രാജ്യാന്തര വാർത്താ ഏജൻസിയിൽ മാധ്യമപ്രവർത്തകയായ യുവതിയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗർ ചാല ശ്രുതിയിലെ എൻ.ശ്രുതി (36)യാണു മരിച്ചത്. ബെംഗളൂരു സിദ്ധാപുര നല്ലൊരുഹല്ലി വൈറ്റ്ഫീൽഡ് മേയ് ഫെയർ ഫ്ലാറ്റിലെ താമസ സ്ഥലത്താണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രുതി ആത്മഹത്യ ചെയ്യാൻ ഇടയായത് ഭർത്താവിന്റെ കടുത്ത മാനസികവും ശാരീരികവുമായ ക്രൂര പീഡനം കാരണമാണെന്നു ബന്ധുക്കൾ ആരോപിച്ചു.

ഭർത്താവിനെ പൊലീസ് ഫോൺ ചെയ്തപ്പോൾ താൻ നാട്ടിലാണെന്നും ഭാര്യ എവിടെയാണെന്നു ചോദിച്ചപ്പോൾ കൂടെ ഉണ്ടെന്നുമായിരുന്നു ലഭിച്ച മറുപടിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവിന്റെ പീഡനം കാരണമാണു മരണമെന്ന കുറിപ്പ് പൊലീസ് കണ്ടെത്തി.ഭർത്താവ് ബെംഗളൂരുവി‍ൽ സോഫ്റ്റ്‍വെയർ എൻജിനീയർ ആയ തളിപ്പറമ്പ് ചുഴലി സ്വദേശി അനീഷിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തു.

ശ്രുതിയുടെ സഹോദരൻ നിഷാന്തും ഇവിടെ സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറാണ്. 2017 ലാണ് ശ്രുതിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ ക്രൂരമായ പെരുമാറ്റം ആയിരുന്നുവെന്നു സഹോദരൻ നിഷാന്ത് ആരോപിച്ചു. വീട്ടിൽ ക്യാമറ, വോയ്സ് റെക്കോർഡർ എന്നിവ സ്ഥാപിച്ച് ശ്രുതിയെ നിരീക്ഷിച്ചുവെന്നും കടുത്ത മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയെന്നും സഹോദരൻ ആരോപിച്ചു. എഴുത്തുകാരനും യുക്തിവാദി നേതാവും റിട്ട.അധ്യാപകനുമായ നാരായണൻ പേരിയയുടെയും റിട്ട.അധ്യാപിക ബി.സത്യഭാമയുടെയും മകളാണ് ശ്രുതി. മൃതദേഹം ബെംഗളൂരുവിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കാസർകോട് വിദ്യാനഗർ പാറക്കട്ട ശ്മശാനത്തിൽ സംസ്കരിച്ചു.