India

പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ചു സി.പി.ഐ.എം നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പടെ ഉള്ളവരാണ് അറസ്റ്റിലായത്. വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.

കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡി.വൈ.എസ്.പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെയാണ് നടപടി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠന്‍, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരെ നേരത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠന്‍ കേസില്‍ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

2019 ഫെബ്രുവരി 17ന് രാത്രി 7.45 നാണ് കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ വാഹനങ്ങളിലെത്തിയ ഒരു സംഘം, ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരാണ് കേസില്‍ പ്രതികള്‍. സി.പി.ഐ.എം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കേസില്‍ ഒന്നാം പ്രതി സി.പി.ഐ.എൺ പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ്.

കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ടെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിബിഎക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഇത് ശരിവച്ചിരുന്നു.

കൊച്ചിയില്‍ പാലത്തിന്റെ കൈവരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ പാലത്തിന് താഴെയാണ് സംഭവം. ഇന്ന് രാവിലെ 6.30യോടെ ഇതുവഴി പോയ വള്ളക്കാരാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

വിവരം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തി. പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് മൃതദേഹം മാറ്റിയത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

യുവതിക്ക് നാല്‍പ്പത് വയസിനടുത്ത് പ്രായം തോന്നിക്കും. ഇവരെ തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും പൊലീസ് പറഞ്ഞു.

എറണാകുളം നോര്‍ത്ത് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളില്‍ നിന്നും കാണാതായ യുവതിക്കളെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇത് ആത്മഹത്യയാണോ അതോ കൊലപാതകം ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ക്രൈം പത്രാധിപർ ടി.പി. നന്ദകുമാർ അറസ്റ്റിൽ. ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സൈബർ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഐടി ആക്ട് പ്രകാരമാണ് നടപടി. ഫേസ്ബുക്ക്, യു ട്യൂബ് എന്നിവ വഴിയാണ് മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിലാണ് നടപടി. നന്ദകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറച്ച് നാള്‍ മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും.

കൊവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ ദ്രവിച്ച നിലയില്‍ മോര്‍ച്ചറിയില്‍ കണ്ടെത്തി. ഒന്നരവര്‍ഷത്തോളമാണ് മൃതദേഹങ്ങള്‍ അനാഥമായി കിടന്നത്. ചാമരാജ്‌പേട്ട് സ്വദേശി ദുര്‍ഗ, മുനിരാജ് എന്നിവരുടെതാണ് മൃതദേഹങ്ങള്‍. രാജാജി നഗറിലെ ഇഎസ്‌ഐ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേങ്ങള്‍ കണ്ടെത്തിയത്.

ദുര്‍ഗന്ധം രൂക്ഷമായതോടെ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്നാണ് അധികൃതര്‍ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. സംഭവത്തില്‍, നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നില്ല. ബംഗളൂരു കോര്‍പ്പറേഷനാണ് സംസ്‌കരിച്ചിരുന്നത്. ഇതിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങളാണ് അവഗണിക്കപ്പെട്ടത്.

മാസങ്ങള്‍ക്ക് മുമ്പ് ഈ മോര്‍ച്ചറി നിര്‍ത്തി സമീപത്ത് പുതിയ മോര്‍ച്ചറി തുറന്നിരുന്നു. ശേഷം പഴയ മോര്‍ച്ചറിയിലേയ്ക്ക് ആരും എത്തിയതുമില്ല. ഇതോടെയാണ് രണ്ട് മൃതദേഹങ്ങള്‍ അനാഥമായി വര്‍ഷങ്ങളോളം കിടന്നത്. ടാഗ് നമ്പര്‍ പരിശോധിച്ചാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. 2020 ജൂലൈയിലാണ് ദുര്‍ഗയും മുനിരാജും കൊവിഡ് ചികിത്സ തേടിയത്. ആശുപത്രിയില്‍ വെച്ചു തന്നെ മരണപ്പെടുകയായിരുന്നു.

ഇവരുടെ സംസ്‌കാരം നടത്തിയെന്നാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്. മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഫ്രീസറില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ജീവനക്കാര്‍ മറന്നുപോയെന്നാണ് മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം. രാജാജി നഗര്‍ പോലീസ് മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു.

മിഷിഗണ്‍ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച പതിനഞ്ച് വയസ്സുകാരന്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. സംഭവത്തിന് ശേഷം അക്രമി പോലീസില്‍ കീഴടങ്ങി. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കുണ്ട്. ഈ വര്‍ഷം അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ സ്‌കൂള്‍ വെടിവെയ്പ്പാണിത്.

സ്‌കൂളില്‍ ക്ലാസ്സ് നടക്കുന്നതിനിടെയായിരുന്നു സംഭവം. അഞ്ച് മിനിറ്റിനുള്ളില്‍ അക്രമി 15-20 തവണ വെടിയുതിര്‍ത്തതായാണ് വിവരം. ആദ്യ എമര്‍ജന്‍സി കോള്‍ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയുടെ മാതാപിതാക്കളുമായി സംസാരിച്ച പോലീസ് ഇയാളുടെ വീട്ടിലും പരിശോധന നടത്തി.

അക്രമിയില്‍ നിന്ന് ഒരു സെമി-ഓട്ടോമാറ്റിക് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തിന് പ്രേരിപ്പിച്ചതെന്തെന്ന കാര്യത്തില്‍ വ്യക്തതയില്ല. പതിനാറ് വയസ്സുള്ള ആണ്‍കുട്ടിയും പതിനാലും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളുമാണ് മരിച്ചത്.പരിക്കേറ്റവരില്‍ ഒരു അധ്യാപകനും ഉണ്ട്. ഇവരില്‍ രണ്ട് പേരെ അടിയന്തര ശസ്ത്രകിയയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്.

യുഎസില്‍ ഈ വര്‍ഷം മാത്രം 138 സ്‌കൂള്‍ വെടിവെയ്പ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. വിവിധ ആക്രമണങ്ങളിലായി 26 പേര്‍ കൊല്ലപ്പെട്ടു.രാജ്യത്ത് സാധാരണക്കാരുടെ കൈവശം 400 ദശലക്ഷം തോക്കുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദേശീയപാതയില്‍ പത്തടിപ്പാലത്തില്‍ മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിനു ശേഷം കാണാതായതാണ് സംശയം വര്‍ധിപ്പിക്കുന്നത്.

അപകടത്തില്‍ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെഎം മന്‍സിയ എന്ന സുഹാന (22) ആണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ പാലക്കാട് കാരമ്പാറ്റ സല്‍മാന് (26) നേരിയ പരുക്കേറ്റു. അപകട സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്. ഡ്രൈവറെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.

എറണാകുളത്തുനിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്റെ മൊഴി. തനിക്ക് ഇയാളെ പരിചയമില്ലെന്നാണ് സല്‍മാന്റെ ഭാഷ്യമെന്നും പോലീസ് പറയുന്നു. കാണാതായ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ മുങ്ങിയതാണോ കാണാതായതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.

പുലര്‍ച്ചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോള്‍, മെട്രോ പില്ലറുകളായ 323നും 324നും ഇടയില്‍ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാര്‍ തകര്‍ന്നത്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടമുണ്ടാക്കിയത് എന്നു പറയുന്നു. വാഹനം 90 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. യുവതി ലിസി ആശുപത്രി ഭാഗത്തുനിന്ന് രാത്രി 11 മണിക്കാണ് യുവാവിനൊപ്പം കാറില്‍ കയറിയതെന്നാണു വിവരം. പിറന്നാള്‍ വിരുന്ന് കഴിഞ്ഞു മടങ്ങുകയാണ് എന്നാണ് അറിയിച്ചത്. ഇടയ്ക്കു വച്ചാണ് മൂന്നാമത് ഒരാള്‍ കൂടി വാഹനത്തില്‍ കയറിയത്.

അതേസമയം 11 മണി മുതല്‍ 1.50 വരെ ഇവര്‍ എവിടെയായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. മൂന്നാമനെ കണ്ടെത്താനായാല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത സംബന്ധിച്ചു വ്യക്തത വരൂ. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.

നമ്പര്‍ പ്ലേറ്റില്‍ സെക്‌സ് എന്ന് എഴുതിയത് കണ്ടതോടെ പിതാവ് സമ്മാനിച്ച സ്‌കൂട്ടര്‍ തന്നെ വേണ്ടെന്ന് വെച്ച് യുവതി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് അമ്പരപ്പിക്കുന്ന സംഭവം. ഡല്‍ഹിയില്‍ സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ അനുഭവിക്കുന്ന പ്രധാന തലവേദനയാണ് നമ്പര്‍ പ്ലേറ്റിലെ ഈ സെക്സ് എന്ന ഏഴുത്ത്. വാഹന രജിസ്ട്രേഷന്‍ സീരീസ് EX എന്ന അക്ഷരങ്ങള്‍ ആയതോടെയാണ് സെക്‌സ് എന്ന എഴുത്ത് നമ്പര്‍ പ്ലേറ്റില്‍ വന്നത്.

ദീപാവലി പ്രമാണിച്ചായിരുന്നു പിതാവ് പുതിയ സ്‌കൂട്ടി സമ്മാനിച്ചത്. യുവതി ഈ വാഹനം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും അവര്‍ നിസ്സഹായരാണെന്നായിരുന്നു മറുപടി. ഇക്കാര്യം വാഹനമെടുത്ത ഡീലര്‍ഷിപ്പില്‍ അറിയിച്ചെങ്കിലും അവരില്‍ നിന്ന് പരുക്കന്‍ പ്രതികരണമാണ് ലഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

സ്‌കൂട്ടറിന്റെ രജിസ്ട്രേഷന് മാത്രമാണ് ഈ പ്രശ്നമുള്ളത്. രജിസ്ട്രേഷന്‍ പ്ലേറ്റില്‍ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങനെയാണ് നല്‍കാറുള്ളത്. സ്‌കൂട്ടര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാഹനം തിരിച്ചറിയുന്നതിനായി ‘S’ നല്‍കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളുകളുടെ നമ്പര്‍ പ്ലേറ്റില്‍ ഇത് പതിവാകുകയാണ്.

DL 3SEX എന്നാണ് നമ്പര്‍ ആരംഭിക്കുന്നത്. ഈ അവസ്ഥ വളരെ നിര്‍ഭാഗ്യകരമാണെന്നും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കുകയാണെന്നുമാണ് ആളുകള്‍ പരാതിപ്പെടുന്നത്.

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ സ്ഥിരീകരിച്ച ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഇന്ത്യ. ജീവന്‍ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും, വെന്റിലേറ്ററുകളുമടക്കമുള്ള സഹായങ്ങള്‍ നല്‍കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ജീന്‍ പഠനത്തിലും ഗവേഷണത്തിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തു.

കൊവാക്സ് പോര്‍ട്ടല്‍ വഴി ആഫ്രിക്കന്‍ രാജ്യങ്ങളായ മലാവി, എത്യോപ്യ, സാംബിയ, മൗസാംബിക്, ഗിനിയ, ലെസോത്തോ എന്നിവിടങ്ങളിലേക്ക് കൊവിഷീല്‍ഡ് വാക്സിന്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

‘കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയത് ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം കൊണ്ട് പൊറുതിമുട്ടിയ എല്ലാ രാജ്യങ്ങള്‍ക്കും, പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു,’ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒമിക്രോണ്‍ സ്ഥിരീകരിച്ച വിവരം ആദ്യം തന്നെ ലോകത്തെ അറിയിച്ചതോടെ കടുത്ത നിയന്ത്രണങ്ങളാണ് മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. ഒറ്റപ്പെടുത്തരുതെന്ന് വകഭേദം സ്ഥിരീകരിച്ച ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സഹായവുമായി ഇന്ത്യ രംഗത്തുവന്നിരിക്കുന്നത്.

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ  ആഫ്രിക്കൻ രാജ്യങ്ങൾക്ക് പിന്തുണ നൽകിയതിന് ഇന്ത്യയെ പ്രശംസിച്ചു. ട്വിറ്ററിലൂടെ, പീറ്റേഴ്‌സൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ കരുതലും ഊഷ്‌മളമായ ഹൃദയവും അഭിനന്ദിക്കുകയും ചെയ്‌തു. പുതിയ ഒമിക്‌റോൺ വേരിയന്റുമായി ഇടപെടുന്ന ആഫ്രിക്കയ്ക്ക് ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന്റെ അഭിപ്രായം.

കെവിൻ പീറ്റേഴ്സൺ തന്റെ ട്വീറ്റിൽ കുറിച്ചു, “ആ കരുതലുള്ള മനോഭാവം ഇന്ത്യ ഒരിക്കൽ കൂടി കാണിച്ചു! ഹൃദയസ്പർശിയായ നിരവധി ആളുകളുള്ള ഏറ്റവും മികച്ച രാജ്യം! നന്ദി! അദ്ദേഹം കുറിച്ചു.

 

ദക്ഷിണാഫ്രിക്കന്‍ സ്വദേശിയിലുള്ളത് ഒമിക്രോണ്‍ വൈറസാണോ എന്നതില്‍ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ എല്ലാവരേയും ക്വാറന്റീലാക്കി. ഇവരില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഐസി എംആറിന് പരിശോധനയ്ക്ക് അയക്കും. സാഹചര്യം വിലയിരുത്താന്‍ കര്‍ണാടകയില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കാന്‍ ആരോഗ്യവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 63കാരന്‍ ബംഗ്ലൂരുവിലെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും അത് ഡെല്‍റ്റ വൈറസ് എന്ന് വ്യക്തമായിരുന്നു.

ഒമിക്രോണ്‍ വകഭേദം നവംബര്‍ 24നാണു സ്ഥിരീകരിച്ചതെങ്കിലും ഇതിനു മുന്‍പേ തന്നെ വകഭേദം വഴി കോവിഡ് വന്നവര്‍ മറ്റു രാജ്യങ്ങളിലേക്കു പോയിരിക്കാമെന്നു വിലയിരുത്തിയാണ് മുന്‍പു വിദേശത്തു നിന്നെത്തിയവരുടെയും യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്.

2019 ല്‍ കോവിഡ് ലോകമെമ്പാടും വ്യാപിക്കുന്നതിലേക്കു നയിച്ച കാരണങ്ങളും പരിഗണിച്ചാണിത്. 2019 നവംബറില്‍ തന്നെ രോഗലക്ഷണങ്ങളുള്ളവരെ ചൈനയിലെ വുഹാനില്‍ കണ്ടെത്തിയെങ്കിലും റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകി. ഇതോടെ, ചൈനയ്ക്കു പുറത്തേക്കും കോവിഡ് വ്യാപിച്ചുവെന്നാണു വിലയിരുത്തലുകള്‍. ഇതൊഴിവാക്കാനാണ് ഒമിക്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തയുടന്‍ പലരാജ്യങ്ങളും യാത്രാനിയന്ത്രണം കൊണ്ടുവന്നത്.

കുവൈത്തില്‍ പാര്‍ക്ക് ചെയ്ത് കാറിനുള്ളില്‍ വച്ച് ചുംബിച്ചതിന് ഏഷ്യക്കാരനായ പ്രവാസിയും കാമുകിയും പിടിയില്‍ എന്നായിരുന്നു ആദ്യം വാർത്ത വന്നത്. പിന്നീടാണ് ഇവർ മലയാളികൾ ആണെന്നും യുവാവ് കൊച്ചി സ്വദേശിയും അറിയാൻ കഴിഞ്ഞത്. സാല്‍മിയപ്രദേശത്ത് വച്ചായിരുന്നു സംഭവം. ഇവർക്കെതിരെ കേസ് എടുത്ത പോലീസ് ഇവരെ നാട് കടത്തും.

ഇവര്‍ കാറിനുള്ളില്‍ വെച്ച് ചുംബിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയായിരുന്നു. പാര്‍ക്ക് ചെയ്ത കാറിലെ മുന്‍ സീറ്റില്‍ ഇരുന്ന ഇരുവരും ആലിംഗനം ചെയ്യുകയും ചുംബിക്കുകയായിരുന്നു. കാര്‍ കുലുങ്ങുന്നത് കണ്ട ഒരു കുവൈത്തി പൗരന്‍ എത്തി നോക്കുമ്പോഴാണ് ഇത് കണ്ടത്. തുടര്‍ന്ന് കുവൈത്തി പൗരന്‍ ആ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

അഞ്ച് വർഷത്തിനിടെ ആറ് ലക്ഷത്തിലധികം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ( Indian passport) ഉപേക്ഷിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. മന്ത്രി ചൊവ്വാഴ്ച ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. വിദേശകാര്യ മന്ത്രാലയത്തിൽ ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി.

സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. പുതിയ വിവരങ്ങൾ അനുസരിച്ച്, 2017 മുതൽ ഓരോ വർഷവും പൗരത്വം ഉപേക്ഷിച്ച ആളുകളുടെ എണ്ണവും പട്ടികപ്പെടുത്തിയിട്ടുണ്ട്.. 2021-ലെ ഡാറ്റ ഈ വർഷം സെപ്റ്റംബർ 10 വരെയുള്ളതാണ് ലഭ്യമായിരിക്കുന്നത്.

2017 -1,33,049
2018 – 1,34,561
2019 – 1,44,017
2020 85,248
2021(സെപ്തംബർ 10 വരെ) 1,11,287

ഇതുപ്രകാരം 2017-ൽ 1,33,049 ഇന്ത്യക്കാരും 2018-ൽ 1,34,561 പേരും, 2019ൽ 1,44,017 പേരും, 2020-ൽ 85,248 പേരും, 2021 സെപ്റ്റംബർ 30 വരെ 1,11,287 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചുവെന്നാണ് കാണിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ അവരുടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2019-ലാണെന്ന് കണക്കുകളിൽ കാണാം, അതേസമയം ഏറ്റവും കുറവ് 2020-ലാണ്. 2020ലെ കുറഞ്ഞ നിരക്ക് കൊവിഡ് -19 മഹാമാരി കാരണമാകാം. ലോകമെമ്പാടും യാത്രാ നിയന്ത്രണങ്ങളും ബാഹ്യ നിയന്ത്രണങ്ങളും ലഘൂകരിക്കാൻ തുടങ്ങിയതോടെ 2021-ൽ പൗരത്വം ഉപേക്ഷിക്കുന്നതിൽ വലിയ വർദ്ധനവാണ് ഉണ്ടായത്.

പൗരത്വം ഉപേക്ഷിക്കാനുള്ള അപേക്ഷകളിൽ 40 ശതമാനത്തോളം അമേരിക്കയിൽ നിന്നാണ് വരുന്നത്. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിൽ നിന്നും കാനഡയിൽ നിന്നും 30 ശതമാനം അപേക്ഷകളും എത്തുന്നു.

ഇന്ത്യയിലെ പൗരത്വ വ്യവസ്ഥകൾ എന്ത്

ഇന്ത്യൻ പൗരത്വ നിയമം- 1955 പ്രകാരം, ഇന്ത്യൻ വംശജർക്ക് രണ്ട് രാജ്യങ്ങളിലെ പൗരത്വം അനുവദനീയമല്ല. ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വയ്ക്കുന്ന ഒരു വ്യക്തി മറ്റേതെങ്കിലും രാജ്യത്തിന്റെ പാസ്‌പോർട്ട് നേടുന്നതോടെ ഇന്ത്യൻ പാസ്പോർട്ട് തിരികെ സമർപ്പിക്കണം. മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടുന്നതോടെ ഇന്ത്യൻ പൗരത്വം അസാധുവാകുന്നു. ഇരട്ട പൗരത്വം ഇന്ത്യയിൽ അനുവദനീയമല്ലെന്ന് ചുരുക്കം. പൗരത്വം ഉപേക്ഷിച്ചാൽ അത് സാക്ഷ്യപ്പെടുത്തുന്ന സറണ്ടർ സർട്ടിഫിക്കറ്റിനായി അപേക്ഷയും ആ വ്യക്തി സമർപ്പിക്കണം. തുടർന്ന് വിദേശ പൗരത്വം നേടിയതിനാൽ റദ്ദാക്കിയെന്ന് പാസ്പോർട്ടിൽ രേഖപ്പെടുത്തുന്നു. വെറും റദ്ദാക്കിയെന്ന്(Cancelled)എന്ന സീലുള്ള പാസ്പോർട്ടുകാരുടെ പൗരത്വം റദ്ദാക്കിയെന്ന് അർത്ഥവുമില്ല.

ഇന്ത്യൻ പൗരത്വം എന്തുകൊണ്ട് പലരും ഉപേക്ഷിക്കുന്നു….

മറ്റ് രാജ്യങ്ങളുടെ പാസ്‌പോർട്ട് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന പ്രത്യേക അവകാശങ്ങൾ കൊണ്ടാണ് ഭൂരിപക്ഷം ഇന്ത്യക്കാരും ഇത് ചെയ്യുന്നത്. ലോക പാസ്‌പോർട്ട് സൂചിക പ്രകാരം പാസ്‌പോർട്ട് പവർ റാങ്കിൽ ഇന്ത്യ 69-ാം സ്ഥാനത്താണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ – ഓസ്‌ട്രേലിയയുടെ റാങ്ക് മൂന്നും, യുഎസ്എയുടെ റാങ്ക് അഞ്ചും, സിംഗപ്പൂരിനറെത് ആറും, കാനഡ ഏഴാമതുമാണ്.

ഒന്നാം സ്ഥാനത്ത് യുഎഇക്കും രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡിനുമാണ്. ഈ ഉയർന്ന പാസ്‌പോർട്ട് സൂചിക റാങ്കിങ്, പല രാജ്യങ്ങളിലേക്കും വിസയില്ലാതെ യാത്ര ചെയ്യുന്നതിനുള്ള അവസരമൊരുക്കും. വ്യാപാരികൾക്കും വ്യവസായികൾക്കും പ്രയോജനപ്രദമായ ഇമിഗ്രേഷൻ പ്രക്രിയയിലെ ഉദ്യോഗസ്ഥ കാലതാമസം മാറിക്കിട്ടും തുടങ്ങിയവയാണ് ഇത്തരം പൗരത്വത്തിലൂടെ ലഭിക്കുന്ന ഗുണങ്ങൾ. അതേസമയം അമേരിക്കൻ ജനസംഖ്യയുമായി താരതമ്യ പെടുത്തി, അവിടെ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ ഇന്ത്യയിലേതിനേക്കാൾ വലിയ ശതമാനം കൂടതലാണ്. 2020ൽ മാത്രം 6,705 പേർ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചുവെന്നാണ് കണക്കുകൾ…

RECENT POSTS
Copyright © . All rights reserved