കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വരുമ്പോൾ കേസിൽ വീണ്ടും വഴിത്തിരിവുണ്ടാകുകയാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടന്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുകയാണ്. സംഭവം നടന്നിട്ട് നാല് വർഷം പിന്നിടുകയാണ്. കേസിൽ ഇനി എന്ത് സംഭവിക്കുമെന്ന ആകാംഷയിലായിരുന്നു സിനിമ ലോകം.എല്ലാം തീർന്നെന്ന് കരുതിയിടത്തു നിന്നാണ് സംവിധായകനായ ബാലചന്ദ്രകുമാറിന്റെ കടന്നു വരവ്. എന്നാൽ ബാലന്ദ്ര ദിലീപിന്റെ സുഹൃത്തല്ല എന്നാണ് സംവിധായകന്‍ എംഎ നിഷാദ് ഇപ്പോൾ പറയുന്നത്. ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സംശയമുണ്ടെന്നും നാല് വര്‍ഷം മുമ്പ് നടന്നു എന്ന് പറയുന്ന കാര്യങ്ങളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. ഇത്രയും നാള്‍ എന്തുകൊണ്ട് ബാലു ഇക്കാര്യം പുറത്തുപറഞ്ഞില്ല എന്നത് പ്രധാന ചോദ്യമാണ്.

ബാല ചന്ദ്ര കുമാര്‍ പറയുന്നത് പൂര്‍ണമായും ഞാന്‍ വിശ്വസിക്കുന്നില്ലെന്നും നിഷാദ് പറഞ്ഞു. ഭയമുള്ളതുകൊണ്ടാണ് വിവരങ്ങള്‍ പുറത്തുവിടാതിരുന്നതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മറുപടി. ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. താന്‍ ദിലീപിന് ഈ വര്‍ഷം ഏപ്രില്‍ 9ന് ഒരു സന്ദേശം അയച്ചുവെന്നും അല്‍പ്പം ഭീഷണിപ്പെടുത്തിയുള്ള സന്ദേശത്തില്‍ തനിക്കെതിരെ ദിലീപ് എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നും ബാലചന്ദ്ര ചോദിച്ചു.

എന്തായിരുന്നു നിങ്ങള്‍ അയച്ച സന്ദേശമെന്ന് അവതാരകന്‍ നികേഷ് കുമാര്‍ ആരാഞ്ഞു. ഈ വേളയില്‍ ബാലചന്ദ്ര വിശദീകരിച്ചു. താന്‍ ദിലീപിന് അയച്ച സന്ദേശം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ദിലീപ് എനിക്കെതിരെ പരാതിപ്പെട്ടില്ല. ഒരുപക്ഷേ ദിലീപ് തനിക്കെതിരെ അന്ന് പരാതി നല്‍കിയിരുന്നെങ്കില്‍ ആ പരാതിയാകുമായിരുന്നു എല്ലാ കാര്യങ്ങളുടെയും തുടക്കമെന്ന് ബാലചന്ദ്ര പറഞ്ഞു.

ഇത്തരം കാര്യങ്ങളെല്ലാം ഇതുവരെ തുറന്നുപറയാതിരുന്നത് ഭയം കൊണ്ടാണെന്നും ബാലചന്ദ്ര പറയുന്നു. ബാലചന്ദ്ര കുമാറിനെ ദിലീപ് ഭയപ്പെടുന്നുണ്ടോ. പിന്നെ എന്തുകൊണ്ട് എനിക്കെതിരെ ദിലീപ് പരാതിപ്പെട്ടില്ല. ഒരു മാസം മുമ്പ് വീട്ടില്‍ ചെറുപ്പക്കാരന്‍ അതിക്രമിച്ച് കടന്ന സംഭവത്തില്‍ പരാതിപ്പെട്ട വ്യക്തിയാണ് ദിലീപ്. ഞാന്‍ സന്ദേശം അയച്ചിട്ടും എനിക്കെതിരെ പരാതിപ്പെട്ടില്ല. അതില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കാവുന്നതാണെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു. ഞാന്‍ മെസേജ് അയച്ച ദിവസം രാത്രി വണ്ടിയെടുത്ത് ദിലീപ് തിരുവനന്തപുരത്ത് വന്നു.

എന്നെ കാണാന്‍ പരമാവധി ശ്രമിച്ചു. വാട്‌സ്ആപ്പ് കോളുകളും വോയിസ് കോളുകളും ചെയ്തു. ബാലു ഐആം വൈറ്റിങ് എന്ന് അറിയിച്ചു. എനിക്ക് നിങ്ങളുമായി സംസാരിക്കണമെന്ന് പറഞ്ഞു. ഇതിന്റെ എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്ര പറയുന്നു.

ഹോട്ടലിലെത്തിയ ദിലീപ് എന്നെ കാണണം എന്ന് അറിയിച്ചപ്പോള്‍ ഞാന്‍ വീട്ടിലേക്ക് ക്ഷണിച്ചു. എന്റെ ഫോണ്‍ ഹാക്ക് ചെയ്യുന്നുണ്ട്. നിങ്ങളുമായി നേരിട്ട് സംസാരിക്കണം. വന്നോളൂ എന്നെല്ലാം ദിലീപ് പറഞുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. എന്താണ് ദിലീപിന് അയച്ച സന്ദേശത്തിലുള്ളതെന്ന് പിന്നീട് ബലചന്ദ്ര കുമാര്‍ വെളിപ്പെടുത്തുകയും ചെയ്തു.

സിനിമ വേണ്ട എന്ന് ഞാന്‍ മാനസികമായി തീരുമാനിച്ചിരുന്നു. ദിലീപിന് ഇക്കാര്യം വിശദീകരിച്ച് കത്തയക്കുകയും ചെയ്തു. എനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരണം. നിങ്ങള്‍ക്ക് വരാന്‍ സാധിക്കില്ലെങ്കില്‍ സഹോദരനെയോ സഹോദരീ ഭര്‍ത്താവിനെയോ അയക്കണം. എന്റെ കൈയ്യിലുള്ള തെളിവുകള്‍ കാണിക്കാനാണ് വരണമെന്ന് ആവശ്യപ്പെടുന്നത്.

നിങ്ങള്‍ വന്നില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ആ സന്ദേശമെന്നും ബാലചന്ദ്ര കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. സന്ദേശം അയച്ച പിന്നാലെ ദിലീപ് തുടര്‍ച്ചയായി വിളിച്ചു. അതിന്റെ തെളിവെല്ലാം എന്റെ ഫോണിലുണ്ട്. ദിലീപിന്റെ അടുക്കളയിലെ സിങ്ക് എവിടെയാണുള്ളതെന്ന് വരെ ഞാന്‍ വരച്ചുകാണിച്ച് തരാം. ദിലീപുമായി സൗഹൃദമില്ലെങ്കില്‍ അടുക്കളയില്‍ കയറാന്‍ സാധിക്കുമോ എന്നും ബാലചന്ദ്ര കുമാര്‍ ചര്‍ച്ചയില്‍ ചോദിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തിയിരിക്കെയാണ് ബാലചന്ദ്രയുടെ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.