ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണ്ണഞ്ചേരിയിൽ നിന്ന് ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ജില്ലയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. മറ്റന്നാൾ രാവിലെ ആറ് മണി വരെ നിരോധനാജ്ഞ തുടരും. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുവെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. അതേസമയം, ജില്ലയിലെ കൊലപാതകങ്ങളിൽ ഗൂഢാലോചന അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ന് ചേർന്ന സർവകക്ഷിയോഗം പിരിഞ്ഞു. ആർഎസ്എസ് നേതാക്കളുമായി പ്രത്യേക ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി. കൊലപാതകങ്ങളെ സർവ്വകക്ഷി യോഗം ഐകകണ്ഠേനെ അപലപിച്ചു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
കേരള കോൺഗ്രസ് ബി പിളർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷനായി ആർ ബാലകൃഷ്ണ പിള്ളയുടെ മകൾ ഉഷാ മോഹൻദാസിനെ തെരഞ്ഞെടുത്തു. കെ ബി ഗണേഷ് കുമാറിനെ എതിർക്കുന്ന നേതാക്കൾ കൊച്ചിയിൽ യോഗം ചേർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. ഗണേഷ് കുമാർ പാർട്ടി ചെയർമാൻ ആയത് ആരുടെയും അറിവോടെയല്ല എന്നാണ് വിമത വിഭാഗത്തിൻറെ നിലപാട്.
ഗണേഷ് കുമാർ പാർലമെൻററി പാർട്ടി നേതാവായി തുടരുമെന്ന് ഉഷ മോഹൻദാസ് പറഞ്ഞു. പാർട്ടിയുടെ ബോർഡ് കോർപ്പറേഷൻ പി എസ് സി മെമ്പർ പദവികളുടെ നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണിയെ സമീപിക്കാനാണ് പുതിയ ഭാരവാഹികളുടെ നീക്കം. സംസ്ഥാന കമ്മിറ്റിയിലെ 84 അധികം പേരുടെ പിന്തുണയുണ്ടെന്നാണ് ഉഷ മോഹൻദാസ് അവകാശവാദം.
രണ്ടാം പിണറായി സർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയുമായി ഉണ്ടായിരുന്നു കുടുംബപ്രശ്നങ്ങളാണ്. കേരള കോൺഗ്രസ് ബിയുടെ സ്ഥാപക ചെയർമാൻ ആർ.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കം മന്ത്രിസഭ രൂപീകരണ ചർച്ചയിൽ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുൻപ് ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയർത്തുന്നത്.
ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹൻദാസും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവർ ഹാജരാക്കിയെന്നാണ് സൂചന. ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്.
അതേ സമയം ബാലകൃഷ്ണപിള്ളയെഴുതിയ വിൽപ്പത്രത്തിൽ യാതൊരു തിരിമറിയും നടന്നില്ലെന്ന് അദ്ദേഹത്തിൻ്റെ സന്തത സഹചാരിയും വിൽപ്പത്രത്തിലെ സാക്ഷിയുമായ പ്രഭാകരൻ പിള്ള വെളിപ്പെടുത്തിയിരുന്നു. ഉഷ മോഹൻദാസിന്റെ ആരോപണങ്ങൾ തള്ളിയ സാക്ഷി പ്രഭാകരൻ പിള്ള ഗണേഷിന് വിൽപ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പറഞ്ഞിരുന്നു.
കോട്ടയം ∙ നഗരമധ്യത്തിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ സ്ത്രീയെ കടന്നുപിടിക്കാൻ യുവാവിന്റെ ശ്രമം. തടയാൻ എത്തിയവരെ തുണിയിൽ കല്ലുകെട്ടി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ കീഴ്പ്പെടുത്തി വെസ്റ്റ് പൊലീസിന് കൈമാറി. മുണ്ടക്കയം സ്വദേശി സുകേഷ് (35) ആണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 12 മണിയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. സംക്രാന്തിയിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തൊടുപുഴ സ്വദേശികളായ കുടുംബം. ഭക്ഷണശേഷം സമീപത്തെ കടയിൽ നിന്നു കുപ്പിവെള്ളം വാങ്ങുന്നതിന് പോയ സ്ത്രീയെ യുവാവ് കടന്നുപിടിച്ചു. കുതറിയോടിയ സ്ത്രീ മറ്റൊരു കടയിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി പിന്നാലെയെത്തി. ഇതോടെ നാട്ടുകാർ അക്രമിയെ കീഴടക്കി പൊലീസിനു കൈമാറി.
ന്യൂഡൽഹി ∙ ഒമിക്രോൺ ആശങ്ക തുടരുന്നതിനിടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണു പരിശോധന നിർബന്ധമാക്കിയത്. പരിശോധന നടത്തുന്നതിനു മുൻകൂട്ടി ബുക്ക് ചെയ്യണം. ഇതിനുള്ള സൗകര്യം എയർ സുവിധ പോർട്ടലിന്റെ സജ്ജമാക്കും. സിവിൽ ഏവിയേഷന്‍ മന്ത്രാലയം ഇതേപ്പറ്റി ഉത്തരവിറക്കി.
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണു പരിശോധന നടത്തേണ്ടത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേക്കും ഇതു വ്യാപിപ്പിച്ചേക്കും. സാധാരണ ആർടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപയാണ് ചാർജ്. പെട്ടെന്ന് ഫലം ലഭിക്കാൻ റാപ്പിഡ് പരിശോധന നടത്തണമെങ്കിൽ 3500 രൂപ ചെലവാക്കേണ്ടിവരും. 30 മിനിറ്റു മുതൽ ഒന്നര മണിക്കൂർ സമയത്തിനകം ഫലം ലഭ്യമാകും.
വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു ബുക്ക് ചെയ്യേണ്ട രീതി ചുവടെ
∙ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോകുക
∙ ‘ബുക്ക് കോവിഡ് ടെസ്റ്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
∙ രാജ്യാന്തര യാത്രക്കാരൻ എന്നതു തിരഞ്ഞെടുക്കുക
∙ പേര്, ഫോൺ നമ്പർ, ഇമെയില്‍, ആധാർ നമ്പർ, പാസ്പോർട്ട് നമ്പർ, വിലാസം, എത്തിയ സമയം, തീയതി തുടങ്ങിയ വിവരങ്ങൾ നൽകുക.
∙ ആർടിപിസിആർ, റാപ്പിഡ് ആർടിപിസിആർ എന്നിവയിൽനിന്ന് ആവശ്യമുള്ള പരിശോധനാ രീതി തിരഞ്ഞെടുക്കുക.
നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നു കൊല്ലം സ്വദേശി അഫ്‌സലിനെ(34) മരട് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഭക്ഷണപദാര്‍ഥങ്ങളുമായി ഇയാള്‍ ബംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളില്‍ നടിയുടെ താമസ സ്‌ഥലങ്ങളിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ താമസ സ്‌ഥലത്തുമെത്തി. ഇതേത്തുടര്‍ന്നാണ് നടി പോലീസില്‍ പരാതി നല്‍കിയത്. പ്രതിക്കു സ്‌റ്റേഷന്‍ ജാമ്യം അനുവദിച്ചു.
2017ല്‍ ബംഗളൂരുവില്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവ് പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പാര്‍വതിയുടെ പരാതി.
നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്‌ലാറ്റിന് മുന്നിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.
യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുട്ടി മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ആര്‍ക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതിയെയാണ് (28) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യുവതി നിലവില്‍ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡിസംബര്‍ 13-ന് ഗോമതിയുടെ പ്രസവം നടക്കുമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍ പ്രസവവേദന അനുഭവപ്പെടാത്തതിനാല്‍ യുവതി അന്നേദിവസം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും വീട്ടില്‍ത്തന്നെ വിശ്രമിച്ചു. എന്നാല്‍ ശനിയാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.
പക്ഷേ, വൈദ്യസഹായം തേടാതെ യൂട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു ഗോമതിയുടെയും ലോകനാഥന്റെയും തീരുമാനം. ഇതിനായി യുവതി സഹോദരിയുടെ സഹായവും തേടി. എന്നാല്‍ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഗോമതി ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഗോമതിയുടെ ഭര്‍ത്താവ് ലോകനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.
‘ഞാനീ മക്കളെയുംകൊണ്ട് എന്തുചെയ്യും? ഒറ്റയ്ക്ക് എനിക്കൊരു ശക്തിയുമില്ല. എന്നെ എന്തിനാ വിധവയാക്കിയത്.’ നെഞ്ചുപൊട്ടുന്ന നിലവിളിയോടെ രഞ്ജിത്ത് ശ്രീനിവാസന്റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ചുള്ള ഭാര്യ അഡ്വ. ലിഷയുടെ പൊട്ടിക്കരച്ചില്‍ കൂടിനിന്നവരുടെയും കണ്ണുകളെ നനയിച്ചു. അച്ഛാ.. അച്ഛാ… എന്നുറക്കെ വിളിച്ച് വാവിട്ട് കരയുന്ന മക്കള്‍ ഹൃദ്യയും ഭാഗ്യയും നോവ് കാഴ്ചയായി. ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍.
മൃതദേഹം വലിയഴീക്കലിലെ വീട്ടിലേക്കു സംസ്‌കാരത്തിനു കൊണ്ടുപോകുംവരെ രഞ്ജിത്ത് ശ്രീനിവാസനുമൊത്തുള്ള ഓരോ നല്ലനിമിഷവും ഓര്‍ത്തെടുത്തായിരുന്നു ലിഷയുടെ പൊട്ടിക്കരച്ചില്‍. ‘ഞാന്‍ കരയുമ്പോഴൊക്കെ ഏട്ടന്‍ പറയും. കരയരുത് നീ രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യയാ. കരയാന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല.’ ഇതെല്ലാം കേട്ടപ്പോള്‍ രഞ്ജിത്തിന്റെ അമ്മ വിനോദിനിക്കും സഹിക്കാനായില്ല. അടക്കി വെച്ചിരുന്ന സങ്കടം അണപ്പൊട്ടിയൊഴുകി.
അന്തിമോപചാരമര്‍പ്പിക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെ ലിഷയുടെ സങ്കടം ഇരട്ടിച്ചു. ‘ഏട്ടന്‍ പറയും. ഞാന്‍ സ്വയംസേവകനായി ജീവിക്കും, സ്വയംസേവകനായി മരിക്കും എന്ന്. അറംപറ്റുന്ന വാക്കു പറയല്ലേ എന്ന് ഞാന്‍ പറഞ്ഞതാ. കേട്ടില്ല. ശത്രുക്കളാരുമില്ലായിരുന്നു. എല്ലാവരും മിത്രങ്ങളായിരുന്നു.’ – ലിഷയ്ക്കു സങ്കടം അടക്കാനായില്ല. മൃതദേഹം സംസ്‌കാരത്തിനു കൊണ്ടുപോകാനെടുക്കുമ്പോള്‍ ലിഷ പറഞ്ഞു.
‘എനിക്കൊന്നുമറിയില്ല. എന്തു ചെയ്യണമെന്നു പറഞ്ഞിട്ടു പോകൂ…’ ഏട്ടന് ഏറെ ഇഷ്ടമുള്ള വേഷമാണ് ഗണവേഷം. അതുധരിപ്പിച്ചേ യാത്രയാക്കാവൂ. രഞ്ജിത് ശ്രീനിവാസന്റെ മൃതദേഹം ചിതയിലേക്കെടുക്കുംമുന്‍പ് ഭാര്യ ലിഷ പറഞ്ഞു. സംഘപ്രവര്‍ത്തകര്‍ തൊപ്പിയും മറ്റും കൊണ്ടുവന്നു. ലിഷ തന്നെയാണ് അവസാനമായി രഞ്ജിത്തിനു തൊപ്പിവെച്ചുനല്‍കിയത്.
സില്‍വര്‍ലൈന്‍ സ്ഥലമേറ്റെടുപ്പിനെതിരെ പെട്രോള്‍ ഒഴിച്ച് പ്രതിഷേധം. കൊല്ലം ജില്ലയിലെ കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന് ജയകുമാറും കുടുംബവുമാണ് പ്രതിഷേധിച്ചത്.
കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ഇവർ കൈയില്‍ ലൈറ്ററും കരുതിയിരുന്നു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അഞ്ജു ജോസഫ് ശ്രദ്ധേയയാത്. റിയാലിറ്റി ഷോയില്‍ നിന്നും പിന്നണി ഗാന രംഗത്തെത്തി. പലപ്പോഴും ഗായികയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ എത്തിയിട്ടുണ്ട്. സ്റ്റാര്‍ മാജിക് ഷോ ഡയറക്ടര്‍ അനൂപ് ജോണാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള അഞ്ജുവിന്റെ വിവാഹ വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഏഴ് വര്‍ഷം മുന്‍പായിരുന്നു അഞ്ജുവും അനൂപും വിവാഹിതരായത്. അഞ്ജുവിനെ വിവാഹം ചെയ്തത് അനൂപാണെന്ന് അറിയില്ലെന്നായിരുന്നു പലരും പറഞ്ഞത്. ഇവരുടെ വിവാഹ വീഡിയോയ്ക്ക് താഴെയായാണ് ഇതേക്കുറിച്ചുള്ള കമന്റുകള്‍ വന്നത്. ഒരു കാലത്ത് ഗോസിപ് കോളങ്ങളില്‍ അഞ്ജുവിന്റെ പേരും നിറഞ്ഞ് നിന്നിരുന്നു. താരം മലേഷ്യയിലേക്ക് ഒളിച്ചോടി പോയി എന്നായിരുന്നു ആദ്യ പ്രചരണം. പിന്നീട് കിസ്തു വിഭാഗത്തില്‍ നിന്നും മുസ്ലീമായ മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു അഞ്ജുവിനെ കുറിച്ചുള്ള ഗോസിപ്. പൊന്നാനിയില്‍ പോയാണ് മതം മാറിയത് എന്നുവരെ അന്ന് പ്രചരിച്ചു. പള്ളിയിലൊക്കെ ഇത് ചര്‍ച്ചയായിരുന്നു. അച്ചനൊക്കെ വിളിച്ച് ചോദിച്ചിരുന്നുവെന്നും മുന്‍പ് അഞ്ജു പറഞ്ഞിരുന്നു.
അടുത്തിടെ കൂട്ടുകാരിക്കൊപ്പം യൂട്യൂബ് ചാനലില്‍ അഞ്ജു എത്തിയിരുന്നു. അതോടെ അഞ്ജുവും അനൂപും വേര്‍പിരിഞ്ഞെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതെ കുറിച്ച് വിശദീകരിച്ച് അഞ്ജു വീഡിയോ പങ്കുവെച്ചു. ജീവിതത്തില്‍ നേരിട്ട രസകരമായ ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അതിന് ശേഷം പല ചാനലുകളിലും വ്യത്യസ്ത തലക്കെട്ടുകളാണ് വന്നത്. തലക്കെട്ട് മാത്രം കണ്ട് പലരും തെറ്റിദ്ധരിക്കുകയായിരുന്നു. അങ്ങനെയാണ് ഫേസ്ബുക്കിലൂടെ അഞ്ജു കാര്യങ്ങള്‍ വിശദീകരിച്ചത്. അതിന് ശേഷവും വാര്‍ത്തകള്‍ക്ക് കുറവൊന്നുമില്ലായിരുന്നുവെന്നും അഞ്ജു പറഞ്ഞിരുന്നു.
5 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് അഞ്ജുവും അനൂപും വിവാഹിതരായത്. വിവാഹത്തിന് തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. സ്റ്റാര്‍ സിംഗറില്‍ വെച്ചാണ് അനൂപിനെ പരിചയപ്പെട്ടതെന്നും പിന്നീടാണ് പ്രണയത്തിലായതെന്നും അഞ്ജു പറഞ്ഞിരുന്നു.
പാറക്കോവിലില്‍ വാടകക്ക് താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ബംഗാള്‍ ഹൂഗ്ലി ശേരാഫുളി ഫാരിഡ്പുര്‍ ജയാനല്‍ മാലിക്കിെൻറ മകന്‍ മന്‍സൂര്‍ മാലികിനെ (40) കൊലപ്പെടുത്തിയ കേസിൽ ഭാര്യ രേഷ്മ ബീവി (30), അയല്‍വാസിയും കാമുകനുമായ ബീരു (33) എന്നിവരാണ് അറസ്റ്റിലായത്.
മാലികിനെ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത് ബീരുവാണെന്ന് പൊലീസ് അറിയിച്ചു. കുടുംബ വഴക്കിനിടെ താൻ കൊലപ്പെടുത്തിയെന്നാണ് നേരേത്ത രേഷ്മ പറഞ്ഞിരുന്നത്. ഇരുവരെയും വെവ്വേറെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരങ്ങൾ വെളിപ്പെട്ടത്.
ബീരു മന്‍സൂറിന് മദ്യം നല്‍കിയ ശേഷം ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ബീരുവും രേഷ്മയും ചേര്‍ന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു. ആർ.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഈ മാസം 13 മുതല്‍ മന്‍സൂറിനെ കാണാനില്ലെന്ന് രേഷ്മ ഞായറാഴ്ച ചേര്‍പ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടെ ഭര്‍ത്താവിനെ കൊന്നത് താനാണെന്ന് മറ്റൊരു അന്തർ സംസ്ഥാന തൊഴിലാളി മുഖേന പൊലീസില്‍ അറിയിക്കുകയായിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. സംശയം തോന്നാതിരിക്കാനാണ് പരാതി നൽകിയത്.
11 വര്‍ഷമായി കേരളത്തില്‍ സ്വര്‍ണപ്പണി നടത്തുന്ന മന്‍സൂര്‍ ഒരുകൊല്ലമായി ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം ചേര്‍പ്പിലെ വാടകവീട്ടിലാണ് താമസം. മുകള്‍നിലയില്‍ മന്‍സൂറിെൻറ കുടുംബവും താഴെ ബീരുവുമാണ് താമസിച്ചിരുന്നത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തു.