ഹിന്ദുത്വത്തില്‍ ഒരംശം പോലും കലര്‍പ്പില്ലാതെ ചരിത്രം സൃഷ്ടിച്ചുകൊണ്ടു വീണ്ടും അധികാരത്തില്‍ എത്തുന്ന യോഗി ആദിത്യനാഥിന് അഭിനന്ദനം’. ഉത്തര്‍പ്രദേശില്‍ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ യോഗിയ്ക്ക് അഭിനന്ദവുമായി വലതുപക്ഷ സൈബര്‍ ആക്ടിവിസ്റ്റ് പ്രതീഷ് വിശ്വനാഥ്.

കാവിവസ്ത്രധാരി ഹിന്ദു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ. മതേതരത്വം നിലനിര്‍ത്താന്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥികളെയും നിര്‍ത്താതെയാണ് ബിജെപി ഈ ഐതിഹാസിക വിജയം നേടിയത് എന്നത് ഈ രാഷ്ട്രത്തിന്റെ ശരിയായ ദിശയാണ് കാണിക്കുന്നതെന്നും പ്രതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്:

ഹിന്ദുത്വത്തില്‍ ഒരംശം പോലും കലര്‍പ്പില്ലാതെ ചരിത്രം സൃഷ്ടിച്ചുകൊണ്ടു വീണ്ടും അധികാരത്തില്‍ എത്തുന്ന യോഗിജിക്കു അഭിനന്ദനങ്ങള്‍ …. കാവിവസ്ത്രധാരി ഹിന്ദു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ ………

മതേതരത്വം നിലനിര്‍ത്താന്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥികളെയും നിര്‍ത്താതെയാണ് ബിജെപി ഈ ഐതിഹാസിക വിജയം നേടിയത് എന്നത് ഈ രാഷ്ട്രത്തിന്റെ ശരിയായ ദിശയാണ് കാണിക്കുന്നത്.

2017ൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ അമ്പരപ്പിച്ചുകൊണ്ട് ആദ്യമായി ഒരു കാഷായധാരി മുഖ്യമന്ത്രി പദത്തിലെത്തി. ഇതുവരേയും ഇന്ത്യ കാണാത്തൊരു കാഴ്ചയായിരുന്നു അത്. കൃത്യമായ മതപ്രഖ്യാപനം നടത്തി ഒരു ഹിന്ദു സന്യാസി മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോൾ മതേതര ഇന്ത്യ അക്കാര്യം ഏറെ ചർച്ച ചെയ്തു. ഇന്നിപ്പോഴിതാ രണ്ടാം ഊഴത്തിലും ആ കാഷായധാരി തന്നെ മുഖ്യമന്ത്രി കസേര ഉറപ്പിച്ചിരിക്കുകയാണ്.

അഞ്ച് വർഷം തികച്ച് തുടർഭരണം നേടുന്ന ആദ്യ യുപി മുഖ്യമന്ത്രിയാവുകയാണ് പൂർവ്വാശ്രമത്തിൽ അജയ് മോഹൻ ബിഷ്ട് ആയിരുന്ന യോഗി ആദിത്യനാഥ്. ഗുജറാത്തിൽ തുടർഭരണം നേടി മുഖ്യമന്ത്രി കസേരയിലിരുന്ന നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയതിന് സമാനമായി അടുത്തുതന്നെ യോഗിയും ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലെത്തുമെന്നാണ് രാഷ്ട്രീയ ലോകത്തെ നിരീക്ഷണം.

യോഗിയായി ആത്മീയജീവിതം തുടങ്ങിയിടത്തു നിന്നും രാഷ്ട്രീയനേതാവായി വളർന്ന കാഷായധാരി രണ്ടാം തവണയും ഉത്തർപ്രദേശിനെ ബിജെപിയുടെ കളിത്തൊട്ടിലാക്കിയിരിക്കുകയാണ്. ഭരണകാലയളവിൽ കാർഷിക സമരം ഉൾപ്പടെ ഏറെ വിമർശനങ്ങളും വിവാദങ്ങളും ഉണ്ടാക്കിയെങ്കിലും യോഗിയുടെ കീഴിൽ അണിനിരന്ന ബിജെപിയെ നിലംപരിശാക്കാൻ എതിരാളികൾക്കാർക്കും സാധിച്ചില്ല. 246 സീറ്റിൽ മുന്നേറി വലിയ ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പിച്ചിരിക്കുകയാണ് യുപിയിൽ ബിജെപി.

ഈ തേരോട്ടത്തിന് പിന്നിൽ യോഗി ആദിത്യനാഥിന്റെ പിഴക്കാത്ത കണക്കുകളാണെന്ന് വ്യക്തം. ഗണിത വിദ്യാർത്ഥിയിൽ നിന്നും സന്യാസത്തിലേക്കും തുടർന്ന് രാഷ്ട്രീയത്തിലും വിജയം കൊയ്ത ചരിത്രമാണ് അജയ് മോഹൻ ബിഷ്ട് എന്ന യോഗി ആദിത്യനാഥിനെ ഇത്തവണയും തുണച്ചിരിക്കുന്നത്.

ഗോരഖ്നാഥ് മഠത്തിലെ മുഖ്യ പുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്. പിന്നീട് നാല് തവണ ഗോരഖ്പുരിൽ നിന്നും മത്സരിച്ച് പാരൽമെന്റിൽ എത്തി. 2017ലെ യുപിയിലെ വിജയത്തോടെ പാർട്ടി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങി എംപി സ്ഥാനം ഉപേക്ഷിച്ച് യുപി മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുറപ്പിച്ചു. വിവാദകൊടുങ്കാറ്റ് തന്നെ വീശിയിട്ടും കസേര ഭദ്രമാക്കാൻ യോഗിക്ക് സാധിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവാദങ്ങൾ ഒഴിഞ്ഞനേരം ഉണ്ടായിരുന്നില്ല. മനസാക്ഷിയെ ഞെട്ടിച്ച ഹത്രാസ്, ഉന്നാവ് പീഡനങ്ങൾ, ഗൊരഖ്പൂർ ശിശുമരണവും തുടർന്ന് ഡോ. കഫീൽ ഖാനെതിരായ നിയമവിരുദ്ധ നടപടികളും തുടങ്ങി അനിഷ്ട സംഭവങ്ങൾ ഒരുപാട് സംഭവിച്ചെങ്കിലും അയോധ്യ ക്ഷേത്രവിധിയും ഭൂരിപക്ഷ സമുദായങ്ങളെ കൂട്ടുപിടിച്ചുള്ള പ്രവർത്തനങ്ങളും യോഗിയുടെ ഭരണത്തുടർച്ചയ്ക്ക് ബലമേകി.

1972 ജൂൺ 5ന് ഉത്തർപ്രദേശിലെ പൗരി ഗർവാളിലാണ് യോഗി ആദിത്യനാഥ് എന്ന അജയ് മോഹൻ ബിഷ്ട് ജനിച്ചത്. ഇന്നത്തെ ഉത്തരാഖണ്ഡിന്റെ ഭാഗമാണ് യോഗി ജനിച്ച പൗരി ഗർവാളെന്ന പ്രദേശം. ഉത്തരാഖണ്ഡിലെ ഹേംവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതത്തിൽ ബിരുദം നേടിയ യോദി പിന്നീട് ആത്മീയവഴി തെരഞ്ഞെടുത്തു.

ഗോരഖ്നാഥ് മഠത്തിലെ മുഖ്യനായിരുന്ന മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനാവുകയും അവിടെവെച്ച് യോഗി ആദിത്യനാഥ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1990 ൽ അയോധ്യയിൽ രാമ ക്ഷേത്ര പണിയാനുള്ള നീക്കത്തിന്റെ ഭാഗമാകാൻ വീട് വിട്ടു. ഹിന്ദു മഹാസഭയിൽ അംഗമായിരുന്ന അവൈദ്യനാഥ് 1991 ൽ ബിജെപിയിൽ ചേർന്നു. 1994 ൽ തന്റെ ശിഷ്യനായി യോഗി ആദിത്യനാഥിനെ മഹന്ദ് അവൈദ്യനാഥ് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ നാല് വർഷത്തിന് പിന്നാലെ ശിഷ്യനായിരുന്ന യോഗി ആദിത്യനാഥിനെ രാഷ്ട്രീയത്തിലിറക്കി.

26-ാം വയസിൽ യോഗി ആദിത്യനാഥ് 12-ാം ലോക്സഭയിൽ അംഗമായി. 1998 ൽ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു യോഗി ആദിത്യനാഥ്. 1998, 1999, 2009, 2014 വർഷങ്ങളിലായി അഞ്ച് തവണയാണ് ഗൊരഖ്പുരിൽ നിന്ന് എംപി ആയത്. 2017 ൽ ഉത്തർപ്രദേശ് പിടിക്കാനായി ബിജെപിയുടെ പ്രധാന പ്രചാരകരിൽ ഒരാളായി കളത്തിലിറങ്ങിയിരുന്നു യോഗി ആദിത്യനാഥ്. 2017 മാർച്ച് 18ന് യോഗി ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേക്കെത്തി.

ഹിന്ദുത്വ അജണ്ഡകളും, ഹിന്ദുത്വയിലൂന്നിയ പ്രചാരണ പ്രവർത്തനങ്ങളും പോലീസിന് തോക്ക് നൽകി തെരുവിലേക്ക് അയച്ച ഭരണപരിഷ്‌കാരങ്ങൾ കൊണ്ടും നിരവധി തവണ വിമർശനം നേരിടേണ്ടി വന്നെങ്കിലും ശൈലി മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

ഈ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി യുപി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തി കൂടിയാകും യോഗി.