ഇടപ്പള്ളിയിൽ വേലയ്ക്കു നിന്ന പെൺകുട്ടി വീട്ടുടമസ്ഥരിൽ നിന്ന് അനുഭവിച്ചത് സമാനതയില്ലാത്ത പീഡനം. കർണാടക സ്വദേശിനിയായ ഈ പെൺകുട്ടി വേലയ്ക്കു നിന്ന വീട്ടിന്റെ അയൽവീട്ടിൽ എത്തി കഴിഞ്ഞയാഴ്ച പരാതിപ്പെട്ടതോടെയാണ് പീഡനകഥകൾ പുറത്തുവന്നത്. വീട്ടുകാരിൽ നിന്ന് അടിയേറ്റു മൂക്കിൽ ചോരയൊലിപ്പിച്ച നിലയിലാണ് പെൺകുട്ടി അടുത്ത വീട്ടിൽ എത്തിയത്. നാട്ടുകാർ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പെൺകുട്ടി വേലയ്ക്കു നിന്ന വീട്ടുടമസ്ഥൻ പവോത്തിത്തറ പോളിനെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. പോളിന്റെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയുമായ സെലിൻ പോൾ ഒളിവിലാണ്.

14 വയസ്സ് മുതൽ ഇടപ്പള്ളിയിൽ ജോലിക്ക് നിന്നതായി പെൺകുട്ടി പറഞ്ഞു. 2015 നവംബർ 16 നാണ് കർണാടക സ്വദേശിനിയെ സെലിൻ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്. മാതാവു മരിച്ച പെൺകുട്ടിയെ രണ്ടാനമ്മയും അച്ഛനും ചേർന്ന് വിൽക്കുകയായിരുന്നു എന്നും സൂചനയുണ്ട്. അമ്മയെ അച്ഛൻ ചവിട്ടി കൊന്നതു തന്റെ കൺമുന്നിൽ വച്ചായിരുന്നു എന്നും പെൺകുട്ടി പറഞ്ഞു. ‘‘വീട്ടിലെ എല്ലാ ജോലിയും ചെയ്യണം.

ഇതിനു പുറമേ ലൈംഗിക പീഡനത്തിനും ഇരയായി.’’ സെലിനോട് ഇക്കാര്യത്തിൽ പരാതി പറഞ്ഞപ്പോൾ ‘നിന്റെ കുഴപ്പം കൊണ്ടാണ്’ എന്നു പറഞ്ഞതായാണ് പെൺകുട്ടി പൊലീസിനു നൽകിയ മൊഴി. ജോലിക്കെത്തിയ കാലം മുതൽ പോൾ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് പെൺകുട്ടിയുടെ മൊഴി. ഇതേത്തുടർന്നാണ് പൊലീസ് പോളിനെ അറസ്റ്റു ചെയ്‌തത്.

പോൾ വീടിനോട് അനുബന്ധമായി കാറ്ററിങ് ബിസിനസ് നടത്തിയിരുന്നു. അവിടെ ഭക്ഷണം വിതരണം ചെയ്യുന്നതു മുതൽ മരത്തിൽ കയറുന്നതിനു വരെ ഈ പെൺകുട്ടിയെ ഉപയോഗിച്ചതായാണ് ആരോപണം. പോളിന്റെ മകളുടെ വീട്ടിലും പെൺകുട്ടിയെ ജോലിക്കു വേണ്ടി ഉപയോഗിച്ചു. നാട്ടുകാരോടു പരാതി പറഞ്ഞിട്ടും ആരും പൊലീസിൽ അറിയിക്കാനോ പെൺകുട്ടിയെ രക്ഷപെടുത്താനോ ശ്രമിച്ചില്ല. ഇതിനിടെ പല തവണ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയുടെ പേരിൽ ആധാർ കാർഡില്ലെന്നാണ് വിവരം. കോവിഡ് വാക്സീൻ പോലും എടുത്തിട്ടില്ലെന്നാണ് സമീപവാസികൾ പറയുന്നത്.

കഴിഞ്ഞ ദിവസം ക്രൂരത സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി സമീപത്തെ വീട്ടിൽ അഭയം പ്രാപിച്ചു. പെൺകുട്ടി വീട്ടിൽ കയറി വന്ന വിവരം സെലിനെ അറിയിച്ചെങ്കിലും അവിടെയെത്താൻ സെലിൻ ആദ്യം തയാറായില്ല. ഒടുവിൽ പൊലീസിൽ അറിയിക്കുമെന്നു പറഞ്ഞപ്പോഴാണ് വന്നതെന്നു നാട്ടുകാർ പറഞ്ഞു.

പലപ്രാവശ്യം അയൽവാസികളോടു പരാതിപ്പെട്ടെങ്കിലും പൊലീസിൽ അറിയിക്കുന്നതിനെയും കേസാകുന്നതിനെയും പെൺകുട്ടി ഭയപ്പെട്ടിരുന്നൂ.ഇതിനിടെ വനിതാ ദിനത്തിൽ വനിതാ ക്ഷേമ സമിതി നടത്തിയ പരിപാടിയിൽ ചായ വിതരണത്തിന് എത്തിയപ്പോൾ വനിതകളുടെ അവകാശങ്ങളെക്കുറിച്ചു സെലിൻ പ്രസംഗിക്കുന്നത് പെൺകുട്ടി കേട്ടു. തനിക്ക് ഇത്രയേറെ അവകാശങ്ങളുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് എല്ലാം തുറന്നു പറയാൻ ധൈര്യം വന്നതെന്ന് പെൺകുട്ടി പറഞ്ഞൂ. പെൺകുട്ടിയുടെ മൊഴിയിൽ പോളിനെ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തെങ്കിലും സെലിനെ അറസ്റ്റു ചെയ്തിട്ടില്ല. ഇവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.