എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും.
സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്.
എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു.
4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ക്കും ഇളവുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങളില്‍ ഇളവ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.
ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമായത്. വൈകീട്ട് ആറിന് വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പുതിയ ഇളവുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
നിബന്ധനകളോടെയാകും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനുമുള്ള അനുമതി നല്‍കുക. പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്‌സിനെടുക്കുകയും വേണം. എ.സി പ്രവര്‍ത്തിക്കാനും പാടില്ലെന്നും നിര്‍ദേശമുണ്ട്.
വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ ഇളവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
പതിമൂന്നു വയസ്സുകാരനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡാണ് മരിച്ചത്. ഏതെങ്കിലും മൊബൈല്‍ ഗെയിമിന്റെ ഭാഗമായുള്ള ടാസ്‌ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടമാണോയെന്ന് പൊലീസ് സംശയിക്കുന്നു.
ബന്ധുവീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു ജെറോള്‍ഡ്. ഒരു മാസമായി ജെറോള്‍ഡ് ഇവിടെ താമസിച്ചുവരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്‌ശേഷം 3.45 ഓടെ ടെറസില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുകിയ നിലയിലായിരുന്നു.
കൂടാതെ ഇരുകാലുകളിലും കയര്‍ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു. കുട്ടിയെ ഉടന്‍ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയം മറ്റ് കുട്ടികള്‍ വീടിന്റെ താഴത്തെ നിലയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു.
വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് കാലുകള്‍ ബന്ധിച്ചതായി ശ്രദ്ധയില്‍പെട്ടത്. സമീപത്ത് കസേരയും ഉണ്ടായിരുന്നു. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി. കാല്‍ കെട്ടിയിരുന്ന കയര്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. വിശദമായ പരിശോധനയ്ക്കായി കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കും.
ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ വിപുലമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബന്ധം ദൃഢപ്പെടുത്തുന്നതില്‍ ബൈഡന്റെ പങ്ക് നിര്‍ണായകമാണെന്നും മോഡി പറഞ്ഞു.
രാജ്യാന്തര തലത്തില്‍ പല വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ-യുഎസ് സഹകരണത്തിന് കഴിയുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.”നാല് ദശലക്ഷത്തോളം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ ജനതയാണ് യുഎസിനെ ഓരോ ദിവസവും ശക്തിപ്പെടുത്തുന്നത്. അക്രമ രാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്. ഞാന്‍ വൈസ് പ്രസിഡന്റായിരുന്ന 2006ല്‍ തന്നെ 2020ഓടെ ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളായി മാറുമെന്ന് പറഞ്ഞിരുന്നു.” ബൈഡന്‍ അറിയിച്ചു.
ഇന്‍ഡോ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ബൈഡന്‍ യുഎസ് പ്രസിഡന്റ് ആയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, അഫ്ഗാനിലെ താലിബാന്‍ ഭരണം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി അമേരിക്കയിലെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി വൈറ്റ് ഹൗസിലെത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യന്‍ ബന്ധത്തിന്റെ ദുരൂഹത നീക്കുന്ന രേഖകളുമായി. ഗൗരവമേറിയ ചര്‍ച്ചയ്ക്കു വേണ്ടിയുള്ള കൂടിക്കാഴ്ചയിലാണ്, ഇന്ത്യയിൽ ബൈഡന്റെ പൂര്‍വികരെക്കുറിച്ചു ഇരുനേതാക്കളും തമ്മില്‍ രസകരമായ ആശയവിനിമയം നടന്നത്.
‘ഇന്ത്യയിലെ ബൈഡന്‍ നാമധാരികളായവരെക്കുറിച്ച് താങ്കള്‍ എന്നോടു പറഞ്ഞിരുന്നല്ലോ. അന്നു മുതല്‍ അതേക്കുറിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ചില രേഖകള്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ഉപകാരപ്പെടുമോ എന്നു നോക്കാം’ – ചിരിച്ചു കൊണ്ടു മോദി ഹിന്ദിയില്‍ പറഞ്ഞു. ഇത് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്തതോടെ ബൈഡന്‍ പൊട്ടിച്ചിരിച്ചു.
ശരിക്കും രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ബൈഡന്‍ ആശ്ചര്യപ്പെട്ടതോടെ തലകുലുക്കി മോദി പുഞ്ചിരിച്ചു. ബൈഡന് ഇന്ത്യയില്‍ ബന്ധുക്കളുണ്ടെന്നു മോദി സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. 1972ല്‍ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുംബൈയില്‍നിന്ന് ഒരു ബൈഡന്‍ തനിക്ക് കത്തയച്ചിരുന്നുവെന്ന് ജോ ബൈഡന്‍ വെളിപ്പെടുത്തിയിരുന്നു.
തന്റെ അഞ്ചാം തലമുറ മുത്തച്ഛന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി വഴി ഇന്ത്യയിലെത്തിയിട്ടുണ്ടാകാമെന്ന് ബൈഡന്‍ മുൻപു പറഞ്ഞിരുന്നു. നിലവില്‍ അഞ്ച് ബൈഡന്മാര്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ആരാണ് ഇന്ത്യയിലെ ബൈഡന്മാര്‍?
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാന്‍ ബൈഡന്‍, സഹോദരി സോണിയ ഫ്രാന്‍സിസ് നീ ബൈഡന്‍, അമ്മ ആഞ്ജലീന ബൈഡന്‍, ഇയാന്റെ ഫസ്റ്റ് കസിന്‍ റൊവേന ബൈഡന്‍ എന്നിവരാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 1972ല്‍ തനിക്ക് കത്തയച്ചുവെന്ന ബൈഡന്‍ പറഞ്ഞയാള്‍ ഇയാന്‍ ബൈഡന്റെ മുത്തച്ഛനായ ലെസ്‌ലി ബൈഡന്‍ ആണ്. ഇവര്‍ നാഗ്പുരിലാണു കഴിയുന്നത്. കത്തയച്ചത് മുംബൈയില്‍നിന്നായതിനാലാണ് ഇവര്‍ മുംബൈയിലാണെന്ന് ബൈഡന്‍ കരുതിയത്. മറുപടിക്കത്ത് ബൈഡന്‍ നാഗ്പുര്‍ വിലാസത്തിലാണ് അയച്ചത്.
മുംബൈയില്‍നിന്നുള്ള കത്ത്
1972ല്‍ യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റര്‍മാരിലൊരാളായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യം ലഭിച്ച കത്തുകളിലൊന്ന് മുംബൈയില്‍നിന്നാണ്. ആശംസ അറിയിച്ച് കത്തയച്ചയാളുടെ അവസാന പേരും ബൈഡന്‍ എന്നായിരുന്നു. അന്ന് 29കാരനായ ബൈഡന്‍ ഈ കത്തിന്റെ പിന്നാലെ പോകാന്‍ ആഗ്രഹിച്ചെങ്കിലും കുടുംബ, രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ മൂലം സാധിച്ചില്ല. പിന്നീട് ബൈഡന്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെയും ഇന്ത്യന്‍ നേതാക്കളെയും കാണുമ്പോള്‍ ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം സംസാരിക്കാറുണ്ടായിരുന്നു.
യുഎസ് വൈസ് പ്രസിഡന്റായിരിക്കെ ഇന്ത്യയിലെ പ്രഥമ സന്ദര്‍ശനത്തില്‍ 2013 ജൂലൈ 24ന് മുംബൈയില്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അഭിസംബോധന ചെയ്യവെ, എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ച് ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം അദ്ദേഹം പ്രതിപാദിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമായോ മറ്റോ ഇന്ത്യയിലെത്തി ജോലി ചെയ്തിരുന്ന പൂര്‍വികരുടെ പിന്‍ഗാമികളാകാം താനും മുംബൈയില്‍നിന്നുള്ള ബൈഡനുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം വാഷിങ്ടന്‍ ഡിസിയില്‍ നടത്തിയ പ്രസംഗത്തില്‍, ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്ങളുടെ പൂര്‍വികര്‍ ഒന്നാണെന്ന് ബൈഡന്‍ പറഞ്ഞു. 2015 സെപ്റ്റംബര്‍ 21ന് യുഎസ് – ഇന്ത്യ ബിസിനസ് കൗണ്‍സിലിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ ‘പൂര്‍വ പിതാമഹന്‍ ഈസ്റ്റ് ഇന്ത്യ ടീ കമ്പനിയിലെ ബ്രിട്ടിഷ് ക്യാപ്റ്റനായിരുന്നു. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത് ഇന്ത്യയില്‍ താമസിച്ചു’ എന്നും പറഞ്ഞിട്ടുണ്ട്. 5 ബൈഡന്‍മാര്‍ മുംബൈയിലുണ്ടെന്ന് തന്റെ മുംബൈയിലെ പ്രസംഗത്തിനുശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍ അറിയിച്ചെന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ബന്ധം ഈസ്റ്റ് ഇന്ത്യ കമ്പനി വഴി
ഈസ്റ്റ് ഇന്ത്യ കമ്പനി ക്യാപ്റ്റനും 19 വര്‍ഷം മദ്രാസിന്റെ മാസ്റ്റര്‍ അറ്റന്‍ഡന്റുമായിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്‍ ജോ ബൈഡന്റെ അഞ്ചാം തലമുറ മുത്തച്ഛനാണെന്നാണു ചരിത്രകാരന്‍മാര്‍ പറയുന്നത്. ചെന്നൈ തുറമുഖത്തെത്തുന്ന കപ്പലുകളുടെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്‍ 68–ാം വയസ്സില്‍ 1858 ഫെബ്രുവരി 25ന് ചെന്നൈയിലാണു മരിച്ചത്.
അദ്ദേഹത്തെ അടക്കിയ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ആ പേരു കൊത്തിയ ശിലാഫലകം ഇന്നുമുണ്ട്. ഇംഗ്ലിഷ്, ഐറിഷ്, ഫ്രഞ്ച് വംശാവലിയാണു ബൈഡന്‍ കുടുംബചരിത്രത്തിലുള്ളത്.
ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് കഴുത്തറുത്ത് മരിച്ച സംഭവം ഒരു നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഏരുവേശ്ശി മുയിപ്ര ഞെക്ലിയിലാണ് ദാരുണ സംഭവം. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുകയായിരുന്ന സതീഷ് കുറച്ചുദിവസമായി മരുന്ന് കഴിക്കാറില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ഗള്‍ഫില്‍ ഷെഫായി ജോലിചെയ്തിരുന്ന സതീഷ് നാലുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ സതീഷിന്റെ സ്വഭാവത്തില്‍ ചെറിയ മാറ്റംകണ്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ പോകാനായി സഹോദരന്‍ സനോജ് വീട്ടില്‍ എത്തിയിരുന്നു.
അപ്പോഴാണ് സംഭവം. രാവിലെ അമ്മയെ മുറിക്ക് പുറത്താക്കി കിടപ്പുമുറിക്കുള്ളില്‍ കയറി കതകടച്ച സതീഷ് ഭാര്യയെയും കുഞ്ഞിനെയും കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടര്‍ന്ന് സ്വയം കഴുത്തറുക്കുകയും ചെയ്തു. നിലവിളിശബ്ദംകേട്ട് ഓടിയെത്തിയ അമ്മയും സഹോദരനും സമീപവാസികളും ചേര്‍ന്ന് മുറിയുടെ പുറത്തെ ജനല്‍വഴി നോക്കിയപ്പോഴാണ് ചോരയില്‍ മുങ്ങിയ മൂവരെയും കണ്ടത്. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് ഇവരെ പുറത്തെത്തിച്ചത്.
കുട്ടി മുറിക്കകത്തെ കസേരയ്ക്ക് സമീപവും സതീഷും അഞ്ജുവും നിലത്തുമാണ് വീണുകിടന്നിരുന്നതെന്ന് ആദ്യം ഓടിയെത്തിയ സമീപവാസി മാത്യു കൊട്ടാരത്തില്‍ പറഞ്ഞു. ഉടനെ അഞ്ജുവിനെയും കുഞ്ഞിനെയും സഹോദരന്‍ സനോജും സമീപവാസികളും ചേര്‍ന്ന് ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
സതീഷ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇയാളുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. തലയ്ക്ക് പിന്നിലാണ് മകന്‍ ധ്യാന്‍ദേവിന് കുത്തേറ്റത്. ഭാര്യ അഞ്ജുവിന് കഴുത്തിനാണ് കുത്തേറ്റത്. ചികിത്സയില്‍ കഴിയുന്ന അഞ്ജുവിന്റെ നില തൃപ്തികരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുശേഷം ഈ മാര്‍ച്ചിലാണ് സതീഷിനും അഞ്ജുവിനും കുഞ്ഞ് ജനിച്ചത്. ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ സതീഷ് ഇടയ്ക്ക് ചില പരിപാടികള്‍ക്ക് പാചകം ചെയ്യാന്‍ പോകുന്നതല്ലാതെ കാര്യമായ ജോലിയൊന്നും ചെയ്തിരുന്നില്ല. സതീഷിന് മാനസികാസ്വാസ്ഥ്യമുള്ളതായി സമീപവാസികള്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ല. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരുന്നു ഇക്കാര്യം അറിയുന്നത്.
പ്രൈവറ്റ് സെക്രട്ടറിയെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ തൊഴിലുടമ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൻപുറിലാണ് സംഭവം. ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയശേഷം പത്താം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടാണ് 19കാരിയെ കൊലപ്പെടുത്തിയത്. അപകടമരണമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ശേഷമാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
കേസിലെ പ്രതി കാൻപുറിലെ ഒരു ഡയറി ഫാം ഉടമയാണ് . തന്റെ പ്രൈവറ്റ് സെക്രട്ടറിയായ യുവതിയോട് ഇയാൾ ജോലി സംബന്ധിച്ച ചില പേപ്പറുകൾ നോക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇയാളുടെ ഫ്ളാറ്റിൽ എത്തിച്ചു. തുടർന്ന് തനിക്ക് വഴങ്ങണമെന്നും പണം നൽകാമെന്നും പറഞ്ഞെങ്കിലും യുവതി അതിന് തയ്യാറായില്ല. ഇതോടെ പ്രതി യുവതിയെ ഫ്ളാറ്റിനുള്ളിൽ വെച്ച് ബലാത്സംഗത്തിന് ഇരയാക്കി.
തനിക്ക് നേരിടേണ്ടി വന്ന അപമാനം മറ്റുള്ളവരെ അറിയിക്കുമെന്നും പൊലീസിൽ പരാതി നൽകുമെന്നും യുവതി പറഞ്ഞതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. മർദ്ദിച്ച് അവശയാക്കിയ ശേഷം ഫ്ളാറ്റിലെ പത്താം നിലയിൽ നിന്ന് തൊഴിലുടമ യുവതിയെ താഴേക്ക് തള്ളിയിടുകയായിരുന്നു.
വായ്പ ലഭിക്കാന്‍ സാധ്യതയില്ലാതീയതോടെ മനംമടുത്ത യുവാവ് സ്വയംതൊഴില്‍ സംരംഭം തുടങ്ങനായി നിര്‍മ്മിച്ച ഷെഡില്‍ തൂങ്ങിമരിച്ചു. കണ്ണൂര്‍ കേളകം പഞ്ചായത്തില്‍ നിസാര്‍ കവല സ്വദേശി അഭിനന്ദ് നാഥ്(23) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ അഭിനന്ദിനെ കണ്ടെത്തിയത്.
ബാങ്ക് വായ്പ ലഭിക്കാന്‍ സാധ്യതയില്ലെന്നും പ്രതീക്ഷകള്‍ നശിച്ചതായും വീട്ടുകാകരോടും സുഹൃത്തുക്കളോടും സൂചിപ്പിച്ചതിന് പിന്നാലെയാണ് അഭിനന്ദ് ആത്മഹത്യ ചെയ്തത്. കമ്പിവേലി നിര്‍മാണ യൂണീറ്റ് തുടങ്ങാനായിരുന്ന അഭനന്ദിന്റെ പദ്ധതി.
മുന്‍പ് വിദേശത്ത് പോകാന്‍ ശ്രമിച്ചെങ്കിലും ഏജന്റിന്റെ വഞ്ചനയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതോടെയാണ് സ്വന്തമായി സംരംഭം തുടങ്ങാന്‍ അഭിനന്ദ് ആരംഭിക്കാന്‍ പദ്ധതിയിട്ടത്.
കൈവശമുള്ള പണവും വായ്പ തുകയും ചേര്‍ത്ത് സംരംഭം തുടങ്ങനായിരുന്നു ശ്രമം. വായ്പ ലഭിക്കുന്ന പ്രതീക്ഷയില്‍ ആയിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞത്. ഇതോടെ അഭിനന്ദ് നിരാശനായിരുന്നു. മൂന്നു മാസം മുന്‍പാണ് അഭിനന്ദ് വിവാഹം കഴിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056
നിയമസഭാ കയ്യാങ്കളികേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് ആങ്കര്‍ വിനു വി ജോണിന് ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ നടപടിയുണ്ടാകില്ല. ദേശാഭിമാനിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ ചര്‍ച്ചയ്ക്കിടെ അയച്ച ഭിഷണി സന്ദേശം ഓണ്‍ എയറില്‍ ഇരുന്ന് തന്നെ വിനു വായിക്കുകയും മറുപടി കൊടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സഹപ്രവര്‍ക്കയ്‌ക്കെതിരായ പെരുമാറ്റത്തില്‍ മാതൃഭൂമി ചാനല്‍ വിടേണ്ടിവന്ന വേണു ബാലകൃഷ്ണനെ ഉദ്ദരിച്ചായിരുന്നു വിനു വി ജോണിന്റെ മറുപടി. ഇതില്‍ ഡിജിപിക്കടക്കം പരാതി നല്‍കുമെന്ന് വിനു വി ജോണ്‍ പറഞ്ഞിരുന്നു. ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠനാണ് സന്ദേശം അയച്ചത്.
നിയസഭാ കയ്യാങ്കളി കേസ് വിഷയത്തിലായിരുന്നു ചാനലിന്റെ പ്രൈംടൈം ചര്‍ച്ച. അഭിഭാഷകനായ എം ആര്‍ അഭിലാണ്, നിരീക്ഷകരായ ജോസഫ് സി മാത്യു, ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ പാനലിലുണ്ടായിരുന്നു. നിയസഭയിലെ തെമ്മാടികള്‍ എന്ന തലവാചകത്തോടെ ചര്‍ച്ചയിലെ വാദങ്ങള്‍ പുരോഗമിക്കുന്നതിനിടെ പത്തൊമ്പതാം മിനിറ്റിലാണ് സംസാരകനെ തടഞ്ഞുകൊണ്ട് വിനു വി ജോണ്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് വിനു സന്ദേശം വായിക്കുകയും ചെയ്തു. ‘ഇയാള്‍ക്ക് ലജ്ജയില്ലേ, എന്നൊക്കെ അഹങ്കാരത്തോടെ ചോദിക്കാന്‍ താങ്കള്‍ക്ക് എന്ത് അധികാരം; ഇത് മാന്യമായ രീതിയല്ല; ഇതുപോലെ ചാനലില്‍ നെഗളിച്ച ചിലരുടെ വിധി ഓര്‍ക്കുക; ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്’ എന്നായിരുന്നു സന്ദേശം.
മറുപടിയായി ‘താന്‍ വേണു ബാലകൃഷ്ണനെപ്പോലെ ഒരാള്‍ക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീയോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളില്‍ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതില്‍ താന്‍ പൊലീസില്‍ പരാതിപ്പെടും. ഭീഷണികള്‍ക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റര്‍ കോടിയേരി ബാലകൃഷ്ണന്‍ ഈ ഭീഷണിയില്‍ നയം വ്യക്തമാക്കണം എന്നും താന്‍ രണ്ടു പെണ്‍മക്കളുടെ അപ്പനാണ്. മാന്യമായി തൊഴിലെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാല്‍, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണം എന്നുമായിരുന്നു വിനു വി ജോണ്‍ പറഞ്ഞത്.
എന്നാല്‍ വിനു വി ജോണ്‍ പരാതിപ്പെട്ടാലും ദേശാഭിമാനി പരാതിക്കാരനെതിരെ നടപടിയെടുക്കില്ലെന്നാണ് വിവരം. ദീര്‍ഘകാലം സിപിഐഎം സെക്രട്ടറിയേറ്റ് നിര്‍ദ്ദേശ പ്രകാരം എഷ്യാനെറ്റ് ന്യൂസിലെ പ്രൈംടൈം ചര്‍ച്ചകളില്‍ നിന്ന് പാര്‍ട്ടി വിട്ടുനിന്നിരുന്നു. പ്രത്യേകിച്ച് വിനു വി ജോണിന്റെ ചര്‍ച്ചകളായിരുന്നു ഇതിന് പാര്‍ട്ടിയെ പ്രകോപിപ്പിച്ചതും. അതിന് ശേഷം പാര്‍ട്ടി പ്രതിനിധികള്‍ അധികമായി ചര്‍ച്ചയ്‌ക്കെത്താറുമില്ല. സര്‍ക്കാരിനെതിരായ ചര്‍ച്ച കൂടി ആയതിനാലാണ് ശ്രീകണ്ഠനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
നേരത്തെയും വിനു വി ജോണ്‍ ഓണ്‍ എയറില്‍തന്നെ ഇത്തരം സന്ദേശങ്ങള്‍ വായിച്ചിരുന്നു, കുഴല്‍കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച സന്ദേശം വായിച്ച പശ്ചാത്തലത്തില്‍ വിനുവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സിപിഐഎം ആയിരുന്നു പ്രതിരോധിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ മന്ത്രിക്കെതിരെ സംസാരിച്ചയാള്‍ക്കെതിരെ സന്ദേശമയച്ച സംഭവത്തില്‍ നടപടിയുടെ ആവശ്യമില്ലെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. അതിനാല്‍ തന്നെ സന്ദേശമയച്ച വ്യക്തിക്കെതിരെ പാര്‍ട്ടി പത്രം നടപടിയെടുത്തേക്കില്ല.
സംസ്ഥാന ബിജെപിയിലെ പുനസംഘടനാ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് പുരോഗമിക്കവേ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന പേരുകളാണ് സുരേഷ് ഗോപിയും വത്സന്‍ തില്ലങ്കേരിയും. വിശ്വ ഹിന്ദു പരിഷത്തിലൂടെ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വത്സന്‍ തില്ലങ്കേരിയെയാണ് ശബരിമല പ്രക്ഷോഭകാരികളെ മെരുക്കാന്‍ പൊലീസ് പോലും അന്ന് ഉപയോഗിച്ചത്. സുരേഷ് ഗോപിയാകട്ടെ സിനിമാരംഗത്തു നിന്നുമെത്തി സംഘടനയെ ജനകീയ മുഖത്തിലേക്കെച്ച നേതാവെന്ന ഖ്യാതിയും. പാര്‍ട്ടിയില്‍ ചേര്‍ന്ന് വൈകും മുമ്പേ തന്നെ രാജ്യസഭാ എംപിയായ സുരേഷ് ഗോപി രണ്ടു തവണ തൃശൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടാം തവണത്തെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ചില ചുമതലകളും ഏല്‍പ്പിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് പാര്‍ലമെന്ററി രംഗത്ത് കനത്ത പ്രഹരമേല്‍ക്കേണ്ടിവന്ന പാര്‍ട്ടിയെ പുനരുജ്ജീവിക്കുകയാണ് ദേശീയ നേതൃത്വത്തിന്റെ പദ്ധതി. സംസ്ഥാനത്തെ തോല്‍വി പഠിച്ച സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ട് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു. ഇതിന് പിന്നാലെ കൊടകര കുഴല്‍പണ കേസും, മഞ്ചേശ്വരം തിരഞ്ഞടുപ്പ് കോഴവിവാദവും വന്ന സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റാന്‍ ദേശീയ നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തോല്‍വി പഠിച്ച സമിതി പാര്‍ട്ടിയുടെ ജനകീയത നഷ്ടമായെന്ന വിലയിരുത്തലും നടത്തിയിട്ടുണ്ട്. ഇതോടെ ജനകീയ ഇടപെടലുകള്‍ നടത്താനാണ് സുരേഷ്‌ഗോപിയെ നേതൃത്വം ചുമതലപ്പെടുത്തിയതും.
സംഘടനാ തലത്തില്‍ വത്സന്‍ തില്ലങ്കേരിക്ക് വലിയ സ്വാധീനമുണ്ടെങ്കിലും തീവ്ര ഹിന്ദു നിലപാട് വിനയാകുമെന്നാണ് സൂചന. അതിനാല്‍ തന്നെ ബിജെപി അധ്യക്ഷനാകുമോ എന്ന ചോദ്യത്തിന് തില്ലങ്കേരി മൗനം പാലിക്കുകയാണ്. ബിജെപി അധ്യക്ഷനാകുമോയെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോള്‍ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ് താനെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്‌ഗോപിയാകട്ടെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തുന്നമുണ്ട്. പ്രധാനമന്ത്രിയും അമിത്ഷായും നദ്ദയും സുരേഷ്‌ഗോപിയെ അധ്യക്ഷനായി നിയമിക്കണമെന്ന നേതാക്കളുടെ ആവശ്യം അംഗീകരിക്കാനാണ് സാധ്യത. അധ്യക്ഷ പദവി സംബന്ധിച്ച ചോദ്യങ്ങളില്‍ സുരേഷ് ഗോപിയും മൗനം പാലിക്കുകയാണ്.
അതിനിടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെത്തിയ മെട്രോമാന്‍ ഇ ശ്രീധരന്‍, റിട്ടേര്‍ഡ് ഐഎഎസ് സി വി ആനന്ദബോസ്, മുന്‍ഡിജിപി ജേക്കബ്‌തോമസ് എന്നിവര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന വിമര്‍ശനവും ശക്തമാണ്. പാലക്കാട് ശ്രീധരന്‍ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയതിലും മുറുമുറുപ്പ് ശക്തമാണ്. ആര്‍എസ്എസ് പിന്തുണയോടെ എത്തിയ കുമ്മനം രാജശേഖരനെ തഴയുന്നുവെന്നും, ശോഭാ സുരേന്ദ്രനെ വിലക്കെടുക്കുന്നില്ല എന്നുമുള്ള പരാതികള്‍ വേറെ.
സംസ്ഥാന ബിജെപിയിലെ അഴിച്ചു പണി നീളുന്നതിലും അതൃപ്തി ശക്തമാണ്. ആരോപണ പശ്ചാത്തലത്തില്‍ അധ്യക്ഷനെ മാറ്റണമെന്ന മറു വിഭാഗത്തിന്റെ ആവശ്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ദേശീയ നേതൃത്വം ഇടപെടാത്തതും ചിലരെയെങ്കിലും ചൊടിപ്പിച്ചിട്ടുണ്ട്. ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്നും പാര്‍ട്ടിക്ക് ദുഷ്‌പേരുണ്ടാക്കിയ നേതാക്കളെ മാറ്റി നിര്‍ത്തുമെന്നതുമാണ് അണിയറ സംസാരം.
കണ്ണൂരിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശി സതീശനാണ് ഒൻപത് മാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനേയും അഞ്ജുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. അഞ്ജുവിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഭാര്യയെയും കുഞ്ഞിനെയും മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം സതീശൻ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടിയാന്മല പൊലീസ് പരിധിയിലാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് ഇത്തരം ഒരു കൃത്യത്തിൽ കലാശിച്ചതെന്നാണ് ലഭിക്കും പ്രാഥമിക വിവരങ്ങൾ.