താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയും വിവാദങ്ങള്‍ തുടരുന്നു. നടന് സിദ്ദീഖിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടനും നിര്‍മാതാവുമായ നാസര്‍ ലത്തീഫ്.
സംഘടന തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദീഖ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരെയായിരുന്നെന്നും ഇത്തരം പരാമര്‍ശത്തിലൂടെ തന്നെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും നാസര്‍ ലത്തീഫ് ആരോപിച്ചു.
അമ്മ സംഘടനയ്ക്ക് സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള സിദ്ദീഖിന്റെ പരാമര്‍ശത്തിനെതിരെയാണ് നാസര്‍ ലത്തീഫ് രംഗത്ത് എത്തിയത്. തന്റെ ഉടമസ്ഥതയില്‍ ആലപ്പുഴയിലെ ഏഴുപുന്നയിലുള്ള 20 സെന്റ സ്ഥലം സംഘടനയ്ക്ക് വിട്ടു നല്‍കാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ സ്ഥലമേറ്റെടുക്കാന്‍ അമ്മ സംഘടനയ്ക്ക് ആയില്ലെന്ന് നാസര്‍ മാലിക് പറഞ്ഞു.
എന്തടിസ്ഥാനത്തിലാണ് സിദ്ധിഖ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. ഇങ്ങനെയൊരു പ്രസ്താവനയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ സിദ്ധിഖ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ മോഹന്‍ലാലിന് പരാതി നല്‍കുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും നാസര്‍ വ്യക്തമാക്കി.രണ്ട് ദിവസം മുന്‍പാണ് നടന് സിദ്ദീഖ് വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിലെ അവസാന വരികള്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ളതായിരുന്നു.
‘ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാന്‍ നല്കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്കി അമ്മയെ കബളിപ്പിച്ചവരുമല്ല…’ എന്നായിരുന്നു പരാമര്‍ശം.
കൊച്ചിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നത്. തുടര്‍ന്ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രചാരണത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി.
‘ഇലക്ഷന് ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണമെന്ന് നമുക്ക് ആഗ്രഹം കാണും. പ്രചാരണത്തോടനുബന്ധിച്ച് കുറച്ച് ആളുകളില്‍ ശ്രദ്ധ കൊടുക്കണം. ഔദ്യോഗിക പാനല്‍ എന്നൊന്നുമില്ല. ആകെ കുറച്ച് പേരുമായി ഇത് ആലോചിച്ചു. അമ്മയുടെ ഒരുപാട് മെമ്പേഴ്സുമായി ആലോചിച്ചതിന് ശേഷമാണ് ഇന്നയാളുകള്‍ വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി.
അങ്ങനെയാണ് അവരെ അപ്രോച്ച് ചെയ്യുന്നത്. അതിനു ശേഷം വേറെ ചിലര്‍ മത്സരരംഗത്തേക്ക് വന്നു. അവരെ മറുപാനലായൊന്നും കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ ഇന്നയിന്നയാളെ പ്രസന്റ് ചെയ്യുന്നു. അവരെ വിജയിപ്പിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ചില കാര്യങ്ങള്‍ ഇലക്ഷന്റെ പ്രചരണത്തിനായി ചെയ്തു എന്നല്ലാതെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചും ചെയ്തതല്ല,’ എന്നായിരുന്നു സിദ്ദീഖ് പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരായി നാസര്‍ ലത്തീഫ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
നാഗാർജുന സാഗർ പ്രോജക്ട് കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. അഭയ്,വിവേക്,സോനു എന്നിവരാണ് മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ഖമ്മം ജില്ലയിലെ കനാലിൽ ഇവർ കുളിക്കാനിറങ്ങിയത്.
സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഏഴുപേരടങ്ങുന്ന സംഘമാണ് കനാലിൽ ഇറങ്ങിയത്. മൂന്ന് പേരുടെ മൃദദേഹങ്ങൾ പോലീസും നാട്ടുകാരും ചേർന്ന് കണ്ടെടുത്തു. നാല് പേർക്കായി തിരച്ചിൽ നടത്തുകയാണ്.
മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിലെ ഒരു സംഗതി പ്രണവിന്റെ അഭിനയത്തിലും കാണാമെന്ന് വിനീത് ശ്രീനിവാസന്. പ്രണവിനെ നായകനാക്കി ഹൃദയം എന്ന ചിത്രം ഒരുക്കുകയാണ് വിനീത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പൂന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെയ്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്.
കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ ബാക്ക് ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതു കൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്.
അവന് ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നു കൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞു വരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പുവിന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്.
തനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക. പാഷനേറ്റ് ആയ മനുഷ്യനാണ് പ്രണവ് എന്നാണ് വിനീത് വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക.
കേരളത്തിൽ രാഷ്ട്രീയ കൊലക്കത്തിക്ക് കഴിഞ്ഞ അഞ്ചര വർഷംകൊണ്ട് ഇരയായത് 47 പേർ. പിണറായി വിജയൻ സർക്കാരുകളുടെ കാലത്തു സംസ്ഥാനത്തു രാഷ്ട്രീ യക്കൊലക്കത്തിയിൽ പൊലിഞ്ഞവരുടെ എണ്ണമാണിത്. 2016 മേയിൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങൾ വരെയാണിത്.
കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ 47 പേർ കൊല ചെയ്യപ്പെട്ടതിൽ 17 പേരും ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്. 14 പേർ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐക്കാരും 12 പേർ കോണ്‍ഗ്രസ്, മുസ് ലിം ലീഗ് പ്രവർത്തകരുമാണ്.
ബാക്കിയുള്ളവർ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരും രാഷ്ട്രീയ സംഘർഷത്തിൽ ജീവൻ പൊലിഞ്ഞ സാധാരണക്കാരുമാണ്. കണ്ണൂർ ജില്ലയിലാണ് കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങളും നടന്നത്. വർഷങ്ങൾക്കു മുൻപു നടന്ന പല പ്രമാദമായ കൊലപാതങ്ങളിലെയും മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിയാത്ത പോലീസ് അനാസ്ഥയും സംസ്ഥാനത്തു അരുംകൊലകൾ വർധിക്കാൻ ഇടയാക്കുന്നു.
എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചു പിടിച്ച 2016 മേയിൽ തെരഞ്ഞെടുപ്പു വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങളിൽ രണ്ടു പേർ മരിച്ചിരുന്നു. കണ്ണൂർ കൂത്തുപറന്പിൽ സിപിഎം പ്രവർത്തകനായ സി.വി. രവീന്ദ്രനും തൃശൂർ കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകനായ പ്രമോദുമാണു വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ മരിച്ചത്.
പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2016 മേയ് മുതൽ ഡിസംബർ വരെ മാത്രം എട്ടു പേർ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായി. 2017 ൽ രാഷ്ട്രീയ സംഘർഷങ്ങളിൽ ഒൻപതു പേരും 2018 ൽ അഞ്ചു പേരും മരിച്ചു.
2019 ൽ ആറുപേരും 2020 ൽ ഒൻപതു പേരുടെ ജീവനും രാഷ്ട്രീയ സംഘർഷങ്ങളിൽ പൊലിഞ്ഞു. ഈ വർഷം ഇതുവരെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരയായത് എട്ടു പേരാണ്. കാസർഗോഡ് പെരിയയിൽ കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് കൃഷ്ണൻ എന്നിവരുടെ ഇരട്ടക്കൊലപാതകം സംസ്ഥാന രാഷ്ട്രീ യത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇരുവരെയും കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളാണു പ്രതിപ്പട്ടികയിലുള്ളത്. ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണത്തിൽ സിപിഎമ്മിന്റെ മുൻ എംഎൽഎ അടക്കമുള്ളവരുടെ ഗൂഢാലോചനയിലെ പങ്ക് അന്വേഷിച്ചു വരികയാണ്. 2018ൽ എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകവും കേരളം ഏറെ ചർച്ച ചെയ്തിരുന്നു. കാന്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു അഭിമന്യു വധക്കേസിൽ പ്രതിപ്പട്ടികയിലുള്ളത്. കേസന്വേഷണവുമായി ബന്ധപ്പെട്ടും ഏറെ ആരോപണങ്ങൾ ഉയർന്നിരുന്നു.
അച്ഛന്റെ പാത പിന്തുടര്ന്ന് ലാലിന്റെ മകന് ജീന്‍ പോള്‍ സിനിമയിലേക്ക് എത്തിയെങ്കിലും മകള്‍ മോണിക്കയ്ക്ക് സിനിമയോട് വലിയ താല്പര്യമൊന്നുമില്ല. സിനിമാ നടന്റെ മകളൊക്കെയാണെങ്കിലും ശരീരത്തിന് അമിത ഭാരം വെയ്ക്കുമ്പോള്‍ കമന്റുകള്‍ക്ക് കുറവുണ്ടാകാറില്ലെന്നാണ് മോണിക്ക ലാല്‍ പറയുന്നത്. ഒപ്പം പ്രസവശേഷം ഉയര്‍ന്ന അമിതഭാരം എങ്ങനെ കുറച്ചുവെന്നതിനെ കുറിച്ചും മോണിക്ക തുറന്ന് പറഞ്ഞു.
തനിക്ക് ഭക്ഷണം വീക്ക്നെസ്സാണെന്നും വിദേശത്ത് നിന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഭാരം 85 കിലോ ആയിരുന്നുവെന്നും ബോഡി ഷെയ്മിങ് കമന്റുകള്‍ സമൂഹത്തില്‍ നിന്ന് നിരവധി കേട്ടിട്ടുണ്ടെന്നും മോണിക്ക ലാല്‍ പറഞ്ഞു.
’85 കിലോയുടെ ലുക്കുമായി നാട്ടിലെത്തിയപ്പോള്‍ ആത്മവിശ്വാസത്തിന് അല്പം ഇളക്കം തുടങ്ങി. കുട്ടിക്കാലം തൊട്ടേ നല്ല വണ്ണമുണ്ട്. ബ്രിട്ടനില്‍ എത്തിയപ്പോള്‍ കുറച്ചുകൂടി എന്നുമാത്രം. ബന്ധുക്കളൊക്കെ അവളെ നല്ല സുന്ദരിയാണല്ലോ എന്നൊക്കെ പറയുമ്പോള്‍ എന്നെക്കുറിച്ച് പറയാത്തതില്‍ ഉള്ളില്‍ ചെറിയ വിഷമം വരും. അങ്ങനെ കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെറുതായി വിഷമം തോന്നിയിരുന്നു ശേഷമാണ് വണ്ണം കുറക്കാനുള്ള തീരുമാനത്തില്‍ എത്തിയത്’
‘വണ്ണം ഞങ്ങളുടെ വീട്ടില്‍ ഒരു പ്രശ്നമേയല്ല. ചേട്ടന് ജീന്‍ ഇപ്പോള്‍ വണ്ണം കുറച്ചതാണ്. ഭര്‍ത്താവ് അലന് സെഞ്ച്വറിയിലെത്തിയിരുന്നു. നൂറ് കിലോയില്‍ നിന്നാണ് ഇപ്പോഴുള്ള ലുക്കില്‍ എത്തിയത്. അലന് പൈലറ്റാണ്. സിനിമാ നിര്‍മാണ രംഗത്തും സജീവമാണ്. എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമില്ല. ഹാപ്പിയായി ജീവിക്കണമെന്നേയുള്ളൂ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ല. മറ്റെന്തിലും വലുത് എന്റെ കുടുംബമാണ്. ഭര്‍ത്താവ്, മകന് ഞങ്ങളുടെ രണ്ടാളുടെയും കുടുംബം. ജിമ്മില്‍ പല തവണ പോയിട്ടുള്ളതാണ്. പക്ഷേ പകുതിക്ക് വെച്ച് ഉപേക്ഷിക്കും’ മോണിക്ക ലാല്‍ പറയുന്നു.
ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ ക്രിസ്മസിനു മുന്‍പു ബ്രിട്ടനിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാമെന്ന സൂചന നൽകി ആരോഗ്യമന്ത്രി സാജിദ് ജാവിദ്. ഒമിക്രോൺ വകഭേദം രാജ്യത്തു വ്യാപകമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
മഞ്ഞുമലയുടെ അറ്റം മാത്രമാണ് രോഗപ്പകർച്ചയുടെ ഇപ്പോഴത്തെ തോതെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. ക്രിസ്മസിനു മുന്‍പ് നിയന്ത്രണങ്ങൾ കൊണ്ടുവരുമോയെന്ന ചോദ്യത്തിന് സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും രോഗം അതിവേഗം പടരുകയാണെന്നുമാണ് ആരോഗ്യമന്ത്രി ബിബിസിയോടു പറഞ്ഞത്.
മഹാമാരിയുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിനും ഉറപ്പുനൽകാനാവില്ല. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. ആരോഗ്യവിദഗ്ധരിൽനിന്ന് വിശദമായ ഉപദേശം തേടുന്നുണ്ട്. ഓരോ മണിക്കൂർ ഇടവിട്ട് സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു.
കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനു പ്രധാനമന്ത്രി ബോറിസ് ജോൺസണു കഴിയുമോയെന്ന ചോദ്യത്തിന് നിയന്ത്രണങ്ങൾ സംബന്ധിച്ച് പാർലമെന്റിലാണ് ആവശ്യമുന്നയിക്കുന്നതെന്നും പാർലമെന്റിന്റെ പിന്തുണയോടെ തീരുമാനം എടുക്കാനാകുമെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.
വെള്ളിയാഴ്ചയോടെ ബ്രിട്ടനിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 25,000 ആയി. 24 മണിക്കൂറിനകം പതിനായിരത്തിലേറെപ്പേർക്കാണു രോഗബാധയുണ്ടായത്. ശനിയാഴ്ചത്തെ കണക്കനുസരിച്ച് ബ്രിട്ടനിൽ 90,418 പേർക്കാണ് കോവിഡ്. ഒരാഴ്ചകൊണ്ട് 44.4 ശതമാനത്തിന്റെ വർധന.
കൂടുതൽ നിയന്ത്രണങ്ങൾക്ക് സർക്കാർ നിർബന്ധിതരാകുന്നത് ഈ സാഹചര്യത്തിലാണെ ന്നു വിലയിരുത്തപ്പെടുന്നു.
ഓട്ടോയിടിപ്പിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശബരിമല തീര്‍ത്ഥാടന കാലത്ത് തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന നിലയുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു. അതേസമയം, ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വധശ്രമത്തിന് കൊയിലാണ്ടി പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി 9-30 ഓടെ വീട്ടിലേക്ക് നടന്നുവരവേയാണ് ഓട്ടോറിക്ഷ ഇടിച്ച് സാരമായ പരിക്കുകളേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
എനിക്കെതിരെ നടന്നത് സംഘപരിവാര്‍ ആക്രമണമാണ് എന്നാണ് സംശയിക്കുന്നത്. ശബരിമല തീര്‍ത്ഥാടനകാലത്ത് മാത്രമാണ് ആക്രമണങ്ങള്‍ കൂടുന്നത്. എനിക്ക് സുരക്ഷ ഒരുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു.
സംഘപരിവാര്‍ നിര്‍ദേശത്തോടെയാണ് തനിക്കെതിരേ വധശ്രമമുണ്ടായതെന്നും നാളുകളായി ഇത്തരത്തില്‍ തനിക്കെതിരേ ആക്രമണവും വധശ്രമവും നടക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ശനിയാഴ്ച രാത്രി 9.25 ഓടുകൂടി പൊയില്‍ക്കാവ് ബസാറിലെ ടെക്സ്റ്റൈല്‍സ് കടയടച്ച് നടന്നുപോവുമ്പോള്‍ റോഡില്‍ എതിര് ദിശയില്‍ വന്ന ഓട്ടോയാണ് ബിന്ദു അമ്മിണിയെ ഇടിച്ചു തെറിപ്പിച്ചത്. മനഃപൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഇടിച്ചത്. അതിനാലാണ് അവര്‍ നിര്‍ത്താതെ പോയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ‘വലിയ ഇടിയായിരുന്നു. ഞാന്‍ മരിച്ചിട്ടുണ്ടെന്ന് കരുതിയിട്ടുണ്ടാവണം. മുഖത്താണ് ഓട്ടോ വന്നിടിച്ചത്. രാത്രിയായതിനാല്‍ കൃത്യമായി ആരാണെന്ന് മനസ്സിലായിട്ടില്ല’- ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകനായ നന്ദകുമാറിനെ ന്യായീകരിച്ച് സുഹൃത്തുക്കളുടെ പ്രചരണം. മരിച്ച കൃഷ്ണപ്രിയയെ മോശക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടാണ് നന്ദകുമാറിന്റെ കൃത്യത്തെ സ്വാഭാവികപ്രതികരണമാണെന്ന രീതിയില്‍ സുഹൃത്തുക്കള്‍ പ്രചരിപ്പിക്കുന്നത്.കൃഷ്ണപ്രിയയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും അതില്‍ പ്രകോപിതനായാണ് നന്ദകുമാര്‍ കൊലപാതകം നടത്തിയതെന്നാണ് ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. മരിച്ച നന്ദകുമാറിന് വേണ്ടി ചെയ്യുന്ന ‘നന്മ’ എന്ന രീതിയിലാണ് ഇവര്‍ ഓഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് കൊലപാതകത്തെ ന്യായീകരിക്കുന്നത്.
ചില സംഘപരിവാര്‍ അനുഭാവ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓഡിയോ പ്രചരിപ്പിച്ച് കൊലയെ ന്യായീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.സുഹൃദ് ബന്ധത്തിന്റെ പേരില്‍ നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അമിത ഇടപെടലുകള്‍ നടത്തിയിരുന്നെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘മുടി അഴിച്ചിടാന്‍ സമ്മതിക്കില്ല’, ‘ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല’, ‘ഒരുങ്ങി നടക്കാന്‍ പാടില്ല,’ ‘താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ’ തുടങ്ങിയ നിര്‍ദേശങ്ങളാണ് നന്ദകുമാര്‍ കൃഷ്ണപ്രിയയ്ക്ക് നല്‍കിയിരുന്നതെന്നും എതിര്‍ക്കുമ്പോള്‍ അസഭ്യം പറയുമായിരുന്നെന്നും രക്ഷിതാക്കളും പറഞ്ഞിരുന്നു.
മാത്രമല്ല, നന്ദകുമാറിനെ ഭയന്ന് ജോലിക്ക് പോകാന്‍ പോലും കൃഷ്ണപ്രിയ ഭയന്നിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് തിക്കോടി ഗ്രാമപഞ്ചായത്തിന് മുമ്പില്‍ വച്ച് നന്ദകുമാര്‍ പഞ്ചായത്തിലെ താല്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്. തുടര്‍ന്ന് സ്വയം തീ കൊളുത്തിയ നന്ദകുമാറും പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു.
ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം. ജില്ലാ കലക്ടറാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും വിവിധ രാഷ്ടീയപാര്‍ട്ടി നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയില്‍ നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന് വെട്ടേറ്റത്. നാല്‍പ്പതോളം വെട്ടുകളേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് എസ്ഡിപിഐ ആരോപണം. അതേസമയം, രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപിയും ആരോപിച്ചു.
എസ്ഡിപിഐ, ബിജെപി സംസ്ഥാന നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഐജി ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് 20ഓളം ബിജെപി പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന് എന്നിവരടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20ലധികം എസ്ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
‘അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാം. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഐജി അറിയിച്ചു. ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.’ സംഘര്‍ഷമേഖലയില്‍ ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐജി ഹര്‍ഷിത പറഞ്ഞു.
കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണ ചുമതല. എഡിജിപി വിജയ് സാഖറെ, ഐജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ പരിധി വിടാതിരിക്കാന്‍ കരുതല്‍ ഉണ്ടാകും. ഡിജിപിയുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് പൊലീസ് തീരുമാനം.
താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് തിരിച്ചടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന് പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു.
ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആശ ശരത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 224 വോട്ടാണ് മണിയന് പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോള്‍ ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
ഔദ്യോഗിക പാനലായി ആശ ശരത്തിനെയും ശ്വേത മേനോനെയുമായിരുന്നു മത്സരത്തിന് നിര്‍ത്തിയിരുന്നത്. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലും വിജയിച്ചു. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.
11 പേരുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍.
കൊച്ചിയിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നത്. അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
പാനലില്‍ നിന്ന് മത്സരിച്ചവര്‍ക്ക് ലഭിച്ച വോട്ടുകള്‍,
മണിയന്‍പിള്ള രാജു 224
ശ്വേത മേനോന് 176
ആശ ശരത് 153
എക്സിക്യൂട്ടീവ് കമ്മറ്റി
ബാബുരാജ് 242
ലാല്‍ 212
ലെന 234
മഞ്ജു പിള്ള 215
രചന നാരായണന്‍കുട്ടി 180
സുധീര്‍ കരമന 261
സുരഭി 236
ടിനി ടോം 222
ടൊവിനോ തോമസ് 220
ഉണ്ണി മുകുന്ദന് 198
വിജയ് ബാബു 225
ഹണി റോസ് 145
നിവിന്‍ പോളി 158
നാസര്‍ ലത്തീഫ് 100