India

അഹമ്മദാബാദ്: ഗുജറാത്തില്‍ ഐഎസുമായി ബന്ധമുള്ള മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. ഡോ. അഹ്‌മദ് മുഹിയദ്ദീന്‍ സെയ്ദ്, മുഹമ്മദ് സുഹൈല്‍, എസ്. ആസാദ് എന്നീ പേരുകളുള്ള പ്രതികളെ കഴിഞ്ഞ ഒരുവര്‍ഷമായി എടിഎസ് നിരീക്ഷിച്ചുവരികയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും എടിഎസ് വ്യക്തമാക്കി.

ആയുധങ്ങള്‍ കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഗുജറാത്തിലെത്തിയത് ആയുധ കൈമാറ്റത്തിനായിരുന്നെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ വ്യത്യസ്ത ഭീകരസംഘങ്ങളിലെ അംഗങ്ങളാണെന്നും ഇവര്‍ ചേര്‍ന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അറസ്റ്റിലായ മൂന്നുപേരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് എടിഎസ് അറിയിച്ചു. ആക്രമണ ലക്ഷ്യസ്ഥലങ്ങളും വിദേശ ബന്ധങ്ങളും കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നുമാണ് അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഗുജറാത്ത് എടിഎസ് അല്‍ഖ്വയ്ദ ബന്ധമുള്ള അഞ്ചുപേരെയും പിടികൂടിയിരുന്നു.

തിരുവനന്തപുരം ∙ എന്‍ഡിഎ മുന്നണിയില്‍ ഭിന്നത ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനവുമായി ബിഡിജെഎസ് രംഗത്തുവന്നു. മുന്നണി ധാരണകളില്‍ ബിജെപി മര്യാദ പാലിച്ചില്ലെന്നാരോപിച്ചാണ് ബിഡിജെഎസിന്റെ ആരോപണം . നാളെ 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് അറിയിച്ചു.

അതേസമയം, ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. 67 പേരെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, പാളയത്തില്‍ മുന്‍ കായികതാരവും സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസ്, കൊടുങ്ങന്നൂരില്‍ വി വി രാജേഷ് എന്നിവര്‍ സ്ഥാനാര്‍ഥികളാകും.

‘ഭരിക്കാന്‍ ഒരു അവസരം തരുക’ എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി പ്രചാരണം ആരംഭിച്ചത്. അഴിമതി രഹിതമായ അനന്തപുരി സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ ഇന്ത്യയിലെ മികച്ച നഗരമാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാപ്പനംകോട് മുതൽ ഈഞ്ചയ്ക്കൽ വരെ നഗരം ചുറ്റി മെട്രോ വരുന്നതോടെ തലസ്ഥാനത്തിന്റെ മുഖം മാറും. ലൈറ്റ്‌മെട്രോ, മോണോറെയിൽ, മെട്രോനിയോ എന്നിങ്ങനെ മുൻ പദ്ധതികൾ ഉപേക്ഷിച്ച് കൊച്ചിയിലെപ്പോലെ മീഡിയം മെട്രോയാണ് തിരുവനന്തപുരത്തും നിശ്ചയിച്ചിരിക്കുന്നത്. ഭാവിയിൽ ആറ്റിങ്ങൽ വരെയും നെയ്യാറ്റിൻകര വരെയും നീട്ടാവുന്ന തരത്തിലുള്ള അലൈൻമെന്റാണിത്. 31കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോപാതയിൽ 27സ്റ്റേഷനുകളുണ്ട്. 25സ്റ്റേഷനുകളുള്ള കൊച്ചിയേക്കാൾ വലിയ മെട്രോയാണ്

തിരുവനന്തപുരത്ത് വരുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും കോച്ചുകളുമാവും ഇവിടെ വരിക. മെട്രോയുടെ അലൈൻമെന്റ് മാത്രമാണ് ഇപ്പോൾ നിശ്ചയിച്ചത്. തൂണുകൾക്ക് മുകളിലുള്ള എലിവേറ്റഡ് പാതയും ഭൂഗർഭ പാതയും പരിഗണനയിലാണ്. ചെലവേറുമെന്നതാണ് ഭൂഗർഭപാതയ്ക്കുള്ള ദോഷം. ദേശീയപാതയുടെ മദ്ധ്യഭാഗത്ത് വലിയ തൂണുകളുണ്ടാക്കി അതിനു മുകളിലായിരിക്കും മെട്രോയ്ക്കുള്ള ട്രാക്ക് സ്ഥാപിക്കുക. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തിയാവണം അലൈൻമെന്റെന്ന കേന്ദ്ര നിർദ്ദേശത്തെ പരിഗണിച്ച് തമ്പാനൂർ, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾക്കും വിമാനത്താവളത്തിനും സമീപത്തുകൂടിയാണ് അലൈൻമെന്റ്. തമ്പാനൂർ ബസ് സ്റ്റാൻഡ്, ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ,മെഡിക്കൽ കോളേജ് എന്നിവയെ ബന്ധിപ്പിച്ചുള്ള റൂട്ടായതിനാൽ മെട്രോ സർവീസ് ലാഭകരമാകും.

മൂന്ന് മാസത്തിനകം വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) കൊച്ചി മെട്രോ തയാറാക്കും. ഏറ്റെടുക്കേണ്ട ഭൂമി, പുനരധിവാസ മാർഗ്ഗങ്ങൾ, ഏതു തരത്തിലുള്ള പാതയും കോച്ചും,പൂർത്തിയാവുന്ന സമയം,ചെലവ് എന്നിങ്ങനെ വിവരങ്ങൾ ഡി.പി.ആറിലുണ്ടാവും. ഇത് സർക്കാർ അംഗീകരിച്ച് കേന്ദ്രത്തിന് അയയ്ക്കും. കേന്ദ്രാനുമതി ലഭിച്ചാലേ പദ്ധതിയുടെ ടെൻഡർ തുടങ്ങു. സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ളതാണ് കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയം.അതിനാൽ ടിക്കറ്റ് വിതരണം,എലിവേറ്റർ,ലിഫ്റ്റ് എന്നിവയിലടക്കം സ്വകാര്യനിക്ഷേപം വേണ്ടിവരും.

സ്ഥലമെടുപ്പ് പൂർത്തിയായാൽ 3വർഷംകൊണ്ട് മെട്രോ നിർമ്മിക്കാം. കിലോമീറ്ററിന് 250കോടിയാണ് ചെലവ്. ഇതുപ്രകാരം 8000കോടിയിലേറെ ചെലവുണ്ടാവും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 20ശതമാനം വീതം വിഹിതം നൽകും. ശേഷിച്ച 60ശതമാനം വായ്പയെടുക്കും. എല്ലാ സ്റ്റേഷനുകളിലും പാർക്കിഗും വിപുലമായ ഫീഡർ സർവീസ് സംവിധാനങ്ങളും ഏർപ്പെടുത്തും.

”മൂന്നു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാവും. അതിനുള്ള ആധുനിക സാങ്കേതികവിദ്യകളുണ്ട്. അതിനു മുമ്പ് കേന്ദ്രത്തിന്റേതടക്കം നിരവധി അനുമതികൾ നേടിയെടുക്കേണ്ടതുണ്ട്”

വിവാഹത്തര്‍ക്കങ്ങള്‍ മൂലമുള്ള കേസുകള്‍ സംസ്ഥാനത്തെ കുടുംബ കോടതികളില്‍ പെരുകുന്നു. സംസ്ഥാനത്തെ 39,067 ദമ്പതികള്‍ വേര്‍പിരിയാന്‍ കാത്തിരിക്കുകയാണ്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്‌ ആറ് മാസത്തിനുള്ളില്‍ കുടുംബ കോടതികളില്‍ 25,856 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

വേര്‍പിരിയാന്‍ തയ്യാറായി കോടതിയില്‍ എത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവരില്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലും ഒരുമിച്ച്‌ താമസിക്കാത്ത ദമ്പതികളുടെ എണ്ണം ഗണ്യമായി കൂടുതലാണ്.

തിരുവനന്തപുരം കോടതിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (ആറ് മാസത്തിനുള്ളില്‍) ഫയല്‍ ചെയ്തത്. 3,307 കേസുകള്‍. 2020 ല്‍ കോടതികളില്‍ 18,886 കേസുകള്‍ ഫയല്‍ ചെയ്തപ്പോള്‍ ഈ വര്‍ഷത്തെ ആദ്യ ആറ് മാസാവസാനത്തോടെ പുതിയ കേസുകളുടെ എണ്ണം 25,856 ആയി.

കോടതികള്‍ മുന്‍കൈയെടുത്ത് ചര്‍ച്ച ചെയ്ത് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അത്തരം ശ്രമങ്ങളില്‍ അഞ്ച് ശതമാനം പോലും വിജയിക്കുന്നില്ല. അവരില്‍ ഭൂരിഭാഗവും കോടതികളില്‍ എത്തുന്നത് വഴിപിരിയാന്‍ ദൃഢനിശ്ചയത്തോടെയും തിരുത്താന്‍ കഴിയാത്തവരുമായാണ്.

അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമ്പോ ഴാണ് കേസുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്ത് 35 കുടുംബ കോടതികളും രണ്ട് അധിക കുടുംബ കോടതികളുമുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഹൃദ്രോ​ഗിയായ വേണു മരിച്ച സംഭവത്തിൽ രൂ​ക്ഷവിമർശനവുമായി ഡ‍ോക്ടർ ഹാരിസ് ചിറയ്ക്കൽ. വേണുവിനെ തറയിൽ കിട‌ത്തിയ ന‌ടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോ​ഗിയെ കിടത്തുന്നതെന്ന് ഡോക്ടർ ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കി‌ടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു. വേണുവിന്‍റെ മരണം നിര്‍ഭാഗ്യകരമെന്നും ഡോക്ടര്‍ ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 1986 ലെ അവസ്ഥ തന്നെയാണ് ഇപ്പോഴും. എണ്ണം തികയ്ക്കാൻ ഡോക്ടര്‍മാരെ അടിക്കടി മാറ്റുന്നു. അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേ സമയം, വേണുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം തള്ളി ചികിത്സ രേഖ പുറത്തുവന്നിരുന്നു. വേണുവിന്റെ ക്രിയാറ്റിൻ നിലയിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന ആശുപത്രി അധികൃതരുടെ വാദമാണ് പൊളിഞ്ഞത്. ക്രിയാറ്റിൻ അളവിൽ പ്രശ്നമില്ലെന്ന് രക്ത പരിശോധനയിൽ വ്യക്തമാണ്. വേണുവിന്റെ ആരോഗ്യസ്ഥിതി വിശദീരിക്കാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ഭാര്യ സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വേണുവിന്റെ മരണത്തിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞതാണിത്. എന്നാൽ ചികിത്സ രേഖകൾ തെളിയിക്കുന്നത് ഈ വാദം തെറ്റെന്ന്. 0.7 മുതൽ 1.4 മില്ലിഗ്രാം പെർ ഡെസിലിറ്റർ ആണ് സാധാരണ വേണ്ട ക്രിയാറ്റിൻ നില. രണ്ടാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ വേണുവിന്റെ രക്ത പരിശോധന നടത്തിയിരുന്നു. 1.55 മില്ലിഗ്രാം പെർ ഡെസിലിറ്റർ ആയിരുന്നു ക്രിയാറ്റിൻ നില.

നേരിയ കൂടുതൽ. ഇത് ആൻജിയോഗ്രാമിന് തടസ്സമല്ലെന്നാണ് ഹൃദ്രോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ക്രിയാറ്റിൻ നിലയിൽ പ്രശ്നമുണ്ടെന്നോ ആൻജിയോഗ്രാം ചെയ്യാൻ മറ്റെന്തങ്കിലും തടസ്സമുണ്ടെന്നോ രോഗിയോടോ ബന്ധുക്കളോടോ ആശുപത്രി അധികൃതർ പറഞ്ഞതുമില്ല. വേണുവിന്റെ മരണത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യമന്ത്രിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ.

ചെന്നൈയിൽ 10-ാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അങ്കണവാടി ജീവനക്കാരിയായ ലളിതയ്‌ക്ക് 54 വർഷത്തെ തടവുശിക്ഷയാണ് തിരുച്ചിറപ്പള്ളിയിലെ മഹിളാ കോടതി വിധിച്ചത്. ബാലന് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാരിനെ കോടതി നിർദേശിച്ചു.

2021-ൽ തിരുവാരൂരിലെ എളവഞ്ചേരിയിലാണ് സംഭവം നടന്നത്. അങ്കണവാടിയിൽ പാചകക്കാരിയായ ലളിത പ്രദേശത്തെ ബാലനുമായി അടുപ്പത്തിലായതിനെ തുടർന്ന്, ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ ബാലനെ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെനിന്ന് കാണാതായ ബാലനെ പൊലീസ് അന്വേഷണത്തിൽ വേളാങ്കണ്ണിയിൽ നിന്ന് കണ്ടെത്തിയപ്പോഴാണ് ലളിതയെയും ബാലനെയും വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായി സ്ഥിരീകരിച്ചത്.

പ്രായപൂർത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതിനും കീഴ്‌വഴക്ക ലംഘനങ്ങൾക്കും ലളിതയ്‌ക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി. വിചാരണയിൽ രണ്ട് പോക്സോ വകുപ്പുകൾ പ്രകാരം 20 വർഷം വീതവും, തട്ടിക്കൊണ്ടുപോയ കുറ്റം ഉൾപ്പെടെ വിവിധ വകുപ്പുകളിൽ 14 വർഷവും തടവ് വിധിച്ചു, ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കണമെന്നാണ് കോടതി ഉത്തരവ്.

ചിറക്കര ∙ വിജയോത്സവം 2025 എന്ന പേരിൽ ചിറക്കര ഗ്രാമപഞ്ചായത്ത് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ഈ മാസം 5-ാം തീയതി ഉച്ചയ്ക്ക് ശേഷം കാവേരി പാർക്കിലെ ആഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ബഹു. എം.പി. എൻ. കെ. പ്രേമചന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു.

വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ പേര് നേടിയവർ, ഹരിത കർമ്മസേന അംഗങ്ങൾ, അങ്കണവാടി അധ്യാപകർ തുടങ്ങി നിരവധി പേർക്ക് ചടങ്ങിൽ ആദരവ് ലഭിച്ചു. സമൂഹത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവരെ പ്രത്യേകം പരാമർശിച്ചുകൊണ്ടായിരുന്നു ആദരവു ചടങ്ങ്.

ചടങ്ങിൽ ആദരിക്കപ്പെട്ടവരിൽ മഹാകവി സി. കേശവപിള്ളയുടെ പൗത്രനും കവിയുമായ ശ്രീ അരുൾ എൻ.എസ്. ദേവ്, കവയിത്രി പത്മ, മലയാളം യുകെ ഡോട്ട് കോമിലെ എഴുത്തുകാരിയും ഐ.എച്ച്.ആർ.ഡി മുട്ടട റീജിയണൽ സെൻറർ മേധാവിയുമായ ഡോ. ഐഷ വി. എന്നിവരും ഉൾപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയിലെ അംഗങ്ങളും പ്രാദേശിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പഞ്ചാത്ത് അംഗങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുശീലാദേവി , വിവിധ മേഖലകളിലെ പൗര പ്രമുഖർ എന്നിവർ ആശംസകൾ അറിയിച്ചു.

ന്യൂഡൽഹി ∙ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിർണായക ഉത്തരവിറക്കി . പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും അതിനായി എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് സെക്രട്ടറിമാർ ഈ ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോ എന്നത് ഉറപ്പാക്കണമെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ആശുപത്രികൾ തുടങ്ങിയ പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ നീക്കം ചെയ്യാൻ ആവശ്യമായ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കോടതി പറഞ്ഞു. പ്രത്യേകിച്ച് സ്കൂളുകളുടെ പരിസരങ്ങളിൽ ദിവസേന പരിശോധന നടത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

പിടികൂടുന്ന തെരുവുനായകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധീകരിക്കണമെന്നും, പിടിച്ചിടത്തുതന്നെ വീണ്ടും തുറന്നു വിടരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. നായകളും കന്നുകാലികളും ദേശീയപാതകളിലും പ്രധാന റോഡുകളിലും നിന്ന് നീക്കം ചെയ്യേണ്ടതുണ്ടെന്നും അതിനായി സംസ്ഥാന സർക്കാരുകളും ദേശീയപാത അതോറിറ്റിയും നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഉത്തരവിന്മേൽ വീഴ്ച സംഭവിച്ചാൽ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായിരിക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം ∙ സർക്കാർ അവഗണനയ്‌ക്കെതിരെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നവംബർ 13-ന് സമ്പൂർണ്ണ പണിമുടക്ക് നടത്തുമെന്ന് അറിയിച്ചു. അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിലും നിന്ന് ഡോക്ടർമാർ പിന്മാറും. സമാധാനപരമായ സമരങ്ങൾ നടത്തി വന്നിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിക്കാതിരുന്നതിനെതിരെ സംഘടന കഠിനമായ പ്രതിഷേധം രേഖപ്പെടുത്തി.

സമാധാനപരമായി സമരം തുടർന്നിട്ടും സർക്കാർ സമീപനത്തിൽ മാറ്റമുണ്ടായില്ലെന്ന് കെ.ജി.എം.സി.ടി.എ ആരോപിച്ചു. ജനാധിപത്യ മര്യാദകൾ ലംഘിച്ച് അവഹേളനപരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും ഇത് മെഡിക്കൽ കോളേജ് ഡോക്ടർമാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും സംഘടന വ്യക്തമാക്കി. രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെയാണ് സമരം മുന്നോട്ട് കൊണ്ടുപോയതെന്നും, എന്നാൽ സർക്കാരിന്റെ അവഗണന തുടരുന്നതിനാൽ ഒ.പി. ബഹിഷ്‌കരണത്തിലേക്ക് കടക്കേണ്ടി വന്നതാണെന്നും അവർ പറഞ്ഞു.

മൂന്ന് ദിവസങ്ങളിലായി നടത്തിയ ഒ.പി. ബഹിഷ്‌കരണ സമയത്ത് രോഗികൾക്ക് താൽക്കാലിക ചികിത്സ മാത്രമേ ലഭ്യമായിരുന്നുവെന്നും പ്രശ്നപരിഹാരത്തിനോ സമരത്തിനോടുള്ള ഇടപെടലിനോ സർക്കാർ മുന്നോട്ട് വന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. സമരം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്ന് കെ.ജി.എം.സി.ടി.എ വ്യക്തമാക്കി.

മമ്മൂട്ടി അഭിനയിച്ച ‘ഭ്രമയുഗം’ അന്താരാഷ്ട്ര തലത്തിലേക്ക് വലിയ ചുവടുവെക്കുകയാണ്. ലോസ് ഏഞ്ചൽസിലെ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ മലയാള സിനിമ. 2026 ഫെബ്രുവരി 12-നാണ് പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.

അക്കാദമി മ്യൂസിയത്തിലെ “Where the Forest Meets the Sea” എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏക ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ‘ഭ്രമയുഗത്തിന്’ സ്വന്തമായി. കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളിൽ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്ത ഈ ചിത്രം, പ്രേക്ഷകരുടെയും വിമർശകരുടെയും അഭിനന്ദനം നേടിയിരുന്നു.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി.യാണ് നിർമ്മിച്ചത്. മമ്മൂട്ടിയുടെ ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രം മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കേരളത്തിനും ഇന്ത്യൻ സിനിമയ്ക്കും അഭിമാനമായി ‘ഭ്രമയുഗം’ ലോക സിനിമാ മാപ്പിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.

RECENT POSTS
Copyright © . All rights reserved