ബ്രാംപ്റ്റൺ/ആലപ്പുഴ:ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞു. തിരുവോണ ദിനത്തിൽ കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് 11-ാംമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരം സമാപിച്ചു.
പുരുഷൻമാരുടെ വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ചുണ്ടൻ ഒന്നാം സ്ഥാനവും അനന്തപുരി ചുണ്ടൻ രണ്ടാം സ്ഥാനത്തും എത്തി. വനിത വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ജലറാണി ഒന്നാം സ്ഥാനത്തും കനേഡിയൻ ലയൺസ് രണ്ടാം സ്ഥാനത്തും എത്തിയതായി ബ്രാംപ്റ്റൺ മലയാളി സമാജം പ്രസിഡൻ്റും കനേഡിയൻ നെഹ്റു ട്രോഫി സമിതി ചെയർമാൻ കൂടിയായ കുര്യൻ പ്രക്കാനം പറഞ്ഞു. ജലരാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുമ്പോഴും ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവ കാലം കേരളത്തിൽ കടന്നു പോകുമ്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം കാണികൾക്ക് ആവേശം പകർന്നതായും ഇരുപതിലധികം ടീമുകൾ പങ്കെടുത്തതായും ഓവർസീസ് മീഡിയ ടീം ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

രാവിലെ 10ന് കനേഡിയൻ നെഹ്റു ട്രോഫി സമിതി ജലോത്സവ ചെയർമാൻ കുര്യൻ പ്രക്കാനം ഇന്ത്യയുടെ ദേശിയ പതാക ജലോത്സവ വേദിയിൽ ഉയർത്തിയതോടെ ഒന്റേരിയോയിലെ പ്രൊഫസേഴ്‌സ് ലെയിക്കിൽ മത്സരത്തിന് തുടക്കമായി, ഒരു ഉത്സവ പ്രതിച്ഛായ പകർന്നു. ബ്രാംപ്റ്റൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിലാരംഭിച്ച ‘ദി ബ്രാംപ്റ്റൺ ബോട്ട് റേസ്‘ ഏതൊരു പ്രവാസി മലയാളിക്കും സ്വന്തം നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചോർത്ത് അഭിമാനം തോന്നുമാറ് പ്രൗഢോജ്വലമായിരുന്നു. വിവിധ കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്ന കനേഡിയൻ, അമേരിക്കൻ ടീമുകൾ വരെ മത്സരത്തിൽ അണിനിരന്നു.പ്രവാസി മലയാളി ലോകത്തു തന്നെ നടന്ന ഏറ്റവും വലിയ മത്സരമായി തീർന്നിരിക്കുന്നു. ലോക കേരള സഭാംഗമായ കുര്യൻ പ്രക്കാനമാണ് ബ്രാംപ്ടൻ ബോട്ട് റേസിൻ്റെ സ്ഥാപക പ്രസിഡന്റ്. കുര്യൻ പ്രക്കാനം, ഗോപകുമാര്‍ നായര്‍,സണ്ണി കുന്നംപള്ളി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മിറ്റി നേതൃത്വം നല്കി.
മന്ത്രി സർക്കാരിയ എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമൽ കേര, എംപിപി അമർ ജോത്ത് സന്ദു,മേയർ പാട്രിക്ക് ബ്രൗൺ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
ജലോത്സവത്തിന് മുന്നോടിയായി പത്മശ്രീ എം.എ യൂസഫലി വിർച്ച്വൽ ഫ്ലാഗ് ചെയ്ത പതാക ദുബൈയിൽ നിന്നും എത്തിച്ച് പതാക പ്രയാണവും നടന്നു.
മുംബൈ വിമാനത്താവളത്തിൽ വരി തെറ്റിച്ചെത്തിയ ബോളിവുഡ് നടൻ സൽമാൻ ഖാനോട് ലൈനിൽ നിൽക്കാൻ ആവശ്യപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ. റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നടൻ. വരി നിൽക്കാതെ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന വേളയിൽ ലൈനിന് പിന്നിൽ നിൽക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. നടൻ ആവശ്യത്തോട് സഹകരിക്കുകയും ചെയ്തു.
സൽമാൻ ഭായിയാണ് എന്ന് കൂടെയുള്ളവർ പറയുന്നതും നിങ്ങൾ കൂടി പിന്നോട്ട് നിൽക്കൂ എന്ന് ഉദ്യോഗസ്ഥൻ അവരോട് തിരിച്ചു പറയുന്നതും കേൾക്കാം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കറുത്ത ടീഷർട്ടും ജീൻസുമണിഞ്ഞാണ് താരമെത്തിയത്.
ടൈഗർ 3യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സൽമാൻ റഷ്യയിലേക്ക് തിരിച്ചത്. കത്രീന കൈഫും ഇംറാൻ ഹാഷ്മിയും സിനിമയിൽ അഭിനയിക്കുന്നുണ്ട്. റഷ്യയ്ക്ക് പുറമേ, ഓസ്ട്രിയയിലും തുർക്കിയിലും സിനിമയുടെ ഷൂട്ടിങ്ങുണ്ട്. മനീഷ് ശർമ്മയാണ് സംവിധായകൻ.
Viral Video: Salman Khan Stopped at Mumbai Airport enroute Russia by a Young CISF Officer; Asked to Stand in line and Complete Security Check like a Common Man pic.twitter.com/uEeuRjp5yA
— Megh Updates 🚨™ (@MeghUpdates) August 20, 2021
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന നടി ചിത്രയുടെ വേർപാടിന്റെ വേദനയിലാണ് ചലച്ചിത്ര മേഖല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടിയുടെ അന്ത്യം. നടിയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖരടക്കം നിരവധി പേരാണ് എത്തി കൊണ്ടിരിക്കുന്നത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരം കൂടിയായിരുന്നു ചിത്ര. ആട്ടക്കലാശം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് നൂറിലധികം സിനിമകളിൽ അഭിനയിച്ചു.
സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്.വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറലാവുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ 6 മാസം അപരിചിതരെപ്പോലെയാണ് താനും ഭർത്താവും കഴിഞ്ഞതെന്ന് മുൻപ് ചിത്ര പറഞ്ഞിരുന്നു.
അമ്മ സെലിബ്രിറ്റിയാണെന്ന കാര്യമൊന്നും ചിത്രയുടെ മകളായ മഹാലക്ഷ്മിക്ക് അറിയില്ലായിരുന്നു. ഹൈസ്‌കൂളിലെത്തിയപ്പോഴാണ് അവൾക്ക് അമ്മയുടെ സിനിമകളെക്കുറിച്ചൊക്കെ മനസ്സിലായത്. അമ്മ അഭിനയം നിർത്തേണ്ടിയിരുന്നില്ലെന്നും വീണ്ടും അഭിനയിച്ച് തുടങ്ങണമെന്നുമായിരുന്നു മകൾ അമ്മയോട് പറഞ്ഞതെന്നും ചിത്ര അന്ന് പറഞ്ഞിരുന്നു.
ജെ. ശശികുമാർ സംവിധാനം ചെയ്ത ആട്ടക്കലാശത്തിൽ മോഹൻലാലിന്റെ നായിക ആയിട്ടായിരുന്നു ചിത്ര എത്തിയത്. ഇരുവരും തകർത്തഭിനയിച്ച ‘നാണമാവുന്നു മേനി നോവുന്നു’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ഹിറ്റ് ചാർട്ടിൽ തന്നെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങളുടെയെല്ലാം സിനിമകളില്‍ നടി പ്രധാന വേഷങ്ങളില്‍ എത്തി.
അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ആട്ടക്കലാശം, ഏകലവ്യൻ, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർക്കുന്നവയാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ചിത്ര അഭിനയിച്ചിരുന്നു. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. 2001ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം സൂത്രധാരനാണ് നടിയുടെതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. പിന്നീട് സിനിമകളില്‍ അത്ര സജീവമല്ലായിരുന്നു താരം. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ചിത്ര അഭിനയിച്ചിരുന്നു.
മലയാളത്തിലും തമിഴിലുമായി ആറ് ടിവി സീരിയലുകളിലാണ് പ്രധാന വേഷത്തില്‍ നടി എത്തിയത്. സൗഹൃദത്തിന്റെ പേരില്‍ ചെയ്ത ചിത്രങ്ങള്‍ കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്ന് നടി പറഞ്ഞത് നേരത്തെ വാർത്താപ്രാധാന്യം നേടിയിരുന്നു.
ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച് ചിത്ര, കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, വിങ്ങലടക്കാൻ സാധിക്കാതെ നിൽക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അതിനൊപ്പം തന്റെ ജീവിതത്തെ കുറിച്ച് ചിത്ര പറഞ്ഞിട്ടുള്ള വാക്കുകളും മലയാളത്തിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹത്തെ കുറിച്ചുള്ള കാര്യങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലും നിറയുകയാണ്. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ കൊച്ചിയിലാണ് ചിത്രയുടെ ജനനം. ഭര്‍ത്താവ് വിജയരാഘവന്‍. മകള്‍: ശ്രുതി.
എടത്വ:ജനിച്ച ഉടൻ അച്ഛൻ ഉപേക്ഷിക്കുകയും കോവിഡ് അമ്മയുടെ ജീവൻ അപഹരിക്കുകയും ചെയ്ത് അനാഥയായിത്തീർന്ന ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ഓണക്കോടിയുമായി സൗഹൃദവേദി എത്തി.
അമ്മൂമ്മ വത്സലയുടെ ആശ്രയത്തിൽ കഴിയുന്ന എടത്വ സ്വദേശി ജയന്തൻ്റെയും വത്സലയുടെയും ഏകമകൾ ജയന്തിയുടെ പെൺകുഞ്ഞിനാണ് ഓണക്കോടിയുമായി സൗഹൃദവേദി എത്തിയത്.
വത്സലയുടെ ഭർത്താവിൻ്റെയും മകൾ വാസന്തിയുടെയും ജീവൻ ചില ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ് കവർന്നതോടെ പിഞ്ചു കുഞ്ഞിൻ്റെ സംരക്ഷണത്തിന് വത്സല മാത്രമാണുള്ളത്. എടത്വ പാണ്ടങ്കരിയിലെ മൂന്നു സെൻറ് സ്ഥലം വിറ്റിട്ടാണ് വത്സല മകളെ വിവാഹം കഴിപ്പിച്ചത്. തലവടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ ഇപ്പോൾ പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലാണ്.വീടും സ്ഥലവും ഇല്ലാതെ ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി വാസന്തി ജീവിത ദുരിതത്തിന് മുൻപിൽ പകച്ചു നിൽക്കുകയാണ്. വാസന്തിയുടെ മകൻ ബികോം വിദ്യാർഥിയാണ്.അവസാന മൂന്ന് സെമസ്റ്ററിൻ്റെ ഫീസ് അടയ്ക്കുവാൻ സാധിക്കാഞ്ഞതിനാൽ പരീക്ഷ എഴുതുവാൻ സാധിച്ചിട്ടില്ല.ഭർത്താവ് മരപ്പണിക്കാരൻ ആയിരുന്നു .മകൻ്റ പഠനത്തിനും കുഞ്ഞിൻ്റെ സംരക്ഷണത്തിനും നിത്യവൃത്തിക്കും വഴികാണാതെ ചിറകറ്റ സ്വപ്നങ്ങളുമായി വാസന്തി വിഷമിക്കുമ്പോഴാണ് ജീവിത പ്രതീക്ഷകൾക്ക് ചിറകു നൽകാൻ ‘അകലെയാണെങ്കിലും അരികിലുണ്ട് ‘ എന്ന സന്ദേശവുമായി എടത്വ സൗഹൃദ വേദി എത്തിയത്.
സൗഹൃദവേദി പ്രസിഡണ്ട് ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലാണ് ഭാരവാഹികളായ രജീഷ് കുമാർ പി വി, പി ഡി സുരേഷ്, എൻ ജെ സജീവ് എന്നിവർ കഴിഞ്ഞ മാസം വത്സല താമസിക്കുന്ന പുറക്കാട്ട് എത്തിയത്.ദുരിതങ്ങളിൽ കൂടെയുണ്ടെന്ന് ആശ്വസിപ്പിച്ച് അവർ സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും കൂടാതെ കുഞ്ഞിനുള്ള ഭക്ഷ്യവസ്തുക്കളും വത്സലയ്ക്കും മകനും ഉള്ള ഭക്ഷ്യകിറ്റും,മാസ്ക്കും സാനിറ്റൈസറും നൽകിയാണ് കഴിഞ്ഞ മാസം അവർ മടങ്ങിയത്.
കുഞ്ഞിന് ആവശ്യമായ ബേബിഫുഡും മറ്റ് കാര്യങ്ങളും സുമനസ്സുകളുടെ സഹായത്തോടെ മുടങ്ങാതെ എത്തിക്കുമെന്ന് നല്കിയ വാഗ്ദാനമാണ് സൗഹൃദ വേദി ഭാരവാഹികൾ നിറവേറ്റിയത്.സുമനസ്സുകളുടെ സഹായത്തോടെ ഇവർക്ക് ഒരു വീട് നൽകാൻ പദ്ധതിയുണ്ടെന്നും ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു. എടത്വ പുത്തൻപുരയിൽ തോമസ് വർഗ്ഗീസി (മനു) ൻ്റെ സഹായത്തോടെ സർക്കാർ ഏറ്റെടുക്കുന്നത് വരെ പിഞ്ചുകുഞ്ഞിൻ്റെ പ്രതിമാസ ചെലവ് സൗഹൃദ വേദി വഹിക്കും. കൂടാതെ വത്സലയുടെ മകന് കോളജിൽ അടയ്ക്കാൻ ള്ള 36000 രൂപയും നല്കും.
ഓസ്‌ട്രേലിയന്‍ പ്രവാസി മലയാളികള്‍ക്ക് ലഭിച്ച അപ്രതീക്ഷിത ഓണ സമ്മാനമായി പടിഞ്ഞാറൻ ഓസ്‌ട്രേലിയ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവന്റെ ഓണാശംസകള്‍
‘ഇന്ത്യയില്‍ തന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന സംസ്ഥാനമായ കേരളത്തിന്റെ സംസ്‌കാരവും ഭാഷയും പാരമ്പര്യവും അതിനെ മറ്റുള്ളവരില്‍ നിന്നും അതുല്യമാക്കുന്നു. ഈ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വലിയ ആഘോഷമാണ് ഓണം. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളികള്‍ ഓണം സമൃദ്ധമായി ആഘോഷിക്കുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നു’ – മാര്‍ക്ക് മക്‌ഗൊവന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സാംസ്‌കാരിക വൈവിദ്യമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ മുഖമുദ്ര. അതില്‍ മലയാളികളുടെ സംഭാവന വളരെ വലുതാണ്. ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് മലയാളികള്‍ നമ്മുടെ സംസ്ഥാനത്തിന് നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് ആതുര സേവന രംഗത്ത് മലയാളികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സംസ്ഥാനത്തെ മഹാമാരിയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയ മലയാളി സമൂഹത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷനായ മാവായുടെ (മലയാളി അസോസിയേഷന്‍ ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ) കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും പ്രീമിയര്‍ പ്രശംസിച്ചു. മലയാളത്തില്‍ നന്ദിയും അര്‍പ്പിച്ചുകൊണ്ടാണ് മക്‌ഗൊവന്‍ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.
കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്സിന് അനുമതി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സിനാണ് അനുമതി ലഭിച്ചത്.
സൂചി രഹിത വാക്‌സിന്‍ മൂന്ന് ഡോസ് എടുക്കണം. ജെറ്റ് ഇന്‍ജെക്ടര്‍ ഉപയോഗിച്ചാണ് കുത്തിവയ്പ്. 66.66 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തി. മൂന്ന് ഡോസുള്ള വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയിരുന്നു.
സൈക്കോവ് ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ സൈഡസ് കാഡിലയ്ക്ക് വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. അവസാനഘട്ട പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്തിയാണ് സൈക്കോവ് ഡി കാണിച്ചത്. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്‌സിനാവും സൈക്കോവ് ഡി.
നിലവില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ്, മോഡേണ, സ്പുട്‌നിക് , ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി വാക്‌സിനുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
കാബൂള്‍ വിമാനത്താവളത്തിന് സമീപം 150 ഓളം ആളുകളെ താലിബാന്‍ തീവ്രവാദികള്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ഇന്ത്യാക്കാരാണ് കൂടുതലെന്നും പ്രാദേശികമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
വ്യോമസേനാ വിമാനം 85 ഇന്ത്യക്കാരുമായി കാബൂള്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. വിമാനത്താവളത്തിന് പുറത്ത് 280 ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരില്‍പ്പെട്ടവരെയാണ് തടഞ്ഞു വെച്ചതെന്നാണ് കരുതുന്നത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
ഇന്നലെ രാത്രി മുതല്‍ ഇവര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയയിരുന്നു. കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്.
മഹാമാരിയുടെ ഭീഷണി പൂർണമായും മാഞ്ഞുപോകാത്ത ഈ സാഹചര്യത്തിൽ കരുതലോടെ പൊന്നോണത്തെ വരവേറ്റ് മലയാളികൾ. ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷമാക്കുകയാണ്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളെ പൂർണമായും ഒഴിവാക്കി വീടകങ്ങളിലാണ് ഇക്കുറിയും ഓണം.
കോവിഡ് മഹാമാരിയ്ക്കിടയിലാണ് മലയാളികളുടെ ഓണാഘോഷം ഇത് രണ്ടാം തവണയാണ്. ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ് ഓണത്തിന്റെ പ്രത്യേകത. പക്ഷേ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടിനുള്ളിലേക്ക് ആഘോഷങ്ങളെ ചുരുക്കിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ പൂക്കളവും പുതുവസ്ത്രവും സദ്യയുമൊക്കെ ഒരുക്കി പുതിയ പ്രതീക്ഷയോടെ ഓണത്തെ ആഘോഷമാക്കുകയാണ്.
ആഘോഷപ്പൊലിമയില്‍ അല്പം കുറവുണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഓണത്തിന് അല്പംപോലും മങ്ങലേറ്റിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ഓണം മലയാളികളുടെ മനസ്സിലാണ്. മഹാമാരിയും മലയാളിയുടെ മനസ്സിനുമുന്നില്‍ തോറ്റുപോകും. കലാമത്സരങ്ങളും പൂക്കളമത്സരവുമൊന്നുമില്ലെങ്കിലും വീട്ടകങ്ങളില്‍ തിരുവോണനാളിന്റെ സന്തോഷവും സമൃദ്ധിയും നിറയുകയാണ്. എല്ലാ വായനക്കാർക്കും മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ഓണാശംസകൾ.
ബിജോ തോമസ് അടവിച്ചിറ
പ്രശസ്ത തെന്നിന്ത്യൻ താരം ചിത്ര അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം,തമിഴ്, തെലുങ്ക്,കന്നട ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.1965 ഫെബ്രുവരി 25ന് കൊച്ചിയിലായിരുന്ന് ജനനം.1983ൽ പുറത്തിറങ്ങിയ ‘ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി.അമരം,ഒരു വടക്കൻ വീരഗാഥ,ദേവാസുരം,പഞ്ചാഗ്നി, നാടോടി,അദ്വൈതം,അമ്മയാണെ സത്യം,ഏകലവ്യൻ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കുവൈറ്റ് അബ്ദലി റോഡിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. കുവൈറ്റ് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആണ് അപകട വിവരം വെളിപ്പെടുത്തിയത്.
അപകടം ഉണ്ടായതിനെക്കുറിച്ച് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ച ഉടനെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏർപ്പെട്ടതായി കെഎസ്എഫിന്റെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. രണ്ട് ബസുകളിലെയും എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും പരിക്കേറ്റവരെ ആംബുലൻസിലും എയർ ആംബുലൻസിലുമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ഫോർട്ട് കൊച്ചി സ്വദേശി ജോസഫ് സേവ്യർ (സ്റ്റാൻലി,60 വയസ് )വെളുത്തെപ്പള്ളിയാണ് മരിച്ച മലയാളി. അബ്ബാസിയായിൽ നേരത്തെ ക്രൗൺ ട്രാൻസ്പോർട്ട് എന്ന സ്ഥാപനം നടത്തിയിരുന്നു സ്റ്റാൻലി, ഇപ്പോൾ എക്സ്പോർട്ട് യുണൈറ്റെഡ് ജനറൽ ട്രേഡിങ്ങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടു ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിലാണ് ജോസഫ് സേവ്യർ മരണപ്പെട്ടത്.
പരേതൻ ഫോർട്ട് കൊച്ചി നസ്രത്ത് തിരു കുടുംബ ദേവാലായഗമാണ്. ഭാര്യ: ട്രീസാ ജോസഫ്, മക്കൾ: സ്റ്റീവ് ജോസഫ് (അൽ കരാം അൽ അറബി കാറ്ററിംഗ് കമ്പനി കുവൈറ്റ്), സ്റ്റെഫീന ജോസഫ്.
ജോസഫ് സേവ്യറിൻ്റെ നിര്യാണത്തിൽ കുവൈറ്റ് എറണാകുളം അസോസിയേഷൻ ഭാരവാഹികളായ ജിനോ എം.കെ, ജോമോൻ കോയിക്കര, ജോബി ഈരാളി എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എറണാകുളം അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്.