭങ്ങളിൽ സത്യം അറിയിയുന്നതിന് ചോദ്യങ്ങൾ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു.
നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം നടിയുടെ ദൃശ്യം ദിലീപിന്‍റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപക്ഷ നൽകി. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ പ്രചരിച്ചത്. ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്നതായിരുന്നു വെളിപ്പെടുത്തൽ. ദിലീപിന്‍റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു.
ഗോവയിൽ വാഹനാപകടത്തിൽ (Car Accident Goa) മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കൂടെയുണ്ടായിന്ന രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്.
ഗോവയിൽ ഇന്ത്യൻ നേവിയിൽ ജോലി ചെയ്യുന്ന നിതിൻ ദാസിനെ കാണാനെത്തിയതാണ് ഇവർ. പുലർച്ചെ കാറുമായി യാത്ര ചെയ്യവെ ഡിവൈഡറിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു.