കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. കേസിൽ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനിൽകുമാർ. മുന്‍ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സുകേശനും സമാന സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ പദവി ഒഴിഞ്ഞത്.സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല എന്നടതടക്കം പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യങ്ങള്‍ കോടതി പരിഗണിക്കുന്നില്ലെന്നാണ് ആരോപിച്ചാണ് രാജി. കോടതിയുടെ പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു. നേരത്തെ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അടക്കമുള്ള ദിലീപിനെതിരായ പുതിയ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സിആര്‍പിസി-173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് കോടതി പരിഗണിക്കും.

കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് നിര്‍ണായകം. കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഇടപെടലുകളുടെ ശബ്ദരേഖകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിചാരണയുടെ അവസാന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂട്ടംകൂട്ടമായി കൂറു മാറുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ.