ന്യൂഡൽഹി: ഇന്ത്യൻ സിനിമാ മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം 2023-ൽ മോഹൻലാലിന് സമ്മാനിച്ചു . വൈകിട്ട് വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരം സമ്മാനിച്ചത്. സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്ന് കൈയ്യടികളോടെ ഈ മഹത്തായ നിമിഷത്തെ വരവേറ്റു.
“ഇത് എന്റേതു മാത്രമല്ല, മലയാള സിനിമയുടെ പാരമ്പര്യത്തിന്റെയും സർഗാത്മകതയുടെയും അംഗീകാരമാണ്” എന്ന് പുരസ്കാരം സ്വീകരിച്ച ശേഷം മോഹൻലാൽ,പറഞ്ഞു. മലയാള സിനിമയുടെ പ്രതിനിധിയായി ഇത്ര വലിയ ബഹുമതി നേടുന്നതിൽ അഭിമാനമുണ്ടെന്നും, സിനിമയെ സ്നേഹിക്കുന്ന കേരളത്തിലെ പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും പുരസ്കാരം സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2004-ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം, രണ്ടു പതിറ്റാണ്ടിനുശേഷമാണ് മലയാള സിനിമയ്‌ക്ക് വീണ്ടും ഈ ബഹുമതി ലഭിക്കുന്നത്.
ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികസനത്തിനും നൽകിയ അസാധാരണ സംഭാവനകളാണ് പുരസ്കാരത്തിന് അടിസ്ഥാനമായത്. പത്ത് ലക്ഷം രൂപ, സ്വർണ മുദ്ര, ഫലകം എന്നിവയാണ് പുരസ്കാരമായി നൽകിയത്. ദേശീയ ചലച്ചിത്ര അവാർഡുകളും സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള മോഹൻലാൽ, ഐഎഫ്എ, ഫിലിംഫെയർ, വാൻഗാർഡ് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ അന്തർദേശീയ വേദികളിലും അംഗീകാരം നേടിയിട്ടുണ്ട്. ദാദാസാഹേബ് ഫാൽക്കേ അവാർഡ്, അദ്ദേഹത്തിന്റെ ദീർഘനാടകീയ ജീവിതത്തിന് ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി മാറി.
തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനിനെയും വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണനെയും ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പോലീസും ചേർന്നാണ് ഉള്ളൂരിലെ വസതിയിൽ പരിശോധന നടത്തിയത്.
ഷൈനും ഉണ്ണികൃഷ്ണനും നൽകിയ പരാതിയിൽ അപകീർത്തികരമായ ഉള്ളടക്കം ഷാജഹാന്റെ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം വീട്ടിൽ നിന്ന് മൊബൈൽ ഫോൺ ഉൾപ്പെടെ തെളിവുകൾ കണ്ടെത്തിയത്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാൻ, റെയ്ഡിന്റെ വിവരം അറിഞ്ഞ് വീട്ടിൽ നിന്ന് മാറിയതാണ് എന്നാണ് വിവരം. ഇതിനൊപ്പം കേസിലെ ഒന്നാം പ്രതിയായ പറവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ വസതിയിലും പരിശോധന നടത്തി. അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
കേരള സർക്കാർ പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും വേണ്ടി ‘നോർക്ക കെയർ’ എന്ന പേരിൽ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഒരുമിച്ച് പദ്ധതിയിലൂടെ ലഭ്യമാകും. മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യം പൂവണിയുന്ന രീതിയിലാണ് നോർക്ക കെയറിന്റെ തുടക്കം. നോർക്ക ഐഡി കാർഡുള്ള പ്രവാസികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളുമാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. നിലവിൽ രാജ്യത്തിനുള്ളിലെ 16,000-ത്തിലധികം ആശുപത്രികളിൽ പണം അടയ്ക്കാതെയുള്ള ചികിത്സാ സൗകര്യം ലഭ്യമാക്കും.
നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ പ്രീമിയം നിരക്കാണ് നോർക്ക കെയറിന്‍റെ പ്രത്യേകത. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നവംബർ ഒന്നുമുതൽ, കേരളപ്പിറവി ദിനത്തിൽ, പദ്ധതി പ്രവാസികൾക്കായി പ്രാബല്യത്തിൽ വരും.
13 വയസ്സുകാരനായ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ബാലൻ വിമാനത്തിന്റെ വീൽ അറയിൽ ഒളിച്ചിരുന്ന് ഇന്ത്യയിലെത്തി. കാം എയർ എയർലൈൻസിലെ വിമാനത്തിൽ ഇറാനിലേയ്ക്കു പോകാനാണ് ബാലൻ ശ്രമിച്ചിരുന്നത്. എന്നാൽ വിമാനം ഡൽഹിയിലെത്തിയപ്പോൾ കുട്ടിയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു . അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ സുരക്ഷിതനാണ് . പ്രായം കുറഞ്ഞതിനാൽ നിയമ നടപടികൾ സ്വീകരിച്ചില്ല.
ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996ൽ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരൻമാർ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പ്രദീപ് രക്ഷപ്പെട്ടു, വിജയ് മരിച്ചു. 30,000 അടി പൊക്കത്തിലെ മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെയെത്തുന്ന കൊടുംതണുപ്പിൽ ഹൈപ്പോത്തെർമിയ പിടിപെട്ട് മരിക്കാം. ഓക്സിജന്റെ അളവ് കുറയുന്നതിനാൽ അബോധാവസ്ഥയും തുടർന്നു മരണവും സംഭവിക്കാനിടയുണ്ട്.
ഗായത്രിവധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും.കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹൃത്തായിരുന്ന പ്രവീണ്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പ്രണയം നടിച്ച് ഗായത്രിയെ ശാരീരികമായി ഉപയോഗിച്ച ശേഷം ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.
2022 മാർച്ച് അഞ്ചിനാണ് ഗായത്രിയെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിൽ ലോഡ്ജ് മുറിയിൽ കണ്ടെത്തിയത്. മുറിയിൽ മറ്റാരുമുണ്ടായിരുന്നില്ല. തമ്പാനൂർ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ പ്രവീണുമായിട്ടാണ് ഗായത്രി മുറിയെടുത്തതെന്ന് കണ്ടെത്തിയത്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ കൊല്ലം പരവൂർ സ്വദേശി പ്രവീണിനെ പൊലീസ് പിടികൂടി. പിന്നീടാണ് കൊലപാതകം തെളിയുന്നത്.
പ്രവീണും ഗായത്രിയും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. വിവാഹതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്ന പ്രവീണ്‍ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുപ്പത്തിലായത്.
ഗായത്രിയെ ഇയാള്‍ പലവട്ടം ശാരീരികമായി ഉപയോഗിച്ചു. തിരുവനന്തപുരത്ത് ഒരു ആരാധാനയത്തിൽകൊണ്ടുപോയി താലി കെട്ടി. പിന്നീട് ഗായത്രിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതിനായി ചെന്നൈയിലെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറി.
ഇതിനോട് ഗായത്രിക്ക് താൽപര്യമുണ്ടായിരുന്നില്ല. ബന്ധത്തിൽ നിന്നും ഗായത്രി പിന്മാറില്ലെന്ന് മനസിലാക്കിയ പ്രവീണ്‍ കൊലപ്പെടുത്താൻ തീരുമാനിച്ചു. ലോഡ്ജ് മുറിയിലേക്ക് സ്നേഹം നടിച്ചു കൊണ്ടുവന്ന് ഷാള്‍ കൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ആത്മഹത്യയെന്ന് വരുത്തി തീർക്കാനും ശ്രമിച്ച ശേഷമാണ് ലോഡ്ജ് മുറിവിട്ടത്.
മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെ തൊടുപുഴയില്‍ വെച്ചാണ് ഷൂട്ടിങ്ങിനു തുടക്കമിട്ടത്. പൂജ ചടങ്ങുകളില്‍ സംവിധായകന്‍ ജീത്തു ജോസഫ് അടക്കമുള്ളവര്‍ പങ്കെടുത്തു. മോഹന്‍ലാല്‍ ഉടന്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. നവംബറോടെ ചിത്രീകരണം അവസാനിപ്പിക്കാനാണ് ആലോചന. 2026 ല്‍ ആയിരിക്കും റിലീസ്.
അതേസമയം മൂന്ന് ഭാഷകളിലായാണ് ദൃശ്യം 3 ഒരുക്കുക. മലയാളത്തിനൊപ്പം ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളും ഒന്നിച്ച് തിയറ്ററുകളിലെത്തിക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ മലയാളം റിലീസിനു ശേഷം മറ്റു ഭാഷകളില്‍ റിലീസ് മതിയെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും തീരുമാനം.
‘ദൃശ്യം’ സീരിസിലെ അവസാന ഭാഗമായിരിക്കും ഇത്. തിരക്കഥ പൂര്‍ത്തിയായതായി ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ഇമോഷണല്‍ കോണ്‍ഫ്‌ളിക്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ദൃശ്യത്തിന്റെ അവസാന ഭാഗമെന്നാണ് സൂചന. ദൃശ്യം രണ്ടാം ഭാഗത്തെ ലുക്കിലാകും അവസാന ഭാഗത്ത് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുകയെന്നാണ് വിവരം
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം 4090 അധ്യാപക തസ്തികകൾ നഷ്ടമായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കുട്ടികളുടെ എണ്ണം കുറഞ്ഞതിനോടൊപ്പം ആധാർ വിവരങ്ങൾ പരിശോധിക്കാത്തതും ആണ് ഇത്ര വലിയ തിരിച്ചടിക്ക് കാരണമായത്. എന്നാൽ പൊതുവിദ്യാഭ്യാസവകുപ്പ് ചില കണക്കുകൾ മാത്രം അടിസ്ഥാനമാക്കി തസ്തിക നിർണ്ണയിച്ചതാണ് ഇതിന് ഇടയാക്കിയതെന്ന് അധ്യാപക സംഘടനകൾ പറയുന്നു.
ആധാർ പരിഗണന ജൂൺ 30 വരെ നടത്തുമെന്ന് മന്ത്രിയുടെ വാക്കുണ്ടായിരുന്നെങ്കിലും, വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടില്ല. പൊതുവിദ്യാലയങ്ങളിൽ ഈ വർഷം 1.25 ലക്ഷം കുട്ടികളുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെട്ടത്. സർക്കാർ സ്കൂളുകളിൽ 66,315 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 59,371 കുട്ടികളും കുറഞ്ഞതായി വിശദീകരണം നൽകി. ജനനനിരക്കിലെ കുറവാണ് പ്രധാന കാരണം.
ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണം 2.34 ലക്ഷം ആയി. ആറാം പ്രവൃത്തി ദിനത്തിൽ ആധാർ ഇല്ലാത്ത 20,000 കുട്ടികൾ ഒന്നാം ക്ലാസിൽ എത്തിയതാണ് തിരിച്ചടിക്ക് കാരണമായത് . പൊതുവിദ്യാലയങ്ങളിലെ 57,130 കുട്ടികൾക്ക് ആധാർ ഇല്ലെന്ന് നിയമസഭയിൽ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു . മറ്റ് ദിവസങ്ങളിൽ കണക്കെടുത്ത് അധ്യാപക തസ്തിക നിർണയിക്കേണ്ടതുണ്ടെന്ന ശുപാർശയുണ്ടായിരുന്നെങ്കിലും, ഡയറക്ടറേറ്റ് അത് സ്വീകരിച്ചിട്ടില്ല.
കൊച്ചി കളമശ്ശേരിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതിയെ മറയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ മകളാണ് കുട്ടി. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണയാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പരാതി. പ്രതി കുട്ടിയുടെ വീട്ടുകാരുമായി പരിചയമുള്ളയാളാണ്. കുട്ടിയെ സ്വന്തം വീട്ടിലും ഇവരുടെ വീട്ടിലും കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് വിവരങ്ങൾ.
കളമശ്ശേരി പൊലീസ് നൽകിയ വിവരമനുസരിച്ച്, കഴിഞ്ഞ രാത്രി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ബലാത്സംഗ കുറ്റം ചുമത്തിയാണ് ഇയാളുടെമേൽ കേസ് എടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
തൃശൂർ അതിരൂപതയുടെ മുൻ അധ്യക്ഷൻ ആർച്ച് ബിഷപ് ഇമെറിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ആരംഭിച്ചു. ജൂബിലി മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം രാവിലെ ബിഷപ് ഹൗസിലേക്ക് കൊണ്ടുവന്നു. ഇവിടെ നടന്ന ഒന്നാംഘട്ട ശുശ്രൂഷ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിച്ചു. തുടർന്ന് പൊതുദർശനത്തിനായി പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്ക (പുത്തൻപള്ളി)യിലേക്ക് മാറ്റി. വൈകിട്ട് ഇവിടെ നിന്ന് വിലാപയാത്ര ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി ലൂർദ് കത്തീഡ്രലിൽ എത്തിക്കും.
നാളെ രാവിലെ 9.30 വരെ ലൂർദ് കത്തീഡ്രലിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കുന്ന രണ്ടാംഘട്ട ശുശ്രൂഷയും 10 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയും നടക്കും. പിന്നാലെ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിക്കുന്ന മൂന്നാംഘട്ട ശുശ്രൂഷ നടക്കും. ഉച്ചയ്ക്ക് ഒന്നോടെ ഔദ്യോഗിക ബഹുമതികൾ അർപ്പിക്കുമെന്ന് സഭ അറിയിച്ചു.
ശേഷം ഭൗതികശരീരം കോഴിക്കോട് ദേവഗിരിയിലെ സെന്റ് ജോസഫ് പള്ളിയിൽ പൊതുദർശനത്തിനായി എത്തിക്കും. അവിടെ നിന്നു കോട്ടുളിയിലെ ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ ‘ഹോം ഓഫ് ലവ്’ ജനറലേറ്റിലേക്ക് മാറ്റും. നാളെ വൈകിട്ട് അവിടെ സംസ്കാര ശുശ്രൂഷയുടെ സമാപനവും കബറടക്കവും നടക്കും.
കൊച്ചി ∙ സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന അധിക്ഷേപ പരാമർശങ്ങളിൽ അന്വേഷണം ശക്തമാക്കി പൊലീസ്. മെറ്റയിൽ നിന്ന് പോസ്റ്റുകളുടെ ഉറവിടം തേടിയതിനെ തുടർന്ന് വേഗത്തിലുള്ള മറുപടി ആവശ്യപ്പെട്ട് വീണ്ടും മെയിൽ അയച്ചിട്ടുണ്ട്.
പോസ്റ്റുകൾ വന്ന അക്കൗണ്ടുകൾ പ്രതികൾ തന്നെയാണോ കൈകാര്യം ചെയ്തതെന്ന് സ്ഥിരീകരിക്കുന്നതിനായാണ് നടപടി. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷം കെ.എം. ഷാജഹാൻ അടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ള നടപടികളാണ് മുന്നിൽ.
100-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരെ കേസിൽ പ്രതിചേർക്കാനും സാധ്യതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്.