സംസ്ഥാനത്ത് നാല്പത്തഞ്ചിനു താഴെ പ്രായമുളളവരുടെ വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കും.
വാക്സീന്‍ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിനായി സര്‍ക്കാര്‍ വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സീന്‍ ഇന്ന് എറണാകുളത്തെത്തും.
ആദ്യഘട്ടത്തില്‍ രോഗികള്‍ക്കും സമൂഹവുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും വാക്സിന്‍ വിതരണം ചെയ്യും.
സീറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സീന്റെ മൂന്നര ലക്ഷം ഡോസാണ് ഇന്നുച്ചയ്ക്ക് 12 മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തുന്നത്.
തുടര്‍ന്ന് മററ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. 18 നും നാല്പത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ കുത്തിവയ്പിന് ഈ വാക്സീന്‍ ഉപയോഗിക്കും.
കോവിഡ് ബാധിച്ച് ഞായറഴ്ച ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച രാഹുൽ വോഹ്ര മരിക്കും മുൻപ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇപ്രകാരമായിരുന്നു, “എനിക്ക് നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഞാൻ ജീവിച്ചേനെ”. പോസ്റ്റിൽ പ്രധാനമന്ത്രിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും 35 വയസ്സുകാരൻ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അപേക്ഷ ഫലം കാണാതെ രാഹുൽ മരിച്ചു.
രാഹുൽ വോഹ്ര യൂട്യൂബറും നാടക കലാകാരനുമായിരുന്നു. ഡൽഹിയിലെ പ്രമുഖ നാടക സംഘമായ അസ്മിതയിലാണ് രാഹുൽ പ്രവർത്തിച്ചിരുന്നത്. 2006ലാണ് രാഹുൽ അസ്മിതയിൽ അംഗമാകുന്നത്. അസ്മിതയിൽ അംഗമായി അടുത്ത ആറ് വർഷത്തിനുള്ളിൽ തന്നെ മികച്ച കലാകാരനായി പേരെടുത്ത ആളായിരുന്നു രാഹുൽ. രാഹുൽ വളരെയധികം ഉന്മേഷവാനായ എന്ത് ജോലിയും ചെയ്യുന്ന കലാകാരനായിരുന്നുവെന്ന് അസ്മിതയുടെ ഡയറക്ടർ അരവിന്ദ് ഗൗർ ഫെയ്സ്ബുക്കിൽ കുറിച്ചു.
” രാഹുൽ വോഹ്ര മരിച്ചു. എന്റെ പ്രഗൽഭനായ കലാകാരൻ ഇനിയില്ല. ഇന്നലെയാണ് തനിക്ക് നല്ല ചികിത്സ കിട്ടിയാൽ താൻ രക്ഷപ്പെടുമെന്ന് രാഹുൽ എന്നോട് പറഞ്ഞത്. ദ്വാരകയിലേക്ക് ഇന്നലെ വൈകുന്നേരം മാറ്റിയെങ്കിലും രക്ഷപ്പെടുത്താൻ ആയില്ല. ഞങ്ങളോട് ക്ഷമിക്കൂ, ഞങ്ങൾ എല്ലാം കുറ്റക്കാരാണ്” ഗൗർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
രാഹുലിന് ഫെയ്സ്ബുക്കിൽ രണ്ടു മില്യൻ ഫോളോവേഴ്‌സാണുള്ളത്. യൂട്യൂബിൽ ആയിരത്തിലേറെ ആരാധകരും രാഹുലിനുണ്ട്. ആദ്യത്തെ ലോക്ക്ഡൗൺ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് രാഹുൽ ചെയ്ത വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ ലെവൽ വല്ലാതെ താഴ്ന്നപ്പോൾ പ്രതീക്ഷ നഷ്ടപെട്ട രാഹുൽ “ഞാൻ ഒന്നുകൂടെ ജനിച്ച് നന്നായി പ്രവർത്തിക്കും, ഇപ്പോൾ എനിക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു” എന്ന് കുറിച്ചിരുന്നു.
സ്ഥാനാർഥിനിർണയത്തിലെ തർക്കത്തെത്തുടർന്ന് പാർട്ടിയെ പിളർത്തി മാണി സി.കാപ്പൻ പാലായിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചശേഷവും എൻസിപിയിലെ പ്രതിസന്ധി അവസാനിക്കുന്നില്ല. ചില മുതിർന്ന നേതാക്കൾക്ക് ഇപ്പോഴും മാണി സി. കാപ്പനോടാണ് അടുപ്പം എന്നതാണ് അലോസരത്തിന് ഇടയാക്കുന്നത്. ഇതേത്തുടർന്നാണ് എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗവും സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്റെ നേതൃത്വത്തിലുള്ള വിഭാഗവും തുറന്ന പോരിലേക്കെത്തിയത്.
പാലായിൽ മാണി സി. കാപ്പൻ നേടിയ വിജയത്തെക്കുറിച്ച് ഇടതുമുന്നണി ആത്മപരിശോധന നടത്തണമെന്ന നിലയിൽ ടി.പി. പീതാംബരൻ നടത്തിയ പ്രതികരണമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പാർട്ടിയിൽനിന്ന് വിട്ടുപോയ മാണി സി.കാപ്പനുവേണ്ടി ടി.പി. പീതാംബരൻ നടത്തിയ നീക്കം പാർട്ടിവിരുദ്ധമാണെന്ന് പരസ്യപ്രസ്താവനയിറക്കിയാണ് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാക്ക് മൗലവി ഇതിനെ പ്രതിരോധിച്ചത്. ഇതോടെ പ്രസിഡന്റിനെതിരേ പരസ്യപ്രസ്താവന നടത്തിയ ജനറൽ സെക്രട്ടറിക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ. വൈസ് പ്രസിഡന്റ് പി.കെ. രാജൻ, മറ്റൊരു ജനറൽസെക്രട്ടറി ജയൻ പുത്തൻ പുരയ്ക്കൽ തുടങ്ങിയവരും ടി.പി. പീതാംബരനെതിരേ അണിനിരന്നിട്ടുണ്ട്.
എൻസിപിയുടെ ഏക മന്ത്രി എ.കെ.ശശീന്ദ്രൻ പരസ്യമായി പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെങ്കിലും ജില്ലാ കമ്മിറ്റികളെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം പുതിയ മന്ത്രിസഭയിൽ ആരാകും എൻസിപി മന്ത്രിയെന്നതു സംബന്ധിച്ചും തീരുമാനമായിട്ടില്ല. എലത്തൂരിൽനിന്നു വിജയിച്ച എ.കെ. ശശീന്ദ്രനും കുട്ടനാടിൽനിന്നു വിജയിച്ച തോമസ് കെ. തോമസുമാണ് പാർട്ടിയുടെ രണ്ട് എംഎൽഎമാർ. മന്ത്രിപദവിക്കുള്ള അവകാശവാദം തോമസ് കെ.തോമസ് ഇതിനകം ഉന്നയിച്ചു കഴിഞ്ഞു. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്.
പാർട്ടിയിലെ സീനിയോറിറ്റിയും മന്ത്രിയെന്ന നിലയിലുള്ള അനുഭവപരിചയവുമാണ് ശശീന്ദ്രന്റെ തുരുപ്പുചീട്ട്. പാർട്ടിയെ ഇടതുമുന്നണിയിൽ ഉറപ്പിച്ചുനിർത്തുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചനിലയിൽ ഇടതുമുന്നണിയിൽനിന്നുള്ള പിന്തുണയും ശശീന്ദ്രൻ പ്രതീക്ഷിക്കുന്നു.
പാർട്ടിവിട്ട് പുറത്തുപോയെങ്കിലും തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു തൊട്ടടുത്ത ദിവസം മാണി സി. കാപ്പൻ മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരദ്പവാറിനെ സന്ദർശിച്ചതാണ് മറ്റൊരു കൗതുകകരമായ നീക്കം.
പവാറിന്റെ മകളും എൻസിപി പാർലമെന്ററി പാർട്ടി നേതാവുമായ സുപ്രിയ സുലേയോടൊപ്പമുള്ള ചിത്രം പുറത്തുവിടുകയും ചെയ്തു. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരന്റെ ആശീർവാദത്തോടെയാണ് കൂടിക്കാഴ്ച നടന്നതെന്നാണ് എതിർചേരിയിലുള്ളവരുടെ വാദം. മാണി സി. കാപ്പൻ എൻസിപിയിലേക്ക് തിരിച്ചെത്തുമെന്നും ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ മന്ത്രിസ്ഥാനം നേടിയെടുക്കുമെന്നും ഇവർ ഭയപ്പെടുന്നു.
ഒന്നേകാൽ വയസുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ആല കോണത്തേത്ത് രാജേഷ് – ശില്പ ദമ്പതികളുടെ ഇരട്ട പെൺമക്കളിൽ ഒരാളായ അരുണിമ (ഒന്നേകാൽ വയസ്) ആണ് പനിയെത്തുടർന്നു ശനിയാഴ്ച രാവിലെ മരിച്ചത്. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.
അമ്മ ശില്പയുടെ ചെറിയനാട്ടെ വീട്ടിൽവച്ചാണ് അരുണിമ ചികിത്സയിലായത്. ഇരട്ട സഹോദരി അനഘ മതാപിതാക്കളോടൊപ്പം വീട്ടിലുണ്ട്. കുടുംബാംഗങ്ങളുടെ സ്രവ പരിശോധന ഇന്ന് നടത്തും.കുട്ടിയുടെ സംസ്കാരം ചെറിയനാട് പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി.
ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം ശക്തമാകുന്നു. ഡൽഹി സരോജ ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇവിടുത്തെ സീനിയർ സർജൻ എം.കെ. റാവത്ത് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
12 ഡോക്ടർമാർ രോഗംമൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗവ്യാപനം കൂടുന്നത് ഡൽഹിയിലെ സ്ഥിതി ആശങ്കയുളവാക്കുന്നതാണ്.
ഇന്ന് രാവിലെ ആശുപത്രിയിൽ ഡ്യൂട്ടിക്ക് വരികയായിരുന്ന നഴ്സിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. വാരണം കണ്ടത്തിൽ അനു തോമസ് (32) ആണ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ച് മരണമടഞ്ഞത്. അനു തോമസിൻെറ ഭർത്താവ് വിദേശത്താണ്. മകൻ എലൻ.
നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് രാവിലെ ജോലിക്ക് വരികയായിരുന്നു. മാടവന ജംഗ്ഷനിൽ വച്ച് സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് സ്കൂട്ടർ മുന്നോട്ടെടുത്തപ്പോൾ അതിവേഗത്തിൽ വരികയായിരുന്ന ലോറിഇടിച്ചിടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അനു തോമസിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കൊവിഡ് ചികിത്സയ്ക്ക് ചെലവായ നാലരലക്ഷം രൂപ പൂര്‍ണ്ണമായി അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവെച്ച് കട്ടാക്കടയിലെ സ്വകാര്യ ആശുപത്രി, സംഭവത്തില്‍ ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
കോവിഡ് ചികിത്സയ്ക്കിടെ മരിച്ച കരമന കൊല്ലവിളാകത്തുവീട്ടില്‍ എം.ഷാജഹാന്റെ മൃതദേഹമാണ് വിട്ടുകൊടുക്കണമെങ്കില്‍ ബന്ധുക്കള്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല.
മരണപ്പെട്ടയാളുടെ ചികിത്സച്ചെലവുകള്‍ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കള്‍ക്ക് അധികൃതര്‍ കൃത്യമായ ധാരണ നല്‍കിയിരുന്നില്ലെന്നും ഇതിനിടെ ആരോപണം ഉയര്‍ന്നു. മൃതദേഹം വിട്ടുകൊടുക്കാന്‍ രണ്ടുദിവസം വൈകിയതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍ കരമന അജിത്ത് അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടു. തുടര്‍ന്ന് ഷാജഹാന്റെ സഹോദരന്‍ നിസാര്‍ ഡിഎംഒക്കു പരാതി നല്‍കിയതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ശേഷമാണ് ആശുപത്രിക്ക് നോട്ടീസ് അയച്ചത്.
കോവിഡ് അതിതീവ്രമായി പടരുന്ന രാജ്യത്ത് വാക്‌സിനേഷൻ കാരണം രോഗത്തെ കീഴ്‌പ്പെടുത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ സൗമ്യാ സ്വാമിനാഥൻ. ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്‌സിൻ നൽകുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും അവർ പറഞ്ഞു.
ജനിതകമാറ്റംവന്ന ഈ വൈറസിന്റെ വ്യാപനം വേഗത്തിലാക്കിയ പലഘടകങ്ങളുണ്ട്. കോവിഡിനെതിരായ പ്രതിരോധത്തിൽ ഇന്ത്യ അലംഭാവം കാണിച്ചു. ആളുകൾ അടുത്തിടപെടാൻ ഇടയാകുന്ന വലിയ കൂട്ടായ്മകൾ നടന്നു. കോവിഡ്കാലം കഴിഞ്ഞെന്നുകരുതി പലരം മാസ്‌കിടുന്നതും മറ്റ് സുരക്ഷാനടപടികൾ സ്വീകരിക്കുന്നതും കുറച്ചു. അപ്പോൾ വൈറസ് നിശ്ശബ്ദമായി പടരുകയായിരുന്നുവെന്നും അന്നൊന്നും രാജ്യം ജാഗ്രത കാണിച്ചില്ലെന്നും സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാട്ടി.
ഒക്ടോബറിലാണ് ഇരട്ട ജനതികമാറ്റംവന്ന ബി.1.167 വകഭേദം ഇന്ത്യയിൽ കണ്ടെത്തിയത്. വാക്‌സിനെടുത്തതു വഴിയോ ഒരിക്കൽ കോവിഡ് ബാധയുണ്ടായതുവഴിയോ ശരീരത്തിലുള്ള ആന്റിബോഡികളെ മറികടക്കാൻ ജനിതകമാറ്റം ഈ വകഭേദത്തെ സഹായിച്ചിട്ടുണ്ടാകുമെന്നും സൗമ്യ പറഞ്ഞു.
സാവധാനം കൂടിവരുന്ന പകർച്ചവ്യാധിയാണിത്. കുത്തനെ കൂടുംവരെ ഈ പ്രാരംഭസൂചനകൾ ശ്രദ്ധിച്ചില്ല. ഈ സമയത്ത് അതിനെ നിയന്ത്രിക്കുക വളരെ കഠിനമാണ്. വാക്‌സിനേഷൻകൊണ്ടുമാത്രം ഇപ്പോഴത്തെ സ്ഥിതിയെ നിയന്ത്രിക്കാനാവില്ല. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് രണ്ടുശതമാനം പേർക്കുമാത്രമേ വാക്‌സിൻ നൽകിയിട്ടുള്ളൂ. രാജ്യത്തെ 70-80 ശതമാനംപേരെയും വാക്‌സിനേറ്റ് ചെയ്യാൻ മാസങ്ങളോ വർഷങ്ങളോ എടുക്കും. അത് മനസ്സിൽവെച്ചുകൊണ്ട് മാസ്‌ക് ധരിക്കലും ആളകലം പാലിക്കലുമുൾപ്പെടെ പരീക്ഷിച്ചുവിജയിച്ച നടപടിക്രമങ്ങളെ ആശ്രയിച്ച് രോഗവ്യാപനം കുറയ്ക്കുകയാണുവേണ്ടത്.
വൈറസ് ഇനിയും പടർന്ന് വീണ്ടും ജനിതകമാറ്റം സംഭവിച്ച് കൂടുതൽ തീവ്രമായ വകഭേദങ്ങളുണ്ടായാൽ ഇപ്പോഴത്തെ വാക്‌സിനുകൾക്ക് അവയെ പ്രതിരോധിക്കാനാവില്ലെന്ന സ്ഥിതിയും ഉണ്ടായേക്കാമെന്നും സൗമ്യ മുന്നറിയിപ്പുനൽകി.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സെക്രട്ടറിയായി കോട്ടയം സ്വദേശിനി. പാലായ്ക്ക് സമീപം പൂവരണി സ്വദേശിനിയായ അനു ജോര്‍ജ് ഐഎഎസ് ആണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റത്.
അനു ജോര്‍ജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിന്‍ നിയോഗിച്ചു. നിലവിലെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വിഇറൈ അന്‍ബുവിനെയാണ് നിയമിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയാണ് അനുജോര്‍ജിന്. 2003 ബാച്ച് തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥയായ അനുജോര്‍ജ് പ്രവര്‍ത്തനമികവിന് പേരുകേട്ട ഉദ്യോഗസ്ഥയാണ്.
ഇന്‍ഡസ്ട്രീസ് കമ്മിഷണര്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ പദവികള്‍ വഹിച്ചുവരവെയാണ് പുതിയ ചുമതല. അരിയലൂര്‍ ജില്ലാകളക്ടറായും സംസ്ഥാന പ്രോട്ടോകോള്‍ ജോയന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു, ജെഎന്‍യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ലഭിച്ചു. തുടര്‍ന്ന് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. ഐടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭര്‍ത്താവ്.
തിരുവനന്തപുരം: കോവിഡ് സാഹചര്യം രൂക്ഷമായി തുടര്‍ന്നാല്‍ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് ലളിതമായ രീതിയില്‍ രാജ്‌ഭവനില്‍ നടക്കും. 20-നാണ് സത്യപ്രതിജ്‌ഞ നിശ്‌ചയിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിക്കു പുറമെ പുതിയ 20 മന്ത്രിമാര്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍, മേയര്‍, തിരുവനന്തപുരം എം.എല്‍.എ, എം.പി, ചീഫ് സെക്രട്ടറി, ഡി.ജി.പി, പൊതുഭരണ സെക്രട്ടറി, ഗവര്‍ണറുടെ എ.ഡി.സി. എന്നിവരടക്കം 50 പേരെമാത്രം ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ് ആലോചന. മറ്റു വി.ഐ.പികള്‍ക്കു സത്യപ്രതിജ്‌ഞാ ചടങ്ങിന്റെ ഓണ്‍ലൈന്‍ ലിങ്ക് നല്‍കും. പി.ആര്‍.ഡി. വഴി ചടങ്ങ് ജനങ്ങളിലേക്കെത്തിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം 17നു സി.പി.എം. നേതൃത്വം കൈക്കൊള്ളും. ലളിതമായി ചടങ്ങ് നടത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനമെന്നു സൂചനയുണ്ട്.