പെണ്‍കരുത്തിന്റെ പുതു ചരിത്രം കുറിച്ചാണ് ടോക്യോയില്‍ നിന്ന് മീരാബായി ചാനു നാട്ടിലേക്ക് മടങ്ങുന്നത്.
മണിപ്പൂര്‍ ഇംഫാലിലെ ഉള്‍ഗ്രാമങ്ങളിലൊന്നാണ് നോങ്പോക് കാക്ചിങ്. സഹോദരന്‍ വെട്ടി നല്‍കുന്ന വിറക് തോളില്‍ ചുമന്ന് നേടിയെടുത്ത കരുത്തിന്റെ ബലത്തില്‍ ആദ്യ ഒളിംപിക്സിനായി 2016 ല്‍ റിയോയിലേക്ക് പറന്ന ചാനുവിന് തിളങ്ങാനായില്ല. അവിടെ മെഡല്‍ പ്രതീക്ഷിച്ച ഇന്ത്യക്കും ചാനുവിനും നിരാശയോടെ മടങ്ങേണ്ടി വന്നു. മൂന്ന് സ്റ്റാനിച്ചിലും പ്രതീക്ഷയുടെ ഭാരം താങ്ങാനാവാതെ അവര്‍ കീഴടങ്ങി.
അഞ്ച് വര്‍ഷത്തിനിപ്പുറം രാജ്യത്തിന്റെ പ്രതീക്ഷകളെ തോളിലേറ്റി പെണ്‍കരുത്തിന്റെ പുതു ചരിത്രം കുറിച്ചാണ് ടോക്യോയില്‍ നിന്ന് മീരാബായി ചാനു നാട്ടിലേക്ക് മടങ്ങുന്നത്. ഒളിംപിക്സിന്റെ ചരിത്രത്തിലാദ്യമായി ഔദ്യോഗികമായ ഉദ്ഘാടനം നടന്നതിന് ശേഷമുള്ള ആദ്യദിനം ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടി.
2021 ഏഷ്യന്‍ വെയിറ്റ് ലിഫിറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 119 കിലോയില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ടോക്യോയില്‍ താന്‍ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷ മീരാബായി നല്‍കിയിരുന്നു. ടോക്യോയില്‍ ഭാരദ്വോഹനത്തില്‍ ഇന്ത്യക്കായി മീരാബായി ചാനു മാത്രമാണ് മത്സരിച്ചത്. ആ ഒരൊറ്റ താരത്തിലൂടെ ഭാരദ്വോഹനത്തില്‍ ഇന്ത്യ ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായി വെള്ളിയില്‍
മുത്തമിട്ടു.
ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് മീരാബായി ചാനു ടോക്യോയില്‍ വെള്ളി നേടിയത്. പത്തൊമ്പതാം വയസില്‍ 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് കായിക ലോകത്തിന്റെ ശ്രദ്ധയിലേക്ക് മീരാബായി ചാനുവിന്റെ കടന്നു വരവ്.
2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ നേടത്തിന് പിന്നാലെ പരിക്കിന്റെ പിടിയിലായി. 10 മാസത്തോടം മീരാബായി ചാനുവിന് മാറി നില്‍ക്കേണ്ടതായി വന്നു. 2019ല്‍ തിരിച്ചെത്തിയെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡലില്ലാതെ മടക്കം.
എന്നാല്‍ 2020ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 കിലോ വിഭാഗത്തില്‍ ലോക റെക്കോര്‍ഡും സൃഷ്ടിച്ച് വെങ്കലത്തോടെ ടോക്യോയിലേക്ക് ചാനു ടിക്കറ്റ് ഉറപ്പിച്ചു. നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്നി ഒളിംപിക്സിലായിരുന്നു ഇത്. വെങ്കല മെഡലാണ് കര്‍ണം മല്ലേശ്വരി നേടിയത്.
ടോക്യോയിൽ ആരംഭിച്ച ഒളിംപിക്‌സ് കായികമേളയിൽ മത്സരം തുടങ്ങും മുമ്പ് താരങ്ങളെ സമ്മർദ്ദത്തിലാക്കുന്ന പ്രസ്താവനയുമായി അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ഒളിംപിക്‌സിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിൽ മലയാളി അത്‌ലറ്റുകളായ കെ ടി ഇർഫാൻ, ശ്രീശങ്കർ എന്നിവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നാണ് എഎഫ്‌ഐ പ്രസിഡന്റ് അദിലെ ജെ സുമരിവാല പറഞ്ഞത്.
ഫെഡറേഷൻ കപ്പിൽ 8.26 മീറ്റർ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ശ്രീശങ്കർ ലോങ് ജമ്പിൽ ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. 2019 മാർച്ചിലാണ് നടത്ത മത്സരത്തിൽ ഇർഫാൻ യോഗ്യത നേടിയത്.
ബംഗളൂർ സായ് കേന്ദ്രത്തിൽ നടന്ന ഫിറ്റ്‌നെസ് പരിശോധനയുടെ അടിസ്ഥാനത്തിൽ ഇരുവരേയും ടോക്യോ ടീമിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദമുണ്ടായിരുന്നതായും എന്നാൽ ഇരുവരുടേയും പരിശീലകർ മികച്ച പ്രകടനം ഉറപ്പ് നൽകിയതിനാലാണ് ടീമിൽ ഉൾപ്പെടുത്തിയതെന്നും സുമരിവാല വിശദീകരിച്ചു.
ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്ന താരങ്ങൾക്കാണ് സായ് കേന്ദ്രത്തിൽ ഫിറ്റ്‌നെസ് പരിശോധന നടത്തിയത്. ഇതിൽ ഇർഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് പുറത്തെടുത്തത്.
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പേമാരിയിലും മണ്ണിടിച്ചിലിലും വലഞ്ഞ് മഹാരാഷ്ട്ര. മഴക്കെടുതികളിൽ ഇതുവരെ 129 പേർ മരിച്ചതായാണ് കണക്ക്. തുടർച്ചയായി പെയ്ത അതിതീവ്ര മഴയാണ് ദുരന്തത്തിന് കാരണമായത്. ഗ്രാമവാസികളായ ആയിരങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടിട്ടുണ്ട്.
പേമാരിയെ തുടർന്ന് മരങ്ങൾ കടപുഴകി വീണതോടെ ടെലിഫോൺ– വൈദ്യുതി ബന്ധങ്ങൾ നിലച്ചു. ഇതോടെ ദുരന്തം ഇരട്ടിയാകുകയായിരുന്നു. റായ്ഗഡിലും സത്താറയിലുമുണ്ടായ മണ്ണിടിച്ചിലിൽ 61 പേരും മുംബൈയിൽ കെട്ടിടം തകർന്ന് നാലു പേരും മരിച്ചു. ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ നിന്ന് ഹെലികോപ്റ്ററുകളിൽ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്.
ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ തളർത്തിയത്. വേദനകള്‍ക്ക് തൽക്കാലം ബൈ പറഞ്ഞ് നടി വീണ്ടും ക്യാമറയ്ക്ക് മുൻപിലേക്കെത്തുകയാണ്. ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ചിത്രവും മേഘ്ന പങ്കുവച്ചിട്ടുണ്ട്. മകൻ ചീരുവിിന് ഒമ്പത് മാസം പൂർത്തിയായി. അഭിനയരംഗത്ത് സജീവമാകാനുള്ള മേഘ്നയുടെ തീരുമാനത്തിനൊപ്പം നിൽക്കുകയാണ് സൂഹൃത്തുക്കളെല്ലാം. ചിത്രത്തിന് മേഘ്നയുടെ സുഹൃത്തും നടിയുമായ നസ്രിയ കമന്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
കൊവിഡ് ബാധിച്ച് 70 വിദേശ രാജ്യങ്ങളിലായി 3570 ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ലീഗ് എം പി പിവി അബ്ദുൽ വഹാബിന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിദേശകാര്യ മന്ത്രി ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 3280 പേർ മരിച്ചെന്ന് അദ്ദേഹം പുറത്തുവിട്ട് കണക്കുകള്‍ പറയുന്നു.
ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത് സൗദി അറേബ്യയിലാണ്. 1154 പേര്‍ ആണ് ഇവിടെ മരിച്ചത്. യു.എ.ഇയിൽ 894 ഇന്ത്യക്കാർ കൊവിഡ് ബാധിച്ച് മരിച്ചു.ഒമാനിൽ 384 പേരും, ബഹ്റൈനിൽ 196 പേരും, ഖത്തറിൽ 106 പേരും, കുവൈറ്റിൽ 546 പേരും കൊവിഡ് ബാധിച്ച് മരിച്ചു.
ഗൾഫ് കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് നൈജീരിയയിലാണ്. 36 പേര്‍ ആണ് ഇലിടെ കൊവിഡ് ബാധിച്ച് മരിച്ചത്. സുഡാനിൽ 26, മലേഷ്യ 21 ഉന്ത്യക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
22 രാജ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ മരണവും അമേരിക്ക അടക്കമുള്ള 13 രാജ്യങ്ങളിൽനിന്ന് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിലെ കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ട് ആണ് വിദേശകാര്യ മന്ത്രി പുറത്തുവിട്ടത്.
വാഹനാപകടത്തില്‍ മരിച്ച റമീസ് ഉപയോഗിച്ചത് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ബൈക്ക്. വ്യാഴാഴ്ചയാണ് റമീസിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്.
കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ റമീസ് അപകടത്തില്‍പ്പെട്ടത് ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റമീസിന്റെ വാഹനമിടിച്ചത് അര്‍ജുന്റെ തന്നെ കൂട്ടാളികളുടെ കാറുമായിട്ടാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ റമീസ് അമിത വേഗതയിലെത്തി കാറില്‍ ഇടിച്ചെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക മൊഴി. കാര്‍ തളാപ്പ് സ്വദേശി അശ്വിന്റെ ഉടമസ്ഥതയിലുള്ളതാണ്.
അശ്വിനും കുടുംബവുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. തനിക്ക് റമീസിനേയോ അര്‍ജുനേയോ പരിചയമില്ലെന്ന് അശ്വിന്‍ പറഞ്ഞു. രണ്ട് വാഹനങ്ങളും വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.
മാത്രമല്ല കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഹാജരാകാന്‍ കസ്റ്റംസ് റമീസിന് വ്യാഴാഴ്ച രേഖാമൂലം നോട്ടീസ് നല്‍കിയിരുന്നു.
രാമനാട്ടുകര വാഹനാപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയുടെ കാറില്‍ റമീസുമുണ്ടായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്.
ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ട്രാൻസ്‌വുമൺ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജുവിനേയും മരിച്ച നിലയിൽ കണ്ടെത്തി. അനന്യയുടെ സുഹൃത്തും പങ്കാളിയുമായ ജിജു ഗിരിജാ രാജിനെ കൊച്ചി പാലാരിവട്ടത്തെ സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണത്തോടെ ജിജു വലിയ മാനസിക വിഷമം നേരിട്ടിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. പോലീസിന്റെ പ്രാഥമിക നിഗമനത്തിലും മനോവിഷമമാണ് മരണത്തിന് കാരണമാണെന്നാണ് വിശദീകരിക്കുന്നത്.
കഴിഞ്ഞദിവസമാണ് അനന്യയെ കൊച്ചിയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിൽ കുരുക്ക് മുറുകിയുണ്ടായ പാട് ഒഴിച്ച് മറ്റ് പരിക്കുകൾ അനന്യയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിൽ വലിയ പിഴവുണ്ടായെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. രക്തസ്രാവമടക്കം വലിയതോതിൽ ശാരീരിക പ്രശ്‌നങ്ങൾ നേരിടുന്നതും വെളിപ്പെടുത്തിയിരുന്നു.
അതേസമയം അനന്യയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അനന്യയുടെ മൃതദേഹം പെരുമൺ മുണ്ടക്കൽ സെന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്‌കരിച്ചു.
മഹാരാഷ്ട്രയില്‍ ദുരിതം വിതച്ച് കനത്ത മഴ. പലയിടത്തും മണ്ണിച്ചിടിലും വെള്ളപ്പൊക്കവുമുണ്ടായി. റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കന് പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടു.
ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചാണ് റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്കെ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തുന്നത്. മുംബൈ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണിത്. കുടുങ്ങി കിടക്കുന്നവരോട് വീടിന്റെ മേല്‍ക്കൂരകളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും മാറിനില്‍ക്കാന്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നലെ മൂന്ന് മണ്ണിടിച്ചിലുകളിലായിട്ടാണ് 36 പേര്‍ മരിച്ചത്. ഒരിടത്ത് നിന്ന് തന്നെ 32 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മറ്റിടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തി. പ്രദേശിക ഭരണകൂടങ്ങളുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്ഥിതിഗതികള്‍ വിലയിരുത്തി.
തിരുവനന്തപുരം സ്വദേശികളായ യുവദമ്പതികളെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ ഓൾഡ് പോസ്റ്റ് ഓഫിസ് ലെയിൻ മൈത്രിയിൽ അജയകുമാർ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണു ലോവർപരേൽ ഭാരത് ടെക്സ്റ്റൈൽ മിൽ ടവറിലെ ഫ്ലാറ്റിൽ മരിച്ചത്. രണ്ടു തവണ കോവിഡ് ബാധിച്ച അജയകുമാറിന് കാഴ്ച മങ്ങുകയും സുജയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും െചയ്തതിനെത്തുടർന്ന് നിരാശരായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. അജയകുമാർ സോൻഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണു ജോലി ചെയ്തിരുന്നത്. മുംബൈ നായർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവരുടെ മൃതദേഹങ്ങള്‍ മുംബൈയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ 7.05 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തു എത്തിക്കും. സുജയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം നോര്‍ക്കയുടെ ആംബുലന്‍സില്‍ സ്വദേശമായ കാരക്കോണത്ത് എത്തിക്കും. അജയകുമാറിന്റെ മൃതദേഹം തിരുവനന്തപുരം നാലഞ്ചിറയിലേക്കു കൊണ്ടുപോകും.
ഓണത്തിനു മകനും മരുമകളും വരാൻ കാത്തിരുന്നപ്പോൾ എത്തിയ മരണവാർത്തയുടെ ഞെട്ടലിലാണ് അജയകുമാറിന്റെ കുടുംബം. ദിവസവും ചെയ്യുന്നതുപോലെ ചൊവ്വാഴ്ച രാത്രിയും വീട്ടിലേക്കു വിളിച്ച അജയകുമാർ അച്ഛൻ മധുസൂദനൻപിള്ളയും അമ്മയുമായി സംസാരിച്ചു.
ഓണത്തിനു നാട്ടിലെത്താൻ ടിക്കറ്റ് എടുക്കുന്ന കാര്യവും പറഞ്ഞു. എന്തെങ്കിലും വിഷമമുള്ളതിന്റെ ലാഞ്ചന പോലും ഇല്ലാതിരുന്ന ആ സംസാരത്തിനു പിന്നാലെയാണ് വലിയ ഞെട്ടലായി മരണവിവരമെത്തിയതെന്നു ബന്ധുക്കൾ പറയുന്നു. റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണു മധുസൂദനൻ പിള്ള.
വ്യവസായി അനിൽ അംബാനി, മുൻ സിബിഐ മേധാവി അലോക് വർമ തുടങ്ങിയവരുടെ നമ്പറുകളും പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ചോർത്തിയതായി റിപ്പോർട്ട്. അലോക് വർമ്മയെ രാത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഫോൺ നിരീക്ഷണത്തിലായതെന്നാണ് റിപ്പോർട്ട്. സിബിഐ മുൻ സെപ്ഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ഫോണും പെഗാസസ് പട്ടികയിലുണ്ട്. അലോക് വർമയുടെ കുടുംബാംഗങ്ങളുടെ നമ്പരും പട്ടികയിലുണ്ട്. കേന്ദ്ര സർക്കാരുമായുള്ള ഭിന്നതയെ തുടർന്നു 2018 ഒക്ടോബര്‍ 23നാണ് അലോക് വർമയെ സിബിഐ മേധാവി സ്ഥാനത്തുനിന്നു നീക്കിയത്.
റഫാൽ ഇടപാട് വിവാദമായ സമയത്താണ് അനിൽ അംബാനിയുടേയും റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി വെങ്കട്ട റാവു പോസിനയുടെ ഫോണും ചോര്‍ത്തിയത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്പനിയിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ടോണി യേശുദാസന്റെയും ഭാര്യയുടെയും നമ്പരുകളും പെഗസസ് പട്ടികയിലുണ്ടെന്നും ‘ദ് വയർ’ റിപ്പോർട്ടു ചെയ്യുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി എംപി, മുൻ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ, തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ അശോക് ലവാസ തുടങ്ങിയ പ്രമുഖരുടെ ഫോണും ചോർത്തിയതായി നേരത്തെ റിപ്പോർട്ടു പുറത്തുവന്നിരുന്നു.
‘വാഷിങ്ടൺ പോസ്റ്റ്’, ‘ദ് ഗാർഡിയൻ’, ഇന്ത്യയിലെ ഓൺലൈൻ മാധ്യമമായ ‘ദ് വയർ’ തുടങ്ങി 17 മാധ്യമങ്ങൾ ചേർന്നാണു ഫോൺ ചോർത്തൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത്. ഇവരുടെ നമ്പരുകൾ പെഗസസ് ഡേറ്റാബേസിലുള്ളത് ഫോൺ ചോർത്തപ്പെട്ടെന്നതിനു സ്ഥിരീകരണമല്ലെന്ന് അന്വേഷണസംഘം പറയുന്നു. എന്നാൽ ഇവരെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടെന്നാണു ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇസ്രയേൽ സൈബർ ഇന്റലിജൻസ് സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പിന്റേതാണു പെഗസസ് ചാര സോഫ്റ്റ്‍വെയർ.