തലയ്ക്ക് മുകളില്‍ ചീറിപ്പായുന്ന വെടിയൊച്ചകളെയും റോക്കറ്റിനെയും അതിജീവിച്ച് കുഞ്ഞ് റഫായേല്‍ കേരളത്തിന്റെ കൊച്ചുമകനായെത്തി. അമ്മയുടെ നാടായ യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നാണ് രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞ് റഫായേലിനെയും കൂട്ടി അച്ഛന് റെനീഷ് നാട്ടിലേക്കെത്തിയത്.

യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെട്ട് വെള്ളിയാഴ്ച രാത്രിയാണ് ആലുവ സ്വദേശിനിയായ റെനീഷ് ജോസഫും യുക്രൈന്‍കാരിയായ ഭാര്യ വിക്ടോറിയയും കൊച്ചിയിലെത്തിയത്. സുമിയില്‍ നിന്നാണ് യുദ്ധത്തിന്റെ സംഘര്‍ഷങ്ങള്‍ അതിജീവിച്ച് നാടണഞ്ഞത്.

യുദ്ധഭൂമിയില്‍ രാവുകളും പകലുകളും നീണ്ട പ്രയാണം നടത്തിയതും ഒടുവില്‍ അച്ഛന്റെ നാടിന്റെ ആശ്വാസത്തണലില്‍ അണഞ്ഞതും അവന്‍ അറിഞ്ഞിട്ടില്ല.
റഫായേലിനെ കൊഞ്ചിച്ച് അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ നനഞ്ഞ കണ്ണുകളോടെ നില്‍ക്കുമ്പോള്‍ റെനീഷ് പറഞ്ഞു, ”ദൈവത്തിനു നന്ദി. ഒടുവില്‍ ഇവനെയും കൂട്ടി നാടണയാനായല്ലോ.

സുമിയില്‍ നിന്നു ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചാണ് അയല്‍രാജ്യത്തെത്തിയത്. കൊടും തണുപ്പില്‍ കുഞ്ഞുമായുള്ള യാത്ര ഏറെ ബുദ്ധിമുട്ടായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകളും ഭാഗ്യവും കൊണ്ടാണ് ഇവിടെ സുരക്ഷിതരായി വന്നിറങ്ങിയത്” -റെനീഷ് പറയുന്നു.